സഖാവിന്റെ പെണ്ണ്
രചന: സൗമ്യ സാബു
ദേ പെണ്ണേ… ഞാൻ പലവട്ടം പറഞ്ഞു കഴിഞ്ഞു,, നിന്റെ മോഹം വെറുതേയാ..പാർവതിയുടെ നേരെ കൈ ചൂണ്ടി അരുൺ അത് പറയുമ്പോഴും അവൾ ചിരിക്കുകയാണ്…
ഈ കലിപ്പ് ലുക്ക് ആണ് എനിക്കേറ്റവും ഇഷ്ടം..
ടീ.. നീ എന്റെ കയ്യീന്ന് മേടിക്കും.. അവൾടെ ഒരു പ്രേമം ! എന്നെ അതിനൊന്നും കിട്ടില്ലന്ന് എത്രവട്ടം പറഞ്ഞതാ..
ഇനീം ഒരായിരം വട്ടം പറഞ്ഞാലും ഈ കലിപ്പൻ സഖാവ് ഈ പാറൂന് ഉള്ളതാ..
അതും പറഞ്ഞ് ചിരിച്ചു കൊണ്ടവൾ ഓടിപോവുന്നത് നോക്കി നിൽക്കെ കപട ദേഷ്യം മാറി അവന്റെ ചുണ്ടിലൊരു ചെറുചിരി വിടർന്നു.
പെണ്ണിന്റെ കാര്യം.. ഇഷ്ടമല്ലെന്ന് ഓരോ വട്ടം പറയുമ്പോഴും അടക്കി വെച്ചതൊക്കെ പുറത്തു വരുമൊന്നു ഭയമാണ്.. കാണുമ്പോൾ ദേഷ്യം അഭിനയിക്കുന്നതും അതെ പേടിയിലാ…
ജീവനാ പെണ്ണേ നിന്നെ.. പക്ഷേ നിന്റെ അച്ഛൻ…. രാഷ്ട്രീയക്കാരന് മോളെ കൊടുക്കാൻ പേടിയാണ് പോലും. നിനക്ക് വേണ്ടി പ്രസ്ഥാനത്തെ ഉപേക്ഷിച്ചാൽ നോക്കാമെന്ന്..
അവൻ മീശയിൽ പതുക്കെ തടവി.. നിന്നെ പ്പോലെ പ്രിയപ്പെട്ടതാ എനിക്കതും..പക്ഷേ നിന്നോടുള്ള സ്നേഹം മാത്രമേ എനിക്കടക്കി വെയ്ക്കാൻ പറ്റൂ.. അത് നിനക്ക് നല്ലൊരു ജീവിതം വേറെയുണ്ടാവും എന്നറിയാവുന്നതു കൊണ്ടാണ്..
**********
വീട്ടിലേക്കുള്ള വഴിയിലെക്കു തിരിഞ്ഞതെ ബ്രോക്കർ കുഞ്ഞപ്പൻ ഉമ്മറത്തു അച്ഛനോട് സംസാരിക്കുന്നത് പാർവതി കണ്ടു..
ഇയാൾക്കു വേറെ ഒരു പണീം ഇല്ലേ?? എന്നും പോന്നോളും..
അവരുടെ കണ്ണിൽപെടാതെ അവൾ പുറകുവശത്ത് കൂടി അടുക്കളയിലേക്ക് കയറി..
ദേവിയമ്മ ഉണ്ണിയപ്പം ചുടുന്നുണ്ട്..
ഇന്നും വന്നല്ലോ.. അയാളോട് വരണ്ടാ എന്ന് പറയമ്മേ..
പാതകത്തിലേക്ക് കയറിയിരുന്ന് ഒരു ഉണ്ണിയപ്പം എടുത്ത് കടിച്ചു അവൾ.
താഴേ ഇറങ്ങിയിരി പെണ്ണേ… വയസ്സ് ഇരുപത്തി രണ്ടായി.. കുഞ്ഞാന്നാ വിചാരം.
ആഹ്ഹ്,, ഞാൻ കുഞ്ഞല്ല എന്ന് ഇപ്പോഴെങ്കിലും മനസ്സിലായല്ലോ.
ദേ പെണ്ണേ… നീ മേടിക്കും.. അയാൾ വരട്ടേ,, നല്ല ആലോചന ആണെന്നാ അച്ഛനും പറഞ്ഞത്..
