കാണാകണ്‍മണി ~ രചന: ദിപി ഡിജു
‘ശിവ ശിവ… എന്താ ഈ കേള്‍ക്കണേ…!!! മകളുടെ കല്ല്യാണനിശ്ചയം കഴിഞ്ഞ ആഴ്ച്ച കഴിഞ്ഞതല്ലേ ഉള്ളൂ… അപ്പോഴേക്കും… ഛേ… നാലാളുടെ മുഖത്ത് ഇനി നിങ്ങള്‍ എങ്ങനെ നോക്കും…???ഇതൊക്കെ വേണാര്‍ന്നോ സരസ്വതിയേ…???ഇനി ചെറുക്കന്‍ വീട്ടുകാര്‍ കൂടി അറിഞ്ഞാല്‍… എനിക്കത് ഓര്‍ക്കാന്‍ വയ്യാ…’
കുറച്ചു ദിവസമായി തുടങ്ങിയ വയ്യായ്ക ആ ര്‍ത്തവവിരാമത്തിന്‍റെ ലക്ഷണം ആകുമോ എന്നു അറിയാന്‍ ഡോക്ടറെ കാണാന്‍ പോയതാണ് സരസ്വതിയും അയല്‍ക്കാരിയും ഉറ്റസുഹൃത്തുമായ വിലാസിനിയും. ശരീരത്തില്‍ ഉടലെടുത്ത ഒരു ജീവന്‍റെ തെളിവാണ് അതെല്ലാം എന്നത് അവരെ ആശയക്കുഴപ്പത്തിലാക്കി.
‘കുറച്ചു നാളുകളായി ഡേ റ്റ് ഒന്നും കൃത്യമായിരുന്നില്ല വിലാസിനിയെ… അതാ… അറിയാതെ പോയെ… ഞാന്‍ കരുതിയത് നില്‍ക്കാറായിട്ടുണ്ടാകും എന്നാ….’
‘എന്നാലും… ഈ പ്രായത്തിലും… ആളോള് കേട്ടാല്‍ എന്താ പറയാ…??? ഒന്നും വേണ്ട… മോളോട് എങ്ങനെ പറയും…??? വിവാഹം സ്വപ്നം കണ്ടു നടക്കുന്ന അവള്‍ക്ക് സഹിക്കുമോ അത്…??? വേണ്ടെന്നു വച്ചൂടെ നിനക്ക്…??? ഇതിപ്പോള്‍ നമ്മള്‍ മാത്രല്ലേ അറിഞ്ഞിട്ടുള്ളൂ…!!!’
‘നീ എന്താ വിലാസിനി ഈ പറയണേ…??? ഒരു കുഞ്ഞിനു വേണ്ടി മറ്റൊന്നിനെ വേണ്ടെന്ന് വയ്ക്കേ…??? ദൈവദോഷം പറയല്ലേ… അതും ഡോക്ടര്‍ വേറെ കുഴപ്പം ഒന്നും തല്‍ക്കാലം ഇല്ലെന്നു പറയുമ്പോള്‍ പിന്നെന്തിനാടീ…??’
‘ഞാന്‍ നിന്‍റെ മോള്‍ടെ ഭാവി ഓര്‍ത്തു പറഞ്ഞതാ… അമ്മു… അവളു ന്‍റേം കൂടി മോള്‍ അല്ലേ…’
‘ഏതായാലും ദൈവം തന്നതിനെ ഞാനായിട്ടു നശിപ്പിക്കില്ല വിലാസിനി… അതുറപ്പാണ്…’
വീട്ടിലേക്ക് പോകും വഴിയെല്ലാം സരസ്വതിയുടെ മനസ്സ് കലുഷിതമായിരുന്നു. വിജയേട്ടന്‍റെയും അമ്മുവിന്‍റെയും തീരുമാനം എന്താകും എന്നത് അവളെ നന്നേ കുഴക്കി.
‘സരസ്വതി… ഈ അവസ്ഥയില്‍ നമ്മള്‍ എങ്ങനെയാ ഇതിനെ…??? അമ്മു…അവള്‍ ഇതറിഞ്ഞാല്‍…!!!’
ജോലി കഴിഞ്ഞു വന്നു കുളിച്ച് ചായ കുടിക്കാന്‍ ഇരുന്നതായിരുന്നു വിജയന്‍.
