ഏലസ്സ് ~ ഭാഗം 02 , രചന: അശ്വതി ശേഖർ

ഭാഗം 01 വായിക്കാൻ ക്ലിക്ക് ചെയ്യൂ…

കിഷോറിന്റെ  കണ്ണുകൾ  ആ ഗ്ലാസ്സിലേക്ക് ഉടക്കി നിന്നു…പക്ഷെ ! അതിൽ കാര്യമായ മാറ്റം ഒന്നും സംഭവിച്ചില്ല..

എങ്കിലും അവൻ കാത്തിരുന്നു…

ജോണിന്റെ ഓഫീസിനുള്ളിൽ കയറിയ അരുൺ ചുറ്റും ഒന്ന് വീക്ഷിച്ചു. അതിലുള്ള ആധുനിക ഉപകാരണങ്ങൾ കണ്ട് അരുൺ അമ്പരന്നു..

Electro magnetic field detector (EMF)

Electro voice phenomenon (EVP)

Night vision camera

Thermal camera

“ഇരിക്കു.. !”

ജോണിന്റെ ശബ്ദം കാതുകളിൽ അലയടിച്ചപ്പോൾ അരുൺ തന്റെ ദൃഷ്ടി മാറ്റി..അയാൾക്കെതിരെ ഉള്ള ചെയറിൽ അവർ ഇരുവരും ഇരുന്നു…

“ജോൺ… ! എന്റെ പേര് എഡ്വിൻ.. പ്രൈവറ്റ് ഡിറ്റക്റ്റീവ് ആണ്… ! നിങ്ങൾ എന്തിനാണ് കിഷോറിനെ ഭയപ്പെടുത്തുന്നത്..? “

” ആരെയും ഭയപ്പെടുത്തേണ്ട ആവശ്യം എനിക്കില്ല എഡ്വിൻ.. ! ഞാൻ പറഞ്ഞത് സത്യം ആണ്.. ! നിങ്ങൾ സയൻസിൽ മാത്രം വിശ്വസിക്കുന്നത് കൊണ്ടാണ് ഇത്തരം കാര്യങ്ങളെപ്പറ്റി അവബോധം ഇല്ലാത്തത്.. “

“അപ്പോൾ നിങ്ങൾ  പ്രതികാര ദാഹിയായ ഒരു ആത്മാവിനെ കണ്ടു എന്ന് തന്നെ ആണോ പറഞ്ഞു വരുന്നത് .. ! നിങ്ങളും ഞങ്ങളെപ്പോലെ ഒരു മനുഷ്യൻ അല്ലെ..പിന്നെ എങ്ങനെ ആണ് ജോൺ നിങ്ങൾ ആത്മാവിനെ കണ്ടത്..? “

“എഡ്വിൻ… ! നിങ്ങൾ ഒരു കുറ്റാന്വേഷണ വിധഗ്ദൻ ആയത് കൊണ്ട് പറയട്ടെ… !

നിങ്ങൾക്ക് അറിയാമല്ലോ പ്രഗത്ഭനായ കുറ്റാന്വേഷണ വിധഗ്ദൻ ഡോക്ടർ ബി ഉമാദത്തൻ സാറിനെ.. !അദ്ദേഹത്തിന് ഒരു പ്രത്യേകത ഉണ്ടായിരുന്നു..സൈനൈഡിന്റെ ഗന്ധം എല്ലാവർക്കും തിരിച്ചറിയാൻ കഴിയില്ല..പക്ഷെ ! അദ്ദേഹത്തിന് അത് സാധിക്കുമായിരുന്നു…

എന്താണ് കാരണം എന്ന് അറിയാമോ.. ! ജനിതക ഘടനയിൽ ഉള്ള പ്രത്യേകതകൾ കൊണ്ടാണ് അദ്ദേഹത്തിന് അതിന് സാധിച്ചത്..

അത് പോലെ ഒരു കഴിവാണ് എന്നെപ്പോലുള്ള പാരാനോർമൽ ഇൻവെസ്റ്റിഗേറ്റേർസിനുള്ളത്  എന്ന് കരുതിയാൽ തീരുന്ന പ്രശ്നമേ ഒള്ളു.. !

