പീഡിത ~ രചന: Daniya Najiha
വിവേക് കയറി വന്നപ്പോൾ അവൾ വാതിലിനരികെ തളർന്ന് കിടക്കുകയായിരുന്നു. അയാളെക്കണ്ടതും കളഞ്ഞുപോയ ശബ്ദം പരതിക്കൊണ്ടവൾ പൊട്ടിക്കരഞ്ഞു. ഇഴപിരിയ്ക്കാനാവാത്ത വണ്ണം അവ്യക്തമായ വാക്കുകൾ അവളിൽ നിന്നും ഒഴുകിക്കൊണ്ടിരുന്നു.
അവളുടെ കൈത്തണ്ട മുറിഞ്ഞിട്ടുണ്ട്. വസ്ത്രങ്ങളാകെ കീറി അലങ്കോലമായിട്ടുണ്ട്. കണ്ണീരും ര ക്തവും കലർന്ന ചുവന്നപൊട്ടുകൾ അവളുടെ കവിളിൽ അള്ളിപ്പിടിച്ചത് കണ്ട് അയാളുടെ ഉള്ള് പിടഞ്ഞു. പെട്ടെന്ന് തന്നെ അലമാര തുറന്ന് കയ്യിൽ തടഞ്ഞ പഞ്ഞി വെച്ചയാൾ അവളുടെ മുറിവുകളൊപ്പി.
“അയാളെ വെറുതെ വിടരുത് വിവേകേട്ടാ…”
“ഞാനപ്പോഴേ പറഞ്ഞതല്ലേ.. എന്ത് പണിയാണെങ്കിലും നിങ്ങളിവിടെ ഉള്ളപ്പോ എടുപ്പിച്ചാ മതി ന്ന് …ഞാനൊറ്റക്ക്… എന്നെ ഒരുപാടുപദ്രവിച്ചു..” ഇടക്കിടെ ഉദിച്ചുയരുന്ന ബോധവസ്ഥയുടെ നിമിഷസൂചികയിൽ അവളെന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.
അവളെയാശ്വസിപ്പിക്കാനാവാതെ സ്വയം ആശ്വസിക്കാനാവാതെ അയാൾ തളർന്നു.
“നമുക്ക് ആശുപത്രിയിൽ പോവാം…ഞാൻ വണ്ടിയെടുക്കട്ടെ… “
അവൾ വേണ്ടെന്ന് ഒച്ചവെച്ച് കരഞ്ഞു.
“നീ കുറച്ച് നേരം കിടക്ക് “..
അവളുടെ മേലാകെയൊന്ന് തുവർത്തി വസ്ത്രം മാറ്റി അവളെ പുതപ്പിച്ചു കൊണ്ടയാൾ തിരികെ നടന്നു. വെറുപ്പ് നിറഞ്ഞ ഒരു മഴ ജനലരികിൽ ഒച്ചത്തിൽ പെയ്യുന്നുണ്ടായിരുന്നു.
“ഞാനാണ്… ഞാൻ കാരണമാണ്.. വൈകീട്ട് റിപ്പയർ ചെയ്താൽ മതിയെന്ന് അവളൊരുപാട് പറഞ്ഞതാണ്…അയാൾ സ്വയം കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു..
ആരെയെങ്കിലും വിളിക്കുവാനായി അയാൾ മൊബൈൽ എടുത്തു. തൊട്ടടുത്ത നിമിഷം വേണ്ടെന്ന വെളിപാടിൽ അയാൾ ഫോൺ തിരിച്ചു വെച്ച് കണ്ണടച്ച് സോഫയിൽ ചാരിക്കിടന്നു. യാതൊരേറ്റക്കുറച്ചിലുമില്ലാത്ത ദാമ്പത്യമായിരുന്നു തന്റേത്. സുഹൃത്തുക്കളുടെ ഇടയിലെല്ലാം ഏറ്റവും സന്തുഷ്‌ടവാൻ താൻ തന്നെയായിരുന്നു. എന്നിട്ടും എന്തിനായിരുന്നു ദൈവമേ ഇങ്ങനെയൊരു പരീക്ഷണം ??!!
