ഒരു വർഷം മുൻപുള്ള വിരസമായ പകലുകൾ ഓർമയിൽ വന്നതും അവളിൽ അറിയാതെ ഒരു ക്ഷീണമുണ്ടായി…

പകൽ വെളിച്ചം ~ രചന: സൗമ്യ മുഹമ്മദ്

“എനിക്ക് അധികമൊന്നും സംസാരിക്കാൻ അറിയില്ല. എങ്കിലും പറയാനുള്ളത് നമ്മുടെ പകലുകളുടെ വിരസതയകറ്റേണ്ടത് നമ്മുടെ മാത്രം ഉത്തരവാദിത്തമാണ്. ചെറിയ ചെറിയ ആഗ്രഹങ്ങൾക്കു വേണ്ടി നമ്മൾ പൊരുതുമ്പോൾ മറ്റുള്ളവരും നമ്മെ അംഗീകരിക്കും. ഒരു വർഷം മുൻപ് വരെ ഞാനും ഒരുപാട് സ്ത്രീകളെ പോലെ തുടച്ചിടത്ത് തന്നെ വീണ്ടും തുടച്ചും, ഭക്ഷണം കഴിച്ചും, ഉറങ്ങിയും എന്നിട്ടും തീരാത്ത പകൽ വെറുതെ ഇരുന്നു വിഷമിച്ചും മനസ്സ് നഷ്ടപ്പെട്ടവളായി ജീവിച്ചു തീർത്തവളാണ്. ഇന്ന് എനിക്ക് കിട്ടിയ ഈ എളിയ അംഗീകാരത്തിന് എല്ലാവരോടും ഞാൻ നന്ദിയോടെ കടപ്പെട്ടിരിക്കുന്നു”.

അപ്രതീക്ഷിതമായി കിട്ടിയ ചെറിയ ഉപഹാരവും അതിനുള്ള നന്ദി പറച്ചിലും കഴിഞ്ഞ് റീന പഞ്ചായത്തിൽ നിന്നും ഇറങ്ങുമ്പോൾ സമയം മൂന്ന് മണി. നാലു മണിക്ക് മക്കൾ വരും. അതിനു മുൻപ് വീട്ടിലെത്തണം. പച്ചക്കറി തൈകളും വിത്തുകളും അടങ്ങിയ ബാഗ് മുറുകെ പിടിച്ച് അവൾ ആഞ്ഞ് നടന്നു.

വീട്ടിൽ ചെന്ന് അവർക്ക് കഴിക്കാൻ കൊടുത്ത്, അല്പം ഒന്നു വിശ്രമിച്ച്, വീട്ടുജോലികളും ഒന്നൊതുക്കി മുറ്റത്തേക്കിറങ്ങണം. വിൽപനക്കായി വച്ചിരിക്കുന്ന ഗ്രോ ബാഗുകളിൽ മണ്ണും, ചാണകപ്പൊടിയും, ചകിരിച്ചോറും ചേർത്ത് കൃഷിക്കനുയോജ്യമാക്കണം.ഓർക്കുമ്പോൾ തന്നെ മനസ്സിനൊരു കുളിർമ. അതെ… തനിക്കിപ്പോൾ ക്രമം തെറ്റാതെ ജോലികൾ മനസ്സിൽ തരം തിരിക്കാനും അവ ചെയ്ത് തീർക്കാനും സമയം കിട്ടുന്നുണ്ട്.

ഒരു വർഷം മുൻപുള്ള വിരസമായ പകലുകൾ ഓർമയിൽ വന്നതും അവളിൽ അറിയാതെ ഒരു ക്ഷീണമുണ്ടായി.ഡിഗ്രി കഴിഞ്ഞ ഉടനെ കല്യാണം. വർഷം നാലു തികയുന്നേനും മുന്നേ രണ്ട് കുഞ്ഞുങ്ങൾ. കുട്ടികൾ ചെറുതായിരുന്നപ്പോൾ അതിന്റെ തിരക്കും അമ്മായി അമ്മയുടെ കാര്യങ്ങളും കൂടി സമയം പോകുന്നത് അറിയുന്നുണ്ടായില്ല.