എന്റെ കയ്യിൽ പ്രേതങ്ങളുടെ ശബ്ദം ഉണ്ട്.. ഞാൻ അവരുമായി പല സ്ഥലങ്ങളിൽ വെച്ചും കമ്മ്യൂണിക്കേറ്റ് ചെയ്തിട്ടും ഉണ്ട്.. എന്റെ ചോദ്യങ്ങൾക്ക് അവർ മറുപടി നൽകിയിട്ടും ഉണ്ട് എഡ്വിൻ… !

ഇന്ത്യയിൽ മാത്രമല്ല.. വിദേശ രാജ്യങ്ങളിലും പര്യടനം നടത്തുന്നവൻ ആണ് ഈ ജോൺ…നിങ്ങളുടെ ക്ലൈന്റ് ഇപ്പോൾ അപകടത്തിൽ ആണ്.. !”

“അപ്പോൾ നിങ്ങൾ പ്രേതങ്ങളോട് സംസാരിച്ചു.. അല്ലെ.. !”

“അതെ… !”

“അവർ നിങ്ങളുടെ ചോദ്യങ്ങൾക്കുള്ള മറുപടിയും നൽകി.. അല്ലെ..? “

“അതെ !”

“mr. ജോൺ ഞാൻ പറയുന്നത് കൊണ്ട് വിരോധം ഒന്നും തോന്നരുത്.. എന്റെ ചെറിയ ഒരു സംശയം ആണ്.. !

നമ്മൾ എങ്ങനെ ആണ് ചോദ്യങ്ങൾ കേൾക്കുന്നത്..? “

“ചെവിയിലൂടെ.. !”

“അതിന് മുൻപ് ഒരുപാട് പ്രോസസ്സ് ശരീരം നടത്തുന്നുണ്ട്.. അത് കൂടി കേൾക്കു…!

ചോദ്യം തരംഗങ്ങൾ ആയി ear കനാലിലൂടെ ear drum ഇൽ എത്തുന്നു.. ear drum അതിനെ വൈബ്രേഷൻ ആക്കി മാറ്റുന്നു.. ചെവിയിലെ ചെറിയ എല്ലുകൾ ആയ മാലിയസ്, ഇൻകസ്, സ്റ്റെഫിയസ് വോളിയം കൂട്ടുകയും അത് കോക്ലിയയിലേക്ക് സെന്റ് ചെയ്യുകയും ചെയ്യുന്നു.. ഒച്ചിന്റെ ആകൃതിയിൽ ഉള്ള കോക്ലിയയുടെ ഉള്ളിൽ ഒരു fluid ഉണ്ട്.. ഈ fluid വേവ്സിനെ ഉണ്ടാക്കുന്നു.. ആ വേവ്സ് stereo cilia എന്ന ഹെയറിനെ അനക്കുന്നു.. ഇവ ആ വൈബ്രേഷനെ ഇലക്ട്രിക് സിഗ്നൽ ആക്കി മാറ്റി നാഡികളിലൂടെ brainil എത്തിക്കുന്നു .. ബ്രെയിൻ അതിനെ ഒരു ചോദ്യം ആക്കി മാറ്റുകയും അതിന്റെ ഉത്തരം വോക്കൽ കോഡും നാക്കും ഉപയോഗിച്ച് നൽകുകയും ചെയ്യുന്നു..

ഈ പറഞ്ഞ റൂട്ടിൽ എവിടെ എങ്കിലും ഒരു പ്രശ്നം ഉണ്ടായാൽ ചോദ്യം ചോദിക്കാനും ഉത്തരം നല്കാനും കഴിയില്ല…

അങ്ങനെ എങ്കിൽ ശരീരം നഷ്ടമായ ആത്മാക്കൾ എങ്ങനെ ആണ് സംസാരിക്കുക..? “

“എഡ്വിൻ.. ! സയൻസിന് ഉത്തരം നൽകാൻ കഴിയാത്ത ഒട്ടനവധി ചോദ്യങ്ങൾ ഇന്നും ഈ ഭൂമിയിൽ നില നിൽക്കുന്നുണ്ട്.. നെഗറ്റീവ് എനർജി ഭൂമിയിൽ ഇല്ല എന്ന് ഒരു സയൻസും ഇത് വരെ പ്രൂവ് ചെയ്തിട്ടില്ല എന്നതാണ് വാസ്തവം..

