ഗന്ധർവ്വ പ്രണയം ~ രചന: Fathima Ali
പതിവ് പോലെതന്നെ സർപ്പക്കാവിൽ വിളക്ക് വെച്ച് അവൾ കുറച്ചപ്പുറത്തെ ഏഴിലംപാല ലക്ഷ്യമാക്കി നടന്നു…പാലമരത്തിന് താഴെ കൂട്ടിവെച്ച കല്ലുകളിലൊന്നിലിരുന്നു….ഒരു ചുവന്ന ധാവണിയായിരുന്നു അവളുടെ വേഷം….കാതുകളിൽ ജിമിക്കി,കഴുത്തിൽ പാലക്കാ മാല..മുടി രണ്ടു ഭാഗത്തേക്കും പിന്നിയിട്ടിരുന്നു….കാവിലെ ഭസ്മവും കുങ്കുമവും ചേർന്ന കുറി നെറ്റിയിലെ വിയർപ്പിൽ കുതിർന്നിരുന്നു…..അവളുടെ മുഖത്തിന് വല്ലാത്തൊരു തേജസായിരുന്നു….ഒരു ദേവീ വിഗ്രഹം പോലെ തോന്നിച്ചു…..
അവൾ ചുറ്റും നോക്കി….സമയം തൃസന്ധ്യയായിരുന്നു…..പക്ഷികളൊക്കെ കൂടണഞ്ഞു….കാവിൽ വല്ലാതാതൊരു ശാന്തത ഉണ്ടായിരുന്നു…..സിറ്റിയിലെ തിരക്കു പിടിച്ച ജീവിതം കണ്ടു വളർന്ന അവൾക്ക് ഇതെല്ലാം പുതുമയുള്ള കാഴ്ചകളായിരുന്നു……
അവൾ ഗായത്രി ഭദ്രൻ….
സിവിൽ എഞ്ചിനീയർ രാമഭദ്രന്റെയും പാർവ്വതിയുടേയും ഒരേ ഒരു മകൾ…നഗരത്തിലെ പ്രശസ്ഥമായ കോളേജിൽ ബി.എ സംസ്കൃതം ഡിഗ്രി കഴിഞ്ഞു….ഗായത്രിയുടെ അച്ഛനും അമ്മയും ഒരു ആക്സിഡന്റിൽ മരണപ്പെട്ടു…..പഠനം കഴിഞ്ഞ ശേഷം ഇപ്പോളവൾ ഒരു മാസത്തോളമായി അച്ഛന്റെ തറവാട്ടിലാണ് താമസം…..അവിടുത്തെ കാവും കുളവും അന്തരീക്ഷവും ഗായത്രിക്ക് ഒരുപാടിഷ്ടപ്പെട്ടു…..
“ഹേയ്…..ഈ സമയത്ത് ഇയാളെന്താ ഇവിടെ ഒറ്റയ്ക്ക് ഇരിക്കുന്നത്…”
പരിജയമില്ലാത്ത സ്വരം കേട്ട് ഗായത്രി പിറകിലേക്ക് തിരിഞ്ഞ് നോക്കിയപ്പോഴാണ് പാലമരത്തിന് പിന്നിലായി നിൽക്കുന്ന യുവാവിനെ കണ്ടത്……ഗായത്രി എഴുന്നേറ്റ് നിന്നു….
“തനിക്കെന്താ ചെവി കേൾക്കില്ലേ??”
അവൻ ചോദിച്ചു…..
“ഉവ്വ്…”
ഗായത്രി മറുപടി കൊടുത്തു…..
“താനെന്താ ഇവിടെ ഒറ്റക്ക് ഇരുക്കുന്നത്???”
“അതെന്താ ഇവിടെ ഒറ്റയ്ക്കിരുന്നാൽ???”
