ഇത് എന്റെ മനസിന്റെ തോന്നൽ ആണോ അതോ ശെരിക്കും നടന്നത് ആണോ എന്ന് ഉറപ്പ് പറയാൻ ഒന്നും പറ്റില്ല….

രചന: Yazzr Yazrr

ഇത്ര നാളും ഞാൻ എഴുതിയത് എന്റെ ക്രീയേഷൻ അല്ലെങ്കിൽ ആരുടെയെങ്കിലും അനുഭവം ഇതൊക്കെ ആയിരുന്നു

പക്ഷെ ഈ എഴുതുന്നത് എന്റെ സ്വന്തം അനുഭവം ആണ് ഇത് എന്റെ മനസിന്റെ തോന്നൽ ആണോ അതോ ശെരിക്കും നടന്നത് ആണോ എന്ന് ഉറപ്പ് പറയാൻ ഒന്നും പറ്റില്ല

ഇടക് ഏകദേശം ഒരു വർഷത്തോളം കാലം ഞാൻ മെഡിക്കൽ റെപ് ആയിട്ട് വർക്ക്‌ ചെയുന്ന സമയം ഏകദേശം ഇന്ത്യ മുഴുവൻ മെഡിസിൻ സപ്ലൈ ചെയ്യന്ന കുറച്ചു വല്യ ഒരു കമ്പനി ആയിരുന്നു എന്റേത്

അത് കൊണ്ട് തന്നെ ഹൈ പ്രഷർ ആയിരുന്നു കമ്പനി സ്റ്റാഫ്സിനു കൊടുക്കുന്നത്

ഇതിന്റെ ഭാഗമായി എല്ലാ മാസവും ആദ്യ ആഴ്ച രണ്ടു ദിവസം കമ്പനി മീറ്റിംഗ് ഉണ്ടാകും

ഇതിൽ കേരളത്തിൽ ഉള്ളവർ എല്ലാം മീറ്റിംഗിന് ആയി ഒത്തു കൂടേണ്ടത് തൃശൂർ ആണ് വല്യ ഫൈവ് സ്റ്റാർ ഹോട്ടലിൽ ആണ് മീറ്റിങ് നടക്കുന്നത്. യാത്ര ചിലവ് ആഹാരം താമസം ഇതിന്റയൊക്കെ ചിലവ് വഹിക്കുന്നത് കമ്പനി തന്നെയാണ് വേറൊന്നുമല്ല ac റൂമിൽ പിടിച്ചിരുത്തി ടാർഗറ്റ്, അചീവ്മെന്റ് ഇങ്ങനൊക്കെ ഹൈ പ്രഷർ തന്നു നമ്മളെ നിർത്തി പൊരിക്കും ഇത് തന്നെയാണ് മീറ്റിംങ് കൊണ്ട് അവർ ഉദ്ദേശിക്കുന്നത്

അങ്ങനെ ഒരുനാൾ ഒരു മീറ്റിങ് കഴിഞ്ഞു ഞാൻ തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിൻ കയറി സമയം ഏകദേശം രാത്രി ഏഴു മണിക്‌ തൃശൂർ നിന്ന് ട്രെയിൻ എടുത്തു

എന്റെ നാടായ കൊല്ലം എത്താൻ രാത്രി ഏകദേശം രണ്ടു മണി ആകും റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി ബൈക്കും എടുത്തു നേരെ വീട്ടിലോട്ട് പോകാം എന്ന് തന്നെയാണ് എന്റെ തീരുമാനം

എന്നാലും ഞാൻ അമ്മയോട് പറഞ്ഞു ഞാൻ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി അവിടെ ഇരുന്നു നേരം വെളുത്തിട്ടേ വീട്ടിൽ വരൂ ഇല്ലെങ്കിൽ അത് വരെ അമ്മ ഉറക്കമൊഴിച്ചു എന്നെയും നോക്കി ഇരിക്കും അതുമല്ല പതിനഞ്ചു മിനുട്ട് ഇടവിട്ട് ഫോൺ വിളിച്ചു കൊണ്ടേ ഇരിക്കും

തൃശുർന്നു കയറുമ്പോൾ ട്രെയിനിൽ നല്ല തിരിക് ഉണ്ടായിരുന്നു എങ്കിലും ഏകദേശം ആലപ്പുഴ ആയപ്പോഴേക്കും തിരകെല്ലാം കുറഞ്ഞു

