സ്വന്തം വീടുപോലുമില്ലാതെ വാടകയ്ക്കാണ് താമസിക്കുന്നതെങ്കിലും പെണ്ണിന് അഹങ്കാരത്തിന് ഒരു കുറവുമില്ലെന്ന്….

രചന: മഹാ ദേവൻ

സ്വന്തം ജോലി കളഞ്ഞ് വീട്ടുജോലിക്കാരിയാവാൻ അല്ല ഞാൻ പഠിച്ചതെന്ന് തുറന്ന് പറഞ്ഞപ്പോൽ ആയിരുന്നു അവൾക്ക് ആദ്യമായി ആ പേര് കിട്ടിയത് !

” തന്നിഷ്ടക്കാരി “

സ്വന്തം വീടുപോലുമില്ലാതെ വാടകയ്ക്കാണ് താമസിക്കുന്നതെങ്കിലും പെണ്ണിന് അഹങ്കാരത്തിന് ഒരു കുറവുമില്ലെന്ന് പറഞ്ഞവരുടെ മുഖത്തു നോക്കി…

” എന്റെ അപ്പൻ കടക്കാരനായത് എന്നെ പഠിപ്പിക്കാൻ വേണ്ടിയാ.. ആ കടം കൊണ്ടുവന്ന കാശ് കൊണ്ടാണ് ഞാൻ പഠിച്ചു ജോലി നേടിയത്. അത് മറ്റൊരുത്തന്റെ അടുക്കളയിലെ തീ-ടെ കൂടെ കത്തിച്ചു കളയാനും അരിക്കലത്തിലെ വേവിനൊപ്പം വിയർപ്പാക്കിക്കളയാനുമല്ല , മകൾക്ക് വേണ്ടി മനസ്സിൽ അടക്കിപ്പിടിച്ച ഒരുപാട് സ്വപ്നങ്ങളുണ്ട് എന്റെ അപ്പന്. ആ സ്വപനങ്ങളെക്കാൾ വലുത് മോൾടെ ഭാവിയാണെന്നും പറഞ്ഞ് സ്വന്തം മോഹങ്ങളെ മണ്ണിട്ടുമൂടി കഷ്ടപ്പെട്ട ആ മനുഷ്യന്റെ എന്നോ കുഴിച്ചുമൂടിയ സ്വപ്നങ്ങൾക്ക് ഒരു വെളിച്ചമാക്കണം. എന്റെ വീട്ടുകാർ കഷ്ടപ്പെട്ട് പഠിപ്പിച്ചു വാങ്ങിത്തന്ന ജോലിയുമായി ഒരു പെണ്ണ് മറ്റൊരുത്തന്റെ വീട്ടിലേക്ക് കാലെടുത്തു വെച്ചാൽ പിന്നെ ജോലിയുടെ കൂലിക്ക് പുതിയ അവകാശികളായി. പഠിപ്പിച്ചു വലുതാക്കിയവർ അന്ന് വെറും നോക്കുകുത്തികൾ മാത്രം.

അങ്ങനെ എന്റെ അപ്പന്റ വിയർപ്പ് മറ്റുള്ളവർക്ക് തണലാക്കി എന്റെ അപ്പൻ എന്നും കടക്കാരനായി മാറേണ്ട ” എന്ന് ഉറക്കെ പറഞ്ഞത് മുതൽ അവൾക്ക് മറ്റൊരു പേരുകൂടി കിട്ടി !

” തന്റേടി ! “

പെണ്ണ് ജോലിക്ക് പോയാൽ കേറി വരുന്നത് പാതിരായ്ക്ക് ആണെന്ന് അസൂയ മൂത്തു പറഞ്ഞുനടന്നവർ അവൾക്കിട്ട പേരായിരുന്നു

” താന്തോന്നി !”