എത്ര നേരം അങ്ങനെ ഇരുന്നെന്ന് വിവേകിനോർമ്മയില്ല. അവളുടെ അടുത്ത് ചെന്ന് നോക്കിയപ്പോൾ മയക്കത്തിലാണ്. ഒന്നും കഴിക്കാതെ അയാളും അവൾക്കടുത്തായി ചെന്ന് കിടന്നു.
രാവിലെ എഴുന്നേറ്റതും അവൾക്ക് ചെറിയൊരു ആശ്വാസം തോന്നി. കഴിഞ്ഞതൊരു സ്വപ്നം മാത്രമായിരുന്നു എന്ന് വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ കൈത്തണ്ടയിലെ മുറിവ് നീലിച്ചു നിന്നു.
ഉള്ളിലും പുറമെയുമുള്ള നീറ്റൽ സഹിച്ചുകൊണ്ട് അവളൊന്നു കുളിച്ചെന്ന് വരുത്തി വിവേകിനെ തട്ടി വിളിച്ചു. രാത്രി മുഴുവൻ ഉറങ്ങിയിട്ടില്ല എന്ന് അവന്റെ കണ്ണുകൾ വിളിച്ചോതിയിരുന്നു.
“നിനക്കിപ്പോ എങ്ങനെയുണ്ട്?? ക്ഷീണം മാറിയോ???”
അവൾ തലയാട്ടി.
“അയാളെ വെറുതെ വിടരുത് വിവേകേട്ടാ…” അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.
“നമുക്ക് എന്ത് ചെയ്യാനാകും അഞ്ചു…ആ നാ. യിന്റെ മോനെ കൊന്ന് കളയണം എന്നാഗ്രഹം ഇല്ലാഞ്ഞിട്ടല്ല… അതൊക്ക സിനിമേലെ നടക്കൂ.”വിവേകിന്റെ ശബ്ദമിടറി..
“നമുക്ക് കംപ്ലയിന്റ് ചെയ്യാം വിവേകേട്ടാ… സ്റ്റേഷനിൽ പോവാം…അയാൾ മറ്റൊരു പെണ്ണിനോടും ഇങ്ങനെ ചെയ്യരുത്..”
“നീ ഇപ്പൊ സമാധാനപ്പെട്… നമുക്ക് ആലോചിച്ച് വേണ്ടത് പോലെ ചെയ്യാം “
അവൾ കുറേ നേരം കൂടെയങ്ങനെ കിടന്നു. താൻ എങ്ങനെ സമാധാനിക്കാനാണ്?? ചെറുത്ത് നിൽക്കാൻ ശ്രമിച്ചിട്ടും കരഞ്ഞപേക്ഷിച്ചിട്ടും ഉപദ്രവിച്ചയാളോടുള്ള വെറുപ്പിൽ അവൾക്ക് ശ്വാസം മുട്ടി…മറ്റൊരു സ്ത്രീയോട് അയാൾ ഇങ്ങനെ പെരുമാറില്ലെന്ന് ആര് കണ്ടു?
വിവേകും ചിന്താനിമഗ്നനായിരുന്നു . കയ്യിലുള്ള പത്രം വെറുതെ മറിക്കുമ്പോഴും അയാളുടെ മനസ്സ് അലഞ്ഞുകൊണ്ടിരുന്നു. പറ്റിയത് പറ്റി. പോലീസിൽ കംപ്ലയിന്റ് ചെയ്തത് കൊണ്ട് പ്രത്യേകിച്ച് എന്ത് സംഭവിക്കാനാണ്? കേസെടുത്താൽ തന്നെ തെളിവുണ്ടാവില്ല.. ഇനി എല്ലാം ഉണ്ടെങ്കിലും ശിക്ഷിക്കപ്പെടുമോ!!… ന്യൂസ് ഹവറിൽ വളരെ ആകാംഷയോടെ കേട്ടിരുന്ന പല ബ ലാത്സംഘ കേസുകളും അയാളുടെ ഉള്ളിലൂടെ നിമിഷനേരം കൊണ്ട് കടന്ന് പോയി. അതിലൊരു കേസായി ഇനി തന്റെ ഭാര്യയുടേതും ?…
വിവേക് അഞ്ചുവിന്റെ അടുത്ത് ചെന്നിരുന്ന് പതിയെ തലയിൽ തലോടി..