ആകെ ഞാനും രണ്ടു മൂന്ന് ബംഗാളികളും പിന്നെ വേറെ കുറച്ചു പേര് മാത്രം

വിൻഡോ സൈഡിൽ ഇരിക്കുന്നത് കൊണ്ട് തന്നെ നല്ല തണുത്ത കാറ്റു മുഖത്തു അടിക്കുന്നുണ്ട്

രണ്ടു ദിവസം കയറ്റിയ പ്രഷർ എല്ലാം ഇറക്കി വെച്ചു ഹെഡ് സൈറ്റിലൂടെ പാട്ടും കേട്ടു വെളിയിലോട്ട് നോക്കി ഇരുന്ന ഞാൻ ഇടക്കെപ്പോഴോ ചെറുതായിട്ട് മയങ്ങി

ഇടക് എന്തോ സൗണ്ട് കേട്ടിട്ടോ അതോ ആരോ അടുത്തിരിക്കുന്ന പോലെ ഒരു തോന്നൽ ഉണ്ടായത് കൊണ്ടോ ഞാൻ പതുക്കെ മയക്കത്തിൽ നിന്ന് കണ്ണ് തുറന്നു

നോക്കുമ്പോൾ ഒരു ചെറിയ ആൺകുട്ടി എന്റെ അടുത്ത് എന്നെയും നോക്കി ഇരിക്കുന്നു കാറ്റു കൊണ്ടിട്ടായിരിക്കണം അവന്റെ മുടിയൊക്കെ നെറ്റി തടത്തിൽ പാറി കളിക്കുന്നു. കണ്ടിട്ട് ഒരു 10 വയസ് പ്രായം തോന്നിക്കും. ഞാൻ ചുറ്റിനും നോക്കി കൂടെ ഉള്ളവർ എല്ലാം ഇറങ്ങിയിരിക്കുന്നു ഞാനും ഈ കുട്ടിയും മാത്രമേ ഉള്ളു ആ കംപാർട്മെന്റൽ

ഞാൻ ഇവനോട് ചോദിച്ചു നിന്റെ അച്ഛനും അമ്മയുമൊക്കെ എവിടെ അവൻ ഒന്നും മിണ്ടിയില്ല ഞാൻ ബാഗ് തുറന്നു ഒരു പാക്കറ്റ് ബിസ്‌റ്റ് എടുത്ത് അവന്റെ നേരെ നീട്ടി

അവൻ വേണ്ട എന്ന ഭാവത്തിൽ തല ആട്ടിയിട്ടു എഴുനേറ്റു അടുത്ത കംപാർട്മെന്റിലോട്ട് ഓടി അവന്റെ അച്ഛനും അമ്മയും അവിടെ ആയിരിക്കും അവൻ അവരുടെ അടുത്തോട്ടു ഓടിയതായിരിയ്ക്കും എന്ന് ഞാൻ മനസിൽ കരുതി അപ്പോഴാണ് ഞാൻ ഓർത്തത്‌ ഞാൻ മുഖംകഴുകാൻ അങ്ങേ അറ്റത്തുള്ള കംപാർട്മെന്റിലോട്ട് പോയപ്പോൾ അവിടെ ഒന്നും ഒരു ഫാമിലി ഇരിക്കുന്നത് ഞാൻ കണ്ടില്ലലോ എന്തായാലും ഒന്ന് നോക്കാം ഞാൻ എഴുനേറ്റ് ആ ബോഗിയിലൂടെ അങ്ങേ അറ്റം മുതൽ ഇങ്ങോട്ട് ഇങ്ങേ അറ്റം വരെ നടന്നു ഇല്ല ഇവിടെ ഒന്നും ഒരു ഫാമിലിയും ഇല്ല അതുമല്ല ആ കുട്ടിയേയും അവിടെ ഒന്നും കാണാനും ഇല്ലഞാൻ ഒരു ഉറപ്പ് വരുത്താനായിട്ട് ഒന്നൂടെ നടന്നു ഇല്ല അവിടെ ആകെ രണ്ടു മൂന്ന് പേര് ഉണ്ട് ചിലർ ഇരുന്നു മൊബൈലിൽ കളിക്കുന്നു ചിലർ ഇരുന്നു ഉറങ്ങുന്നു അവിടെ ഒരു കുടുംബത്തെയോ ഈ കുട്ടിയെയോ കാണുന്നില്ല

ഒരുപക്ഷെ അവൻ അടുത്ത ബോഗിയിൽ നിന്ന് വന്നതായിരിക്കാം തിരിച്ചു അങ്ങോട്ട് പോയിട്ടുണ്ടാകും ഞാൻ മനസ്സിൽ കരുതി