അങ്ങനെ ആദ്യമായി മുഖത്തു നോക്കിപ്പറഞ്ഞവന്റ് മുഖമടച്ചൊന്നു കൊടുത്ത്‌ “നിന്റ അമ്മ നിന്നെയൊക്കെ ഇപ്പോഴും തീറ്റിപ്പോറ്റാൻ കഷ്ട്ടപ്പെടുബോൾ ഒന്ന് വൈകിയാൽ നീയൊക്കെ സ്വന്തം തള്ളയെ വരെ മറ്റേ കണ്ണുകൊണ്ട് കാണും. പക്ഷേ, ആ കണ്ണും വെച്ച് നീ എന്നെ അളക്കാൻ നിന്നാൽ പെണ്ണ് ആരാണെന്ന് നീ അറിയും ” എന്നും പറഞ്ഞ് മുഖം ഉയർത്തിപ്പൊടിച്ചു നടന്നവളെ കണ്ടുനിന്നവർ അവളെ ” ഉശിരുള്ള പെണ്ണ് ” എന്ന് ഉറക്കേ പറഞ്ഞു .

അവൾ അങ്ങനെ തന്നെ നടന്നു എന്നും….

തലയുയർത്തി തന്നെ…..ആർക്കുമുന്നിലും തല കുനിക്കാതെ……

പെണ്ണായത്കൊണ്ട് പൊന്നും വില ചോദിക്കുന്നവന്റെ മുന്നിൽ പൊന്ന് കൊടുത്ത് വിൽക്കാൻ ഇവിടെ പെണ്ണില്ല എന്ന് പറഞ്ഞവൾ….

ജോലി കണ്ട് വന്നവന്റ മുന്നിൽ ” എന്റെ ജോലി എന്റെ അപ്പന്റെ വിയർപ്പാണ്.. ആ അപ്പനുള്ള കാലം ഈ ജോലീയുടെ കൂലി ന്റെ അപ്പന് മാത്രം അവകാശപ്പെട്ടതാണ്. വെളിച്ചം നഷ്ട്ടപ്പെട്ടാൽ പിന്നെ അവിടെ ഇരുട്ടിനാണ് പ്രസക്തി.. അത് ജീവിതത്തിൽ ആയാലും…

അങ്ങനെ എനിക്ക് വേണ്ടി വെളിച്ചം നഷ്ട്ടപ്പെടുത്തിയ അപ്പനെ ഉള്ള കാലത്തോളം ഇരുട്ടിലാക്കാൻ കഴിയില്ല… ” എന്ന് ചിരിച്ചുകൊണ്ട് ചിന്തിപ്പിച്ചവൾ…!

” മോളെ നിനക്കൊരു ജീവിതം വേണ്ടേ, ചില വിട്ടുവീഴ്ചകൾ ഒക്കെ ഉണ്ടെങ്കിലേ…എന്ന് പാതി നിർത്തി ചോദിച്ച അപ്പനോട് ” വിലയിട്ട് വാങ്ങി വരുതിക്ക് നിർത്താൻ ഇവിടെ പെണ്ണില്ലെന്ന് പറഞ്ഞേക്കണം അപ്പ ” എന്ന് പറഞ്ഞവൾ അപ്പന്റെ അഭിമാനമായി.

തളിരിട്ട് പൂവായ് വിടർന്നെങ്കിൽ തലയുയർത്തിതന്നെ നിൽക്കണം ശോഭയോടെ..സ്വന്തമാക്കുന്നവന്റെ മുന്നിൽ ഞെട്ടറ്റു വീഴാൻ നിൽക്കാതെ എന്ന് ചിന്തച്ചവൾ നടന്നു ഒരാൾക്ക് മുന്നിലും തോൽക്കാൻ കൊതിക്കാത്ത മനസ്സുമായി….

അവൾ അങ്ങനെ ആയിരുന്നു…തോൽക്കാൻ മനസ്സില്ലാതെ….

എല്ലാവരും പറയുംപോലെ തന്നിഷ്ടക്കാരിയായി….താന്തോന്നിയായി നടന്നു…

പെണ്ണാണല്ലോ എന്ന ഭയത്തോടെ അല്ല, പെണ്ണാണെന്ന തന്റേടത്തോടെ തന്നെ…..!