എനിക്ക് നിങ്ങളുടെ ക്ലൈന്റിനെ ഭയപ്പെടുത്തേണ്ട യാതൊരു ആവശ്യകതയും ഇല്ല.. എന്നെ വിശ്വസിക്കണം എന്ന് ഞാൻ അയാളോട് വാശി പിടിച്ചിട്ടും ഇല്ല..ഞാൻ കണ്ട കാര്യം അയാളെ അറിയിക്കണം എന്ന് തോന്നി.. !

ഞാൻ പറഞ്ഞ കാര്യങ്ങൾ അയാൾക്ക് വിശ്വാസ യോഗ്യമായി തോന്നി എന്റെ അടുത്ത് അയാൾ സഹായം ചോദിച്ചു വന്നാൽ.. ഉറപ്പായും ഞാൻ അയാളിൽ നിന്ന് ആ സ്പിരിറ്റിനെ മോചിപ്പിക്കും…

എത്ര തന്നെ പ്രതിസന്ധികൾ വന്നാലും…

ആരൊക്കെ എതിർത്താലും ഞാൻ അത് ചെയ്തിരിക്കും… !”

“അത് നിങ്ങളുടെ ഇഷ്ടം… പക്ഷെ ! എന്റെ ക്ലൈന്റിനെ ട്രാപ്പിൽ ആക്കാൻ എന്തെങ്കിലും ഉദ്ദേശം ഉണ്ടെങ്കിൽ ഞാൻ അതിന് സമ്മതിക്കില്ല.. !”

“എഡ്വിൻ… ! നിങ്ങൾ ഒരു കാര്യം മനസ്സിലാക്കണം… ഇപ്പോൾ നിങ്ങളുടെ ക്ലൈന്റിന്റെ ജീവൻ തന്നെ ആപത്തിൽ ആണ്..

നിങ്ങളുടെ സയൻസിന് അവനെ രക്ഷിക്കാൻ ആവില്ല.. !

അതിന് ഈ ജോൺ തന്നെ വിചാരിക്കണം…

മേശ മേൽ ഇരുന്ന ഒരു പേന കയ്യിൽ എടുത്ത് കറക്കി പുച്ഛം കലർന്ന മന്തഹാസത്തോടെ അയാൾ പറഞ്ഞു നിർത്തി…

“അപ്പോൾ mr. ജോൺ.. ! ഈ കേസ് ഞാൻ ഏറ്റെടുക്കുന്നു… നമ്മൾ എന്നും നല്ല സുഹൃത്തുക്കൾ ആയിരിക്കട്ടെ എന്ന് ആശംസിക്കുന്നു..

വരട്ടെ.. !”

“മ്മ്… ! കാണാം.. !”

ഇരുവരും ജോണിന്റെ ഓഫീസിൽ നിന്ന് ഇറങ്ങി…ശേഷം കാറിൽ കയറി വാഹനം മുൻപോട്ട് ഡ്രൈവ് ചെയ്തു…

സമയം വൈകുന്നേരം 4 മണി…

ഗ്ലാസ്സിൽ നിന്ന് കണ്ണെടുക്കാതെ കിഷോർ കട്ടിലിൽ ഇരുന്നു… തോള് കിഴച്ച് ഓടിയുന്നത് പോലെ അവന് തോന്നി.. അവൻ കട്ടിലിൽ മലർന്നു കിടന്നു…

ബെഡിൽ കമഴ്ത്തി വെച്ചിരുന്ന കിഷോറിന്റെ മൊബൈൽ വൈബ്രേറ്റ്  ചെയ്തു…

അവൻ സ്‌ക്രീനിലേക്ക് നോക്കി…

sweet heart calling എന്ന് സ്‌ക്രീനിൽ തെളിഞ്ഞു വന്നു…

അവൻ അരിശത്തോടെ ഫോൺ ഓൺ ചെയ്തു ചെവിയിൽ വെച്ചു…

“എന്താ… ! എന്താ നിനക്ക് വേണ്ടത്.. മനുഷ്യന് അല്ലെങ്കിൽ തന്നെ ഒരു സ്വസ്ഥതയും ഇല്ല.. !”