അങ്ങനെ പ്രതീക്ഷിച്ചതിലും നേരത്തേ തന്നെ ഏകദേശം ഒരു മണിയോടെ അടുപ്പിച്ചു ട്രെയിൻ കൊല്ലം സ്റ്റേഷനിൽ എത്തി

ഞാൻ ബാഗും ഹെഡ് സെറ്റും ഫോണും എല്ലാം എടുത്തു ഇറങ്ങിഅടുത്ത് കണ്ട പൈപ്പ് തുറന്നു നല്ലത് പോലെ മുഖം കഴുകി. രണ്ടു ദിവസം നല്ലത് പോലെ ഉറക്കം കിട്ടാത്തത് കൊണ്ടായിരിക്കും നല്ല ഉറക്ക ക്ഷീണം. ഞാൻ ഫോൺ എടുത്തു നോക്കി സാധാരണ ഈ സമയം അമ്മയുടെ ഒരു കാൾ വരേണ്ടത് ആണല്ലോ എത്തിയോ എന്നും ചോദിച്ചു

എന്തായാലും കാൾ വരുന്നതിനു മുന്നേ തന്നെ വീട് പിടിക്കാം സ്റ്റെപ് കയറി ഒന്നാം പ്ലാറ്റ്ഫോമിൽ എത്തിയ ഞാൻ പാർക്കിങ്ങിൽ ഇരിക്കുന്ന ബൈക്ക് ലക്ഷ്യമാക്കി നടന്നു അങ്ങനെ എന്റെ വണ്ടി നമ്പർ എഴുതിയ റെസിപ്പ്റ്റ് സെക്യൂരിറ്റിക്ക് കൊടുത്തു വണ്ടിയുമായി ഞാൻ സ്റ്റേഷന്റെ പുറത്തു ഇറങ്ങി ഏകദേശം പതിനാറു കിലോമീറ്റെർ പോകണം വീടെത്താൻ അതിൽ തന്നെ പത്തു കിലോമീറ്റർ ഹൈവേ ആണ് ബാക്കി ഉൾറോടും അങ്ങനെ ഹൈവേ കൂടി നല്ല വേഗത്തിൽ പോകുമ്പോഴാണ് ഞാൻ വഴിയിൽ ഒരു കൊച്ചു തട്ട് കട കണ്ടത് വല്യ വിശപ് ഒന്നുമില്ല എന്നാലും വഴിയിൽ ഒരു തട്ട് കട കണ്ടപ്പോൾ ഒരു ചായയും കടിയും കഴിക്കാൻ മനസിന്‌ ഒരു ആഗ്രഹം

ബൈക്ക് ഒതുക്കി ഹെൽമെറ്റ് ഹാന്ഡിലിൽ തൂകി കടയുടെ നേരെ നടന്നു

കടയിൽ നിന്ന് ചായയും കടിയും കഴിക്കുന്ന സമയം പെട്ടെന്നു ബൈക്കിന്റെ ഹാന്ഡിലിൽ കൊളുത്തി ഇട്ടിരുന്ന ഹെൽമെറ്റ്‌ ഹാന്ഡിലിൽ നിന്ന് തെറിച്ചു താഴെ വീണു റോഡിലൂടെ ഉരുളുന്നു

ഞാൻ ചായ ഗ്ലാസ്‌ വെച്ചിട്ട് ബൈക്കിന്റെ നേരെ ഓടി ഇതെങ്ങനെ ഞാൻ നല്ല കൊളുത്തി ഇട്ടിരുന്നത് ആണല്ലോ ഇതിനു മുന്നേ ഇങ്ങനെ വീണട്ടില്ലലോ ഞാൻ ഓടിച്ചെന്നു ഹെൽമെറ്റ്‌ എടുത്തു നോക്കി ഭാഗ്യം പോറൽ ഒന്നുമില്ല

ഞാൻ ബൈക്കിൽ നോക്കി വണ്ടിയുടെ കണ്ണാടിയൊക്കെ ആരോ പിടിച്ചു തിരിച്ചു വെച്ചിരിക്കുന്നു ആരോ കണ്ണാടിയിലൊക്കെ പിടിച്ചു കളിച്ചത് പോലെ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഇറങ്ങാൻ നേരം എല്ലാം ശെരിക്ക് അഡ്ജസ്റ്റ് ചെയ്തു വെച്ചതാണല്ലോ ചിലപ്പോൾ ഹെൽമെറ്റ്‌ കൊളുത്താൻ നേരം എന്റെ കൈ തട്ടി തിരിഞ്ഞത് ആയിരിക്കും