“തൃസന്ധ്യാ നേരം ഇവിടെ എങ്ങനെ പെൺകുട്ടികൾ ഒറ്റയ്ക്കിരിക്കാൻ പാടില്ല…വല്ല സർപ്പമെങ്ങാനും കൊത്തിയാലോ??”
“എന്റെ പൊന്ന് മാഷെ…ഈ സർപ്പങ്ങളും ഈ പ്രകൃതിയുടെ ഒരു ഭാഗം തന്നെയാ….അവരെ ഉപദ്രവിച്ചാലേ അവർ തിരിച്ചും എന്തെങ്കിലും ചെയ്യുള്ളൂ…..”
“ആഹാ…അത് എനിക്കിഷ്ടപ്പെട്ടു….”
“അല്ല…അപ്പോ മാഷ്ക്ക് ഇതൊന്നും ബാധകം അല്ലെന്നുണ്ടോ??”
“ഏത്???”
“അല്ല….ഈ സന്ധ്യാ സമയത്ത് പെൺകുട്ടികളെ മാത്രമല്ല സർപ്പം കൊത്തുക…”
ഗായത്രി പറഞ്ഞതിന് മറുപടിയായി അയാളൊന്ന് ചിരിച്ചു…..
“താനാള് കൊള്ളാമല്ലോ…എന്താ തന്റെ പേര്???”
“എന്റെ പേര്…അയ്യോ…സമയം ഒത്തിരിയായി….ഞാൻ പോണു… “
സമയമേറെ വൈകിയെന്ന് മനസ്സിലായ ഗായത്രി ഓടി…..
………….
വല്ല്യാശ്ശേരി മഠത്തിലെ വിശ്വംബരൻ നമ്പൂതിരി മന്ത്രവാദങ്ങളിൽ കേമനായിരുന്നു…..സ്വദേശത്ത് നിന്നും അന്യ ദേശത്ത് നിന്നും നമ്പൂതിരിയെ കാണാനും തങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനും ധാരാളമാളുകൾ വന്നിരുന്നു…എന്നാൽ നമ്പൂതിരിയുടെ കാലശേഷം പിൻഗാമിയായി ഇളയ മകൻ രാമഭദ്രൻ നിയോഗിക്കപെട്ടെങ്കിലും അയാൾക്ക് ഇതിലൊന്നും താൽപര്യം ഉണ്ടായിരുന്നില്ല…ഗായത്രിക്ക് മൂന്ന് വയസ്സായപ്പോഴേക്കും അവർ പട്ടണത്തിലേക്ക് താമസം മാറി പോയി…..വിശ്വംബരന്റെ മൂത്ത മകൻ വീരഭദ്രൻ അമ്പലത്തിലെ ശാന്തിയാണ്….വീടും അമ്പലവുമായി കഴിയുന്ന വീരഭദ്രൻ വിവാഹം ചെയ്തിട്ടുണ്ടായിരുന്നില്ല…..
……………
ഗായത്രി മഠത്തിലേക്ക് ഓടി ചെല്ലുമ്പോൾ വരാന്തയിൽ തന്നെ കാത്തു നിൽക്കുന്ന മുത്തശ്ശി (വിശ്വംബരന്റെ ഭാര്യ) സരസ്വതിയമ്മയെ കണ്ടു…..
“എന്താ കുട്ട്യേ ഇത്….എത്ര തവണ പറഞ്ഞിരിക്കണു കാവിൽ വിളക്ക് വെച്ച് കഴിഞ്ഞാ ഉടനേ തിരിച്ച് പോരണമെന്ന്…പറഞ്ഞാൽ അനുസരിക്കില്ലാ എന്നുണ്ടോ നീയ്യ്??”
ഗായത്രിയെ കാൺകെ മുത്തശ്ശി ചോദിക്കാൻ തുടങ്ങി….
