മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….
“ജോൺ… ! സത്യം ഒരു നാൾ മറ നീക്കി പുറത്ത് വരിക തന്നെ ചെയ്യും.. ! അപ്പോൾ നമുക്ക് ഒന്ന് കൂടി കാണേണ്ടി വരും.. ! അരുൺ.. വാ പോകാം.. !”
ജോൺ എഡ്വിന്റെ മുഖത്തേക്ക് തുറിച്ചു നോക്കി.. അയാളുടെ മുഖം വിയർത്തു..
എഡ്വിൻ അവിടെ നിന്ന് ഇറങ്ങി എന്ന് ഉറപ്പ് വരുത്തിയ ശേഷം അയാൾ ഒരു കുപ്പി കയ്യിൽ എടുത്തു.. ദൃതിയിൽ ബോട്ടിൽ തുറന്ന ശേഷം വെള്ളം അകത്താക്കി.. !”
പിറ്റേന്ന് .. സമയം 8:am.തമ്പാനൂർ പോലീസ് സ്റ്റേഷൻ
ലഭ്യമായ വിഷ്വൽസ് പരിശോധിച്ച ശേഷം ഷാനവാസ് പറഞ്ഞു..
“എഡ്വിൻ.. കിഷോറിന്റെ കാർ തിരുവനന്തപുരത്ത് നിന്ന് അഞ്ചലിലേക്കാണ് പോയിരിക്കുന്നത്.. അഞ്ചൽ പോലീസ് സ്റ്റേഷനിലേക്ക് വിവരം പാസ്സ് ചെയ്തിട്ടുണ്ട്.. അധികം വൈകാതെ തന്നെ എന്തെങ്കിലും വിവരം ലഭിക്കും എന്ന് പ്രതീക്ഷിക്കാം.. !”
എഡ്വിൻ സി സി ടി വി വിഷ്വൽസിലേക്ക് കണ്ണ് നട്ടു…
സമയം കടന്നു പോയി..
ഷാനവാസ് ദൃതിയിൽ എഡ്വിന്റെ അടുത്തേക്ക് വന്നു…
“എഡ്വിൻ.. കിഷോറിന്റെ കാർ അഞ്ചൽ പോലീസ് സ്റ്റേഷൻ അതിർത്തിയിൽപ്പെട്ട ചണ്ണപ്പേട്ടക്കടുത്ത് മീൻകുളം വനാതിർത്തിയിൽ നിന്ന് കണ്ടെത്തി..
ഞങ്ങൾ ഉടൻ അങ്ങോട്ട് പുറപ്പെടുക ആണ്.. !”
അത് കേട്ട് എഡ്വിൻ അരുണിന്റെ മുഖത്തേക്ക് നോക്കി…
സമയം ഉച്ച അടുത്തു…
ചണ്ണപ്പേട്ട എത്തിയപ്പോൾ പുനലൂർ ഏ.എസ്. പി കിരൺ കുമാറിന്റെ നേതൃത്വത്തിൽ കുളത്തൂപ്പുഴ സർക്കിൾ ഇൻസ്‌പെക്ടർ, അഞ്ചൽ പോലീസ് സ്റ്റേഷനിലെ എസ്. ഐ… പോലീസുകാർ.. ഫോറെസ്റ്റ് ഗാർഡ് എന്നിവരുടെ വലിയ സംഘം ദൃശ്യമായി..അവരോടൊപ്പം ഷാനവാസും സംഘവും മുൻപോട്ട് നടന്നു…
“എവിടെ ആണ്.. !”
കൂട്ടത്തിൽ ഉള്ള ഒരു ഫോറെസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥനോട് എഡ്വിൻ തിരക്കി..
“റിസർവ് വനത്തിനുള്ളിൽ ആണ്.. ഇവിടെ നിന്ന് കുറച്ചു നടക്കാൻ ഉണ്ട്..കാട്ടാനയും കാട്ടു പോത്തും ഒക്കെ ഇറങ്ങുന്ന സ്ഥലം ആണ്.. !”
“സംഘം ചേർന്നുള്ള യാത്ര രസകരം തന്നെ.. ! പേരെന്താണ്..? “
“അനീഷ്.. ! “
കുറച്ചു കൂടി മുൻപോട്ട് അവർ നടന്നു കയറി..കുറച്ചകലെയായി ചെറുതും വലുതുമായ പാറക്കൂട്ടങ്ങൾ ദൃശ്യമായിത്തുടങ്ങി..