പിന്നേ നല്ല ആലോചന.. അവൾ മുഖം കോട്ടി പിറുപിറുത്തു.
നീയെന്താ രേവതിടെ അടുത്ത് പോയിട്ട് താമസിച്ചതു?? വഴിയിൽ അവനെ കണ്ടു കാണും ല്ലേ?
ഞങ്ങൾ കണ്ടു.. സംസാരിച്ചു.. പാതകത്തിൽ നിന്നും താഴേക്കു ചാടി ഇറങ്ങി അവൾ പിന്നിലൂടെ അമ്മയുടെ കഴുത്തിൽ കെട്ടിപിടിച്ചു.
ന്റെ ദേവിക്കുട്ടിക്ക് അറിയാവുന്നതല്ലേ..
എനിക്കെല്ലാം അറിയാം,, ശരിയാ.. അരുണിനെ എല്ലാർക്കും ഇഷ്ടമാ..ജനസമ്മതൻ ആണ്.. നാടിനു വേണ്ടപ്പെട്ടവനും നന്മ ചെയ്യുന്നവനും ആണ്. അത് തന്നെയാണ് അച്ഛന്റെ ഭയം.
രാഷ്ട്രീയം രാഷ്ട്രസേവനം അല്ലേ അമ്മേ,, പട്ടാളക്കാരെ പോലെ തന്നെയാ ഇതും.. അതിലെന്താ അമ്മേ ഒരു കുറവ്..
ഒരു കുറവും ഇല്ലാ. പക്ഷേ നിന്റച്ഛൻ സമ്മതിക്കണ്ടേ..
എനിക്ക് വേറെ ഒന്നും നോക്കണ്ട..ഞാൻ സമ്മതിക്കില്ല..
എന്ന് നീ പറഞ്ഞാ മതിയോ??
വാതിൽക്കൽ അച്ഛൻ.. !
ഞായറാഴ്ച അവർ വരും..
അച്ഛാ.. ഞാൻ പറഞ്ഞതല്ലേ??
അത് നടക്കില്ലാന്ന് ഞാനും പറഞ്ഞല്ലോ
മുറിയിൽ വന്നു ബെഡിലേക്ക് കമിഴ്ന്നു തലയിണയിൽ മുഖം പൂഴ്ത്തിയപ്പോഴേക്കും സങ്കടം അണപൊട്ടി പെയ്തിരുന്നു. ഉള്ളിൽകട്ടമീശയും താടിയും കുസൃതി നിറച്ച കണ്ണുകളും ഉള്ളൊരു രൂപം മിഴിവാർന്നു തെളിഞ്ഞു..
നാട്ടിലെ സകല പെൺകുട്ടികളും ആരാധനയോടെ നോക്കുന്ന അരുൺ സഖാവ്..കോളേജിൽ വെച്ചേ ഉള്ളിൽ കയറികൂടിയതാണ്.. ഇഷ്ടമല്ല എന്ന് പറയുമ്പോഴും ആ കണ്ണുകൾ കള്ളം പറയില്ല.. താൻ കണ്ടില്ല എന്ന് കരുതി നോക്കി നിൽക്കുന്നതു എത്ര വട്ടം കണ്ടിരിക്കുന്നു.. എന്ത് വന്നാലും ഒരു വിവാഹജീവിതം ഉണ്ടെങ്കിൽ അത് ന്റെ സഖാവിനു ഒപ്പം.. ഇല്ലെങ്കിൽ പാറൂന് ഒരു കല്യാണം വേണ്ട..
അതെ എനിക്കൊരു കാര്യം പറയാനുണ്ട്..
എന്താടീ? നിന്നോടു പറഞ്ഞിട്ടില്ലേ വാസുവേട്ടന്റേം ശശിയേട്ടന്റേം മുന്നിൽവെച്ച് കിന്നാരിക്കാൻ വരരുത് ന്ന്?? അവരൊക്കെ മുതിർന്ന പ്രവർത്തകരാ..അല്ലേൽ തന്നെ എല്ലാരും പറയാൻ തുടങ്ങി..
ഞാൻ കിന്നരിക്കാനൊന്നും വന്നതല്ല.. അവളുടെ കണ്ണ് നിറഞ്ഞു..
എന്താ പെട്ടെന്ന് പറ.. എനിക്ക് നൂറു കൂട്ടം കാര്യങ്ങൾ ഉണ്ട്.. ഇലക്ഷൻ അടുത്തു..
