ഒത്തിരി പ്രണയം തോന്നുന്ന ഒരാളെ ഒരിക്കലും വിവാഹം കഴിക്കരുത്. വിവാഹം കഴിക്കുന്ന ഒരാളെ ഒരിക്കലും പ്രണയിക്കുകയും ചെയ്യരുത്…

പരിഭവങ്ങൾ ~ രചന: സുമയ്യ ബീഗം TA

ഒത്തിരി പ്രണയം തോന്നുന്ന ഒരാളെ ഒരിക്കലും വിവാഹം കഴിക്കരുത്. വിവാഹം കഴിക്കുന്ന ഒരാളെ ഒരിക്കലും പ്രണയിക്കുകയും ചെയ്യരുത്. ഈ രണ്ടുകാര്യങ്ങളിലും പ്രണയം മരിക്കുന്നു ഇഞ്ചിഞ്ചായി.

ഒരാളിൽ പൂർണമായും അലിഞ്ഞില്ലാതായി തനിക്കു ചുറ്റും നടക്കുന്നതൊക്കെയും വിസ്മരിച്ചു സ്വന്തമായ ഒരു വൃന്ദാവനം ഒരുമിച്ചു ഒരുക്കി അതിൽ സ്വതന്ത്രമായി വിഹരിക്കാം പ്രണയത്തിൽ.

എന്നാൽ വിവാഹ ജീവിതത്തിലോ ഇതൊന്നുമില്ല എല്ലാം അടുത്തുണ്ട് ആരെയും പേടിക്കണ്ട എങ്കിലും ഒന്നും അനുഭവിക്കാതെ ഉരുകി ഉരുകി അങ്ങ് തീരുന്നു മെഴുകുതിരി പോലെ.

ഹഹഹ കൊള്ളാം ഷഹാന എന്താപ്പോ ഇങ്ങനൊക്കെ തോന്നാൻ പെട്ടന്ന് എന്നെ കാണണമെന്ന് പറഞ്ഞപ്പോൾ അറിഞ്ഞില്ല നിനക്കിത്രക്കു ഗുരുതരമായെന്നു. ഡി നിനക്കിപ്പോൾ ഷേക്ക്‌ അല്ല ഷോക്ക് ആണ് വേണ്ടത്.

പോടി മരമാക്രി റാസി, ഞാൻ പറഞ്ഞതൊക്കെയും സത്യങ്ങളാണ്.

ഷഹാന ഈ ലോകത്തു കിട്ടാവുന്നതിൽ വെച്ചേറ്റവും നല്ല ഭർത്താവാണ് നിന്റെ ഇക്കാ എന്നല്ലേ നീ ഇത്ര നാളും പറഞ്ഞിരുന്നത്. ഒരു പരിധിവരെ അതെല്ലാവരും സമ്മതിക്കുന്ന കാര്യവുമാണ്. സഹീർ ഒരു ജന്റിൽമാൻ ആണ് പോരാത്തതിന് നിങ്ങൾ ഒരേ ടേസ്റ്റ് ഉള്ളവർ പിന്നെ എന്താപ്പോ മാറി ചിന്തിക്കാൻ ?അങ്ങേരു പുതിയ വല്ല കൂടും കൂട്ടിയോ ?

റാസി, ഓവർ ആക്കണ്ട എന്നാ ആദ്യം അവളെ ഞാൻ കൊല്ലും. അങ്ങനൊന്നുമില്ല ബട്ട്‌ ഇപ്പോൾ ഞാൻ പറയുന്നതാണ് സത്യം ഇതാണ് ഇപ്പോൾ ഞാൻ ജീവിക്കുന്ന ജീവിതം. ഒരു റോബോട്ടിനെപ്പോലെ കീ കൊടുത്തു ചലിപ്പിക്കുന്ന ഒരു യന്ത്രം. ചിന്തകൾ ഇല്ലാതെ സ്വപ്‌നങ്ങൾ ഇല്ലാതെ മിടിക്കാൻ ഒരു ഹൃദയം പോലുമില്ലാതെ.

എനിക്ക് മേല, അപ്പോൾ റോബോട്ടെ ഞാൻ പോവട്ടെ ഡ്യൂട്ടി ടൈം ആകുന്നു. ഒരു ഷേക്ക്‌ കുടിക്കാടി ഇന്നെന്ന് പറഞ്ഞു നീ വിളിച്ചപ്പോൾ ഇത്രയും ബോറാക്കുമെന്നു ഓർത്തില്ല.

പോടീ കോ പ്പേ നീ വല്യ ക്ലിനിക്കൽ സൈക്കോളജിസ്റ് റാസില . മനസുപഠിച്ചവൾ. അതുകൊണ്ട് പറഞ്ഞുപോയതാ ക്ഷമിക്കു ഞാൻ പോകുവാ.

ന്റെ മുത്തു ഷഹാന ഇയ്യ് പറ എന്താന്ന് തെളിച്ചു പറ കേകട്ടെ.