“അനീഷ്.. ഈ പാറക്കൂട്ടത്തിന്റെ പേര് എന്താണ്..? “
“ചുട്ടിപ്പാറ.. !
പണ്ട് കാലത്ത് ഒരുപാട് ദുർ മരണങ്ങൾ നടന്നിട്ടുള്ള സ്ഥലം ആണെന്ന് കേട്ടിട്ടുണ്ട്… അത് കൊണ്ട് ആരും ഈ ഭാഗത്തേക്ക് അങ്ങനെ വരാറില്ല.. ദേ നോക്ക് എല്ലിൻ കഷ്ണങ്ങൾ.. !”
എഡ്വിൻ ചെറിയ പാറപ്പുറത്തേക്ക് നോക്കി..
അവിടവിടെയായി എല്ലിൻ കഷ്ണങ്ങൾ ദൃശ്യമാണ്..
“പേടിക്കണ്ട.. ! മനുഷ്യന്റെ അല്ല..കാട്ടു പോത്തിന്റെ ആണ്.. !”
അയാൾ ചിരിച്ചു..
അവർ വീണ്ടും മുൻപോട്ട് നീങ്ങി…
“വനവിഭങ്ങൾ ശേഖരിക്കാൻ മാത്രമേ ആളുകൾ ഇത് വഴി വരാറുള്ളൂ..വള്ളിപ്പടർപ്പുകൾ വെട്ടി മാറ്റി ഇത്രയെങ്കിലും വഴി ഒരുക്കിയത് വനാതിർത്തിയിലെ കോളനിയിൽ ഉള്ള ആളുകൾ കൂടി ചേർന്നാണ്.. !”
“അത് നന്നായി.. !”
അരുൺ എല്ലാവരെയും മാറി മാറി നോക്കി..
നാട്ടുകാരായി അധികം ആളുകൾ ഒന്നും ഇല്ല..
കുറച്ചു കൂടി മുൻപോട്ട് നടന്നപ്പോൾ പോലീസ് സീൽ വെച്ച സ്പോട്ടിൽ എത്തിച്ചേർന്നു..
“എപ്പോഴാണ് കണ്ടത്.. !”
അരുൺ ചോദിച്ചു..
“കാർ കണ്ടതിന് ശേഷം സംഘം തിരിഞ്ഞു വനത്തിനുള്ളിൽ പരിശോധന നടത്തി..അപ്പോളാണ് കണ്ടത്.. !മുഖം പെട്രോൾ ഒഴിച്ച് കത്തിച്ചിട്ടുണ്ട്.. മൃതദേഹം ഐഡന്റിഫൈ ചെയ്യാതിരിക്കാനാവും.. വസ്ത്രങ്ങളും മാറ്റിയിട്ടുണ്ട്.. !”
അനീഷ് പറഞ്ഞു..
“എഡ്വിൻ… മൃതദേഹത്തിൽ നിന്ന് ലഭിച്ചതാണ്.. see this.. എവിടെയെങ്കിലും കണ്ടിട്ടുണ്ടോ ഇത് പോലെ ഒരെണ്ണം..? “
ഷാനവാസ് എഡ്വിന്റെ അരികിലേക്ക് വന്ന ശേഷം കയ്യിലെ പ്ലാസ്റ്റിക് കവർ എഡ്വിന് നേരെ കാട്ടി…അതിനുള്ളിൽ മനോഹരമായ ചിത്രപ്പണികളോടു കൂടിയ സ്വർണത്തിൽ തീർത്ത ഒരു ഏലസ് ആയിരുന്നു..എഡ്വിൻ അത് വ്യക്തമായി നിരീക്ഷിച്ചു…
“ഇല്ല ഷാനവാസ്..ഞാൻ മുൻപ് ഇത് പോലെ ഒന്ന് കണ്ടിട്ടില്ല.. ! പക്ഷെ.. ഇതിൽ എങ്ങനെ ഇത്രയും മണ്ണ് പറ്റി..? “
ഏലസ്സിൽ പറ്റിപ്പിടിച്ചിരുന്ന കറുത്ത ചെളി മണ്ണിലേക്ക് നോക്കി എഡ്വിൻ ചോദിച്ചു..
“പെൺകുട്ടി വലതു കയ്യിൽ മുറുകെ പിടിച്ചിരുന്നതാണ് ഇത്.. ചിലപ്പോൾ പിടി വലിക്കിടെ മണ്ണ് പറ്റിയതാവം.. !”