അവൾ നിറഞ്ഞ മിഴികൾ ഉയർത്തി അവനെ നോക്കി..
ഇന്നലെ ന്നെ കാണാൻ ഒരു കൂട്ടർ വന്നിരുന്നു..
അവൾ പറഞ്ഞത് കേട്ടും ഒപ്പം നിറഞ്ഞ കണ്ണുകളും കണ്ടു അവന്റെ നെഞ്ചിൽ ഒരു പിടപ്പ് ഉണ്ടായി.എങ്കിലും അത് പുറത്ത് കാണിക്കാതെ നിന്നു.
അതിനെന്താ? നല്ല കാര്യം.. എന്റെ പുറകെ ഉള്ള നിന്റെ നടപ്പ് തീരൂല്ലോ..
അരുണേട്ടാ… ഞാൻ സീരിയസ് ആയിട്ടാ.. അവരെല്ലാം ഉറപ്പിച്ചു.. അരുണേട്ടന് ന്നെ ഇഷ്ടമല്ല എന്ന് കള്ളം പറഞ്ഞ് കഷ്ടപ്പെടണ്ടാ.. നിക്കറിയാം,, ഒരുപാട് ഇഷ്ടമാണെന്ന്.. ഇല്ലെങ്കിൽ പേഴ്സിൽ എന്തിനാ ന്റെ ഫോട്ടോ കൊണ്ടു നടക്കുന്നെ??
അരുൺ ഒന്ന് ഞെട്ടി.. ഇവളെങ്ങനെ കണ്ടു???
ഞെട്ടണ്ടാ… ഗൗരി എന്റെ ബെസ്റ്റ് ഫ്രണ്ടാ..ഞാൻ നാത്തൂനായി വരുന്നതാ അവൾക്കും ഇഷ്ടം..
നല്ല ബെസ്റ്റ് അനിയത്തി… നീ വാ എനിക്ക് സംസാരിക്കാൻ ഉണ്ട്..
പാറൂ.. എന്റെ ജീവിതത്തിലേക്ക് നിന്നെയും കൂടി കൂട്ടി കഷ്ട്ടപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇപ്പൊ തന്നെ ദേ, നിന്നെ വെട്ടും കുത്തും കത്തിക്കും എന്ന് പറഞ്ഞ് എത്ര കാളാ വരുന്നത് എന്നറിയാമോ? ഒരുപാട് ശത്രുക്കൾ ഉണ്ട്,, പലരുടെയും കണ്ണിലെ കരട് ആണ്.. എന്തെങ്കിലും സംഭവിച്ചു പോയാൽ….
പറഞ്ഞ് തീരുന്നതിനു മുന്നേ ചുണ്ടിൽ അവളുടെ വിരലുകൾ അമർന്നു.
വേണ്ട.. അങ്ങനെ ഒന്നും പറയണ്ട,, ഒരു ജീവിതം ഉണ്ടെങ്കിൽ അത് ഈ സഖാവിന്റെ ഒപ്പം.. ഇല്ലെങ്കിൽ.. ഞാൻ… പറഞ്ഞ് തീർക്കാൻ ആവാതെ അവൾ അവനെ നോക്കി നിന്നു.
***************
ഏക മകളുടെ കണ്ണീരിന് മുന്നിൽ അലിയാതെ മാധവൻനായർക്ക് തരമില്ലായിരുന്നു..
എല്ലാവരുടെയും അനുഗ്രഹത്തോടെ വിവാഹം കഴിഞ്ഞു.. പ്രകടിപ്പിക്കാതെ മൂടിവെച്ച അരുണിന്റെ പ്രണയം അവൾ അനുഭവിച്ചറിഞ്ഞ ദിവസങ്ങൾ ആയിരുന്നു പിന്നീട്. എങ്കിലും പാർട്ടി പ്രവർത്തനത്തിന് ഒരു കുറവും അവൻ വരുത്തിയില്ല. നാട്ടിലെ പ്രിയപ്പെട്ട സഖാവ് ആയിത്തന്നെ തുടർന്നു.
അതേയ്.. സഖാവിന് ഇന്ന് സമയം ഉണ്ടാവുമോ?
ന്താടി?? കാര്യം പറ??
അത്.. അമ്മ പറഞ്ഞു ഹോസ്പിറ്റലിൽ പോയി ഒന്ന് ചെക്ക് ചെയ്യണം ന്ന്.. ..
