മുഖത്ത് വിരിഞ്ഞ ഭാവം ആരും കാണാതിരിക്കാന്‍ ശ്രീഹരി തല പാത്രത്തിലേയ്ക്ക് ഒന്നു കൂടി തിരിച്ചു ഇരുന്നു…

ഒരു തുളസിക്കതിര്‍ പോലെ

രചന: ദിപി ഡിജു

‘തുളസിയെ കണ്ടുവോ നീയ്…??? ക്ഷാരത്ത് തിരിച്ചെത്തീട്ടുണ്ട്…’

നന്ദിനി ഓപ്പോളുടെ ചോദ്യം കേട്ടതും കഴിച്ചു കൊണ്ടിരുന്ന ചോറുരുള തൊണ്ടയില്‍ കുടുങ്ങിയതു പോലെ തോന്നി പോയി.

‘ഇല്ല…’

മുഖത്ത് വിരിഞ്ഞ ഭാവം ആരും കാണാതിരിക്കാന്‍ ശ്രീഹരി തല പാത്രത്തിലേയ്ക്ക് ഒന്നു കൂടി തിരിച്ചു ഇരുന്നു.

‘ഏതു തുളസിയാ ഓപ്പോളേ…??? ശ്രീയേട്ടന്‍റെ…???’

മുഴുമിപ്പിക്കുന്നതിനു മുന്‍പേ ശ്രീഹരിയുടെ ജ്വലിക്കുന്ന നോട്ടം കണ്ടു വെള്ളവുമായി വന്ന സുധ ചോദ്യം പിന്‍വലിച്ചു ഓപ്പോളുടെ പിന്നാലെ അടുക്കളയിലേയ്ക്ക് പോയി.

‘ഹല്ല… നീ നിര്‍ത്തിയോ…??? എന്താ മുഴുവന്‍ കഴിക്കാഞ്ഞേ…??? ദാ പായസം ഉണ്ട്… അത് കഴിക്കണ്ടേ…???’

‘വേണ്ട… കഴിക്കാന്‍ തോന്നുന്നില്ല…’

‘അല്ല… ശ്രീക്കുട്ടാ… പിറന്നാളായിട്ട്…!!!’

ഓപ്പോളിന്‍റെ വാക്കുകള്‍ കേള്‍ക്കാന്‍ നില്‍ക്കാതെ ശ്രീഹരി കൈ കഴുകി പുറത്തേക്കിറങ്ങി.

‘ശ്ശേ… ഇപ്പോള്‍ തുളസിയെപ്പറ്റി അവനോട് പറയേണ്ടിയിരുന്നില്ല…’

അവന്‍ പോകുന്നത് നോക്കി ഓപ്പോള്‍ ഒന്നു ദീര്‍ഘമായി നിശ്വസിച്ചു പാത്രം എടുത്തു കൊണ്ട് അടുക്കളയിലേയ്ക്ക് നടന്നു.

ജോലി കഴിഞ്ഞു വന്നു, ഓപ്പോളിന്‍റെ കൈ കൊണ്ട് ഉണ്ടാക്കിയ തന്‍റെ പിറന്നാള്‍ സദ്യ കഴിക്കുകയായിരുന്നു ശ്രീഹരി. രാത്രിയില്‍ ഇറങ്ങി ഇരുട്ടിലൂടെ നടക്കുമ്പോള്‍ ഓര്‍മ്മകളുടെ ഇരുട്ടില്‍ ഇന്നും ഒരു തിരിവെട്ടമായി തെളിഞ്ഞു നില്‍ക്കുന്ന ആ മുഖം അവനെ അസ്വസ്ഥനാക്കി.

ആ നടത്തം ചെന്നു നിന്നത് ആല്‍ത്തറയില്‍ ആയിരുന്നു. കണ്ണിനു കുറുകെ കൈകള്‍ വച്ചു അവന്‍ അവിടെ അല്‍പസമയം കിടന്നു.

‘ശ്രീയേട്ടാ…’

തന്‍റെ കാതോരം ചേര്‍ന്നു നിന്നു കൊണ്ട് ഒരു പെണ്ണിന്‍റെ പ്രണയം തുളുമ്പുന്ന വിളിയും കിളിച്ചൊഞ്ചല്‍ പോലുള്ള ചിരിയും മുഴങ്ങുന്നതു പോലെ തോന്നിയപ്പോള്‍ അവന്‍ കണ്ണു തുറന്ന് ഒന്നു ചുറ്റും നോക്കി.

