ചാളകൂട്ടാനിൽ മാങ്ങാപ്പൂള് പോലും കളയാതെ മൊത്തം വടിച്ചു നക്കുന്ന പെണ്ണായിരുന്നു. ഇപ്പൊ എന്നാ പറ്റി കൊച്ചേ…

രചന: മഞ്ജു ജയകൃഷ്ണൻ

“മോളെ ഇച്ചിരി ചോറ് തിന്നേച്ചും പോടീ.. നിനക്ക് ചാളക്കൂട്ടാൻ ഭയങ്കര ഇഷ്ടം അല്ലേ “

അമ്മയുടെ വാക്ക് കേട്ട് അവൾ പുച്ഛത്തോടെ എന്നെ നോക്കി..

“അവൾക്കു വേണ്ടാഞ്ഞിട്ടായിരിക്കും അമ്മേ ” ഞാൻ പറഞ്ഞു

“പിന്നെ… ചാളകൂട്ടാനിൽ മാങ്ങാപ്പൂള് പോലും കളയാതെ മൊത്തം വടിച്ചു നക്കുന്ന പെണ്ണായിരുന്നു.. ഇപ്പൊ എന്നാ പറ്റി കൊച്ചേ എന്ന് “

ഇത്തവണ അവളുടെ നോട്ടം ദയനീയമായിരുന്നു.”നാറ്റിക്കല്ലേ പ്ലീസ് ” എന്ന ഭാവമായിരുന്നു മുഖത്ത് .. കൂടെയുള്ള കെട്ടിയോൻ കുനിഞ്ഞിരുന്നു മുടിഞ്ഞ ചിരി..

പോയ അഭിമാനം വീണ്ടെടുക്കാൻ അവൾ അമ്മയോടായി പറഞ്ഞു…

“അവൾ ഇട്ടേയ്ക്കണ ടോപ്പിന് മൂവായിരം രൂപ ആണെന്ന് “

അമ്മയുണ്ടോ വിടുന്നു

അവളുടെ കെട്ടിയോനോടായി പറഞ്ഞു

“പണ്ട് വള്ളി മാത്രം ഉള്ള ജെട്ടി ഇട്ട് നടന്ന പെണ്ണാ… ഒരിക്കൽ പെണ്ണ് മുള്ളാൻ ഇരുന്നപ്പോ അതു കണ്ടു എനിക്ക് സങ്കടം വന്നു.. ഞാനിവൾടെ കഴുകിയത് എടുത്തു കൊടുത്തു “

ജെ ട്ടി പോലും കടം വാങ്ങി എന്ന് പറയുന്ന അവൾടെ മൂവായിരം രൂപ ചമ്മി നാണം കെട്ടു

“എന്നെ കൊല്ലാതിരിക്കാൻ പറ്റോ ” എന്ന് അവൾ പറയാതെ പറഞ്ഞു

പണ്ട് ഒരുപാട് കഷ്ടപ്പെട്ട് ആണ് അവൾ പഠിച്ചത്..

അച്ഛൻ ഫുൾ ടൈം തണ്ണി ആയിരുന്നു…പട്ട രാജപ്പൻ എന്ന് പറഞ്ഞാൽ മദ്യപാനികളുടെ സംസ്ഥാന പ്രസിഡന്റ്‌ ആയിരുന്നു

അമ്മ അടുത്ത വീട്ടിൽ പണിക്കു പോയായിരുന്നു അവളെയും അനിയത്തിയേയും നോക്കിയത്

പച്ചച്ചോറുമായി വരുന്ന അവളുടെ കണ്ണ് മിക്കവാറും ഞങ്ങളുടെ കറിപാത്രത്തിൽ ആയിരിക്കും…

അമ്മ പറഞ്ഞ പോലെ വീട്ടിൽ വന്നാൽ മാങ്ങാപ്പൂളും പച്ചമുളകും അടക്കം അവൾ അടിച്ചു കേറ്റും…

കോളേജിൽ ചേരുന്നതിന്റെ തലേന്ന് അവൾ വന്നത് എന്റെ രണ്ടു ജോഡി പഴയ ഡ്രെസ്സിനു വേണ്ടി ആയിരുന്നു.. എനിക്ക് വാങ്ങിയ കൂട്ടത്തിൽ അമ്മ അവൾക്കും രണ്ടു ജോഡി പുതിയത് തന്നെ വാങ്ങിയിരുന്നു..കണ്ണു നനഞ്ഞു അവൾ പോകുന്നത് കണ്ടു അമ്മ പറയുവായിരുന്നു

“നീ നോക്കിക്കോ…വയറു നിറച്ചു ഉണ്ണാനും കൊതി തീരെ ഉടുക്കാനും ഒക്കെ അവൾക്ക് ദൈവം കൊടുക്കും എന്ന് “

അമ്മ പറഞ്ഞ പോലെ അവളെ ഇഷ്ടപ്പെട്ടു ‘ ഒന്നും വേണ്ട’ എന്ന് പറഞ്ഞു അവളെ സ്വീകരിച്ചു

കുറച്ചു നല്ല അവസ്ഥ ആയപ്പോൾ പഴയതൊക്കെ അവൾക്ക് നാണക്കേട് പോലായി……

ഇടക്ക് അവൾ ” എന്നത്തിൻ കായെടി ” എന്ന സ്വഭാവം പുറത്തെടുത്തിരുന്നു

കല്യാണം കഴിഞ്ഞു ആദ്യമായി വീട്ടിൽ വന്ന അവളോട്‌ പഴയതൊക്കെ പറഞ്ഞു കുത്തി നോവിച്ച കാര്യം പരമ രഹസ്യമായി ചോദിച്ചപ്പോൾ അമ്മ എട്ടും നാടും പോട്ടെ പറയുവാ

“നല്ലതല്ലെടി ഞാൻ പറഞ്ഞുള്ളു.. പഠിപ്പിച്ച സാറിന് പ്രേമലേഖനം കൊടുത്ത കാര്യോം ഈ കല്യാണം നടക്കാൻ കൂടോത്രം ചെയ്ത കാര്യോം മിണ്ടിയില്ലല്ലോ എന്ന് “

അവളും കെട്ടിയോനും പിറ്റേ ദിവസം തന്നെ വിരുന്നു മതിയാക്കി പോയി എന്നാണ് എന്റെ അറിവ്…..

കാലിൽ വീണത് കൊണ്ട് കെട്ടിയോൻ ക്ഷമിച്ചു എന്ന് അത്ര വിശ്വസനീയമല്ലാത്ത കേന്ദ്രങ്ങളിൽ നിന്നും സ്ഥിരീകരിക്കപ്പെടാത്ത വാർത്തകൾ ഉണ്ട്