മുറപ്പെണ്ണ്
രചന: നിഹാരിക നീനു
” കിച്ചേട്ടാ… ന്നെയാ മാളൂച്ചീന്യാ കിച്ചേട്ടന് കൂടുതൽ ഇഷ്ടം???”
” കുഞ്ഞരിപ്പല്ലിൻ്റെ മൂർച്ഛയോർത്ത് അറിയാതെ പറഞ്ഞ് പോയി
“കിച്ചേട്ടൻ്റെ സാരംഗിക്കുട്ടിയേ ആണ് “
എന്ന്…..
” ഇന്നി മാളൂച്ചി ചോയ്ക്കുമ്പോ, ഓളെയാ ന്ന് പറയോ?”
വിടർന്നൊന്ന് ചിരിച്ച് അപ്പോ തന്നെ കുറുമ്പോടെ ചോദിച്ചു…
“നിക്ക് ഇഷ്ടം സാരംഗി കുട്ടിയേ അല്ലേ?? പിന്നെങ്ങന്യാ മാളൂനോട് മാറ്റിപ്പറയാ????ബുദ്ധൂസേ നൊണ പറഞ്ഞാ ൻ്റെ കണ്ണ് പൊട്ടില്ലേ??”
“ദാ “
പറഞ്ഞത് ബോധിച്ചപ്പോൾ മറുപടിയായി നീട്ടിയതാണ് ഒരു കഷണം കടല മിഠായി,
കയ്യിൽ ഇത്തിരി നേരം ഇരുന്നതിൻ്റെ ലക്ഷണമായി ലേശം നനവുണ്ട്…
അത് വാങ്ങി വായിലിട്ട് അതിനേക്കാൾ മധുരമുള്ള ഒരു ചിരി പകരമായി നൽകി കൃഷ്ണജിത്ത്…..
” കിച്ചേട്ടാ… ശൂ… ശൂ”
സ്വകാര്യം പറയാനുള്ളത് പോലെ കൈ വായുടെ സൈഡിൽ വച്ചവൾ വിളിച്ചപ്പോൾ ചെവി മെല്ലെ അടുപ്പിച്ച് കൊടുത്തു കിച്ചു …
“മാളൂച്ചി ഇപ്പഴും രാത്രി ഉറക്കത്തിൽ മൂത്രമൊഴിക്കും … കിച്ചേട്ടൻ കൂടണ്ട അവളോട് ട്ടോ….”
അത് കേട്ട് പൊട്ടിപൊട്ടി ചിരിക്കുന്നവന് അറിയാമായിരുന്നു എല്ലാം കുശുമ്പി പറയുന്ന നുണയാ, എന്ന്,
എന്നിട്ടും അവളോട് കൂടി അവൻ ദൂരെ ഊഞ്ഞാലാടണ മാളൂട്ടിയെ നോക്കി കഷ്ടം വച്ച് “അയ്യേ….”
എന്ന് പറഞ്ഞു…
ആ പെണ്ണിൻ്റെ നിറഞ്ഞ ചിരി കാണാൻ…
” മുറപ്പെണ്ണ്”
രണ്ട് പേരുണ്ട് ആ വിളിക്കർഹർ ..
വല്യമ്മാമേടെ മകൾ മാളവികയും, കുഞ്ഞമ്മാമേടെ മകൾ സാരംഗിയും ..
രണ്ട് വയസിനിളയതാണ് സാരംഗി മാളൂനേക്കാൾ…
ആരോ പറഞ്ഞ് കൊടുത്തതാ മുറപ്പെണ്ണ് എന്ന് പറഞ്ഞാൽ കല്യാണം കഴിക്കാൻ പോകുന്നവളാണെന്ന്…
അന്ന് മുതൽ സാരംഗി കിച്ചൂനേം ചുറ്റിപ്പറ്റി നടക്കുന്നതാ, വേഗം കല്യാണം കഴിക്കാൻ,
കളിക്കുമ്പോൾ അവൾക്ക് കിച്ചൂൻ്റെ ടീമിൽ ആവണം…കിച്ചു വേറെ ആരോടെങ്കിലും മിണ്ടുമ്പോൾ കുഞ്ഞു മുഖം വീർത്ത് വരുന്നത് കാണാം…അതിനും മരുന്ന് കിച്ചൂന്നേ അറിയൂ, അവൻ ഇക്കിളിയിട്ടാലേ അത് മാറൂന്ന്….
ഒടുവിൽ അവധി കഴിഞ്ഞ് കിച്ചു ബാംഗ്ലൂരും, മാളു ഡല്ലീലേക്കും മടങ്ങുന്ന ദിവസം ആരോടെന്നില്ലാതെ പിണങ്ങി ഇരിക്കും…അവര് പോണത് പോലും ഒന്ന് കാണാൻ ചെല്ലാണ്ട് …
പോയി കഴിയുമ്പോ കിച്ചേട്ടൻ അവിടെ വച്ചിട്ട് പോയ ഷർട്ടും നിക്കറും അണിഞ്ഞ് അങ്ങനെ നടക്കും…കിച്ചേട്ടൻ കൂടെ ഉള്ള പോലെ തോന്നാൻ,
പല അവധിക്കാലങ്ങളും കഴിഞ്ഞു,
കൂടുതൽ മികവോടെ കിച്ചേട്ടൻ ഉള്ളിൽ പതിഞ്ഞു കൊണ്ടേ ഇരുന്നു,
കാലം എല്ലാവരിലും മാറ്റങ്ങൾ വരുത്തി..ആദ്യം മാളുവും പിന്നെ സാരംഗിയും വയസറിയിച്ചു…
ചുവപ്പ് ചായം പടർത്തിയ പാവാട കണ്ട് ഭയപ്പെട്ട് കരഞ്ഞ സാരംഗിയോട് അമ്മ പറഞ്ഞു കൊടുത്തു..,ഒരു പെണ്ണ് അമ്മയാവാൻ ഉള്ളതിൻ്റെ ആദ്യപടിയാണെന്ന്..അത്രയും പറഞ്ഞ് കൊടുക്കാന്നേ ആ പാവം നാട്ടിൻ പുറത്ത് കാരിക്കറിയൂ….