ഇളം കാറ്റില്‍ മുട്ടിയുരുമ്മുന്ന കുഞ്ഞിലകള്‍ ഹൃദയത്താളത്തിന് ശ്രുതിമീട്ടുന്നതു പോലെ തോന്നി.

‘നക്ഷത്രക്കൂട്ടങ്ങള്‍ എന്തിനോ വേണ്ടി വാശി പിടിച്ചു കരഞ്ഞു കെറുവിച്ചു മുഖം ചുവപ്പിച്ചു കൊണ്ടേ ഇരിക്കുന്നു. അവരുടെ സങ്കടം തന്‍റെ ഉള്ളിലേയ്ക്ക് ആവാഹിച്ച ചന്ദ്രന്‍ പാതി ഉരുകി തീര്‍ന്നതാണോ…???

താനും ആ ചന്ദ്രനെ പോലെ തന്നെയല്ലേ…??? ചിലരുടെ വാശിക്കും മത്സരങ്ങള്‍ക്കും വേണ്ടി സ്വയം ഉരുകി ഉരുകി ഇങ്ങനെ….’

ഇഷ്ടമായിരുന്നു ഇരുവര്‍ക്കും…

ഒരിക്കലും തുറന്നു പറഞ്ഞിട്ടില്ലെങ്കിലും കണ്ണുകള്‍ പറഞ്ഞ നൂറായിരം കഥകളിലൂടെ അവര്‍ പ്രണയം കൈമാറി.

ജാതിയും മതവും കുലവും മഹിമയും, എന്തിനൊക്കെയോ വേണ്ടി പരസ്പരം പോരടിക്കുന്ന ചില മനുഷ്യര്‍ക്കിടയില്‍ പെട്ടു അവരും സ്വപ്നങ്ങള്‍ മനസ്സിന്‍റെ കോണുകളില്‍ ഒളിച്ചു വച്ചു.

‘മറ്റൊരുവന്‍റെ താലി അവളുടെ നെഞ്ചില്‍ പറ്റി ചേര്‍ന്നു കിടക്കുന്നതു കണ്ട അന്നു മുതല്‍ മനസ്സിനെ പറഞ്ഞു ശീലിപ്പിച്ചതല്ലേ… എല്ലാം മറക്കാന്‍…??? എന്നിട്ടും…??? വര്‍ഷം ഇത്ര കഴിഞ്ഞിട്ടും…!!!’

നര വീണു തുടങ്ങിയ മുടിയിഴകളില്‍ അവന്‍ ഒന്നു പതിയെ തലോടി. ചിന്തകള്‍ ഓരോന്നും അലമുറയിട്ടു കരയുന്ന ഒരു ആത്മാവിനെ വീണ്ടും തട്ടി ഉണര്‍ത്തുന്നതു പോലെ തോന്നി. എപ്പോഴോ ആ ആല്‍ച്ചുവട്ടില്‍ കിടന്നു തന്നെ ഉറങ്ങി പോയി.

മുഖത്തേക്ക് ടോര്‍ച്ച് വെട്ടം അടിച്ചപ്പോള്‍ ആണ് ശ്രീഹരി ഉണര്‍ന്നത്.

‘എടാ…ശ്രീ… നീ എന്താ ഇവിടെ കിടന്നു ഉറങ്ങിയേ…??? നിന്‍റെ ഓപ്പോള്‍ നിന്നെ കാണാതെ വിഷമിച്ചു സുധയേയും എന്നെയും വിളിച്ചതാ… അവളാണേല്‍ വീട്ടില്‍ വന്നു കയറിയപ്പോള്‍ മുതല്‍ മൗനവ്രതവും ആയിരുന്നു…’

അവന്‍റെ അയല്‍വാസിയും കൂട്ടുകാരനും പെങ്ങള്‍ സുധയുടെ ഭര്‍ത്താവും ആയിരുന്ന വൈഷ്ണവ് അവന്‍റെ അടുത്ത് ചെന്നിരുന്നു.

‘എന്താടാ ശ്രീ…??? എന്തു പറ്റി നിനക്ക്…??? നിന്‍റെ മുഖമൊക്കെ എന്താ വല്ലാതെ…??? നീ കരഞ്ഞോ…???’