“കിഷോറെ ഞാൻ അതിന് നിന്നോട് ഒന്നും പറഞ്ഞില്ലല്ലോ.. !  നീ എന്തിനാണ് എന്നോട് ദേഷ്യപ്പെടുന്നത്..? ഞാനിന്ന് എത്ര തവണ നിന്നെ വിളിച്ചു.. ഒരു പ്രാവശ്യം പോലും നീ കാൾ അറ്റൻഡ് ചെയ്തില്ല.. ഞാൻ എവിടേലും പോയി ചത്തു കളയും.. നോക്കിക്കോ.. !”

“എടി.. നീ ഇങ്ങനെ ദേഷ്യപ്പെടാതെ.. എന്റെ അവസ്ഥ നീ ഒന്ന് മനസ്സിലാക്ക്… നീ ഒരു കാര്യം ചെയ്യ്.. ഒരു രണ്ടു ദിവസം കഴിഞ്ഞിട്ട് ചാവ്.. !”

“എനിക്കറിയാം… ! കിഷോറിന് ഞാൻ ഇപ്പോൾ ഒരു ബാധ്യത ആയി.. ! ഞാൻ പോവാ..!”

“എവിടെ..? “

“ഞാൻ കെട്ടി തൂങ്ങി ചാവും.. നീ നോക്കിക്കോ.. നിന്നെ ഞാൻ ഒരു പാഠം പഠിപ്പിക്കും.. !”

“എന്റെ മുത്തേ.. നീ പിണങ്ങല്ലേടി.. ഞാൻ എന്റെ വീട്ടുകാരെ ഒന്ന് കൺവിൻസ് ചെയ്യട്ടെ..ഒന്നാമത്തെ കാര്യം നീ ക്രിസ്ത്യനും ഞാൻ ഹിന്ദുവും ആണ്.. ! നോക്കട്ടെ.. !”

“എനിക്ക് ഒരിക്കലും സമാധാനം നീ തരില്ല.. !”

“ഓഹ്… ! ഇവളോട് പറഞ്ഞാലും മനസ്സിലാവത്തില്ലിയോ.. വെച്ചിട്ട് പോടീ.. !”

കിഷോർ ദേഷ്യത്തിൽ ഫോൺ കട്ട്‌ ചെയ്തു…

അതിനു പുറകെ sweet heartinte കോളുകൾ തുടരെ വന്നു കൊണ്ടിരുന്നു..കിഷോർ മൊബൈൽ സ്വിച്ച് ഓഫ്‌ ചെയ്ത ശേഷം കട്ടിലിൽ കമഴ്ത്തി വെച്ചു..

സമയം വൈകുന്നേരം 5:30

ജോണിന്റെ ഓഫീസിന് അടുത്തുള്ള പാർക്കിങ് സെക്ഷനിൽ കാർ നിർത്തി അതിനുള്ളിൽ ഇരുന്ന് ജോണിന്റെ ഓഫീസ് കെട്ടിടത്തിലേക്ക് ദൃഷ്ടി പതിപ്പിച്ചു കൊണ്ട് എഡ്വിൻ ഇരുന്നു….

“കിഷോറിന്റെ മൊബൈൽ സ്വിച്ച് ഓഫ്‌ ആണ് എഡ്വിൻ.. !”

“മ്മ്… !”

“നമ്മൾ ഈ ഇരുപ്പ് തുടങ്ങിയിട്ട് എത്ര മണിക്കൂർ ആയെന്ന് വല്ല ബോധ്യവും ഉണ്ടോ..? “

“3 മണിക്കൂർ ആവുന്നു.. !”

“ഇത് വരെയും ആ ഓഫീസിലേക്ക് ഒരൊറ്റ മനുഷ്യർ കയറിയിട്ടില്ല… പിന്നെ ഇയാൾ എങ്ങനെ ജീവിക്കുന്നു.. !

