ഏലസ്സ് ~ ഭാഗം 03 , രചന: അശ്വതി ശ്രീരാജ്

Pranayamazha…The rain of love

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

“കിഷോറിന്റെ വിവരം ഒന്നും ഇല്ലല്ലോ എഡ്വിൻ.. ! “

“ഇന്നലെ അയാൾ എന്നെ വിളിച്ചിരുന്നു.. ഇന്ന് ഓഫീസിൽ വരാം എന്നാണ് പറഞ്ഞിരുന്നത്.. !അത് കൊണ്ട് ഇന്ന് ഒരു 12 മണി ആയപ്പോൾ  ഞാൻ ഒരു തവണ അയാളെ വിളിച്ചിരുന്നു.. ഇന്ന് കുറച്ചു തിരക്കുണ്ട്.. നാളെ വരാം എന്ന് പറഞ്ഞു.. “

“അയാൾ നമ്മൾ അറിയാതെ ജോണിനെ കണ്ടു കാണുമോ.. !”

“പറയാൻ പറ്റില്ല.. മനുഷ്യന്റെ മനസ്സ് ഏതൊക്കെ തലങ്ങളിൽ കൂടി ആണ് സഞ്ചരിക്കുക എന്ന കാര്യത്തെ പറ്റി..ജോണിന്റെ പൂർവ്വകാലo തേടിയുള്ള എന്റെ യാത്ര തുടങ്ങിക്കഴിഞ്ഞു.. !”

“ഞാൻ  ലഞ്ച് വാങ്ങി വരാം.. സമയം രണ്ടായി.. !”

“ശരി.. !”

സമയം കടന്നു പോയി….

പെട്ടന്ന് എഡ്വിന്റെ മൊബൈൽ ശബ്‌ദിച്ചു..എഡ്വിൻ അത് ഓൺ ചെയ്തു ചെവിയിൽ വെച്ചു…

“ആം.. എഡ്വിൻ.. ഇത് ഞാൻ ആണ് തമ്പാനൂർ സി. ഐ ഷാനവാസ്.. ! എന്നെ ഓർമ ഉണ്ടോ..? “

“അത് എന്ത് ചോദ്യമാ ഷാനവാസെ.. ! എന്താ ഈ ഉള്ളവനെ ഓർക്കാൻ കാരണം… !”

“ഇന്ന് ഉച്ചക്ക് ഒരു പരാതി കിട്ടിയിരുന്നു.. ഒരു ഒളിച്ചോട്ടം.. ! പെണ്ണിന്റെ പേര് കുക്കു സെബാസ്റ്റ്യൻ.. ! അമ്പലമുക്ക് സ്വദേശി ആയ ഒരു കിഷോറിന് എതിരെ ആണ് അവളുടെ പേരന്റ്സ് പരാതി നൽകിയിരിക്കുന്നത്..

അവന്റെ കാൾ ലിസ്റ്റ് പരിശോധിച്ചപ്പോൾ തന്റെ നമ്പറിലേക്ക് അവൻ തുടരെ വിളിച്ചിരിക്കുന്നത് കണ്ടു..

താൻ ആണോടോ അവരെ ഒളിച്ചോടാൻ സഹായിച്ചത്.. !”

“കിഷോർ ഒളിച്ചോടി പോയെന്നോ.. ! താൻ പറഞ്ഞത് സത്യം ആണോ.. !”

“അല്ലെങ്കിൽ ഞാൻ തന്നെ വിളിക്കണ്ട കാര്യം ഇല്ലല്ലോ എഡ്വിൻ.. ! അവൻ അവസാനമായി വിളിച്ചതും തന്റെ നമ്പറിലേക്ക് ആണ്.. അതിനു ശേഷം അവന്റെ മൊബൈൽ സ്വിച്ച് ഓഫ്‌ ആയി..

താൻ ഫ്രീ ആണെങ്കിൽ സ്റ്റേഷൻ വരെ ഒന്ന് വാ.. !”

“ആം.. ഞാൻ വരാം.. !”

സമയം 5:Pm തമ്പാനൂർ പോലീസ് സ്റ്റേഷൻ..

“അപ്പോൾ കിഷോർ തന്റെ ക്ലൈന്റ് ആയിരുന്നു.. അല്ലെ..? “

“അതെ.. !”