‘അവള്‍… തുളസി… അവള്‍ ശിക്ഷ കഴിഞ്ഞു ഇറങ്ങി അല്ലേ…???’

‘ഉംംം… എങ്ങനെ ഉള്ള പെണ്ണായിരുന്നല്ലേ…??? സ്വന്തം ഭര്‍ത്താവിനെ കൊല്ലാനുള്ള ധൈര്യമൊക്കെ എങ്ങനെ വന്നു എന്നു ഓര്‍ക്കുമ്പോള്‍ ഇപ്പോഴും അത്ഭുതമാണ്…’

‘നീ കണ്ടിരുന്നോ അവളെ…???’

‘ഇല്ല… അമ്മ പറഞ്ഞു തിരിച്ചെത്തി എന്നു… അല്ല… നീയിപ്പോഴും പഴയതൊക്കെ…??? വിട്ടുകളഞ്ഞേക്കെടാ എല്ലാം… അവളുടെ ജീവിതം ഇങ്ങനെയൊക്കെ ആയത് അവളുടെ വിധി… നീ ഇനിയും നിന്‍റെ ജീവിതം ഇങ്ങനെ നശിപ്പിക്കാന്‍ തന്നെയാണോ ഉദ്ദേശിക്കുന്നത്…???’

മറുപടി ഒരു ചെറുചിരിയില്‍ ഒതുക്കി അവന്‍ പൊടി തട്ടി എഴുന്നേറ്റു.

‘വാ പോകാം…’

‘ഹും… നിന്നോടൊന്നും പറഞ്ഞിട്ടു ഒരു കാര്യവുമില്ല… പട്ടീടെ വാലു പന്തീരാണ്ടു കൊല്ലം കുഴലില്‍ ഇട്ടാലും നിവരില്ലല്ലോ…’

വൈഷ്ണവ് അവനൊപ്പം നടന്നു നീങ്ങി.

‘തുളസി…’

രാവിലെ അമ്പലത്തില്‍ നിന്ന് തിരികെ വരികയായിരുന്ന തുളസി ചിരപരിചിതമായ ആ ശബ്ദം പിന്നില്‍ നിന്നു കേട്ടു ഒന്നു നിന്നു.

‘തിരികെ എത്തി എന്ന് അറിഞ്ഞു… ഒന്നു കാണണം എന്നു കരുതി നിന്നതാണ് ഇവിടെ… ഇന്ന് എന്തായാലും അമ്പലത്തില്‍ വരാതിരിക്കില്ല എന്നു എനിക്ക് ഉറപ്പായിരുന്നു… സുഖമാണോ…???’

മുഖം ഉയര്‍ത്താതെ ഒരു അവ്യക്ത ഭാവം നിറഞ്ഞ ചിരി അവള്‍ ശ്രീഹരിക്ക് തിരികെ നല്‍കി.

‘പറയാന്‍ ബുദ്ധിമുട്ട് ഇല്ലെങ്കില്‍ ഒന്നു ചോദിച്ചോട്ടെ…??? എന്തിനാണ്…???’

‘നമുക്ക് ഒന്നു നടന്നാലോ ശ്രീയേട്ടാ…???’

‘അതിനെന്താ… വരൂ…’

പാടവരമ്പിലൂടെ അവര്‍ ഏറെ ദൂരം നിശബ്ദരായി നടന്നു. ദൂരെ ഒരു പനന്തത്ത കതിരു നുള്ളി എടുക്കാന്‍ ശ്രമിക്കുന്നത് അവള്‍ കുറച്ചു സമയം നോക്കി നിന്നു.

‘ആകാശത്ത് പാറി പറന്നു നടക്കുന്ന പക്ഷികളെ പോലെ ആകാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എത്ര നന്നായേനെ അല്ലേ ശ്രീയേട്ടാ…??? ഇഷ്ടം പോലെ പറക്കാം… ഇഷ്ടം ഉള്ളിടത്ത് പോകാം… സ്വന്തം ഇഷ്ടത്തിനനുസരിച്ച് അവര്‍ക്ക് എന്തും ചെയ്യാം…’

അവള്‍ ശ്രീഹരിയെ ഒന്നു നോക്കി മൃദുവായി പുഞ്ചിരിച്ചു.