“അഞ്ചൂ… ” അവൾ നിറഞ്ഞ കണ്ണുകളോടെ അയാളെ നോക്കി…
“നമ്മൾ ജീവിച്ചു തുടങ്ങിയിട്ട് രണ്ട് വർഷമേ ആയുള്ളു. ഇനിയും ഒരുപാട് കാലം മുന്നോട്ടുണ്ട്. ഇപ്പൊ ഇതാളുകൾ അറിഞ്ഞാൽ നമ്മുടെ ജീവിതത്തെ അത് ബാധിക്കും. നമുക്കിതങ്ങ് മറന്നൂടെ?”
“അയാളെ വെറുതെ വിടണമെന്നാണോ വിവേകേട്ടൻ പറയുന്നെ?? ” വിഷാദം നിഴലിക്കുന്ന സ്വരത്തിൽ അവൾ ചോദിച്ചു.
“വെറുതെ വിടണം എന്നാഗ്രഹം ഉണ്ടായിട്ടല്ല.. നമ്മൾ കേസ് ഫയൽ ചെയ്താൽ തന്നെ നീതിപൂർവ്വമായ ഒരു അവസാനം ഉണ്ടാവും എന്ന് തോന്നുന്നുണ്ടോ? എത്ര പേരാണ് ഓരോ ദിവസം പത്രത്തിലും വാർത്തയിലും ഒക്കെ? അതിലൊരാൾ ആയി നിന്നെക്കാണാൻ എനിക്ക് താല്പര്യമില്ല അഞ്ചൂ…”
അവളുടെ കണ്ണുനീർ നിലച്ചു..
“എന്റെ ജീവിതത്തിൽ ഞാൻ അനുഭവിച്ച ഏറ്റവും വലിയ ട്രോമ ആയിരുന്നു ഇന്നലെ ഉണ്ടായത്. അതിനെതിരെ ഞാൻ ഒന്നും ചെയ്യണ്ട ല്ലെ?”
“നീയെന്താ അഞ്ചൂ ഇങ്ങനെ മനസ്സിലാക്കാതെ സംസാരിക്കുന്നെ… എനിക്കത് മറക്കാൻ കഴിയും എന്ന് പറഞ്ഞില്ലേ??”
“എനിക്ക് മറക്കാൻ കഴിയില്ലെങ്കിലോ വിവേകേട്ടാ? ഇതിന്റെ അവസാനം എന്തോ ആവട്ടെ… എന്നാലും എന്നെക്കൊണ്ട് പറ്റുന്നത് ചെയ്തില്ലല്ലോ എന്ന തോന്നൽ എന്നും ഉണ്ടാവില്ലേ ??”
“നീ വിചാരിക്കുന്ന പോലെ അല്ല കാര്യങ്ങൾ.. ഇത് പുറത്തറിഞ്ഞാൽ എന്ത് വലിയ അപമാനം ആണെന്ന് അറിയുമോ..ഞാൻ എങ്ങനെ മറ്റുള്ളവരുടെ മുഖത്തു നോക്കും? ഒരാണിനും അതൊന്നും അങ്ങനെ സഹിക്കാൻ കഴിയില്ല…മറക്കാനും… നിനക്കല്ലെങ്കിലും നിന്റെ കാര്യം അല്ലെ ഉള്ളു…”
അയാളുടെ ശബ്ദത്തിൽ നിന്നും ആർദ്രത നഷ്ടമായിരുന്നു.
അവൾക്ക് കരച്ചിൽ വന്നില്ല.. ദേഷ്യപ്പെടാനും തോന്നിയില്ല.
“ഞാൻ എന്ത് തെറ്റാണ് വിവേകേട്ടാ ചെയ്തത്?? ഞാൻ തെറ്റുകാരിയല്ലാത്ത കാലത്തോളം എന്തിന് ബാക്കിയുള്ളോരെ പേടിക്കണം?”