എനിക്ക് ഇപ്പോൾ ബോധ്യമായി എഡ്വിൻ.. ! ബാധ ഒഴിപ്പിക്കാൻ ആരും വരാത്തത് കൊണ്ട് തന്നെ ആണ് ഇയാൾ ആളുകളെ പേടിപ്പിക്കാനായി ഇറങ്ങിയത്..ആർക്കറിയാം എത്ര പേരെ ഇയാൾ ഇങ്ങനെ പറ്റിച്ചിട്ടുണ്ടെന്ന്… !”

പെട്ടന്ന് ഒരു കാർ ജോണിന്റെ ഓഫീസിന് മുൻപിൽ വന്നു നിന്നു…അതിൽ നിന്ന് രണ്ട് ചെറുപ്പക്കാർ പുറത്തേക്ക് ഇറങ്ങി.. ഒരാൾ കണ്ണട ധരിച്ചിട്ടുണ്ട്..

“നോക്ക് എഡ്വിൻ.. ആരോ വന്നു.. !”

അവർ ഇരുവരും ചുറ്റും ഒന്ന് വീക്ഷിച്ച ശേഷം ജോണിന്റെ ഓഫീസിലേക്ക് കയറി…

“രണ്ടിന്റെ മുഖത്തും ഒരു കള്ള ലക്ഷണം ഉണ്ട് എഡ്വിൻ.. ! “

കുറച്ചു സമയത്തിന് ശേഷം….

ഓഫീസിൽ നിന്ന് കുറച്ചു സാധനങ്ങൾ പുറത്ത് എടുത്ത ശേഷം അവർ ഓഫീസിനു വെളിയിൽ ഇറങ്ങി…ഓഫീസ് പൂട്ടി താക്കോലുമായി അവർ മൂവരും കാറിൽ കയറി.. വാഹനം മുൻപോട്ട് നീങ്ങി..

എഡ്വിൻ വളരെ സാവധാനം കാർ മുൻപോട്ട് എടുത്തു…

തിരക്കേറിയ വീഥിയിൽ നിന്ന് കാർ അല്പം ഇടുങ്ങിയ ഒരു ഭൂപ്രദേശത്ത് കൂടി മുൻപോട്ട് നീങ്ങി.. എഡ്വിൻ തൊട്ട് പിന്നാലെ തന്നെ കൂടി…

വാഹനം മുത്താരമ്മൻ കാവിന്റെ മുൻപിലൂടെ കടന്ന് വിജനമായ ഒരു ഭൂപ്രദേശത്ത് നിന്നു…ശേഷം കയ്യിൽ കരുതിയ സാമഗ്രിഹകൾ കയ്യിൽ എടുത്ത് അവർ മൂവരും ഒരു കുന്ന് കയറാൻ തുടങ്ങി….

എഡ്വിൻ കാർ ഒതുക്കിയ ശേഷം അവരുടെ പിന്നാലെ കൂടി…

കുന്നു കയറി അവർ എത്തിയത് ഇടിഞ്ഞു പൊളിഞ്ഞ ഒരു കെട്ടിടത്തിലേക്കാണ്… എഡ്വിനും അരുണും ശബ്ദം ഉണ്ടാക്കാതെ ഒരു ചെടിയുടെ മറ പറ്റി നിന്നു….

ഒരുവൻ കയ്യിൽ ഉണ്ടായിരുന്ന ക്യാമറ ഓൺ ചെയ്ത ശേഷം പറഞ്ഞു…

“ഇന്ന് ഞങ്ങൾ നിൽക്കുന്നത് പുരാതനമായ ഒരു നാലു കെട്ടിൽ ആണ്.. ഈ മന ചങ്ങല മാടന്റെ വിഹാര കേന്ദ്രമായാണ് അറിയപ്പെടുന്നത്.. ഈ സ്ഥലത്തെപ്പറ്റി കഴിഞ്ഞ വീഡിയോയിൽ ഞങ്ങൾ പറഞ്ഞിരുന്നു.. ഇന്ന് ഞങ്ങൾ ആ ചങ്ങല മാടനെ ഹണ്ട് ചെയ്യാൻ വേണ്ടിയാണ് ഇവിടെ എത്തിയിരിക്കുന്നത്…