“പിണങ്ങല്ലേ മുത്തൂസേ…ഇനി നേരം വൈകില്ലാട്ടോ…”
പടിയിൽ വെച്ച കിണ്ടിയിൽ നിന്നും വെളാളമെടുത്ത് കാലു കഴുകി ഗായത്രി മുത്തശ്ശിയുടെ കവിളിൽ പിച്ചി….കോലായിൽ വെച്ച വിളക്കിനെ തൊട്ട് വണങ്ങി അതെടുത്ത് കൈകൊണ്ട് തിരിയണച്ച് ഗായത്രി അകത്തേക്ക് നടന്നു…..
“എന്റെ കുട്ടിയേ കാത്തോളണേ ഭഗവതീ….”
മുത്തശ്ശി ഗായത്രി പോയ വഴിയേ നോക്കി നെഞ്ചിൽ കൈവെച്ച് പ്രാർത്ഥിച്ചു…..
വിളക്ക് പൂജാമുറിയിൽ കൊണ്ട് വെച്ച് പ്രാർത്ഥിച്ച് ഗായത്രി മുകളിലെ അവളുടെ മുറിയിലേക്ക് കയറി….മേല് കഴുകി വന്ന ഗായത്രി ജനാലയ്ക്കടുത്തേക്ക് ചെന്നു…..ജനാല തുറന്നിട്ടാൽ കാവും പാലമരവുമാണ് കാണുക…..അവൾ ജനലഴിയിൽ പിടിച്ച് അങ്ങോട്ടേക്ക് നോക്കി നിന്നു…..
ഗായത്രിക്ക് ഇന്ന് കണ്ട ആ യുവാവിനെ ഓർമ വന്നു…..
“ആരായിരിക്കും അത്…??ഇവിടെ വന്നതിന് ശേഷം ഇങ്ങനെ ഒരു മുഖം ആദ്യമായിട്ടാണ് കാണുന്നത്….എങ്കിലും അയാളോട് സംസാരിച്ചപ്പോൾ ഒരപരിചിതവും തോന്നാഞ്ഞത് എന്ത് കൊണ്ടായിരുന്നു…?? താനിത് വരെ ഒരുപാട് പുരുഷൻമാരെ കണ്ടിട്ടുണ്ട്…അവർക്കൊന്നും തോന്നാത്ത എന്തോ ഒരാകർഷണം അയാളിലുണ്ട്…..അതെന്ത് കൊണ്ടാണ്..???”
ഗായത്രിയുടെ മനസ്സിൽ ചോദിച്ചു….അയാളോട് പേര് പോലും ചോദിക്കാൻ പറ്റാത്തതിൽ അവൾ നിരാശപ്പെട്ടു…..രാത്രി അത്താഴം കഴിക്കുമ്പോഴും ഗായത്രിയുടെ ചിന്ത അയാളെ കുറിച്ചായിരുന്നു….ഒരു മിനിറ്റ് പോലും തികച്ചും കണ്ടിട്ടില്ലാത്ത ഒരാളെ കുറിച്ച് ഇത്രയും ചിന്തിക്കുന്നതെന്തിനാണെന്നവൾക്ക് തോന്നിയെങ്കിലും അവൾ പോലുമറിയാതെ അവളുടെ ചിന്തകളിൽ അയാൾ മാത്രം നിറഞ്ഞു നിന്നു……
………………
പിറ്റേന്ന് നേരം പുലർന്നപ്പോൾ മുതൽ ഗായത്രിക്ക് എങ്ങനെയെങ്കിലും സന്ധ്യയായാൽ മതിയായിരുന്നു എന്നായിരുന്നു മനസ്സിൽ……ഒരുവിധം നേരം പോക്കി സന്ധയായപ്പോൾ മുത്തശ്ശിയോട് സമ്മതം വാങ്ങി ഗായത്രി വേഗം കാവിലേക്ക് തിരിച്ചു…കാവിലെത്തി വിളക്ക് വെച്ച് പ്രാർത്ഥിച്ച് കഴിഞ്ഞ് കാവിനു ചുറ്റും അവളുടെ കണ്ണുകൾ പരതിയെങ്കിലും നിരാശയായിരുന്നു ഫലം….ഗായത്രി നേരെ പാലമരത്തിന് ചുവട്ടിലേക്ക് നടന്നു….