അങ്ങനെ ചായയുടെ പൈസയും കൊടുത്തു ഞാൻ കടയിൽ നിന്നിറങ്ങി ഹൈവേ കഴിഞ്ഞു വണ്ടി ഉൾറോഡിൽ കയറി ഏകദേശം പത്തു മിനുട്ട് മതി വീടെത്താൻ നല്ല റോഡ് ആയത് കൊണ്ട് ഒന്നും നോക്കാനില്ല വിട്ടു പോയാൽ മതി

ഉൾറോഡ് എന്ന് പറഞ്ഞാൽ അവിടെ സ്ട്രീറ്റ് ലൈറ്റ് ഒന്നുമില്ല ആകെ എന്റെ വണ്ടിയുടെ വെളിച്ചം മാത്രം

അങ്ങനെ കുറച്ചു ദൂരം മുന്നോട്ട് പോയപ്പോൾ എനിക്ക് പിറകിൽ എന്തോ ഭാരം ഇരിക്കുന്ന പോലെ അനുഭവപെട്ടു

തോളിൽ ഇട്ടിരിക്കുന്ന ബാഗിന്റെ ആയിരിക്കും എന്ന് കരുതി ഞാൻ വണ്ടി മുന്നോട്ട് വിട്ടു പക്ഷെ അല്ല ബാഗിൽ ആകെ രണ്ടു ഷർട്ടും ഒരു പാന്റും പിന്നെ ഒരു ചാർജറും മാത്രമേ ഉള്ളു ഇത് അതിന്റ ഭാരമല്ല വലുത് എന്തോ പിറകിൽ ഇരിക്കുന്ന പോലെ

തിരിഞ്ഞു നോക്കി ഇല്ല ഒന്നുമില്ല എനിക്ക് തോന്നിയത് ആയിരിക്കാം കുറച്ചൂടെ മുന്നോട്ട് പോയപ്പോൾ എന്റെ രണ്ടു തോളിൽ ആയിട്ട് ആരോ പിടിക്കുന്ന പോലെ
വണ്ടിയുടെ പിറകിൽ എന്റെ തോളിൽ പിടിച്ചു ആരോ ഇരിക്കുന്ന പോലെ

ഞാൻ കൈ വെച്ചു തോളിൽ തപ്പി, ബാഗിന്റെ സ്ട്രിപ്പ് തോളിൽ തട്ടി കിടക്കുന്നത് കൊണ്ട് തോന്നുന്നതായിരിക്കാം ഞാൻ ചുറ്റിനും നോക്കി ആരൊക്കയും എവ്ടെക്കയോ നിന്ന് എന്നെ നോക്കുന്നത് പോലെ എനിക്ക് അനുഭവപെട്ടു

പെട്ടെന്നു ഒരു ചിറകടി ശബ്ദം കേട്ടു ഞാൻ മേല്പോട്ട് നോക്കി. ഒരു വവ്വാൽ എന്നെ വട്ടം ഇട്ടു പറക്കുന്നു. എത്ര സ്പീഡിൽ വണ്ടി വിട്ടിട്ടും അത് എന്റെ പിറകെ വരുന്നു. വണ്ടി നിർത്തണോ ഞാൻ ആലോചിച്ചു വേണ്ട പെട്ടെന്ന് വീടെത്താൻ നോക്കാം

വണ്ടി ഞാൻ കുറച്ചു സ്പീഡിൽ തന്നെ വിട്ടു കുറച്ചു കഴിഞ്ഞപ്പോൾ ആ വവ്വാലിനെ കാണാൻ ഇല്ല അങ്ങനെ പെട്ടെന്ന് തന്നെ വീടെത്തി

വണ്ടി കാർപോർച്ചിൽ നിർത്തിയ ശബ്ദം കേട്ടു തന്നെ അമ്മ എണീറ്റു

ഞാൻ വണ്ടി സ്റ്റാൻഡ് ഇട്ടു ഷൂസ് അഴിച്ചപോഴെകും ഹാളിലെ ലൈറ്റ് വീണു

കതകു തുറന്നു ഉറക്ക ചുവയോടെ അമ്മ പുറത്തേക്ക് വന്നു നീ രാവിലെയേ വരുള്ളൂ എന്ന് പറഞ്ഞിട്ട്