‘നമ്മള്‍ മനുഷ്യര്‍ പക്ഷേ കൂട്ടിലിട്ട കിളികള്‍ ആണ് അല്ലേ…??ആരുടെയൊക്കെയോ ഇഷ്ടത്തിന് കൂട്ടിലിടുന്നു… ഭക്ഷണം തരുന്നു… പാട്ടു പാടിക്കുന്നു…’

‘എന്തോക്കെയാ തുളസി നീ പറയുന്നത്…???’

‘ഒരു ഭ്രാന്തന്‍റെ കൂടെ ജീവിച്ചു മടുത്തതാണ് ശ്രീയേട്ടാ എനിക്ക്… അയാളുടെ ആണത്തമില്ലായ്മ മറയ്ക്കാന്‍ ഭ്രാന്തമായി എന്നെ ഉപദ്രവിച്ചു കൊണ്ടേ ഇരുന്നു. എന്‍റെ ശരീരത്തില്‍ ഒരിഞ്ചു സ്ഥലം പോലുമില്ല അയാളുടെ ക്രൂരതയേല്‍ക്കാന്‍ ബാക്കിയായി… വീട്ടുകാരോട് പറഞ്ഞപ്പോള്‍ സ്നേഹത്തിലൂടെ അത് മാറ്റിയെടുക്കാന്‍ പെണ്ണുങ്ങള്‍ക്ക് സാധിക്കും എന്ന്… എങ്ങനെ സാധിക്കാനാണ് ശ്രീയേട്ടാ…??? ഒരാളുടെ സ്വഭാവം മാറ്റാന്‍ ബലിയാടാക്കണ്ടവരാണോ ഞങ്ങള്‍ പെണ്ണുങ്ങള്‍…??? വെറും ഒരു പരീക്ഷണവസ്തു പോലെ…???’

അവളുടെ വാക്കുകള്‍ ചെറുതായി ഒന്നിടറി.

‘സ്നേഹിച്ചിരുന്നു ശ്രീയേട്ടാ… ആ താലി കഴുത്തില്‍ വീണപ്പോള്‍ മുതല്‍ മറ്റെല്ലാം മറന്നു ഞാന്‍ ആത്മാര്‍ത്ഥമായി തന്നെ സ്നേഹിച്ചു… പക്ഷേ… കൂടെ നില്‍ക്കാന്‍ ആരും ഇല്ല എന്നു മനസ്സിലായപ്പോള്‍ ഞാന്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു…പിന്നെ ഞാന്‍ കരുതി എന്തിനു ഞാന്‍ മരിക്കണം…??? എന്തു തെറ്റാണ് ഞാന്‍ ചെയ്തത് എന്ന്…??? എനിക്ക് കഴിക്കാന്‍ എടുത്തു വച്ച വിഷം കലക്കിയ ചോറു ഞാന്‍ അയാള്‍ക്കു കൊടുത്തു… അത്ര നാള്‍ എന്നോട് ചെയ്ത തെറ്റുകള്‍ക്ക് ഞാന്‍ വിധിച്ച ശിക്ഷ…’

‘നിനക്ക് നിയമവഴി നോക്കിയാല്‍ പോരായിരുന്നോ തുളസി…???’

‘ശ്രീയേട്ടന്‍ തമാശ പറയുവാണോ…??? നിയമം എല്ലാവര്‍ക്കും തുല്ല്യമാണ് എന്നു പറയുന്ന ഈ കാലത്തും പെണ്ണ് ഒരുമ്പിട്ടു ഇറങ്ങാന്‍ തുനിഞ്ഞാല്‍ നൂറായിരം കണ്ണുകളില്‍ അവള്‍ മാത്രമാകും കുറ്റക്കാരി… അവള്‍ മാത്രം… അടങ്ങി ഒതുങ്ങി ജീവിച്ചാല്‍ പോരെ എന്ന ചോദ്യം ബന്ധുക്കളില്‍ നിന്നു പോലും കേള്‍ക്കും… തെറ്റുകളില്ലാത്ത ആണുങ്ങള്‍ ഉണ്ടോ എന്ന സ്ഥിരം പല്ലവി കൂടെ… ചിലപ്പോള്‍ അയാള്‍ മറ്റൊരു വിവാഹവും കഴിച്ച് ആ കുട്ടിയുടെ ജീവിതവും നശിപ്പിച്ചു എന്നും വരും… അതിനേക്കാള്‍ ഞാന്‍ കരുതി അയാളെ കൊല്ലുന്നതു തന്നെയാണ് നല്ലതെന്ന്… ജയിലില്‍ ആണേലും സമാധാനം ആയി കിടക്കാല്ലോ…’

‘ഇപ്പോള്‍ ക്ഷാരത്തെ അവസ്ഥ…???’

