നിൻ ചാരെ ~ രചന: അനഘ “പാർവ്വതി”
താനെന്താ ഒന്നും മിണ്ടാത്തത്. കല്യാണം കഴിഞ്ഞിട്ട് മണിക്കൂറുകളായി.
അങ്ങനെയൊന്നുമില്ല.
നേരിട്ട് നമ്മൾ ആദ്യമായി കാണുന്നത് ഇന്നാണെങ്കിലും ഫോണിലൂടെ നമ്മൾ ഒത്തിരി സംസാരിച്ചിട്ടുണ്ടല്ലോ. ആ വായാടി പാറു തന്നാണോ ഇത്. നേരിട്ട് കണ്ടപ്പോ എന്നെ ഇഷ്ടായില്ലേടോ.
അയ്യോ അങ്ങനൊന്നുമില്ല….. എനിക്ക് വന്ന പല ആലോചനകളും പല കാരണം പറഞ്ഞു ഞാൻ തന്നെ മുടക്കിയിട്ടുണ്ട്. പക്ഷേ ഏട്ടൻ്റെ പ്രോപോസൽ എൻ്റെ സമ്മതത്തോടെ തന്നെയാ മുന്നോട്ട് കൊണ്ടുപോയത്.
അതെന്താ????
അതോ……. അങ്ങനൊക്കെ ചോദിച്ചാൽ അറിയില്ല. എന്തോ ഒരു സ്പാർക്.
ഹഹഹ…
എന്തേ ചിരിക്കാൻ…
അല്ല വിവാഹ കമ്പോളത്തിൽ എൻ്റെ നിറം ഒരു കടമ്പയാണെന്നു വിധിയെഴുതി കല്യാണമേ വേണ്ടാന്ന് കരുതിയ എന്നേ കണ്ട് സ്പാർക്ക്. പിന്നെ ചിരിക്കാതിരിക്കുമോ.
അതാല്ലെ ഇഷ്ടമായില്ലേന്ന് ചോദിച്ചത്. ഇപ്പോ തോന്നുന്നു സ്പാർക്ക് തെറ്റിയെന്ന്.
അയ്യോ അതെന്താ…
പിന്നല്ലാതെ ഏട്ടൻ ചുറ്റുമുള്ള ഭാര്യാ ഭർത്താക്കന്മാരെ ഒന്നു നോക്കിക്കേ. എല്ലാ നിറത്തിലും വണ്ണത്തിലും ഉള്ളവരില്ലെ. അവരെല്ലാം എന്താ സന്തോഷമായി ജീവിക്കുന്നില്ലെ.ഇപ്പൊ എല്ലാവരും വിദ്യാഭ്യാസം ജോലി ചുറ്റുപാട് ഇതൊക്കെ അല്ലേ കൂടുതലും നോക്കുന്നെ. അല്ലാത്തവരുമുണ്ട്. ഇല്ലെന്നല്ല. പക്ഷെ ഞാൻ എന്നും കാണുന്ന പല ഭാര്യാ ഭർത്താക്കന്മാരും ഇങ്ങനയാണ്.
അത് നീ അധികമാരേം കാണാത്തതുകൊണ്ടാ. പക്ഷെ കാലം ഒരുപാട് മാറിട്ടുണ്ട്. സ്കൂളിൽ പഠിക്കുമ്പോൾ നല്ല രീതിയിൽ കളിയാക്കൽ കേട്ട് , മോന് മാത്രമെന്താ അച്ഛൻ്റെം അമ്മയുടേം നിറം കിട്ടാതെ പോയേന്നൊക്കെ കേൾക്കുമ്പോ കുഞ്ഞി മനസ്സിൽ ഉണ്ടാവുന്ന അപകർഷതാബോധം പിന്നീട് എത്ര കാലം കടന്നാലും ഇങ്ങനെ കിടക്കും ഒരു കനൽ പോലെ. പിന്നീട് വർഷങ്ങൾക്കിപ്പുറം ആരേലും തമാശക്ക് പറഞ്ഞാലും കനൽ ആളികത്തും.ചോദിക്കുന്നവർക്ക് തമാശയാണ് കേൾക്കുന്നവനല്ല.
പക്ഷേ ഇപ്പൊ അങ്ങനൊക്കെയുണ്ടോ….
ഞാൻ ചോദിക്കട്ടെ ഈ പറയുന്ന നീയും കല്യാണത്തിന് ബ്യൂട്ടിപാർലറിൽ പോയില്ലേ. പലതും പരീക്ഷിച്ചിട്ടില്ലെ.
മം… സോറി..ഞാൻ അങ്ങനൊന്നും ഓർത്തില്ല.
അത് പോട്ടെ. ഇതൊന്നും അങ്ങനങ് മാറില്ല. നീ പറഞ്ഞപോലെ ഇഷ്ടംപോലെ ഭാര്യ ഭർത്താക്കന്മാരും ചുറ്റുമുണ്ട്. അതൊക്കെ പോട്ടെ മുന്നേ എന്താരുന്നു വിഷമം.
അതോ….വീട്ടിലെ എല്ലാരേം ഓർത്തു. അവരൊക്കെ ഒത്തിരി വിഷമിക്കുന്നുണ്ടാവും.