“ആഹാ…താനിവിടെ ഉണ്ടോ??”
കുറച്ച് നേരം കഴിഞ്ഞതുമൊരു സ്വരം കേട്ട് തിരിഞ്ഞ് നോക്കിയ ഗായത്രിയുടെ കണ്ണുകൾ വിടർന്നു…..
“അപ്പോ ഇതാണല്ലേ തന്റെ പതിവ് സ്ഥലം…?? എന്തായാലും കൊള്ളാം..നല്ല അന്തരീക്ഷം….”
അയാളതും പറഞ്ഞ് ഗായത്രിക്കടുത്തുള്ള ഒരു കല്ലിലിരുന്നു…..ഗായത്രി അയാളെ നോക്കി നിൽക്കുകയായിരുന്നു…
ഇരുനിറമാണ്…ദൃഢമായ ശരീരം…കട്ടിയുള്ള മീശയും കുറ്റി താടിയും…..ആ കണ്ണുകൾക്ക് വല്ലാത്ത ആകർഷണമുണ്ട്….നെറ്റിയിൽ ചന്തനക്കുറി….ഒരു മുണ്ടും ഷർട്ടുമാണ് വേഷം….
“താനെന്താ ഇങ്ങനെ നിൽക്കുന്നത്.? ഇവിടെ വന്നിരിക്കൂ…”
തന്റെ അടുത്തുള്ള കല്ലിലേക്ക് ചുണ്ടിക്കാട്ടി ആ യുവാവ് പറഞ്ഞു….ഗായത്രി അയാളെ നോക്കിക്കൊണ്ട് കല്ലിൽ വന്നിരുന്നു….
“എന്താ ഇയാളുടെ പേര്???”
അയാൾ ഗായത്രിയോടായി ചോദിച്ചു….
“ഗായത്രി….എന്താ മാഷിന്റെ പേര്??എവിടെയാ വീട്..??മുമ്പൊന്നും ഇവിടെ കണ്ടിട്ടില്ലാലോ???”
ഗായത്രിയുടെ ചോദ്യങ്ങൾ കേട്ട് അയാൾ ചിരിച്ചു….
“എന്റെ പേര്……പേരിലൊക്കെ എന്തിരിക്കുന്നു….എന്നാലും താൻ ചോദിച്ച സ്ഥിതിക്ക് താനെന്നെ ഉണ്ണി എന്ന് വിളിച്ചോളൂ….പിന്നെ വീട്……ദാ ഇവിടെയൊക്കെ തന്നെയാണ്…”
എങ്ങും തൊടാതെയുള്ള അയാളുടെ സംസാരം ഗായത്രിയിൽ സംശയം ജനിപ്പിച്ചെങ്കിലും അയാളുടെ കണ്ണുകളിലെ വശ്യതയിൽ ലയിച്ച് പോയ അവൾ മറുത്തതൊന്നും ചോദിച്ചില്ല…..ഒരുപാട് നേരം അവർ സംസാരിച്ചിരുന്നു…
“തനിക്ക് പോവണ്ടേ…? സമയം ഒരുപാടായല്ലോ..???”
ഗായത്രി ഞെട്ടി ചുറ്റിലും നോക്കി….സമയം ഒരുപാടായെന്ന് അവൾക്ക് മനസ്സിലായി…തിരിച്ച് പോകണമെന്നുണ്ടെങ്കിലും എന്തോ ഒന്ന് തന്നെ അതിൽ നിന്നും വിലക്കുന്നെന്ന് ഗായത്രിക്ക് തോന്നി…ഉണ്ണിയോട് യാത്ര പറഞ്ഞ് അവൾ തിരികെ നടന്നു….