നിനക്കറിയുവോ റാസി ആ നെഞ്ചിൽ തലചായ്ച്ചു കിടന്നിട്ടു ഇന്നെത്ര ദിവസായിന്നു എപ്പോളും പിണക്കങ്ങളാ. ജോലി കഴിഞ്ഞു വരുമ്പോൾ ഞാൻ അറിയാതെ എന്തേലും പറയും പിന്നെ അതിൽ പിടിച്ചു ഒരു ദേഷ്യപ്പെടൽ. പിന്നെ അന്ന് മിണ്ടില്ല ഒരു രാത്രി അങ്ങനങ്ങു കൊഴിയും. ഇതൊക്കെ ഒന്നുമാറാൻ ഇന്നലെ ഒന്ന് പുറത്തുപോയി അങ്ങോട്ട് എന്തൊരു ആഘോഷമായിരുന്നു. തിരിച്ചുവരാറായപ്പോൾ ഒന്ന് രണ്ടു ഫോൺ കാൾ കടേൽ സ്റ്റോക്ക് തീർന്നതും മറ്റും പിന്നെ ഒരു പറക്കൽ ആരുന്നു. മൂന്നുമണിക്കൂർ അളന്നെടുത്തു തയാറാക്കിയ ആ യാത്രയും ഒത്തിരി ടെൻഷനും ദേഷ്യവും പിണക്കങ്ങളുമായി തീർന്നു.

മേശമേൽ കഴിക്കാൻ പാർസൽ വാങ്ങിയ പ്രിയപ്പെട്ട bar b que ആർക്കും വേണ്ടാതെ ഇരുന്നു തണുത്തുറഞ്ഞപ്പോൾ എനിക്കു തോന്നി ആ പൊരിച്ചുകരിച്ചു വച്ചിരിക്കുന്നത് ഞാൻ എന്ന എന്നെത്തന്നെയാണെന്നു. മടുത്തു റാസി.

ഷാഹി, ഡാ നിനക്ക് സഹീറിനെ ഉപേക്ഷിച്ചു പോകാൻ കഴിയുമോ ?അയാൾക്ക്‌ നിന്നെക്കാൾ നല്ലൊരു പെണ്ണിനെ കിട്ടും. അതുപോലെ നിനക്കും ഒരു പാർട്ണറെ കിട്ടും. പക്ഷെ ഈ പ്രശ്നങ്ങൾ ഒന്നും അപ്പോളും തീരില്ല. ഇന്ന് എല്ലാം ഉണ്ട് പ്രണയിക്കാൻ ടൈം ഇല്ല എന്നുള്ളതാണ് പ്രശ്നം എങ്കിൽ അന്ന് ഇഷ്ടം പോലെ സമയവും പ്രണയവും ഉണ്ട് ജീവിക്കാൻ വഴി ഇല്ല എന്നുള്ളതാവും പ്രശ്നം. എല്ലാം തികഞ്ഞൊരാൾ ഒരിക്കലും ഈ പ്രപഞ്ചത്തിൽ ജീവിച്ചിട്ടില്ല. എല്ലാ സംതൃപ്തിയും പങ്കാളിക്ക് നൽകിയിട്ടുമില്ല അഡ്ജസ്റ്റ്മെന്റ് മാത്രമാണ് ഓരോ ബന്ധത്തെയും വിള്ളൽ ഇല്ലാതെ നിലനിർത്തുന്നത്.

റാസി നീ പൊക്കോ ഞാനും ഇറങ്ങുക സഹീർ ഇപ്പോൾ വരും.

കവിളിലൊരു മുത്തം കൊടുത്തു ഷഹാനയെ യാത്രയാകുമ്പോൾ ഇനിയും ഉത്തരം കിട്ടാതെ ഒരു ചോദ്യം ബാക്കിയാവുകയാരുന്നു. മനുഷ്യർ എന്തിനാണിങ്ങനെ പരക്കം പായുന്നത് ?ഒരു മിനിറ്റ് പോലും കളയാതെ വെട്ടിപിടിക്കുന്നതു അടുത്തനിമിഷം പോലും അനുഭവിക്കാൻ ഉതകുമോ എന്നുപോലും ഉറപ്പില്ല. ഈ പ്രപഞ്ച സൗന്ദര്യവും പ്രണയവും ആസ്വദിച്ചു കുറച്ചു നാൾ എങ്കിലും ജീവിക്കാൻ കഴിഞ്ഞില്ല എങ്കിൽ പിന്നെന്തിനി ജീവിതം.

റാസിയുടെ മൊബൈൽ പാടുന്നു മുനീറാണ്. പ്രസിദ്ധനായ ചൈൽഡ് സ്പെഷ്യലിസ്റ്. സ്വന്തം മക്കളോടുത്തു ഒരു സായാഹ്നം പോലും ചിലവിടാൻ ഇതുവരെ സമയം കിട്ടാത്ത എന്റെ ഭർത്താവ്. ഷാഹി എന്നിൽ ആശ്രയം തേടുമ്പോൾ മനസിനെ ചികിൽസിക്കാൻ പഠിച്ചവൾ ആരോടാണ് പരാതിപ്പെടുക? ……….