ആ.. അമ്മയ്ക്ക് ഷുഗർ നോക്കണമായിരിക്കും..അതിനെന്താ നീ കൂടെ പൊക്കോ..
ഹോ… ഈ മനുഷ്യൻ.. അമ്മയ്ക്കല്ല,, വേറെ ഒരാൾക്ക് ഷുഗർ കൂടി പോയെന്റെ കുഴപ്പാ.. അവൾ പതുക്കെ പറഞ്ഞു…
നിന്റെ പിറുപിറുക്കൽ നിർത്താറായില്ലേ??
അമ്മയ്ക്ക് അല്ല.. എനിക്കാ..
അതിന് നിനക്കെന്ത് പറ്റി??
ഒരു കുഞ്ഞ് സഖാവ് വരുന്നൂന്ന്… അതും പറഞ്ഞവൾ അവന്റെ മൂക്കിൽ പിടിച്ച് വലിച്ചു..
പെണ്ണിനെ പിടിച്ചു നെഞ്ചിലേക്കിട്ടവൻ..
സത്യാണോ??
അവളുടെ കണ്ണിൽ നാണം പൂത്തു..
ഹ്മ്മ്…
ചുംബനം കൊണ്ടവളെ മൂടുമ്പോൾ ഹൃദയം സന്തോഷത്താൽ തുടി കൊട്ടി.
പിന്നീടുള്ള ദിവസങ്ങളിൽ അവൻ ഇലക്ഷൻ തിരക്കിൽ ആയിരുന്നു.വരാൻ വൈകുന്ന ദിവസങ്ങളിൽ അവൾ ഉള്ളിൽ തീ നിറച്ചു കാത്തിരുന്നു. പറഞ്ഞത് ഒന്നും വെറും വാക്കല്ല എന്ന് ഇതിനകം അവൾക്കു മനസ്സിലായിരുന്നു .
ഇലക്ഷൻ കഴിഞ്ഞു പാർട്ടി വിജയം വരിച്ചിട്ടും വരാൻ വൈകിയ ദിവസങ്ങളിൽ ഒന്നിൽ അവൾ പതിവില്ലാതെ പരിഭവം പറഞ്ഞു.
നിർത്തിക്കൂടെ ഏട്ടാ.. ഇതൊക്കെ..
കത്തുന്ന ഒരു നോട്ടമായിരുന്നു മറുപടി..
നിന്നെ പോലെ പ്രിയപ്പെട്ടതാ എനിക്ക് എന്റെ പാർട്ടി.. സഖാവ് അരുൺ മരിച്ചാലും അതിനിനി മാറ്റമില്ല,,
ന്തൊക്കെയാ പറയുന്നത്?? ഞാനൊന്നു ചോദിച്ചേന് ഇങ്ങനൊക്കെ പറയണോ? പെണ്ണ് കരച്ചിലിന്റെ വക്കത്ത് എത്തിയിരുന്നു..
നീ വാ.. വീർത്തു വരുന്ന വയർ അമങ്ങാതെ അവൻ അവളെ ചേർത്ത് പിടിച്ചു. ഉള്ള് കലുഷിതമായിരുന്നു.
ഭാഗ്യം കൊണ്ടു മാത്രമാണ് ഇന്ന് വടിവാളിൽ നിന്നും രക്ഷപ്പെട്ടത്.. നല്ലത് ചെയ്യുന്നവർ എന്നും ഇരയായികൊണ്ടേ ഇരിക്കുമ്പോൾ സ്വാർത്ഥരും ചതിയരും കുതികാൽ വെട്ടുന്നവരും എന്നും വാഴ്ത്തപ്പെട്ടു കൊണ്ടേ ഇരിക്കും..
ഡേറ്റ്ന് മുന്നേ പാറൂന് വേദന തുടങ്ങി.പാർട്ടി ഓഫീസിൽ നിന്നും ഓടി വന്നപ്പോളെക്കും പ്രസവം കഴിഞ്ഞു. അമ്മ ഒരു പഞ്ഞിക്കുഞ്ഞിനെ കയ്യിലെക്ക് വച്ച് കൊടുത്തു. മോനാ…. ! ഹൃദയം നിറഞ്ഞു തൂവുകയാണ്.. നെറ്റിയിൽ ഒന്നുമ്മ വെച്ചപ്പോൾ കുഞ്ഞ് കണ്ണ് പതുക്കെ തുറന്നു, ചുണ്ട് ഒന്ന് കൂർപ്പിച്ചു.
അവൻ ക്ഷീണിച്ചു ഉറങ്ങുന്ന പാറുവിനെ നോക്കി. അനുഭവിച്ച വേദനയുടെ കല്ലിപ്പ് നിറഞ്ഞ മുഖത്ത് ഒന്ന് തഴുകി. ഉള്ളിൽ അവളോടുള്ള സ്നേഹവും വാത്സല്യവും നിറഞ്ഞു.
നിന്നെ പലവട്ടം തിരക്കി.. ഇപ്പോളാ ഒന്ന് ഉറങ്ങിയത്… കുഞ്ഞിനെ കൂടി ഇങ്ങു കിടത്തു മോനെ.
അവളുടെ അടുത്തേക്ക് ചേർത്ത് കിടത്തിയപ്പോളെക്കും പാറു ഉണർന്നു. അവനെ കണ്ടു പരിഭവത്തോടെ മുഖം തിരിച്ചു..
അമ്മ എഴുന്നേറ്റ് പുറത്തേക്കു മാറി..
പിണങ്ങല്ലേ.. പെണ്ണേ.. ഞാൻ ഇങ്ങു വന്നില്ലേ..
ഞാൻ പറഞ്ഞത് അല്ലേ.. എന്റൊപ്പം വേണം ന്നു.. ന്നിട്ട്??
സാരമില്ല ഇനീം ഉണ്ടല്ലോ… അവൻ കണ്ണിറുക്കി..
എന്ത്??
ഒന്നുല… വേദന ഉണ്ടോ?? അവൻ അലിവോടെ ചോദിച്ചു.
ഊഹും ഇല്ലാ… പറഞ്ഞതും അവൾ കാലോന്നു മാറ്റി വെച്ചു.. മുഖം വേദനയാൽ ചുളിഞ്ഞു..
എന്ത് പറ്റി പാറൂ??
ഒന്നൂല്ല ഏട്ടാ.. സ്റ്റിച് വലിഞ്ഞു.. മാറിക്കോളും..
ന്നാ ഞാൻ പോയി കുറച്ച് സ്വീട്സ് വാങ്ങി വരാം.. അവളുടെ നെറുകയിൽ ഒന്ന് മുത്തി അവനെഴുന്നേറ്റു. വാതിൽ വരെ ചെന്ന് എന്തോ ഓർത്ത പോലെ തിരികെ വന്നു കുഞ്ഞിന്റെ നെറ്റിയിലും ഒന്ന് മുത്തി അവളെ കണ്ണിറുക്കികാണിച്ചു..
അമ്മേ… ആരാ അമ്മേ വന്നേ?? നന്ദൂട്ടൻ പിന്നിൽ നിന്നും വട്ടം പിടിച്ചപ്പോൾ ആണ് അവൾ ഓർമ്മയിൽ നിന്നും മുക്തയായത്.
അതോ, അത് അച്ഛന്റെ കൂട്ടുകാരാ.. മോൻ ചെല്ല്.. അച്ഛമ്മ ഉണ്ടാവും അവിടെ..
വണ്ടിയോടിക്കുന്ന സൗണ്ട് ഉണ്ടാക്കി നന്ദൂട്ടൻ ഓടിപ്പോയി.
വോട്ട് ചോദിച്ചു വരുന്നവരെ കണ്ടപ്പോൾ തന്നെ പാറൂ മുറിയിലെക്ക് വലിഞ്ഞിരുന്നു..
കോവിഡ് കാലമായതിനാൽ ആളുകൾ കുറവാണ്. അഞ്ച് പേര് മാത്രമേ ഉള്ളൂ. എല്ലാവരും നല്ല പരിചയമുള്ളവർ ആണ്. ശശിയേട്ടൻ ആണ് ഏറ്റവും മുൻപിൽ..
ഉമ്മറത്ത് അച്ഛനോട് സംസാരിക്കുകയാണ്.
അരുൺ ഉണ്ടായിരുന്നെങ്കിൽ ഈപ്രാവശ്യം ഇവന് പകരം സ്ഥാനാർഥി ആവണ്ടതാ.. എന്ത് ചെയ്യാൻ.. അന്ന് പാർട്ടി ഓഫീസിൽ വന്നു എനിക്ക് ലഡ്ഡുവും തന്നു വീട്ടിലേക്കു ആണെന്ന് പറഞ്ഞു ഇറങ്ങിയതാ. ബഹളം കേട്ടു ഞാൻ ഓടി ചെന്നപ്പോളെക്കും എല്ലാം കഴിഞ്ഞിരുന്നു.