കാലം കടന്നു പോയി. കുട്ടികൾ വലുതായി. അമ്മച്ചി മരിച്ചു. ഭർത്താവും കുട്ടികളും പോയി കഴിഞ്ഞാൽ ജോലികൾ തീർത്ത് അവിടിരിക്കും. ടി വി കണ്ടും ഭക്ഷണം കഴിച്ചും നേരം കളയും. എങ്കിലും സമയം ബാക്കി. ചുവരിലെ മരവിച്ച സൂചികൾ വല്ലാതെ വിമ്മിഷ്ടപ്പെടുത്താൻ തുടങ്ങി.സുഖമില്ലാത്ത സ്വന്തം അമ്മച്ചിയെ കാണാൻ പോകാൻ പോലും മടിയായി തുടങ്ങി. എന്തെങ്കിലും കൊടുക്കണം. അച്ചായനോട് ചോദിച്ചാൽ തരും. പക്ഷേ..വയ്യ . നിനക്കെന്താ ഇവിടെ പണി എന്ന്‌ കുറച്ചായി ഒളിഞ്ഞും തെളിഞ്ഞും ചോദിക്കാൻ തുടങ്ങീട്ട്. എത്ര കഴുകിയാലും ഷിർട്ടിന്റെ കോളറിലെ മങ്ങിയ ഒരു പാട് പോലും പുള്ളിയെ അലോസരപ്പെടുത്തുന്നതും തനിക്ക് മനസ്സിലാകുന്നുണ്ട്.

മക്കൾക്കാണെങ്കിലും അവരുടെ സംശയങ്ങൾക്കും പുസ്തകം പൊതിയാനും ഒന്നും ഇപ്പോൾ താൻ വേണ്ടാതായി.സ്കൂളിൽ പഠിക്കുമ്പോൾ അന്നന്നത്തെ പോർഷൻസ് തന്നെക്കൊണ്ട് ഉച്ചത്തിൽ വായിപ്പിച്ചിരുന്ന അമ്മിണി ടീച്ചറെ കുറിച്ചും, മുന്നറിയിപ്പില്ലാതെ ഇംഗ്ലീഷ് കേട്ടെഴുത്ത് നടത്തി അതിൽ ഫുൾ മാർക്കും കിട്ടിയതിനു ദിവാകരൻ സാറ് തന്ന റെയ്നോൾഡ് പേനയെ കുറിച്ചും, കോളേജ് ക്യാമ്പസിലെ കയ്യെഴുത്തു മാസികയിൽ ആദ്യമായും അവസാനമായും പ്രസിദ്ധീകരിച്ച തന്റെ നാലു വരി കവിതയെ കുറിച്ചോർത്തും അങ്ങേയറ്റം വിരസതയോടെ വിഷാദപ്പകലുകൾ തീർത്തു കൊണ്ടിരുന്നു.

അങ്ങനെ മടുത്ത് മടുത്ത് മടുപ്പിന്റ അങ്ങേ തലക്കൽ ഇരിക്കുമ്പോഴാണ് അന്ന് പഞ്ചായത്തിൽ കോഴികുഞ്ഞു വിതരണവും ജൈവ കൃഷിയെ കുറിച്ചുള്ള അവെയർനെസ്സ് ക്ലാസും നടക്കുന്നത് പത്രത്തിൽ വായിച്ചത്. ഭർത്താവിനോട് സമ്മതം വാങ്ങി കോഴികുഞ്ഞ് എങ്കിൽ കോഴികുഞ്ഞ് എന്ന്‌ കരുതി വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ ഈ മടുപ്പിൽ നിന്നും ഒരു മോചനം വേണം എന്ന്‌ മാത്രമായിരുന്നു ചിന്ത.

പഞ്ചായത്തിൽ ചെന്നപ്പോൾ ഗ്രാമസഭയിൽ രജിസ്റ്റർ ചെയ്ത് അപേക്ഷ വച്ചവർക്കേ കുഞ്ഞുള്ളൂ എന്ന് മനസിലായി. എന്നാലും അവിടുന്ന് ബാക്കി വന്ന ആറു കുഞ്ഞുങ്ങളെ കാശ് കൊടുത്ത് വാങ്ങി ക്ലാസും കഴിഞ്ഞ് വീട്ടിലെത്തി. അമ്മച്ചീടെ കാലത്തുള്ള കോഴിക്കൂട് വൃത്തിയാക്കി അവരെ അതിനകത്താക്കി. കെട്ടിയോനോടും മക്കളോടും വിശേഷം പറയാൻ തുടങ്ങിയെങ്കിലും അവർക്ക് അത് വലിയ കാര്യമല്ലെന്ന് കണ്ട്‌ നിർത്തി.