‘അത്ര നല്ലതൊന്നുമല്ല… കെട്ടിയോനെ കൊന്നു നില്‍ക്കുന്ന അഹങ്കാരിക്ക് എന്തു വില ഉണ്ടാകാനാണ്… പിന്നെ ജയിലിലെ ഒറ്റമുറി ശീലമായതു കൊണ്ട് ഞാന്‍ ആ ചായ്പ്പില്‍ അങ്ങനെ…’

അവളുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി.

‘എന്നാല്‍ പിന്നെ അവര്‍ക്കും ഒരു ബാധ്യത ആണെങ്കില്‍ ഇനിയെങ്കിലും നമുക്കൊരുമിച്ച്…’

‘വേണ്ട ശ്രീയേട്ടാ… അത് ശരിയാവില്ല…’

കണ്ണുകള്‍ തുടച്ചു കൊണ്ട് അവള്‍ നടന്നു നീങ്ങുന്നതു വിഷമത്തോടെ അവന്‍ നോക്കി നിന്നു.

‘തുളസിയേച്ചി….’

കുറച്ചു ദിവസങ്ങള്‍ക്ക്ശേഷം അമ്പലത്തില്‍ വന്നതായിരുന്നു തുളസി. സുധയുടെ വിളി കേട്ട് തുളസി അവളെ നോക്കി പുഞ്ചിരിച്ചു. അവളുടെ പിന്നില്‍ നടന്നു വരുന്ന വൈഷ്ണവിനെയും ഓപ്പോളെയും കണ്ട് അവളുടെ കണ്ണുകള്‍ വിടര്‍ന്നു.

‘എല്ലാവരും ഉണ്ടല്ലോ… ഇന്നെന്താ വല്ല വിശേഷവും…???’

‘ഹാ… ചെറിയൊരു വിശേഷം ഉണ്ട്…’

അവരുടെ പിന്നില്‍ നടന്നു വന്ന ശ്രീഹരി പെട്ടെന്ന് തുളസിയുടെ കൈയ്യില്‍ പിടിച്ചു കൊണ്ട് അമ്പലനടയിലേയ്ക്ക് ചെന്നു നിന്നു കൈകള്‍ കൂപ്പി.

ഒന്നും മനസ്സിലാകാതെ നിന്ന അവളുടെ മുന്നിലേയ്ക്ക് പൂജിച്ച താലിയുമായി പൂജാരി വന്നു നിന്നു. ഞെട്ടി ശ്രീഹരിയുടെ മുഖത്തേക്ക് നോക്കിയ തുളസി അവിടെ കണ്ടത് ഒരു കള്ളച്ചിരി ആയിരുന്നു. പണ്ടെങ്ങോ കണ്ടു മറന്ന അതേ ചിരി.

‘നമുക്കും പറക്കണ്ടേ…??? കൂടുകള്‍ തുറന്ന്… ആകാശത്തേയ്ക്ക്…ഇഷ്ടങ്ങള്‍ക്കനുസരിച്ചു ജീവിക്കാന്‍…???’

അവളുടെ നിറഞ്ഞു വന്ന കണ്ണുകള്‍ അവന്‍ കൈത്തലത്താല്‍ ഒപ്പി.

മനസ്സു നിറയെ പ്രാര്‍ത്ഥനയോടെ അവള്‍ തന്‍റെ കഴുത്തു അവനു മുന്നില്‍ നീട്ടി കൊടുത്തു.

രണ്ടു ഇണപ്രാവുകള്‍ ഈ സമയം അമ്പലത്തിന്‍റെ മേല്‍ക്കൂരയില്‍ നിന്ന് ഒരുമിച്ചു പറക്കുന്നതു നോക്കി അവന്‍ അവളുടെ നെറുകയില്‍ കുങ്കുമം ചാര്‍ത്തി അവളെ തന്നോടു ചേര്‍ത്തു നിര്‍ത്തി.