“ഇങ്ങനെയുള്ള സംഭവങ്ങളിൽ ഇരയായവരെ സമൂഹം എങ്ങനെയാണ് കാണുന്നതെന്ന് നിനക്കറിയില്ലേ.. നമുക്കൊരു സ്വസ്ഥ ജീവിതം ഉണ്ടാവുന്നതിലും വലുതാണോ നിനക്ക് നിന്റെ പ്രതികാരം??
അവളൊന്നും മിണ്ടിയില്ല…എല്ലാം കൊണ്ടും സന്തോഷം മാത്രമുണ്ടായിരുന്ന അവരുടെ ജീവിതത്തിൽ ഇതുപോലുള്ള സംസാരങ്ങൾ പോലും ആദ്യമാണല്ലോ എന്നവളോർത്തു.
“ഇനി നിനക്ക് നിർബന്ധമാണെൽ എന്താന്നു വെച്ചാ ആയിക്കോ… എന്നെ നോക്കണ്ട… എനിക്കിനിയും ഒരുപാട് ജീവിതം ഉള്ളതാണ്.. ആരെക്കൊണ്ടും പറയിപ്പിക്കാതെ ജീവിച്ച് തീർക്കണം എന്നുണ്ട് … അതുകൊണ്ട് നീ തീരുമാനിച്ചിട്ട് പറ…”
രണ്ട് വർഷം താൻ പ്രണയിച്ച തന്നെ പ്രണയിച്ച ആൾ തന്നെയാണോ സംസാരിക്കുന്നത് എന്ന് അവൾക്കതിശയം തോന്നി. അവൾ ഒന്നും മിണ്ടാതെ പതിവു ജോലികൾ തുടർന്നു… മനസ്സിലൊരായിരം മുറിവുകളിൽ നിന്ന് ര ക്തം പൊടിഞ്ഞു.
വിവേകേട്ടനില്ലാത്ത ഒരു ജീവിതത്തേക്കുറിച്ച് ചിന്തിച്ചിട്ടില്ല.. ഇനി ചിന്തിക്കാനും വയ്യ… എന്നാൽ തന്നെക്കൊണ്ടാവുന്നത് പോലും ചെയ്തില്ലെങ്കിൽ മനസ്സാക്ഷിയുടെ മുന്നിൽ ഒരു ഇരയായി, മുറിപ്പെട്ട ആത്മാഭിമാനത്തെ വീണ്ടെടുക്കാനാവാതെ സ്വയം നഷ്ടപ്പെട്ട് ജീവിക്കേണ്ടി വരില്ലേ? നാളെ അയാൾ മറ്റൊരു പെണ്ണിനെ ഉപദ്രവിച്ചാൽ പിന്നെയൊരിക്കലും തിരിച്ചുകിട്ടാത്ത വിധം മനസ്സമാധാനം നഷ്ടപ്പെടില്ലേ??
ആ ഒരൊറ്റ ദിവസം അവളുടെ ജീവിതത്തെ രണ്ടായി പകുത്തിരിക്കുന്നു. മുൻപുള്ളതൊന്നും ഇപ്പോഴില്ല… ജീവിതത്തിലെ സന്തോഷം, സ്നേഹം എല്ലാം ആ ഒരു ദിവസത്തിന്റെ മുനമ്പിൽ ആത്മഹത്യ ചെയ്തിരിക്കുന്നു. ഒരേയൊരു തീരുമാനത്തിന് ചുറ്റും അവളുടെ ജീവിതം പ്രദക്ഷിണം ചെയ്യുകയാണ്…
വിവേകേട്ടനെ അനുസരിച്ചാൽ സന്തോഷപൂർണ്ണമായ ഒരു കുടുംബജീവിതം തനിക്ക് ലഭിച്ചേക്കും, പക്ഷെ ഉള്ളിലെന്നും താൻ എരിയുകയാവും. മറിച്ചൊരു തീരുമാനം എടുക്കുന്നത്തോടെ വിവേകേട്ടൻ ജീവിതത്തിൽ നിന്നില്ലാതെയാവും… ഇക്കാലമത്രയും ജീവിതത്തിലുണ്ടായ നല്ല നിമിഷങ്ങൾ അവളുടെ ഹൃദയത്തിൽ കൊളുത്തി വലിച്ചു. ഒരുപാട് കരഞ്ഞും ആലോചിച്ചും അന്ന് രാത്രിയുടെ അന്ത്യത്തോടെ അവളൊരു തീരുമാനം എടുക്കുക തന്നെ ചെയ്തു.