‘ഞാന്‍ എന്തറിഞ്ഞാല്‍ ഉള്ള പ്രശ്നമാണ് ഇവിടെ ഗംഭീരമായ ചര്‍ച്ച നടക്കുന്നത്…???’
സോഫയില്‍ ഇരിക്കുകയായിരുന്ന വിജയന്‍റെയും സരസ്വതിയുടെയും നടുവിലേയ്ക്ക് ചാടി ഇരുന്നാണ് അമ്മു അത് ചോദിച്ചത്.
‘ന്നെ കെട്ടിച്ചു വിട്ടിട്ടു ലൗ ബേര്‍ഡ്സ് രണ്ടു പേരും സെക്കന്‍റ് ഹണിമൂണ്‍ വല്ലതും പ്ളാന്‍ ചെയ്യുവായിരുന്നോ…??? ഹേ…???’
കുസൃതിയോടെ അവള്‍ ചോദിച്ച ചോദ്യം കേട്ട് പതിവില്‍ നിന്നും വിപരീതമായി ഒരുത്തരം കൊടുക്കാനാവാതെ അവര്‍ കുഴങ്ങുന്നതു കണ്ടപ്പോള്‍ മനസ്സിലായി വിഷയം എന്തോ കാര്യമുള്ള കാര്യമാണെന്ന്.
‘എന്താ അച്ഛാ…??? എന്താ അമ്മേ…??? എന്തേലും പ്രശ്നം ഉണ്ടോ…???’
അവള്‍ അവരുടെ മുഖത്തേക്ക് മാറി മാറി നോക്കി.
‘മോളെ… അത്…’
സരസ്വതിയുടെ സ്വരം ഇടറി.
‘എന്തുണ്ടേലും പറയൂ അമ്മേ… പരിഹാരം ഇല്ലാത്ത പ്രശ്നങ്ങള്‍ ഉണ്ടോ…!!!’
‘മോളെ… നീ ഇങ്ങോട്ട് വാ…’
അവളെ തോളില്‍ പിടിച്ചു വിജയന്‍ പതിയെ പുറത്തേക്കിറങ്ങി. സരസ്വതി അവരെ ആകാംക്ഷയോടെ നോക്കി നിന്നു. അവള്‍ അത് എങ്ങനെ ഉള്‍ക്കൊള്ളും എന്നത് അവര്‍ക്ക് അറിയില്ലായിരുന്നു.
അവളുടെ ഓരോ ഭാവമാറ്റങ്ങളും അവര്‍ സസൂക്ഷ്മം വീക്ഷിച്ചു കൊണ്ടിരുന്നു. അവളുടെ മുഖത്തെ പുഞ്ചിരി ഗൗരവത്തിനു വഴി മാറുന്നത് അവരില്‍ ഒരു വേദന ഉളവാക്കി. തന്‍റെ നേര്‍ക്ക് നടന്നു വരുന്ന അവളെ ഭയപ്പാടോടെ സരസ്വതി നോക്കി.
‘ഞാന്‍ കേട്ടത് സത്യമാണോ അമ്മേ…???’
‘മോളെ… അമ്മൂ.. അത്…’
അവളുടെ ഗൗരവം വിടാതെയുള്ള ചോദ്യം കേട്ടു അവരുടെ തല അറിയാതെ താഴ്ന്നു പോയി.
അമ്മു പെട്ടെന്ന് അവരെ വാരി പുണര്‍ന്നു.
‘ഹയ്യോ… എന്‍റെ അമ്മേ… എത്ര നാളായിട്ടുള്ള എന്‍റെ ആഗ്രഹം ആയിരുന്നു ഒരു കൂടെപ്പിറപ്പ് വേണം എന്നു… ഹോ… എനിക്ക് സന്തോഷം കൊണ്ടു തുള്ളിച്ചാടാന്‍ തോന്നുന്നു…’
അവളുടെ വിടര്‍ന്ന കണ്ണുകള്‍ കണ്ട് സരസ്വതി അത്ഭുതത്തോടെ അവളെ നോക്കി.
‘മോളെ… അതു നിനക്ക്…!!!’