ഹാ എനിക്ക് പെട്ടെന്ന് ഇങ്ങു വരാൻ തോന്നി, ഉറക്കം വന്നിട്ട് വയ്യ ഞാൻ പറഞ്ഞു

ഞാനും അമ്മയും അകത്തു കയറി വാതിൽ പൂട്ടി നീ വെല്ലോം കഴിച്ചായിരുന്നോ വരില്ല എന്ന് പറഞ്ഞത് കൊണ്ട് ഞാൻ എല്ലാം എടുത്തു ഫ്രിഡ്ജിൽ വെച്ചു, അമ്മ പറഞ്ഞു

ഇത് പറഞ്ഞു തീരുന്നതും വാതിലിൽ ആരോ വെളിയിൽ നിന്ന് ശക്തിയായിട്ടു ഒരു ഇടി

ആ ഇടിയുടെ ശബ്ദത്തിൽ കതകു ഇരുന്നു വിറക്കുന്നു

ആ ഇടിയുടെ ശബ്ദം കേട്ടു അച്ഛൻ എഴുനേറ്റു വന്നു അത്രക്ക് വല്യ ശബ്ദം ആയിരുന്നു അത്

പെട്ടെന്ന് തന്നെ ചുറ്റിനും ഉള്ള ലൈറ്റ് ഇട്ടു ഞാനും അച്ഛനും വാതിൽ തുറന്നു പുറത്തിറങ്ങി ഞങ്ങൾ അവിടെയെല്ലാം നടന്നു നോക്കി അവിടെയൊന്നും ആരും ഉള്ളതിന്റെ ഒരു ലക്ഷണവും ഇല്ലായിരുന്നു

അയൽക്കാരെ വിളിക്കണോ അമ്മ ചോദിച്ചു വേണ്ട അതിന്റെ ഒന്നും ആവിശ്യം ഇല്ല എന്ന് പറഞ്ഞു അച്ഛൻ അകത്തു കയറി വാതിൽ അടച്ചു എന്തായാലും അമ്മയെ പേടിപ്പിക്കണ്ട എന്ന് കരുതി ഞാൻ നടന്നതൊന്നും ആരോടും പറഞ്ഞില്ല ഇനി പറഞ്ഞാൽ പതിനഞ്ചു മിനുട്ട് ഇടവിട്ട് വിളിക്കുന്ന ഫോൺ കാൾ പത്തു മിനുട്ട് ഇടവിട്ടാകും

പിറ്റേന്ന് നേരം വെളുത്തു ഉറക്കം ഉണർന്ന ഞാൻ ഒരു വാർത്ത കേട്ടു ഞെട്ടുകയാണ് ഉണ്ടായതു പരവൂർ പൂറ്റിങ്ങൽ വെടികെട്ടു അപകടം, ശെരിക്കും ഒരു സ്ഫോടനം പോലെ ആയിരുന്നു അപകടം എന്നാണ് കേട്ടത്

അപകടം നടന്ന സമയം നോക്കിയപ്പോൾ ഞാൻ വീട്ടിൽ വന്നു കയറിയ അതേ സമയം

ശെരിക്കും ആ പൊട്ടി തെറിയിൽ ഉണ്ടായ ഒരു പ്രഷർ ആയിരിക്കും വീടിന്റെ വാതലിനെ പിടിച്ചു ഉലച്ചത്, അത് കൊണ്ട് ഉണ്ടായ ശബ്ദം ആയിരിക്കും ഞങ്ങൾ കേട്ടത്

വീട്ടിൽ നിന്ന് വളവും തിരിവും ഉള്ള റോഡ് വഴി പോയാൽ ഒരു നാൽപതു കിലോമീറ്റർ അപ്പുറം ആണ് ഈ അമ്പലം എങ്കിലും നേരിട്ട് വളവും തിരിവും ഒന്നുമില്ലാതെ നോക്കിയാൽ നല്ല അടുത്തായിട്ട് വരും ഈ സ്ഥലം

എന്തായാലും ഞാൻ അങ്ങനെ ആണ് വിശ്വസിക്കുന്നത് പിന്നെ ബൈക്കിൽ വന്നപ്പോൾ ഉണ്ടായതെല്ലാം ആ ഇരുട്ടത് ഒറ്റക് വന്നപ്പോൾ ഉള്ള എന്റെ തോന്നലുകൾ ആയിരിക്കാം

ചിലപ്പോൾ അല്ലായിരിക്കാം….