എഡ്വിൻ വനാന്തരത്തിൽ കൂടി മുൻപോട്ട് നടന്നു… മൃതദേഹം കിടന്ന പ്രദേശത്തിന് ചുറ്റുമുള്ള സ്ഥലങ്ങളിൽ കണ്ണോടിച്ചു..
അതിനിടെ കത്തിത്തീരാത്ത ഒരു മെഴുകുതിരി തറയിൽ കിടക്കുന്നത് എഡ്വിൻ കണ്ടു.. എഡ്വിൻ പതിയെ അതിനടുത്തേക്ക് നടന്നു…
അതിനടുത്ത് എത്തിയപ്പോൾ ഇടതു ഭാഗത്തായി മൂന്നാലു മെഴുകുതിരികൾ കൂടി എഡ്വിൻ കണ്ടു.. എഡ്വിൻ മുട്ട് കുത്തി ഇരുന്ന് അവിടം നിരീക്ഷിച്ചു.. ആ ഭാഗത്തെ മണ്ണ് ഇളകികിടക്കുന്നുണ്ടായിരുന്നു.. എഡ്വിൻ ഒരു കമ്പ് കൊണ്ട് ആ മണ്ണ് മാറ്റി.. അത് ചെറിയ ഒരു കുഴിയായി മാറി…
“എഡ്വിൻ.. താൻ എന്താണ് നോക്കുന്നത്.. !”
“നോക്ക് ഷാനവാസ്.. ഇവിടെ ഇന്നലെ ആരോ ഒരു കുഴി എടുത്തിട്ടുണ്ട്..അതിനടുത്ത് നിന്ന് എനിക്ക് ഈ മെഴുകുതിരികളും ലഭിച്ചു.. നമ്മൾ കണ്ട ഏലസ് ഈ കുഴിയിൽ മൂടപ്പെട്ടിരുന്നുവോ എന്നൊരു സംശയം.. !”
“പക്ഷെ.. ! ആരാണ് ഇതൊക്കെ ചെയ്തത്.. ! എന്തിന്.. !”
“കിഷോറും കുക്കുവും ഇവിടെ എത്തിയത് ഈ ഏലസുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യത്തിനാവും.. എനിക്ക് ഉറപ്പുണ്ട് ഷാനവാസ് ജോൺ തന്നെ ആണ് അവരെ ഇവിടെ പറഞ്ഞു വിട്ടത്.. ! അയാളെ ചോദ്യം ചെയ്യണം.. !എന്തെങ്കിലും തുമ്പ് കിട്ടാതിരിക്കില്ല.. !”
“കൊല്ലപ്പെട്ടത് കുക്കു തന്നെ ആണെന്നതിൽ വ്യക്തത വരുത്തേണ്ടത് ഉണ്ട് എഡ്വിൻ.. ! മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് അയക്കും… ഈ ഏലസ് അല്ലാതെ ശരീരത്തിൽ മറ്റ് ആഭരണങ്ങൾ ഒന്നും ഇല്ല…! മരിച്ചത് കുക്കു തന്നെ ആണോ എന്ന കാര്യത്തിൽ ഉറപ്പ് വരുത്തിയ ശേഷം ആവാം ജോണിനെ ചോദ്യം ചെയ്യാൻ.. !”
“മ്മ്… !”
സമയം കൊഴിഞ്ഞു പോയി … ഇൻക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി അയച്ചു…
********************
തങ്ങൾക്ക് കിട്ടിയ ചൂടുള്ള വാർത്ത എരിയും പുളിയും ചേർത്ത് പത്ര മാധ്യമങ്ങൾ വാ തോരാതെ കൊട്ടി ഘോഷിച്ചു… കുക്കു സെബാസ്റ്റ്യനെ കൊന്ന ശേഷം കിഷോർ ഒളിവിൽ പോയി എന്നവർ വാദിച്ചു..
സമയം 8 : Am…കുക്കുവിന്റെ വീട്..
“സെബാസ്റ്റ്യൻ.. ! നിങ്ങളെ ബുദ്ധിമുട്ടിക്കുന്നതിൽ ആദ്യം തന്നെ ഞാൻ ക്ഷമ ചോദിക്കുന്നു..
എനിക്ക് കുറച്ചു കാര്യങ്ങൾ ചോദിച്ചറിയാൻ ഉണ്ട്.. !”