നമ്മുടെ കൂടുള്ളത് പ്രശസ്ത പാരാനോർമൽ ഇൻവെസ്റ്റിഗേറ്റർ ആയുള്ള ജോൺ കുന്നുപറമ്പിൽ ആണ്…

“അയ്യേ… ! ഇതേതോ യൂ ട്യൂബ് ചാനലിന് വേണ്ടിയുള്ള ഷൂട്ടിങ് ആണെന്ന് തോന്നുന്നു എഡ്വിൻ.. വെറുതെ സമയം കളഞ്ഞു… “

അരുൺ പറഞ്ഞു..

“അപ്പോൾ ഗയ്‌സ് നമുക്ക് ഇരുട്ടുന്നത് വരെ കാത്തിരിക്കാം… “

“ഞാൻ കൂടി വരുന്നത് കൊണ്ട് ചങ്ങല മാടന് വിരോധം ഒന്നും തോന്നില്ലല്ലോ.. !അല്ലെ..? “

എഡ്വിൻ അവരുടെ മുൻപിലേക്ക് നടന്നു ചെന്നു..

“നിങ്ങൾ എങ്ങനെ ഇവിടെ എത്തി..?  നിങ്ങളെ കൊണ്ട് വലിയ ശല്യം ആയല്ലോ എഡ്വിൻ.. !”

“എന്ത് ചെയ്യാൻ.. കേസ് ഏറ്റെടുത്ത് പോയില്ലേ… !”

“ജോൺ.. ആരാണ് ഇയാൾ.. !”

അലോഷി ദേഷ്യപ്പെട്ടു..

ജോൺ നിശബ്ദനായി നിന്നു…

“അതെ.. നിങ്ങൾ ഒന്ന് പോയി തരാമോ.. ! ഞങ്ങൾക്ക് ഷൂട്ട് ചെയ്യാനുള്ളതാ… !”

“ജോൺ… എന്താണിത്..?  ഞാൻ കൂടി ഒന്ന് നേരിൽ കാണട്ടെ തന്റെ കഴിവുകൾ.. !ഒരു വെല്ലുവിളിയായ് ഏറ്റെടുക്ക് ജോൺ.. !”

“എഡ്വിൻ.. എന്നെ എന്റെ ജോലി ചെയ്യാൻ അനുവദിക്കു.. ദയവു ചെയ്ത് ഇവിടെ നിന്ന് പോകു.. !”

“പറഞ്ഞത് കേട്ടില്ലേ.. പോവാൻ.. !”

അലോഷി പല്ല് ഞെരിച്ചു..

എഡ്വിൻ തിരികെ പോകാൻ ഭാവമില്ലാതെ നിന്നു…

“താനെന്തുവാടോ നോക്കി പേടിപ്പിക്കുന്നേ.. !”

“അലോഷി.. ! ഷൗട്ട് ചെയ്യണ്ട.. ! ഷൂട്ടിങ് നമുക്ക് അടുത്ത ദിവസത്തേക്ക് മാറ്റി വെക്കാം.. വരൂ.. പോകാം.. !”

ജോൺ അവിടെ നിന്ന് തിരിഞ്ഞു നടന്നു…

“പക്ഷെ.. ! ജോൺ.. !”

“ഹാ.. താൻ വാടോ.. ! ഡേവിസ് സാധനങ്ങൾ പാക്ക് ചെയ്തേക്ക്.. !”

അലോഷി ക്രൂരമായി എഡ്വിന്റെ മുഖത്തേക്ക് ഒന്ന് നോക്കിയ ശേഷം അവിടെ നിന്ന് പോയി..

“ശേ …  അവരെ ശല്യപ്പെടുത്തേണ്ടി ഇരുന്നില്ല എഡ്വിൻ.. !”

“ഞാൻ കരുതി ജോൺ ഇതൊരു വെല്ലുവിളിയായ് ഏറ്റെടുക്കുമെന്ന്.. സാരമില്ല..ഇനി ഒരിക്കൽ കാണാം ജോണിന്റെ കഴിവ്.. !”