“ഉം… ജോണിനെ എനിക്ക് പേർസണലി അറിയാം എഡ്വിൻ.. ! അയാൾ ഒരാളെ ട്രാപ്പിൽ ആക്കാൻ വേണ്ടി ഇങ്ങനെ ഒക്കെ നുണക്കഥകൾ ഉണ്ടാക്കും എന്ന് തോന്നുന്നില്ല.. !”

“ഷാനവാസിന് എങ്ങനെ ആണ് അയാളെ പരിചയം.. !”

“ജോണിന്റെ സഹോദരി ജുവലും ഞാനും ഒരുമിച്ച് പഠിച്ചത് ആണ്.. ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയിരുന്നു.. ജോണിന് ഒരു യൂ ട്യൂബ് ചാനൽ ഉണ്ടല്ലോ.. !

john’s  vlog..

അത് ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്.. ജുവൽ പറഞ്ഞിട്ട്.. !

ശരിക്കും ഞാൻ ജോണിന്റെ ഒരു ഫാൻ ആണ്..

എനിക്ക് ഇത്തരത്തിൽ ഉള്ള മിസ്റ്റീരിയസ് ആയുള്ള കാര്യങ്ങൾ കാണാൻ ഇഷ്ടം ആണ്..

ജോണിനെ ഞാൻ നേരിട്ട് മീറ്റ് ചെയ്തിട്ടും ഉണ്ട്..

വളരെ നല്ല മനുഷ്യൻ ആണ്..

ജോൺ അങ്ങനെ ഒരു കാര്യം പറഞ്ഞിട്ടുണ്ടെങ്കിൽ അതിൽ എന്തെങ്കിലും സത്യം കാണും എഡ്വിൻ.. !

ജോണിന്റെ നമ്പർ എന്റെ പക്കൽ ഉണ്ട്.. പക്ഷെ.. കിഷോർ ഒരു തവണ പോലും ജോണിനെ കോൺടാക്ട് ചെയ്തിട്ടില്ല.. അങ്ങനെ ഉള്ളപ്പോൾ നമ്മൾ എങ്ങനെ ആണ് ജോണിനെ സംശയിക്കുക…? “

“ഫോണിൽ കൂടി അല്ലാതെ നേരിട്ട് ചെന്നും കോൺടാക്ട് ചെയ്യാമല്ലോ ഷാനവാസെ.. !കിഷോർ അങ്ങനെ ചെന്നിട്ടുണ്ടെങ്കിലോ.. !”

“തന്റെ സംശയം ഞാൻ ഇപ്പോൾ തന്നെ തീർത്തു തരാം.. !”

ഷാനവാസ് മൊബൈലിൽ നമ്പർ ഡയൽ ചെയ്തു…

ശേഷം ലൗഡ് സ്പീക്കറിൽ ഇട്ടു..

“ആം.. ജോൺ.. ! ഇത് ഞാൻ ആണ് ഷാനവാസ്.. !”

“ആം.. പറ ഷാനവാസെ.. !”

“കിഷോർ എന്നൊരു പയ്യൻ നിങ്ങളെ കാണാൻ വന്നിരുന്നുവോ.. !”

“ഉവ്വ്.. !”

“എപ്പോഴാണ് അയാൾ വന്നത്.. !”

“ഇന്ന് രാവിലെ.. !”

“എന്താണ് നിങ്ങൾ തമ്മിൽ സംസാരിച്ചത്.. !”

“ഞാൻ അയാളോടല്ല.. അയാളുടെ  ശരീരത്തിൽ ഉള്ള ആത്മാവിനോട് ആണ്  സംസാരിച്ചത്..  നിങ്ങൾ പറഞ്ഞാൽ വിശ്വസിക്കില്ല ഷാനവാസ്.. എനിക്ക് പോലും ആ ആത്മാവിനെ അയാളിൽ നിന്ന് പറിച്ചു മാറ്റാൻ പറ്റില്ല.. ഞാൻ അയാളോട് പറഞ്ഞു.. എന്നേക്കാൾ വിധഗ്ദനായ ഒരാളുടെ സഹായം തേടാൻ…

അയാൾ ഞാൻ പറഞ്ഞത് പോലെ ചെയ്യാം എന്നും പറഞ്ഞു…

എന്താണ് ഷാനവാസ്.. ! അയാൾക്ക് എന്ത് സംഭവിച്ചു..? “

“he is missing.. ! അയാൾ മാത്രം അല്ല.. ഒപ്പം അയാളുടെ കാമുകിയും.. ! “

“ഹ… ഹ.. വിശ്വസിക്കാൻ പ്രയാസം തോന്നുന്നു ഷാനവാസ്.. പ്രഗത്ഭനായ എഡ്വിൻ അയാളുടെ ബോഡി ഗാർഡ് ആയി ഉണ്ടായിരുന്നിട്ടും അയാൾ മിസ്സിംഗ്‌ ആയോ.. !