‘അതിനിപ്പോള്‍ എന്താ അമ്മേ… ??? ന്‍റെ അച്ഛനും അമ്മയ്ക്കും ഒരു കുഞ്ഞ് ഉണ്ടാകുന്നു… അതിനെന്താ…??? പ്രണയത്തിനു പ്രായമുണ്ടോ…???പ്രണയത്തിന്‍റെ അടയാളമായി ദൈവം കുഞ്ഞുങ്ങളെയും തരും… അതിനു ഇത്ര വയസ്സേ പാടുള്ളൂ എന്നായിരുന്നേല്‍ ദൈവം ആ കഴിവ് ആ പ്രായത്തില്‍ എടുത്തു മാറ്റില്ലായിരുന്നോ…??? ഇതിപ്പോള്‍ എന്‍റെ അമ്മയ്ക്ക് ഒരു കുഞ്ഞിനെ കൂടി വളര്‍ത്താന്‍ കഴിവുണ്ടെന്നു ദൈവത്തിനു തോന്നിയതു കൊണ്ടു തന്നു…അതിനെ സന്തോഷത്തോടെ പ്രസവിക്കുക വളര്‍ത്തുക…. അത്ര തന്നെ…’
‘അതല്ല അമ്മു… ചെറുക്കന്‍ വീട്ടുകാര്‍ ഇതറിഞ്ഞാല്‍…!!!’
‘അറിഞ്ഞാല്‍ എന്താ…??? അവിഹിതമൊന്നുമല്ലല്ലോ… നിങ്ങള്‍ ഭാര്യഭര്‍ത്താക്കന്മാര്‍ അല്ലേ… അല്ല… ഇനി ഈ ഒരു കാരണം കൊണ്ടു അവര്‍ കല്ല്യാണം വേണ്ടെന്നു വച്ചാല്‍ വേണ്ടെന്നെ…!!! കാര്യവിവരം ഇല്ലാത്ത അങ്ങനെയുള്ള ആളുകളുടെ കൂടെ ജീവിക്കുന്നതിലും ഭേദം ന്‍റെ കൂടപ്പിറപ്പിന് ഒരു അമ്മയും കൂടി ആയി ജീവിക്കുന്നതാണ്… ന്‍റെ സ്വാര്‍ത്ഥതയ്ക്കു വേണ്ടി ഈ കുഞ്ഞിനെ ഞാന്‍ വേണ്ടെന്നു വയ്ക്കുമെന്നോര്‍ത്തോ…??? ഇല്ലമ്മേ… ഞാന്‍ നിങ്ങളുടെ മകള്‍ അല്ലേ… അങ്ങനെ ചിന്തിക്കാന്‍ നിങ്ങളുടെ ഈ മകള്‍ക്ക് കഴിയുമോ…???’
വിജയനും സരസ്വതിക്കും അവരുടെ മകളെ കുറിച്ചോര്‍ത്ത് അഭിമാനം തോന്നി. അവര്‍ അവളെ ചേര്‍ത്തു പിടിച്ചു.
‘അച്ഛാ… ചെറുക്കന്‍ വീട്ടുകാരോട് നാളെ തന്നെ വിവരം പറഞ്ഞോളൂ… തല താഴ്ത്തി അല്ല… അഭിമാനത്തോടെ തന്നെ… അവര്‍ക്ക് ഈ കാരണം കൊണ്ട് ബന്ധത്തിനു താല്‍പര്യം ഇല്ലെന്നു പറഞ്ഞാല്‍ കൂടുതല്‍ തര്‍ക്കത്തിനു നില്‍ക്കേണ്ട… അത് അവിടെ വച്ച് അവസാനിപ്പിച്ചോ… എനിക്ക് മംഗല്ല്യയോഗം ഉണ്ടെങ്കില്‍ സമയം ആകുമ്പോള്‍ അത് നടക്കും…മനസ്സിലായല്ലോ…??? എന്‍റെയും കുടുംബത്തിന്‍റേയും മനസ്സു മനസ്സിലാക്കുന്ന ഒരാളുമായി…’
വിജയന്‍ അമ്മുവിന്‍റെ നെറുകയില്‍ തലോടി.
‘അച്ഛാ… ഓടി പോയി… രണ്ടു മസാലദോശ വാങ്ങി വാ… ഒന്ന് അമ്മയ്ക്കും… ഒന്ന് എനിക്കും…’
‘അമ്പടി കൊതിച്ചീ…!!!’
ഒരു മരണവീടിന്‍റെ പ്രതീതിയില്‍ ആയിരുന്ന ആ കിളിക്കൂട് വീണ്ടും ചിരികളികളാല്‍ നിറഞ്ഞു. ഒരു കുഞ്ഞിക്കിളിയുടെ വരവ് ആഘോഷമാക്കാന്‍…