“പറ എഡ്വിൻ.. !”
“പാരാനോർമൽ ഇൻവെസ്റ്റിഗേറ്റർ ആയ ജോണിനെ നിങ്ങൾക്ക് പരിചയം ഉണ്ടോ..? “
“അറിയില്ല എഡ്വിൻ.. ! ഞങ്ങൾക്ക് അയാൾ ആരാണെന്ന് പോലും അറിയില്ല.. !”
“അഞ്ചലിൽ കുക്കുന് സുഹൃത്തുക്കൾ വല്ലതും ഉണ്ടോ..? “
“ഇല്ല എഡ്വിൻ.. ! അവളുടെ ബെസ്റ്റ് ഫ്രണ്ട് നിഷ ആണ്.. അവൾ പൂജപ്പുരയിൽ ആണ് താമസം.. !”
“എന്ന് മുതൽ ആണ് കിഷോറും കുക്കുവും തമ്മിൽ പ്രണയത്തിൽ ആയത്.. !”
“അറിയില്ല എഡ്വിൻ.. !ഞങ്ങൾ അറിഞ്ഞത് ഈ ഇടക്കാണ്.. നാല് മാസത്തിന് മുൻപ് പഞ്ചാബിൽ വെച്ച് റസിലിംഗിന്റെ നാഷണലിൽ പങ്കെടുക്കാൻ അവളും നിഷയും പോയിരുന്നു..അവിടെ പോയി വന്നതിന് ശേഷം ആണ് അവളുടെ സ്വാഭാവത്തിൽ മാറ്റങ്ങൾ വന്നത്.. !”
“ശരി.. ഞാൻ നിങ്ങളെ കൂടുതൽ ബുദ്ധിമുട്ടിക്കുന്നില്ല.. വരട്ടെ .. !”
അയാൾ മൗനാനുവാദം നൽകി…
സമയം 10 : Am നിഷയുടെ വീട്..
“നിഷ…! ഞാൻ ചോദിക്കുന്ന ചോദ്യങ്ങൾക്ക് സത്യസന്ധമായി ഉത്തരം നൽകണം.. !കിഷോറിന്റെയും കുക്കുവിന്റെയും പ്രണയം സത്യം ആയിരുന്നുവോ.. !”
“കിഷോർ ചതിയനാണ് സർ… ! അവനെ വിശ്വസിക്കാൻ കൊള്ളില്ല.. ! ഞാൻ അവളെ പല തവണ വിലക്കിയതാണ്.. കേട്ടില്ല..!”
“നിഷ അങ്ങനെ പറയാൻ കാരണം എന്താണ്..? “
“കുക്കു ആണ് അവനെ ഇഷ്ടം ആണെന്ന് പറഞ്ഞു പിന്നാലെ നടക്കാൻ തുടങ്ങിയത്.. അവൻ ഒരിക്കൽ പോലും അവളെ പ്രൊപ്പോസ് ചെയ്തിട്ടില്ല.. കാൾ ചെയ്തിട്ടില്ല..കുക്കു ഒരു നല്ല പ്ലയെർ അല്ല.. !”
“പിന്നെ എങ്ങനെ ആണ് അവർ കേരാളാ ടീമിനൊപ്പം പോയി നാഷണൽ അറ്റൻഡ് ചെയ്തത്..? “
“കുക്കുന് ഇത്തവണ നാഷണിൽ പോകാൻ വേണ്ടി അവൾ കോമ്പറ്റീറ്റർ ഇല്ലാത്ത വെയ്റ്റ് കാറ്റഗറിയിൽ ആണ് ഇറങ്ങിയത്.. അങ്ങനെ അവൾക്ക് അതെ വെയ്റ്റ് കാറ്റഗറിയിൽ നാഷണലിൽ പോകാൻ ഉള്ള സെലക്ഷൻ ലഭിച്ചു…
അസോസിയേഷനിൽ കിഷോറിനുള്ള പിടി പാടു കാരണം ആണ് കുക്കു നാഷണലിലേക്ക് പോകാൻ സെലക്റ്റഡ് ആയത്.. അതിനു ശേഷം ഉള്ള കേരളാ ടീമിന്റെ ക്യാമ്പ് അറ്റൻഡ് ചെയ്യാൻ അവൾ വന്നില്ല…കുക്കുന് വേണ്ടി അയാൾ എന്തിനാണ് ഇത്രയൊക്കെ ചെയ്യുന്നത് എന്ന് ഞങ്ങൾ ടീമിൽ ഉള്ളവർക്കെല്ലാം സംശയം ആയിരുന്നു…
നാഷണിലിലേക്ക് പോകാൻ വേണ്ടിയുള്ള ട്രെയിൻ ടിക്കറ്റ് കുക്കുവും കിഷോറും ഒന്നിച്ച് എടുത്തു..നാഷണലിൽ അവൾ ആദ്യ റൗണ്ടിൽ തന്നെ പുറത്തായി..