എനിക്ക് അറിയില്ല ഷാനവാസ് അയാൾ എവിടെ പോയെന്ന്.. ! അത് കണ്ടു പിടിക്കേണ്ട ആവശ്യവും എനിക്ക് ഇല്ല..

എഡ്വിനോട് പറയണം എന്നെ ശല്യം ചെയ്യാൻ വരരുത് എന്ന്.. !മറ്റെന്തെങ്കിലും പറയാൻ ഉണ്ടോ.. !”

“ഇല്ല ജോൺ.. ! “

“ശരി.. !”

അയാൾ ഫോൺ കട്ട്‌ ചെയ്തു..

“അയാളുടെ അഹങ്കാരം നോക്ക് സർ .. ! എനിക്ക് ഉറപ്പുണ്ട് കിഷോറിന്റെ തിരോധാനത്തിൽ ഇയാൾക്ക് പങ്കുണ്ട്.. !”

അരുൺ പറഞ്ഞു..

“അയാൾ അഹങ്കരിക്കുന്നതിന് കാരണം ഉണ്ട്  അരുൺ..  മുഖ്യമന്ത്രിയുമായി അയാൾക്ക് വളരെ അടുത്ത ബന്ധം ഉണ്ട്.. അഥവാ പിടിക്കപ്പെട്ടാലും ഊരിപ്പോരാൻ അയാൾക്ക് വലിയ പ്രയാസം ഒന്നും കാണില്ല..”

“എനിക്ക് കേസിന്റെ ഡീറ്റെയിൽസ് അറിഞ്ഞാൽ കൊള്ളാം എന്നുണ്ട്.. !”

“കിഷോറും.. ഈ പറഞ്ഞ കുക്കു സെബാസ്റ്റ്യനും തമ്മിൽ കഴിഞ്ഞ 5 വർഷം ആയി പ്രണയത്തിൽ ആയിരുന്നു..ഈ ഇടക്കാണ് വീട്ടിൽ അറിഞ്ഞത്.. അവളുടെ അമ്മ ആലീസ്  ഈ ബന്ധത്തിന് എതിരായിരുന്നു..

എറണാകുളത്തുള്ള ഒരു നസ്രാണിയെ കെട്ടിയാൽ മതി എന്ന് അവർ വാശി പിടിച്ചു.. ആലീസ് ഇതിനെ ചൊല്ലി എന്നും തർക്കം ആയിരുന്നു.. ഇന്ന് രാവിലെ അവൾ വീട്ടിൽനിന്ന്  വഴക്കുണ്ടാക്കി ഇറങ്ങിപ്പോയി..

അവൾ അങ്ങനെ ഇറങ്ങിപ്പോകാറുണ്ട്.. ആ ദിവസങ്ങളിൽ സുഹൃത്ത് ആയ നിഷയുടെ വീട്ടിൽ ആണ് അവൾ സ്റ്റേ ചെയ്യാറ്.. ഇത്തവണയും അത് പോലെ ആവും എന്നാണ് അവർ കരുതിയത്.. പക്ഷെ ! ഉച്ച ആയിട്ടും നിഷയുടെ വീട്ടിൽ എത്താത്തത് കൊണ്ട് സംശയം കിഷോറിലേക്ക് തിരിഞ്ഞു.. ഉടൻ തന്നെ പരാതിയുമായി എത്തി.. !

ഇത് ഒളിച്ചോട്ടം തന്നെ ആടോ.. !

മൂന്നാല് ദിവസം കഴിയുമ്പോൾ തിരിച്ചു വരും.. താൻ വെറുതെ ഓർത്ത് തല പുണ്ണാക്കണ്ട..!”