ഇതെല്ലാം എത്ര വട്ടം കേട്ടിരിക്കുന്നു.. വീണ്ടും വീണ്ടും പ്രാണൻ പറിയുന്നത് പോലെയാണ്..അവൾ കണ്ണുകൾ ഇറുക്കിയടച്ചു. കണ്ണിൽ തളം കെട്ടിയ കണ്ണുനീർ പുറത്തേക്കു ചാടി..
അടുത്ത ആഴ്ചയാണ് അവന്റെ പേരിലുള്ള സ്മാരകം ഉത്ഘാടനം.. ഞങ്ങൾ പിന്നീട് വരുന്നുണ്ട് അക്കാര്യങ്ങൾ സംസാരിക്കാൻ
എല്ലാം കേട്ട് അച്ഛന്റെയും നെഞ്ച് പിടയുന്നുണ്ടാകും. ശശിയേട്ടന്റെ കണ്ണുകൾ ഇടയ്ക്ക് ഭിത്തിയിലേക്ക് പായുന്നുണ്ട്. സംസാരം കേട്ട് കണ്ണ് നിറഞ്ഞ് അമ്മ വാതിൽക്കൽ നിൽപ്പുണ്ട്.
പാർവതി എവിടെ? കണ്ടില്ലല്ലോ..
അവൾ അകത്തുണ്ട്.. പാവം ന്റെ കുട്ടി, എത്ര സന്തോഷത്തോടെ കഴിഞ്ഞതാ..പക്ഷേ ഇപ്പൊ…. അമ്മ കണ്ണ് തുടച്ചു..
അവളാ ചോദ്യം പ്രതീക്ഷിച്ചിരുന്നു.ഇപ്പൊ വിളിക്കും അങ്ങോട്ടേക്ക്..
പാറൂ മോളെ..
വിളി എത്തിക്കഴിഞ്ഞു.
അമ്മയുടെ പുറകിൽ വരണ്ട ചിരിയോടെ അവൾ നിന്നു..
ഹാ പാർവതി .. താൻ ഇങ്ങനെ മുറിയിൽ അടച്ചിരിക്കരുത്.. ഒന്നുല്ലെലും നല്ല കഴിവുള്ള കുട്ടിയല്ലേ താൻ..
മുഖത്തൊരു ചിരി വരാതെ വരുത്തി അവൾ നിറഞ്ഞ് വന്ന കണ്ണുകൾ ആരും കാണാതെ തല കുനിച്ചു.
ന്നാ ഞങ്ങൾ ഇറങ്ങട്ടെ സുകുമാരെട്ടാ..
“നാടിന്റെ സമഗ്ര വികസനത്തിനായി, നന്മയ്ക്കായി, അരിവാൾ ചുറ്റിക നക്ഷത്രത്തിൽ നിങ്ങളുടെ വിലയേറിയ വോട്ട് രേഖപ്പെടുത്തുക എന്ന് അഭ്യർത്ഥിക്കുന്നു “
അന്നൗൺസ്‌മെന്റ് അകന്നകന്ന് മുന്നോട്ടു പോയി.. ജീപ്പിന്റെ പിറകിൽ പുഞ്ചിരിയോടെ തന്നെയും നോക്കി അവളുടെ സഖാവും ഉണ്ടെന്നു അവൾ വിശ്വസിച്ചു.. പതുക്കെ കൈ വീശി..അപ്പോൾ തെക്കേ തൊടിയിൽ നിന്നും ഒരിളങ്കാറ്റു പ്രിയപ്പെട്ടവന്റെ ഗന്ധവും പേറി അവളെ ചൂഴ്ന്നു നിന്നു.
( മക്കളെ നഷ്ട്ടപ്പെട്ട മാതാപിതാക്കളും ഭർത്താവിനെ നഷ്ടപ്പെട്ട ഭാര്യമാരും അച്ഛനേ നഷ്ട്ടപ്പെട്ട മക്കളും ഈ ഇലക്ഷൻ കാലത്തും കണ്ണീർ പൊഴിക്കുന്നുണ്ടാവില്ലേ?? അങ്ങനൊരു ചിന്തയിൽ നിന്നും എഴുതീതാ..എത്രത്തോളം നന്നായി എന്നറിയില്ല )