പഞ്ചാബിൽ എത്തിയ ശേഷം അവളെ ഇടയ്ക്കിടെ കാണാതാവുമായിരുന്നു.. കോമ്പറ്റിഷൻ കഴിഞ്ഞ് തിരികെ വരുന്ന വഴി ഞാൻ അവളുടെ കയ്യിൽ ഒരു മോതിരം കണ്ടു..
ചോദിച്ചപ്പോൾ പറഞ്ഞു കിഷോർ പ്രൊപോസ് ചെയ്‌തെന്ന്… ! അവൾ വളരെ സന്തോഷവതി ആയിരുന്നു…
പക്ഷെ നാട്ടിൽ തിരികെ എത്തിയ ശേഷം അവൾ ആകെ ഡസ്പ് ആയി..ക്ലാസ്സിൽ ഒന്നും വരാതെ ആയി.. ഞാൻ കുറെ ചോദിച്ചു…ഒടുവിൽ അവൾ കിഷോർ അയച്ച മെസ്സേജിന്റെ സ്ക്രീൻ ഷോട്ട് എടുത്ത് എനിക്ക് അയച്ചു തന്നു… അതിൽ മുഴുവൻ കിഷോർ അവളെ ഒഴിവാക്കാൻ വേണ്ടി വ്യഗ്രതപ്പെടുന്ന രീതിയിൽ ഉള്ള മെസ്സേജുകൾ ആയിരുന്നു..
അതിന്റെ കാരണം തിരക്കിയപ്പോൾ ആണ് ഞാൻ ശരിക്കും ഞെട്ടിയത്…
ഒരു മോതിരം ഇട്ട് കൊടുത്തപ്പോളെക്കും ഒരു പെണ്ണിന് ഏറ്റവും വിലപ്പെട്ടതെല്ലാം അവന് അടിയറവു വെച്ചിട്ട് വന്ന അവളെ ഞാൻ കണക്കിന് ശകാരിച്ചു..
അവൾ കരഞ്ഞു.. എന്ത് ചെയ്യണം എന്ന് അറിയില്ല.. ഞാൻ ചാവാൻ പോകുന്നു.. എന്നൊക്കെ അവൾ എന്നോട് പറഞ്ഞു..
എനിക്ക് ഈ കാര്യം മനസ്സിൽ വെക്കാൻ തോന്നിയില്ല.. ആരോടെങ്കിലും ഉള്ള് തുറക്കാൻ തോന്നി.. അത് കൊണ്ട് ഞാൻ എന്റെ സുഹൃത്ത് ആയ നേഹക്ക് ആ സ്ക്രീൻ ഷോട്ടുകൾ കാണിച്ചു കൊടുത്തു.. അവൾ റസിലിംഗ് കോച്ച് ആയ മാധവിന്റെ ലവർ ആയിരുന്നു..
അവൾ ആ കാര്യം മാധവിനോട് പറഞ്ഞു.. മാധവും കിഷോറും തമ്മിൽ ചെറിയ ഒരു സൗന്ദര്യ പിണക്കം ഉണ്ടായിരുന്നു.. അത് കൊണ്ട് മാധവ് ആ വിവരം അസോസിയേഷനിൽ അറിയിച്ചു.. അങ്ങനെ കിഷോറിനെ അസോസിയേഷനിൽ നിന്ന് പുറത്താക്കി..
നാലാള് അറിഞ്ഞപ്പോൾ അവൻ പ്ലേറ്റ് തിരിച്ചു.. കുക്കുനെ കെട്ടിക്കോളാമെന്നും വീട്ടിൽ കൺവിൻസ് ചെയ്യട്ടെ.. അത് വരെ സമയം തരണം എന്നും പറഞ്ഞു..