“നിങ്ങൾ അന്വേഷിച്ചില്ലേ..? “

അരുൺ ചോദിച്ചു

“കിഷോറിന്റെ വാഹനം കേന്ത്രീകരിച്ചുള്ള അന്വേഷണം നടക്കുന്നുണ്ട്.. രണ്ട് പേരുടെയും ഫോൺ സ്വിച്ച് ഓഫ്‌ ആയത് കനകക്കുന്ന് കൊട്ടാരത്തിൽ വെച്ചാണ്.. അവിടെ നിന്നുള്ള സി സി ടി വി  വിഷ്വൽസ് കളക്റ്റ് ചെയ്തു കൊണ്ടിരിക്കുകയാണ്.. എന്തെങ്കിലും വിവരം ലഭിച്ചാൽ ഞാൻ  അറിയിക്കാം.. !

പിന്നെ ഒറ്റ ദിവസം കൊണ്ടൊക്കെ കാണാതായവരെ കണ്ടെത്താൻ കുറച്ചു പ്രയാസം ആണ് എഡ്വിൻ.. !  അന്വേഷണം നടക്കുന്നുണ്ടല്ലോ.. താൻ പോയി ചെന്ന് കിടന്ന് സ്വസ്ഥമായിട്ട് ഒന്ന് ഉറങ്ങു.. !”

എഡ്വിൻ നിശബ്ദനായി ഇരുന്നു…

“ഹാ.. താൻ പേടിക്കണ്ടടോ.. ! കയ്യിലെ ക്യാഷ് തീരുമ്പോൾ രണ്ടെണ്ണോo പോയത് പോലെ ഇങ്ങ് തിരിച്ചു വരും..  അല്ലാതെന്താ.. !”

“ശരി.. അപ്പോൾ കാണാം.. !”

“മ്മ്.. !”

ഇരുവരും  സ്റ്റേഷനിൽ നിന്ന് തിരികെ ഇറങ്ങി കാറിൽ കയറി..

സമയം 6:pm. അമ്പലമുക്കിൽ ഉള്ള കിഷോറിന്റെ ഫ്ലാറ്റ്..

“അവന് ഇങ്ങനെ ഉള്ള പ്രശ്നങ്ങൾ ഒക്കെ ഉണ്ടായിരുന്നു എന്ന് പോലും ഞങ്ങൾ ഇപ്പോൾ ആണ് എഡ്വിൻ അറിയുന്നത്..”

” മോഹൻ… അഥവാ നിങ്ങൾ അറിഞ്ഞിരുന്നു എങ്കിൽ ആ പെൺകുട്ടിയുമായുള്ള ബന്ധം നിങ്ങൾ അംഗീകരിക്കുമായിരുന്നുവോ..? “

“ഒരിക്കലും ഇല്ല അരുൺ.. ! ഞങ്ങൾ പേരെടുത്ത നായർ കുടുംബത്തിലുള്ളവർ ആണ് … ഞങ്ങളുടെ സമുദായത്തിൽ ഉള്ളവരുമായുള്ള ബന്ധമേ ഞങ്ങൾ സ്വീകരിച്ചു കൊടുക്കുകയുള്ളൂ.. !ആ കാര്യം കിഷോറിന് നന്നായി അറിവുള്ളതും ആണ്.. എന്നിട്ടും അവൻ ഞങ്ങളെ ചീറ്റ് ചെയ്തു.. !”

“കിഷോറിന്റെ തോളിനു എന്ത് സംഭവിച്ചതാണ്..? “

“അവന് ഇടയ്ക്കിടെ തോളിനു വേദന വരാറുണ്ടായിരുന്നു.. ആദ്യമൊന്നും വലിയ കാര്യം ആക്കിയില്ല.. കുറച്ചു ദിവസങ്ങൾക്കു മുൻപ് പ്രാക്റ്റീസിനിടെ അവൻ ഒന്ന് വീണിരുന്നു.. തോളിടിച്ച്.. വീട്ടിൽ എത്തിയിട്ടും വേദന മാറാഞ്ഞത് കൊണ്ട് ഞങ്ങൾ ഹോസ്പിറ്റലിൽ പോയി.. ദൈവാദീനം കൊണ്ട് ഫ്രാക്ച്ചർ ഒന്നും സംഭവിച്ചില്ല.. പക്ഷെ ഡോക്ടർ പറഞ്ഞു അവന്റെ തോളെല്ലിനു തേയ്മാനം ഉണ്ടെന്ന്.. !”

