അവന്റെ വാക്കുകൾ കേട്ട് ഒലിച്ചിറങ്ങുന്ന കണ്ണുകളോടെ അവൾ തരിച്ചു നിന്നു. ഒന്നും കാണാത്ത ഭാവത്തിൽ….

രചന: Shahina Shahi

“നിങ്ങൾക്ക് എന്താ ഫോണ് എടുത്താൽ,ഞാൻ എത്ര തവണ വിളിച്ചു.”വാതിൽ തുറന്ന് ജെസി ദേശ്യത്തോടെ പറഞ്ഞു.

“ഒന്ന് മിണ്ടണ്ട നിൽക്കോ,വന്നു കയറുമ്പോൾ തന്നെ തുടങ്ങിക്കോളും, ഏത് നിമിഷത്തിലാണാവോ ഇതിനെയും വലിച്ചിറക്കി പോരാൻ തോന്നിയത്…”ജോലി ക്ഷീണവും യാത്രാ ക്ഷീണവും അവനെ ദേശ്യം പിടിപ്പിക്കാൻ അത് തന്നെ ധാരാളം ആയിരുന്നു.അവന്റെ വാക്കുകൾ കേട്ട് ഒലിച്ചിറങ്ങുന്ന കണ്ണുകളോടെ അവൾ തരിച്ചു നിന്നു. ഒന്നും കാണാത്ത ഭാവത്തിൽ കയ്യിലെ ബാഗ് സോഫയിലേക്ക് എറിഞ്ഞു കൊണ്ട് അവൻ അകത്തേക്ക് പോയി.

കുളി കഴിഞ്ഞ് ഡ്രെസ്സ് മാറി അവൻ ഡൈനിങ് ഹാളിലേക്ക് വന്നു.

“ജസിയെ ചായ…”

“ഇതാ ചായ…”ദേശ്യത്തോടെ ഗ്ലാസ് ടേബിളിൽ അമർത്തി വെച്ച് അവൾ അടുക്കളയിലേക്ക് തന്നെ മടങ്ങി.ചൂട് പൊങ്ങുന്ന ചായ ടേബിളിൽ തന്നെ വച്ച് അവൻ അവളെ പിന്തുടർന്നു.

“എന്നോട് ദേഷ്യത്തിലാണോ”അടിക്കള വാതിലിൽ ചാരി നിന്ന് കൊണ്ടവൾ ചോദിച്ചു.

“എന്തേ തിന്നാൻ വല്ലതും വേണോ…അതിന് വേണ്ടിയല്ലേ എന്നെ ഇവിടെ കൊണ്ടു വന്നാക്കിയത്…”ജെസി കരഞ്ഞു കൊണ്ട് പറഞ്ഞു.

“എന്താടി നീ അങ്ങനെ ഒക്കെ പറയുന്നേ…”

“പിന്നെ നിങ്ങൾക്ക് ഞാൻ ഇപ്പോൾ ഒരു ഭാരം അല്ലെ…”അവൻ ഒന്നും മിണ്ടാതെ അവളെ തന്നെ നോക്കി നിന്നു. ഒന്നും ശ്രദ്ധിക്കാതെ അവളും കഴുകിയ പത്രം വീണ്ടും വീണ്ടും കഴുകികൊണ്ടിരുന്നു.

“അത് ആ ദേഷ്യത്തിൽ അങ്ങ് പറഞ്ഞു പോയതല്ലേ… ഞാൻ മുമ്പ് എപ്പോഴെങ്കിലും ഇങ്ങനെ ഒക്കെ സംസാരിച്ചിട്ടുണ്ടോ…”അവളെ അവനിലേക്ക് തിരിച്ചു നിർത്തി കൊണ്ട് അവൻ ചോദിച്ചു.

“എന്നാലും ഞാൻ വിളിക്കുമ്പോൾ ഫോണ് എടുത്തുടെ…എനിക്കിവിടെ ഒറ്റക്കിരുന്നു ബോറടിച്ചിട്ടല്ലേ” ജെസിയുടെ ചോദ്യത്തിന് നാളെ മുതൽ നിന്നെ തറവാട്ടിൽ ആക്കിയിട്ടെ ഞാൻ പോകു എന്നവൻ പറഞ്ഞപ്പോൾ അവൾ അവന്റെ ഹൃദയത്തിലേക്ക് ചാഞ്ഞു.

“എല്ലാവർക്കും എല്ലാ സമയത്തും ഒരു പോലെ പെരുമാറാൻ ഒന്നും കഴിയില്ല, ഭാര്യ ഭർത്താക്കളാകുമ്പോൾ അതിനനുസരിച്ച് ക്ഷമിക്കാനും സഹിക്കാനും ഒക്കെ പഠിക്കണം…”ഇരു കവിളിൽ പിടിച്ചു ഉയർത്തി ജസിയുടെ മുഖത്തു നോക്കി അവൻ അത് പറഞ്ഞപ്പോൾ ഒരു ചെറു പുഞ്ചിരിയോടെ ശരിയാണ് എന്ന ഭാവത്തിൽ അവൾ തലയാട്ടി.