കുക്കു എനിക്ക് സ്ക്രീൻ ഷോട്ട് എടുത്തു തന്ന കാര്യം അവൻ അറിഞ്ഞു..കിഷോർ എന്നെ ഒരു ദിവസം ഫോൺ വിളിച്ചു.. അവൾ അയച്ചു തന്ന സ്ക്രീൻ ഷോട്ടുകൾ ഡിലീറ്റ് ചെയ്തില്ലെങ്കിൽ മാനനഷ്ടത്തിന് എനിക്ക് എതിരെ കേസ് കൊടുക്കും എന്ന് പറഞ്ഞു..
“എന്നിട്ട് നിങ്ങൾ അത് ഡിലീറ്റ് ചെയ്തോ..? “
“ഇല്ല.. അത് ഇപ്പോഴും എന്റെ കയ്യിൽ ഉണ്ട്.. !”
“എനിക്ക് സെന്റ് ചെയ്യു..!”
“ശരി.. !”
നിഷ തന്റെ മൊബൈലിൽ നിന്ന് സ്ക്രീൻ ഷോട്ടുകൾ എഡ്വിന്റെ മൊബൈലിലേക്ക് സെന്റ് ചെയ്തു…
“അവളെ ഒഴിവാക്കാൻ കിഷോർ ശ്രമിച്ചിരുന്നു എഡ്വിൻ.. ! കിഷോർ തന്നെ ആണ് അവളെ കൊന്നത്.. !എനിക്ക് ഉറപ്പുണ്ട്.. !”
“പാരാനോർമൽ ഇൻവെസ്റ്റിഗേറ്റർ ആയ ജോണിനെ പരിചയം ഉണ്ടോ.. !”
“ഇല്ല.. !”
“അഞ്ചലിൽ നിങ്ങൾക്ക് സുഹൃത്തുക്കൾ ആരെങ്കിലും ഉണ്ടോ..? “
“ഇല്ല.. !”
“കുക്കുന്റെ പക്കൽ നിന്ന് ഒരു ഏലസ് ലഭിച്ചിരുന്നു.. അവളുടെ കയ്യിൽ അങ്ങനെ ഒരു ഏലസ് ഉണ്ടായിരുന്നുവോ..? “
“ഏലസോ.. ! മ്മ്… അത് അവൾക്ക് കളഞ്ഞു കിട്ടിയത് ആണ്.. !”
“എവിടെ നിന്ന്..? “
“10 th ഇൽ പഠിച്ചപ്പോൾ ഞങ്ങൾ നെല്ലിയാമ്പതിയിൽ ടൂർ പോയിരുന്നു.. അന്ന് കാട്ടിൽ വെച്ച് കിട്ടിയത് ആണ്.. ഗോൾഡ് ആയത് കൊണ്ട് അവൾ തിരികെ വന്ന ശേഷം ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു.. ആ ഏലസുമായി ബന്ധപ്പെട്ട്.. പക്ഷെ ! ആരും അത് അന്വേഷിച്ചു വന്നില്ല..
പിന്നെ അവൾക്ക് അതിന്റെ ഡിസൈൻ ഇഷ്ടപ്പെട്ടത് കൊണ്ട് എപ്പോഴും മാലയിൽ ധരിക്കും.. !”
“അപ്പോൾ കറുത്ത ചരടിൽ അല്ല അവൾ അത് ധരിക്കാറുള്ളത്.. അല്ലെ.. !”
“അവളുടെ സ്വർണ മാലയിൽ ആണ് അത് ഇടാറുള്ളത്.. !”
“ശരി.. എന്തെങ്കിലും പറയാൻ വിട്ട് പോയിട്ടുണ്ടെങ്കിൽ വിളിക്കുക.. വരട്ടെ.. !”
എഡ്വിൻ നിഷയുടെ വീടിന്റെ പുറത്തു ഇറങ്ങിയ ശേഷം ഷാനവാസിന് കാൾ ചെയ്തു…
“ആം.. ഷാനവാസേ.. ഞാൻ എഡ്വിൻ ആണ്.. ഒരു പ്രധാനപ്പെട്ട വിവരം ഉണ്ട്.. നേരിൽ പറയാം.. !”
സമയം 8:Pm…പോലീസ് ഹെഡ് ക്വാർട്ടേഴ്‌സ്
“കുക്കു സെബാസ്റ്റ്യന്റെ കൊലപാതകവും കിഷോറിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ഇപ്പോൾ നടക്കുന്ന വാദങ്ങളിൽ എത്ര മാത്രം കഴമ്പുണ്ട് എന്ന് പരിശോധിക്കുകയാണ് ഇന്നത്തെ ന്യൂസ് ഹവറിൽ.. !”
ടി വി യുടെ വോളിയം കുറച്ച ശേഷം ഷാനവാസ് എഡ്വിന് നേരെ തിരിഞ്ഞു…
“കിഷോർ എവിടെ ഉണ്ട് എന്നുള്ള വിവരം ലഭിക്കാതെ ഒരു നിഗമനത്തിൽ എത്താൻ ആവില്ല.. പിന്നെ കുക്കുവും കിഷോറും തമ്മിലുള്ള കാൾ റെക്കോർഡ്സ് എല്ലാം പുറത്തായി.. അതിൽ നിന്ന് വ്യക്തമാണ് അവൻ അവളെ ഒഴിവാക്കാൻ ശ്രമിച്ചിരുന്നു എന്നുള്ള കാര്യം.. !താൻ പറഞ്ഞ കാര്യങ്ങൾ കൂടി ചേർത്ത് വായിക്കുമ്പോൾ കിഷോർ ആണ് അവളെ കൊന്നതെങ്കിൽ അതിന്റെ വ്യക്തമായ കാരണവും ഇപ്പോൾ പുറത്തായി.. ഇനി അവൻ എവിടെ എന്ന് കണ്ടെത്തിയാൽ മാത്രം മതി..
പിന്നെ കുട്ടിയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് വന്നു..
മരണ കാരണം തലയ്ക്കേറ്റ അടി കൊണ്ടുള്ള തലയോടിലെ പൊട്ടലും തലച്ചോറിലെ രക്തസ്രാവവും ആണ്.. ശരീരത്തിൽ സെമന്റെ പ്രെസൻസ് ഇല്ല..സോ റെപ്പ് ചെയ്യപ്പെട്ടിട്ടില്ല.. കൊന്ന ശേഷം ആണ് മുഖം വികൃതമാക്കിയത്..അസ്ഥികളുടെ വളർച്ചയിൽ നിന്ന് പെൺകുട്ടിയുടെ പ്രായം 18-20 വയസ് ആണെന്ന് സ്ഥിതീകരിച്ചു.. അതായത് കുക്കു സെബാസ്റ്റ്യന്റെ അതെ പ്രായം.. കൊല നടന്നിരുന്നത് രാത്രി 8 മണിയോടടുപ്പിച്ച് ആണ്..
മൃതദേഹത്തിന്റെ താടിയെല്ലു പരിശോധിച്ചപ്പോൾ താഴത്തെ വരിയിൽ വലതു ഭാഗത്തുള്ള ഒരു കോമ്പല്ല് വെപ്പ് പല്ല് ആണ്.. അതിനെപ്പറ്റി അന്വേഷിച്ചു.. കുക്കു ബുള്ളറ്റ് ഓടിച്ചു പഠിക്കുന്നതിനിടെ പറ്റിയ ഒരു അപകടം ആണെന്നാണ് പേരന്റ്സ് പറഞ്ഞത്.. അത് കൊണ്ട് അവൾ അന്ന് പോയ ഹോസ്പിറ്റലിൽ നിന്ന് തെളിവുകൾ ശേഖരിച്ചു..
അത് കൊണ്ട് കൊല്ലപ്പെട്ടത് കുക്കു തന്നെ ആണെന്ന കാര്യത്തിൽ ഒരു തീരുമാനം ആയി..
ഇനി കൊന്നതാരാണ്.. കിഷോറോ.. !
“എഡ്വിൻ.. !ടി വി യിലോട്ട് നോക്ക്.. !”
അരുൺ ടി വി യുടെ വോളിയം കൂട്ടി..
“പാരാനോർമൽ ഇൻവെസ്റ്റിഗേറ്റർ ആയ ജോൺ ഇന്ന് രാത്രി കുക്കുവിന്റെ ആത്മാവുമായി സംസാരിക്കുന്നു…അദ്ദേഹം അല്പ സമയം മുൻപ് നേരിട്ട് ഞങ്ങളെ വിവരം അറിയിക്കുകയായിരുന്നു..
എന്തായാലും ജോണിന് കുക്കുന്റെ ഖാതകനെ കണ്ടെത്താൻ സാധിക്കുമോ എന്നാണ് ഈ നിമിഷം ആളുകൾ ഉറ്റു നോക്കുന്നത്… !
തുടരും