സാരമില്ല. ഞാൻ കൂടില്ലേ.പിന്നെ കൊറോണ പണി തന്നിട്ടല്ലെ അല്ലേൽ കല്യാണത്തിന് മുന്നേ ഒന്നു കറങ്ങാൻ പോവാമാരുന്നു. ഇപ്പൊ നമുക്കെന്തായാലും പോവാം.വായോ.
ഈ സമയത്തോ.
സമയം നമുക്കൊരു പ്രശ്നമാണോ. ഇയാള് വാ. നാളെ ഇവിടുന്ന് പോണം.പിന്നെ നടക്കില്ല.
🥀❤️🥀🍃🥀❤️🥀🍃🥀❤️
എന്ത് രസമാണല്ലെ രാത്രിയിൽ കടൽ കാണാൻ.
അതാണ് കടലിൻ്റെ പ്രണയം.
പ്രണയമോ……..
എടോ…തിര തീരത്തെ പിരിഞ്ഞിരിക്കില്ല. ഓരോ നിമിഷവും കൂടുതൽ തീവ്രതയോടെ തിര തീരത്തെ പുണരും. അത്രമേൽ അവർ തമ്മിൽ അലിഞ്ഞുകൊണ്ടിരിക്കും. സൂര്യന് താമരയോടുള്ള പ്രണയവും ചന്ദ്രന് ആമ്പലിനോടുള്ളതും കാത്തിരിപ്പിൻറെ പ്രണയമാണ്. ഓരോ പുലരിയും രാവും അവരുടെ കാത്തിരിപ്പാണ്. കാത്തിരുന്നെത്തുമ്പോഴേക്കും അവ വാടിയിട്ടുണ്ടാവും. വീണ്ടും കാത്തിരിക്കും പുതിയ ജന്മത്തിനായി. ഇതെല്ലാം പ്രണയത്തിൻ്റെ പല ഭാവങ്ങളാണ്.
ഏട്ടൻ്റെ പ്രണയമോ….
എൻ്റെ പ്രണയം നീയാണ്……. തിരയെ പോലെ നിൻ്റൊപ്പം ഞാനെത്തിയില്ലെ പെണ്ണേ നിൻ ചാരെ.കാത്തിരിക്കാം ഒരുമിച്ച് പുതിയൊരു പുലരിക്കായി…….
🥀❤️🥀🍃🥀❤️🥀🍃🥀❤️
ആ കേശവാ പത്രത്തിൽ അറിയിപ്പിട്ടില്ലേ….ആരേലും അറിഞ്ഞുവരാൻ ഉണ്ടെങ്കിൽ വിട്ടുപോവരുതല്ലോ…….
ഉവ്വാ…. പത്രത്തിൽ അല്ലാതേം വാർത്തയുണ്ട്. “വിവാഹം കഴിഞ്ഞ് മടങ്ങും വഴി നവദമ്പതികൾ അപകടത്തിൽ പെട്ടു.വധു സംഭവസ്ഥലത്ത് വെച്ച് മരിച്ചു. വരൻ ആശുപത്രിയിൽ എത്തിക്കും മുന്നേ മരണപ്പെട്ടു.”
ഉം……വിധി അല്ലാതെന്താ……. കോവിഡ് ടെസ്റ്റ് ഒക്കെ ചെയ്യേണ്ടത് കൊണ്ടാ അല്ലെങ്കിൽ ഇന്നലെ തന്നെ അടക്കിയേനെ.
അത് നന്നായല്ലേ പെണ്ണേ……. ഒരിക്കലെങ്കിലും നിനക്കൊപ്പം തിരയെണ്ണാൻ പറ്റി….
🥀❤️🥀🍃🥀❤️🥀🍃🥀❤️🥀
അയ്യോ…എൻ്റെ മക്കളേ…….. സച്ചിയേട്ടാ അവരെ ഒരുമിച്ചയക്കണെ….ഏട്ടാ….പോയപ്പോഴും അവരൊരുമിച്ചല്ലെ പോയേ…….അവരുടെ ആത്മാവും ഒരുമിച്ചു വേണം..അല്ലേൽ എൻ്റെ കുഞ്ഞുങ്ങൾ ഒറ്റക്കാവില്ലെ…..
നിൻ്റെ അച്ഛൻ നിൻ്റെ കൈ എൻ്റെ കയ്യിൽ വെച്ചപ്പോ എന്നും നിൻ്റോപ്പം ഉണ്ടാവണം എന്നേ ആവശ്യപ്പെട്ടൊള്ളൂ. ഈ കൈ വിടരുതെന്ന്.മരണത്തിലും ഞാനത് പാലിച്ചല്ലെ പെണ്ണേ….
ഏട്ടാ….നമ്മൾ പോയാൽ അവർക്ക് സഹിക്കില്ലേട്ടാ….
സഹിക്കണം പെണ്ണേ. ജീവിതം ഇങ്ങനാണ്.പോയേ പറ്റൂ നമുക്ക്…..ഭൂമി വിടാൻ സമയമായി. കൈ പിടിച്ചു തിരിഞ്ഞു നോക്കാതെ മടങ്ങാം……
🥀❤️🥀🍃🥀❤️🥀🍃🥀❤️🥀
ശുഭം