രാത്രി ഉറങ്ങാൻ കിടന്നപ്പോൾ ദൈവവിചാരത്തോടൊപ്പം നാളത്തെ പ്രഭാതത്തിൽ താൻ മാത്രം ആശ്രയമായുള്ള കോഴികുഞ്ഞുങ്ങൾ മനസ്സിൽ തെളിഞ്ഞു.

അതൊരു തുടക്കമായിരുന്നു.

ഇപ്പോൾ മുപ്പതോളം കോഴികളും, മുറ്റം നിറയെ ചെടികളും പച്ചക്കറികളും. വീട്ടാവശ്യത്തിനും ബാക്കി വില്പനക്കും. കൂടാതെ വെളുപ്പിന് നാലു മണിക്ക് എഴുന്നേറ്റ് ഇലയട ഉണ്ടാക്കി കുറച്ചു ദൂരെയുള്ള, ധാരാളം കമ്പനി ജോലിക്കാർ ചായ കുടിക്കാൻ വരുന്ന ഹോട്ടലിൽ കൊടുക്കും. ആദ്യ ദിവസങ്ങളിലെ ഇരുപതെണ്ണം ഇപ്പോൾ എൺപതിൽ എത്തിയിരിക്കുന്നു. ഐറ്റം രാവിലെ കടയിൽ എത്തിക്കുന്ന ജോലി സന്തോഷത്തോടെ മോൻ ഏറ്റെടുത്തിരിക്കുകയാണ്.

ഇപ്പോഴത്തെ ഏറ്റവും വലിയ സന്തോഷം എന്താന്ന് വച്ചാൽ അമ്മച്ചിയെ കാണാൻ പോകുമ്പോൾ നല്ല നാടൻ മുട്ടയും, ഇലയടയും കൂടെ നൂറോ ഇരുന്നൂറോ ചിലപ്പോൾ അഞ്ഞൂറോ കൊടുക്കാൻ പറ്റുന്നുണ്ട്. പിന്നെ തനിച്ചല്ല പോകുന്നത്.. ജോലി തിരക്കുള്ള തന്നെ ഇപ്പോൾ അച്ചായൻ കൊണ്ടുപോകും. ഇനിയുള്ള ആഗ്രഹം ഒരു ചപ്പാത്തി മെഷീൻ വാങ്ങണം. പുള്ളി സമ്മതിച്ചിട്ടുണ്ട്. വില്പനക്കു കടകൾ പിടിച്ചു തരുന്ന കാര്യം ടൗണിൽ കച്ചവടം ചെയ്യുന്ന അച്ചായന്റെ ഒരു കൂട്ടുകാരൻ ഏറ്റിട്ടുമുണ്ട് . സഹായത്തിനായി തന്റെ പണിതിരക്ക് കൊതിയോടെ നോക്കി നിൽക്കുന്ന അയൽവക്കത്തെ നബീസുവിനേം, കൂലി പണി ചെയ്ത് സുഖമില്ലാത്ത മോനേയും അമ്മയേയും നോക്കുന്ന ഭർത്താവ് ഉപേക്ഷിച്ച രാധ ചേച്ചീനേം കൂട്ടാം.

ഓരോന്ന് ആലോചിച്ചു നടന്ന് വീടെത്തിയത് അറിഞ്ഞില്ല. മക്കളും ഭർത്താവും വരുമ്പോൾ ഏറ്റവും നല്ല കൃഷിതോട്ടത്തിനുള്ള വാർഡ് തല സമ്മാനം അവരെ കാണിക്കുന്നതോർത്ത് അവൾ ചിരിയോടെ വീടിനകത്തു കയറി അടുത്ത ജോലിയിലേക്ക് തിരിഞ്ഞു… അതേ പകലുകൾക്ക് ഇന്ന് വേഗത വളരെ കൂടുതലാണ്.