“ഈ കാര്യം കിഷോറിന് അറിയാമായിരുന്നുവോ.. !”

“ഞാൻ പറഞ്ഞില്ല.. !”

“കാരണം..? “

“ചെറിയ എന്തെങ്കിലും കാര്യം മതി.. അവൻ പെട്ടന്ന് ഡൗൺ ആവും എഡ്വിൻ.. !വലിയ ടെൻഷൻ ഒന്നും അവന് താങ്ങാൻ പറ്റില്ല. ഒരു പനി വന്നാൽ പോലും വാടിത്തളർന്ന് ഒരു കിടപ്പാണ്.. ! അത് കൊണ്ട് പറഞ്ഞില്ല.. ! അങ്ങനെ ഉള്ളവന് ഒളിച്ചോടാൻ എവിടെ നിന്ന് ധൈര്യം കിട്ടി എന്നാണ് ഞാൻ ആലോചിക്കുന്നത്.. !”

“എവിടെ വെച്ചാണ് കിഷോർ വീണത്..? “

“കനകക്കുന്ന് പാലസിൽ വെച്ച്.. !”

“ഡേറ്റ് ഓർമ ഉണ്ടോ.. ! അന്നത്തെ ഹോസ്പിറ്റൽ ചീട്ടുകൾ ആയാലും മതി.. !”

മോഹൻ സീതയുടെ മുഖത്തേക്ക് നോക്കി..

അവർ മുറിയിലേക്ക് പോയി…

“മോഹന് പാരാനോർമൽ ഇൻവെസ്റ്റിഗേറ്റർ ആയ ജോണിനെ പരിചയം ഉണ്ടോ..?”

“ജോണിന്റെ വീഡിയോസ് ഒക്കെ ഞാൻ കണ്ടിട്ടുണ്ട്.. !

സെക്കന്റ്‌ ഫ്ലോറിൽ താമസിക്കുന്ന അലോഷി പറഞ്ഞിട്ട് ആണ് ഞാൻ ചാനൽ സബ്സ്ക്രൈബ് ചെയ്തത്.. ജോണിന്റെ കൂടെ വർക്ക്‌ ചെയ്യുന്ന ഡേവിസും  അലോഷിയും ഇതേ ബിൽഡിങ്ങിൽ തന്നെ ആണ് താമസിക്കുന്നത്.. ! ജോണിനെ ഞാൻ ഇവിടെ കണ്ടിട്ടില്ല.. !”

“വളരെ നല്ല ഒരു വിവരം ആണല്ലോ അത്.. !അപ്പോൾ കിഷോറിന് അലോഷിയെയും ഡേവിസിനെയും  പരിചയം ഉണ്ടോ.. !”

“അവന് വീട്ടിൽ ഇരിക്കാൻ സമയം ഇല്ലല്ലോ എഡ്വിൻ.. ! വീട്ടിൽ വന്നാൽ തന്നെ മുറി അടച്ചു ഇരിക്കുo..അസോസിയേഷന്റെ മീറ്റിംഗുകൾക്കൊക്കെ വന്നാലല്ലേ ഈ ബിൽഡിംഗിൽ താമസിക്കുന്നവരെ പറ്റി എന്തെങ്കിലും ബോധം കാണൂ..

പറഞ്ഞിട്ട് കാര്യം ഇല്ല.. !”

“ഈ പറഞ്ഞ ജോണുമായോ അല്ലെങ്കിൽ അയാളുടെ സഹായികളുമായോ വ്യക്തിപരമായി എന്തെങ്കിലും പ്രശ്നങ്ങൾ നിങ്ങൾക്ക് ഉണ്ടായിരുന്നുവോ.. !”

“ഇല്ല എഡ്വിൻ.. ! അലോഷിയെയും ഡേവിസിനെയും  കാണുന്നത് അസോസിയേഷന്റെ മീറ്റിംഗുകൾ വരുമ്പോൾ മാത്രം ആണ്.. തൊട്ടടുത്ത ഫ്‌ളാറ്റിൽ താമസിക്കുന്നത് ആരാണെന്ന് പോലും എന്റെ മകന് നിശ്ചയം ഇല്ല.. !