വിവേക് രാവിലെ എഴുന്നേറ്റപ്പോൾ അവൾ അവിടെ ഇല്ലായിരുന്നു. വാട്സാപ്പ് ചാറ്റിൽ ഒരു മെസ്സേജ് കണ്ട് അയാൾ തുറന്നു നോക്കി.
” ഡിയർ വിവേകേട്ടാ,
ഒരുപാട് ആലോചിച്ചതിനു ശേഷമാണ് ഇങ്ങനെ ഒരു തീരുമാനം എടുക്കുന്നത്. നിങ്ങളെക്കാൾ വലുതല്ല എനിക്കൊന്നും. എന്നാൽ നിങ്ങൾക്ക് അങ്ങനെ ആയിരുന്നില്ല എന്ന് വേദനയോടെ ഞാനറിയുന്നു. അറിയാത്ത ഒരാളാൽ ശരീരികമായി ഉപദ്രവിക്കപ്പെട്ടതിനെക്കാൾ വലിയ വേദന നിങ്ങളിന്നലെ എനിക്ക് തന്നു. എത്ര ലാഘവത്തോടെയാണ് നിങ്ങൾക്കിഷ്ടമില്ലാത്ത കാര്യം ചെയ്യുന്നെങ്കിൽ ഇറങ്ങിപോയ്ക്കോളൂ എന്ന് പറഞ്ഞുകളഞ്ഞത്??എന്നെ ഹീനമായി ഉപദ്രവിച്ചയാൾക്കെതിരെ പ്രതികരിക്കുന്നതിനേക്കാൾ അത് മറ്റുള്ളവർ അറിയുന്നതിനെ ഭയക്കുന്ന നിങ്ങൾക്ക് എന്നോട് എന്ത് തരം സ്നേഹമാണുള്ളത് എന്ന് ഞാൻ സംശയിക്കുന്നു. ശരീരത്തെക്കാൾ വലുതായി, സ്നേഹിക്കുന്ന വേദനിക്കുന്ന ഒരു മനസ്സനിക്കുണ്ടെന്ന് നിങ്ങളോർത്തില്ലല്ലോ…ഇതുപോലൊരവസ്ഥ നിങ്ങൾക്കായിരുന്നെങ്കിൽ, എന്തും നേരിടാൻ തയ്യാറായി ഞാൻ കൂടെ ഉണ്ടാവുമായിരുന്നു. ഇത് പോലൊരവസ്ഥ നിങ്ങൾക്കെങ്ങനെയുണ്ടാവാൻ അല്ലെ?!! നോട്ടം കൊണ്ടോ സ്പർശം കൊണ്ടോ അശുദ്ധമാവുന്ന ഒന്നും സമൂഹം നിങ്ങൾക്ക് തരുന്നില്ലല്ലോ..
ഇത്രയും കാലം പകുത്തു തന്ന ജീവിതത്തിനും സന്തോഷത്തിനും നന്ദി… നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ഒരുപാട് സ്നേഹത്തോടെ…അഞ്ചു “
കേസ് ഫയൽ ചെയ്തിറങ്ങുമ്പോൾ അവൾക്ക് വിജയിച്ചത് പോലെ തോന്നി. അതേ സമയം അവളുടെ ഉള്ളാകെ നീറിപ്പുകഞ്ഞു. ജീവിതത്തിലെ ചില തീരുമാനങ്ങൾ, ചില വിജയങ്ങൾ അങ്ങനെയാണല്ലോ….അങ്ങേയറ്റം സ്വയം നോവിച്ചുകൊണ്ട്, അതേസമയം മനസ്സാക്ഷിയെ പ്രീതിപ്പെടുത്തിക്കൊണ്ട്…
——————-