ജോൺ പോയ വഴിയിലേക്ക് കണ്ണ് നട്ട് ഒരു കുസൃതിച്ചിരിയോടെ എഡ്വിൻ പറഞ്ഞു… 

കിഷോറിന്റെ മുറിയിലെ കർട്ടനുകൾ കാറ്റിൽ ശക്തമായി ആടി ഉലഞ്ഞു..അവന്റെ ശരീരത്തിൽ കൂടി ഒരു കറുത്ത രൂപം ഇഴഞ്ഞു കയറി. കിഷോറിന് ശ്വാസം മുട്ടുന്ന പോലെ തോന്നി.. മേശ മേൽ ഉള്ള ഗ്ലാസ്സിൽ ക്ലാവ് പിടിച്ചു… അത് പതിയെ പതിയെ അതി ശക്തമായി പൊട്ടിത്തെറിച്ചു..

ആഹ്….. !

ഒരു നിലവിളിയോടെ അവൻ കണ്ണുകൾ തുറന്നു..

ചുറ്റും നോക്കി… ഗ്ലാസ്സ് പഴയ പടി തന്നെ മേശമേൽ ഉണ്ട്..

“എന്താടാ.. ! വല്ല സ്വപ്നവും കണ്ടോ.. !”

കിഷോറിന്റെ അമ്മ സീത അവന്റെ മുറിയിലേക്ക് വന്നു..

“അമ്മേ… കുറച്ചു വെള്ളം താ.. !”

“ഇപ്പോൾ തരാം.. !”

അവർ അടുക്കളയിലേക്ക് പോയി…

കിഷോർ ക്ലോക്കിലേക്ക് നോക്കി…

സമയം 8:00 pm

“എന്താടാ നിനക്ക് പറ്റിയത്.. !”

ഒരു ഗ്ലാസ്സ് വെള്ളവുമായി സീത അകത്തേക്ക് കയറുന്നതിനിടെ ചോദിച്ചു…

കിഷോർ ഗ്ലാസ്സിലെ വെള്ളം വളരെ വേഗത്തിൽ കുടിച്ചു തീർത്തു…

എന്നിട്ട് പറഞ്ഞു..

“ഒന്നും ഇല്ല അമ്മേ.. അമ്മ പൊയ്ക്കോ.. ഭയങ്കര ക്ഷീണം.. ഒന്ന് ഉറങ്ങട്ടെ.. !”

സീത ഗ്ലാസ്സ് വാങ്ങി തിരികെ വെളിയിലേക്ക് ഇറങ്ങുന്നതിന് മുൻപായി മുറിയിലെ ലൈറ്റ് ഓഫ്‌ ചെയ്തു…

“ലൈറ്റ് ഇട് അമ്മേ.. !”

“അല്ല.. ഇതെന്തു പറ്റി.. മുഖത്ത് വെട്ടം അടിച്ചാൽ ഉറക്കം വരില്ലെന്ന് പറയുന്ന കക്ഷി ആണ്.. !”

അവർ ലൈറ്റ് ഓൺ ചെയ്തു..

“വാതിൽ അടക്കണ്ട…അമ്മ പൊയ്ക്കോ.. !”

നെറ്റി ചുളിച്ച് അവർ കിഷോറിന്റെ മുഖത്തേക്ക് നോക്കിയ ശേഷം വെളിയിലേക്ക് പോയി…

കിഷോർ മൊബൈൽ ഓൺ ചെയ്തു…

തുടരെ തുടരെ അതിൽ മെസ്സേജുകൾ വന്നു കൊണ്ടിരുന്നു…

കിഷോർ നമ്പർ ഡയൽ ചെയ്ത ശേഷം ഫോൺ  ചെവിയിൽ വെച്ചു..

“എഡ്വിൻ.. ! നിങ്ങൾ ഇപ്പോൾ എവിടെ ആണ്.. !”

“ഓഫീസിൽ ആണ് കിഷോർ.. !”

“ജോൺ എന്ത് പറഞ്ഞു..? “

“അയാൾ അയാളുടെ വാദത്തിൽ ഉറച്ചു നിൽക്കുന്നു.. !”