“അതേ….നാളെയും ഉണ്ടാവുമോ ഇവിടെ.?”
നടത്തം നിർത്തി ഗായത്രി ഉണ്ണിയോട് ചോദിച്ചു…..
അവൻ ഗായത്രിയെ നോക്കി വശ്യമായി ഒന്ന് പുഞ്ചിരിച്ച് തലയാട്ടി…..ഗായത്രി ചിരിച്ച് കൊണ്ട് തിരികെ നടന്നു…..
എന്നത്തേയും പോലെ വീട്ടിലെത്തുന്നതു കാത്ത് മുത്തശ്ശി നിൽപ്പുണ്ടായിരുന്നു….മുത്തശ്ശിയുടെ ശകാരങ്ങളെയെല്ലാം ഒരു പുഞ്ചിരിയോടെ കേട്ട് നിന്ന് അവരുടെ കവിളിൽ ഉമ്മയും കൊടുത്ത് അകത്തേക്ക് കയറി….
രാത്രി കിടക്കുമ്പോഴും ഗായത്രിയുടെ ചിന്ത ഉണ്ണിയെ കുറിച്ചായിരുന്നു….അവനെ കുറിച്ച് ആലോചിക്കുമ്പോഴെല്ലാം പേരറിയാത്ത ഒരു വികാരം തന്നെ വന്ന് പൊതിയുന്നതും തന്റെ ഹൃദയമിടിപ്പ് പ്രത്യേക താളത്തിലായി മാറുന്നതും അവളറിഞ്ഞു…..
പിന്നീട് എല്ലാ ദിവസവും കാവിൽ വിളക്ക് വെച്ച് ഗായത്രി പാലമരച്ചുവട്ടിൽ വന്നിരിക്കും….കുറച്ച് കഴിഞ്ഞ് ഉണ്ണിയും…അവർ പരസ്പരം സംസാരിച്ചിരിക്കും….നേരം വൈകുമ്പോൾ ഒട്ടും താൽപര്യം ഇല്ലാതെ ഗായത്രി യാത്ര ചോദിച്ച് പോവും….ആ ദിവസങ്ങൾ കോണ്ട് തന്നെ ഉണ്ണി തനിക്കല്ലാമായി മാറുന്നത് അവൾ മനസ്സിലാക്കി……ഇതു വരെ അനുഭവിക്കാത്ത പ്രണയമെന്ന വികാരം തന്നിൽ ആഴ്ന്നിറങ്ങിയെന്നവൾ തിരിച്ചറിഞ്ഞു……എങ്കിലും അവൾ അത് ഉണ്ണിയോടായി പറഞ്ഞില്ല……
ഇതിനിടയിൽ ഒരിക്കൽ പോലും ഉണ്ണി താനാരാണെന്ന് ഗായത്രിയോട് പറഞ്ഞിരുന്നില്ല….ആകെ അവളക്കറിയാവുന്നത് ഉണ്ണി എന്നുള്ള പേര് മാത്രമായിരുന്നു….അത് പോലും സത്യമാണോ എന്ന് അവൾക്കറിയില്ല….എങ്കിലും ഒരിക്കലും അതവളിൽ സംശയം ജനിപ്പിച്ചില്ല….അത്രയേറെ അവളുടെ മനസ്സിനെ അവൻ സ്വാധീനിച്ചിരുന്നു…..
“ഗായത്രീ….നീ കണ്ണുകളൊന്നടച്ചേ…..”
എന്നത്തേയും പോലെ സംസാരിച്ചിരിക്കുന്നതിനിടയിൽ ഉണ്ണി ഗായത്രിയോടായി പറഞ്ഞു….
അവളൊന്ന് ഉണ്ണിയെ നോക്കിയെങ്കിലും അവന്റെ മുഖത്തെ പുഞ്ചിരി കണ്ട് ഗായത്രി പതിയെ തന്റെ കണ്ണുകളടച്ചു…..
“ഇനി തുറന്നോളൂ…..”