നാണത്താൽ ചുമന്ന കവിളിണയോടൊപ്പം ഉളളിൽ തെളിഞ്ഞത് പൊടിമീശ വന്ന കിച്ചേട്ടൻ്റെ മുഖമായിരുന്നു …
മാസം മാസം വിരുന്നു വന്ന നോവ് ആമുഖം ഓർത്തവൾ കടിച്ചമർത്തി…അവർക്കായി… അവരുടെ കുഞ്ഞുങ്ങൾക്കായി ..
” കിച്ചന് ജോലി കിട്ടി കുഞ്ഞമ്മാമേ”
എന്ന് ഉത്സാഹത്തോടെ പറഞ്ഞ് ഫോൺ വെച്ചപ്പോൾ അപ്പുറത്തൊരു പെണ്ണ് ആ സ്വരമൊന്ന് കേൾക്കാൻ കൊതിയോടെ നോക്കി നിന്നിരുന്നു….
“സരൂ, കിച്ചന് ഏതോ വല്യേ ജോലി കിട്ടീത്രേ”
എന്ന് അച്ഛൻ അവളോടായി പറയുമ്പോൾ, സന്തോഷത്തോടൊപ്പം പരിഭവവും ഉള്ളിൽ നിറഞ്ഞിരുന്നു… “ന്നോടൊന്ന് മിണ്ടീലല്ലോ ” എന്ന് പിറുപിറുത്തിരുന്നു..
പിന്നീടങ്ങോട്ട് വഴി തെറ്റി പോലും കിച്ചൻ്റെ ഫോണുകൾ അവളെ തേടി വരാത്തത് അവളുടെ പ്രണയത്തെ മുറിവേൽപ്പിച്ചിരുന്നു…..
എന്നിട്ടും ഭ്രാന്തമായി കൊണ്ട് നടന്നു, ഉള്ളിൽ
അവളുടെ മാത്രം കിച്ചേട്ടനെ…..
” കിച്ചേട്ടന് ഒപ്പം വർക്ക് ചെയ്യുന്നവളെയാ ഇഷ്ടം ത്രേ പെണ്ണേ, നീയിപ്പഴും മനസിൽ കിച്ചേട്ടനേം കൊണ്ട് നടക്കാ??” “
എന്ന് മാളു പറഞ്ഞപ്പഴാ അറിഞ്ഞത്….ആ മനസിലെ ഇഷ്ടം വേറേ ആണെന്ന് .. “അതെ, ഒരു തവണ പോലും പറഞ്ഞിട്ടില്ല പ്രണയാ എന്ന്, എന്നിട്ടും താനല്ലേ വെറുതേ…
വിശ്വാസം വരണ്ടാ മുഖത്തേക്ക് ഒന്നൂടെ നോക്കി..
ഉള്ളിലെ പിടപ്പ് പുറത്ത് കാട്ടാതിരിക്കാൻ ആവുന്നത് പോലെ ശ്രമിച്ച്…..
“നിനക്കെന്താ മാളൂച്ചി…. എൻ്റെ മനസിൽ അങ്ങനെ ആരുമില്യാ ട്ടോ”
എന്നും പറഞ്ഞ് അവിടെ നിന്ന് ഓടി പോരുമ്പോ നെഞ്ചിൽ ചോരപൊടിഞ്ഞ് കിനിഞ്ഞിറങ്ങുന്നുണ്ടായിരുന്നു …
ഓടി ചെന്ന് ഒരു നെഞ്ചോരം തട്ടി നിന്നപ്പോ… അതാരെന്ന് കലങ്ങി മറിഞ്ഞ കണ്ണാലെ ഒന്ന് നോക്കി….
” കിച്ചേട്ടൻ..”
എന്ന് പറയുമ്പോ ശബ്ദം ചിലമ്പിയിരുന്നു..
” പണ്ടൊരു കുഞ്ഞരിപ്പല്ല് ഈ കവിളിൽ പതിഞ്ഞതോടൊപ്പം ഒരു കുറുമ്പിയും ഈ നെഞ്ചിൽ കേറിയിരുന്നു … കൊണ്ടോവാൻ വന്നതാ ൻ്റെ പെണ്ണായി “
എന്നു പറഞ്ഞാ നെഞ്ചിലേക്കിട്ടപ്പോൾ സന്തോഷം അവളുടെ മിഴികളിൽ ചാലിട്ടൊഴുക്കിയിരുന്നു ..
“ടീ ഞാൻ നിന്നെ ഒന്നു കുറുമ്പ് കേറ്റീതല്ലേ ടീ”
എന്ന് പറഞ്ഞ് മാളുവും വന്ന് ഇക്കിളിയിട്ടപ്പോൾ,
നിറഞ്ഞ് ചിരിച്ചിരുന്നു ഒരു പെണ്ണ്, സ്വന്തമായ അവളുടെ പ്രണയത്തിനൊപ്പം…
അവസാനിച്ചു