“എനിക്ക് നിങ്ങളെ ഒന്ന് കാണണം.. നാളെ ഓഫീസിൽ വന്നാൽ കാണാൻ സാധിക്കുമോ….? “

“ഉവ്വ്.. !”

“അപ്പോൾ ശരി.. നാളെ കാണാം.. !”

ഫോൺ കട്ട്‌ ചെയ്ത ശേഷം കിഷോർ ആലോചനയിൽ മുഴുകി ഇരുന്നു…

പിറ്റേന്ന്…

സമയം 8:30 am

ജോണിന്റെ ഓഫീസ്..

“ഒടുവിൽ താങ്കൾ എന്റെ അടുത്ത് തന്നെ എത്തി.. അല്ലെ..എനിക്കറിയാമായിരുന്നു.. നിങ്ങൾ ഇവിടെ തന്നെ എത്തും എന്ന്.. !”

“ഇന്നലെ രാത്രി ഞാൻ ഉറങ്ങിയിട്ടില്ല ജോൺ.. !

കണ്ണടക്കുമ്പോൾ ഓരോ ദു സ്വപ്നങ്ങൾ… !

ഇന്നലെ ഞാൻ ഒരു എക്സ്പിരിമെന്റ് ചെയ്തിരുന്നു.. ഗ്ലാസ്സിൽ ക്ലാവ് പിടിച്ചാൽ നെഗറ്റീവ് എനർജി ഉണ്ട് എന്ന് ആണ് അർഥം.. പക്ഷെ.. അതിൽ കാര്യമായ മാറ്റങ്ങൾ ഒന്നും ഞാൻ കണ്ടില്ല.. !

നിങ്ങൾ കള്ളം പറയുക അല്ലല്ലോ… അല്ലേ..? “

“ഞാൻ എന്തിന് നിങ്ങളോട് കള്ളം പറയണം കിഷോർ.. !

പിന്നെ ഒരു കാര്യം…

സിനിമകളിൽ കാണുന്ന പോലെ അല്ല നെഗറ്റീവ് എനർജി നമ്മുടെ ശരീരത്തിൽ കയറിക്കൂടിയാൽ സംഭവിക്കുക..

ധന നഷ്ടം ഉണ്ടാകും..

ബിസ്നസ്സ് തകരും…

ദുസ്വപ്നങ്ങൾ കാണും..

രോഗ ബാധിതൻ ആവും…

നിങ്ങളെ ചിലപ്പോൾ അവ ആത്മഹത്യയിലേക്ക് വരെ കൊണ്ട് എത്തിക്കും..അതല്ലെങ്കിൽ അപകട മരണം സംഭവിക്കാം…

പ്രിയപ്പെട്ടവർ നിങ്ങളിൽ നിന്ന് അകലും..

നിങ്ങൾക്കു പ്രിയപ്പെട്ടവർ ചിലപ്പോൾ അകാലത്തിൽ മരണപ്പെട്ടെന്നും വരാം..

ഇത്തരത്തിൽ ഉള്ള ദുഷ് ഫലങ്ങൾ മൂലം നിങ്ങൾ വലയും…

“പരിഹാരം ഒന്നും ഇല്ലേ..? “

“ഉണ്ട്… നിങ്ങൾ ഇവിടേക്ക് വന്ന വിവരം എഡ്വിനോട് പറഞ്ഞിരുന്നുവോ..? “

“ഇല്ല.. !”

“ആം… എങ്കിൽ ഞാൻ പറയാൻ പോകുന്ന കാര്യങ്ങൾ ശ്രദ്ധിച്ചു കേൾക്കുക… !”

ജോൺ പറഞ്ഞ കാര്യങ്ങൾ എല്ലാം കിഷോർ ശ്രദ്ധാപൂർവം കേട്ടു…

“എന്താണ് കിഷോർ.. നിങ്ങളെക്കൊണ്ട് സാധിക്കുമോ.. !”

“ഞാൻ ചെയ്യാം… !”

അത് കേട്ട് ജോണിന്റെ മുഖത്ത് പുഞ്ചിരി വിടർന്നു….

തുടരും