കണ്ണുകൾ തുറന്ന ഗായത്രി രണ്ട് കൈകളിലും നിറയെ കുടും ചുവപ്പ് നിറത്തിലെ കുപ്പിവളകളുമായി തന്നെ നോക്കി ചിരിക്കുന്ന ഉണ്ണിയെയാണ്…തനിക്കേറെയിഷ്ടപ്പെട്ട കുപ്പിവളകൾ കണ്ട ഗായത്രിയുടെ കണ്ണുകൾ വിടർന്നു….
“ഇത് എനിക്കാണോ…?”
“അതെ…നിനക്കായുള്ള എന്റെ പ്രണയോപഹാരം…”
താനേറെ നാളുകളായി കേൾക്കാൻ കൊതിച്ചത് ഉണ്ണി പറഞ്ഞപ്പോൾ ഗായത്രിയിൽ അതിരില്ലാത്ത സന്തോഷം നിറഞ്ഞു…..
“ഞാൻ….എനിക്ക്…..”
ഗായത്രിക്ക് വാക്കുകൾ കിട്ടാതായി…..
“ഞാൻ തന്നെ പ്രണയിക്കുന്നു ഗായത്രി….ഈ ലോകത്തിലെ മറ്റെന്തിനേക്കാൾ കൂടുതലായി നിന്നെ പ്രണയിക്കുന്നു…”
ഉണ്ണിയുടെ വാക്കുകളും പ്രണയം നിറഞ്ഞ നോട്ടവും താങ്ങാനാവാതെ ഗായത്രി മുഖം കുനിച്ചു…..
“ഗായൂ….നീയുമെന്നെ പ്രണയിക്കുന്നില്ലേ…???അതുകൊണ്ടല്ലേ ഈ കവിളുകൾ ഈ സന്ധ്യാ സൂര്യനേക്കാൾ ചുവന്നത്….??”
ഉണ്ണി ഗായത്രിയുടെ അടുത്തേക്ക് ചെന്ന് താടിത്തുമ്പ് പിടിച്ചുയർത്തി നാണം കൊണ്ട് ചുവന്ന് തുടുത്ത അവളുടെ കവിളിണകളെ തൊട്ട് കൊണ്ട് ചോദിച്ചു…..
ഗായത്രി മെല്ലെ തന്റെ കണ്ണുകളുയർത്തി….ഉണ്ണി തന്റെ രണ്ടു കൈകളും വിടർത്തി ഗായത്രിയെ നോക്കി…..അവൾ പതിയെ ഉണ്ണിയുടെ നെഞ്ചോരം ചേർന്ന് നിന്ന് കണ്ണുകളടച്ചു…..ഉണ്ണിയുടെ കൈകൾ അവളെ വലയം ചെയ്തു…..
“ഗായൂ….പൊയ്ക്കോളൂ….സമയം ഒരുപാടായി….”
തന്റെ നെഞ്ചോട് ചേർന്ന് നിൽക്കുന്ന ഗായത്രിയെ അടർത്തി മാറ്റിക്കൊണ്ട് ഉണ്ണി പറഞ്ഞു….വളകളെല്ലാം ധാവണിയുടെ തുമ്പിൽ പൊതിഞ്ഞ വെച്ച് ഗായത്രി കണ്ണുകൾ കൊണ്ട് ഉണ്ണിയെ നോക്കി യാത്ര പറഞ്ഞ് തിരികെ നടന്നു….