പക്ഷെ ഞാൻ എല്ലാവരോടും നല്ലൊരു സൗഹൃതം പുലർത്തുന്ന വ്യക്തി ആണ്.. !

എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ സാധിക്കുന്നില്ല.. ! എന്റെ മകൻ താങ്കളെ പോലെ ഉള്ള ഒരു ഡിറ്റക്റ്റീവിനെ സമീപിച്ചു എന്ന കാര്യം.. !”

“ഹോസ്പിറ്റലിൽ പോയത് ഈ മാസം  മൂന്നാം തീയതി ആണ് എഡ്വിൻ.. ഇതാണ് ചീട്ട്.. !”

സീത പറഞ്ഞു..

എഡ്വിൻ അത് വാങ്ങി..

“റിംസിൽ ആണ് പോയത്.. നിങ്ങൾ മൂന്ന് പേരും കൂടി ആണോ പോയത്.. !”

“അതെ.. !”

“അപ്പോൾ ആരെങ്കിലും നിങ്ങളെ ഫോളോ ചെയ്യുന്നതായി തോന്നിയിരുന്നുവോ..? “

“ഞാൻ ഓർക്കുന്നില്ല.. !”

“ശരി.. ! വരട്ടെ.. !”

“എന്റെ മകൻ എവിടെ ആവും എഡ്വിൻ ഇപ്പോൾ.. ! അവന് എന്തെങ്കിലും ആപത്ത് സംഭവിച്ചു കാണുമോ.. !”

എഡ്വിൻ നിശബ്ദനായി അവിടെ നിന്ന് ഇറങ്ങി..

സമയം 7 മണി..ജോണിന്റെ ഓഫീസ്..

“ജോൺ.. ! എന്താണ് നിങ്ങൾക്ക് വേണ്ടത്.. !”

“നിങ്ങൾ എന്തിനാണ് എഡ്വിൻ എന്നോട് ദേഷ്യo പ്രകടിപ്പിക്കുന്നത്.. ! “

“നിങ്ങൾക്കറിയാം അവർ എവിടെ ഉണ്ടെന്ന്.. !”

“ഞാൻ പറഞ്ഞല്ലോ എഡ്വിൻ.. എനിക്ക് അറിയില്ല.. ! “

“ഇന്ന് രാവിലെ കിഷോർ ഇവിടെ വന്നപ്പോൾ നിങ്ങൾ എന്താണ് ആയാളോട് പറഞ്ഞത്.. !”

“എന്നെക്കാൾ പ്രഗൽഭനായ ഒരാളെ സമീപിക്കാൻ ആണ് ഞാൻ അയാളോട് പറഞ്ഞത്.. ഇനിയും നിങ്ങൾ ഇവിടെ നിന്ന് പോയില്ലെങ്കിൽ ഞാൻ പോലീസിനെ വിളിക്കും.. !”

“അപ്പോൾ നിങ്ങക്ക് നിങ്ങളുടെ കഴിവിൽ സംശയം ഉണ്ട്.. അല്ലെ ജോൺ.. !”

“എനിക്ക് എന്റെ കഴിവിൽ പൂർണ വിശ്വാസം ഉണ്ട് എഡ്വിൻ.. ! എനിക്കത് നിങ്ങളുടെ മുൻപിൽ പ്രൂവ് ചെയ്യണ്ട ആവശ്യം ഇല്ല.. !”

“അങ്ങനെ എങ്കിൽ എന്ത് കൊണ്ട് നിങ്ങൾ പ്രേതത്തെ ഒഴിപ്പിക്കാൻ ഉള്ള മാർഗം കിഷോറിന് പറഞ്ഞു കൊടുത്തില്ല.. നിങ്ങൾ കള്ളനാണ് ജോൺ.. !”

“ഓഹ്… പ്രൊവോക്ക് ചെയ്ത് എന്തെങ്കിലും ഛർദിപ്പിക്കാം എന്ന് കരുതി ആണ് താൻ വന്നതെങ്കിൽ…

ഐ ആം റിയലി സോറി മൈ ഡിയർ എഡ്വിൻ.. !

എനിക്ക് ഒന്നും പറയാൻ ഇല്ല..

നിങ്ങൾക്ക് പോവാം..

ഓഫീസിന്റെ വാതിലിലേക്ക് വിരൽ ചൂണ്ടി ജോൺ പറഞ്ഞു…

തുടരും…