വീട്ടിലെത്തിയെങ്കിലും ഗായത്രിയുടെ മനസ്സ് ഇന്ന് നടന്ന കാര്യങ്ങളിലായിരുന്നു….രാത്രി ഉറങ്ങാൻ കിടന്നെങ്കിലും അവൾക്കുറക്കം വന്നില്ല……ഉണ്ണി തനിക്ക് കുപ്പിവളകൾ സമ്മാനിച്ചതും തന്നോട് ഇഷ്ടം പറഞ്ഞെതും എല്ലാം ഗായത്രിക്ക് ഒരു സ്വപ്നം പോലെ തോന്നിച്ചു…..ഗായത്രി വേഗം ചെന്ന് മേശമേലുള്ള പെട്ടി തുറന്ന് അതിൽ വെച്ച വളകളെടുത്ത് കൈകളിലണിഞ്ഞു…..രണ്ട് കൈകളും ചലിപ്പിച്ചപ്പോൾ കുപ്പിവളകൾ കിലുങ്ങി….പെട്ടന്ന് മുറിയിലാകെ ഒരു പ്രത്യേകതരം സുഗന്ധം നിറയുന്നത് ഗായത്രി അറിഞ്ഞു…..ഗായത്രി മെല്ലെ കണ്ണുകളടച്ച് ആ സുഗന്ധത്തെ ഉള്ളിലേക്കാവാഹിച്ചു…..
“ഗായൂ…..”
ചെവിക്കരികിൽ ഉണ്ണിയുടെ സ്വരം കേട്ട ഗായത്രി കണ്ണുകൾ തുറന്നെങ്കിലും തന്റെ തോന്നലാണെന്ന് കരുതി നാണിച്ച് കണ്ണുകൾ പൊത്തി….
രാത്രി ഒരുപാട് നേരം നേരം കഴിഞ്ഞാണ് ഗായത്രി ഉറങ്ങിയത്…രാവിലെ എഴുന്നേറ്റ് കെട്ടിവെച്ച മുടി അഴിച്ചപ്പോൾ മുടിക്കള്ളിൽ നിന്നും കുറച്ച് പൂക്കൾ താഴേക്ക് വീഴുന്നത് കണ്ടു….ഗായത്രി കുനിഞ്ഞ് ആ പൂക്കളെ കൈകളിലാക്കി….വെളുത്ത നിറത്തിലുള്ള ആ പൂക്കളെ അവൾ നാസികയിലേക്കടുപ്പിച്ചു….ഇന്നലെ രാത്രി തന്റെ മുറിക്കുള്ളിൽ പരന്ന സുഗന്ധം ഈ പൂക്കളിൽ നിന്നാണെന്ന് ഗായത്രിക്ക് മനസ്സിലായി….എന്നാലും അത് തന്റെ മുടിക്കുള്ളിലെങ്ങനെ എത്തിയെന്ന് എത്ര ആലോചിച്ചിട്ടും അവൾക്ക് മനസ്സിലായില്ല….മുത്തശ്ശിയുടെ വിളി കേട്ട അവൾ ആ പൂക്കളെ മേശപ്പുറത്ത് വെച്ച് കുളിക്കാൻ കയറി…..ഗായത്രി പോയതും ആ പൂക്കൾ അവിടെ നിന്നും അപ്രത്യക്ഷമായി…..കുളി കഴിഞ്ഞ് ഇറങ്ങിയ ഗായത്രി പൂക്കൾ തിരഞ്ഞെങ്കിലും കണ്ടില്ല….കാറ്റിൽ പാറി പോയിക്കാണുമെന്ന് കരുതി തിരച്ചിൽ മതിയാക്കി ഗായത്രി താഴേക്ക് പോയി….
വൈകുന്നേരങ്ങളിൽ ഗായത്രിയുടേയും ഉണ്ണിയുടേയും കണ്ടുമുട്ടലുകൾ പതിവായി…..തന്റെ ഹൃദയത്തിൽ അടർത്തി മാറ്റാൻ കഴിയാത്തവണ്ണം ഉണ്ണിയോടുള്ള പ്രണയം വേരുറച്ച് പോയെന്ന് ഗായത്രി തിരിച്ചറിഞ്ഞു…….
“ഉണ്ണ്യേട്ടാ…..ഞാനൊരു കാര്യം ചോദിക്കട്ടേ….”
ബാക്കി ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ….