ഡോ, താൻ വീഡിയോ കോളിൽ വരോ. ഒന്ന് കണ്ടോട്ടെടോ. കുറെ ആയി തന്നെ ഒന്ന് കണ്ടിട്ട്…

മൗനനൊമ്പരം – രചന: സ്മിത

കല്യാൺ സെ തിരുവനന്തപുരം തക് ജാനെ വാലി കേരള എക്സ്പ്രസ്സ് പ്ലാറ്റ്ഫോം നമ്പർ 3 പർ ആനെ വാലി ഹൈ…

രാജീവ് ഭാര്യയെയും മക്കളെയും കൊണ്ട് മൂന്നാമത്തെ പ്ലാറ്റ്ഫോമിലേക്ക് നടന്നു. ആദ്യമായാണ് ഭാര്യയും കുട്ടികളും മാത്രമായി നാട്ടിലേക്ക് പോകുന്നത്. രാജീവ് അവരെ യാത്ര ആക്കാൻ വന്നതാണ്. ലഗ്ഗേജ് ഉം കുറച്ച് അധികം ഉണ്ട്.

രാധു…മക്കളെ ശ്രദ്ധിക്കണെ. സ്നാക്ക്സ് ഒക്കെ നിന്റെ കയ്യിൽ ഉണ്ടല്ലോ. വല്ലതും വാങ്ങണോ…?

വേണ്ട രാജീവേട്ട..എല്ലാം എന്റെ കയ്യിൽ ഉണ്ട്. ഞാൻ ശ്രദ്ധിക്കാം രണ്ടാളേം…അതാ ട്രെയിൻ എത്തി കഴിഞ്ഞു. രാജീവ് അവരെ അതിൽ കേറ്റി അതാത് സ്ഥലത്ത് ഇരുത്തി, ബാഗ് ഒക്കെ നന്നായി ലോക്ക് ചെയ്ത് വെച്ചു. പിന്നെ അവരോട് യാത്ര പറഞ്ഞു ഇറങ്ങി. അവർ പോകുന്നത് നോക്കി വിഷമത്തോടെ നിന്നു.

എല്ലാ വെക്കേഷനും എല്ലാരും ഒരുമിച്ചാണ് പോകാറ്. ഇപ്രാവശ്യം രാജീവിന്‌ ലീവ് കിട്ടിയില്ല. രാജീവ് അവിടെയൊരു പ്രൈവറ്റ് കമ്പനിയിൽ മാനേജർ ആയി ജോലി നോക്കുകയാണ്. രാധിക കുടുംബഭരണവുമായി പോകുന്നു. മകൻ ആറിലും മകൾ മൂന്നിലും പഠിക്കുന്നു.

രാജീവിന് ഭാര്യ, മക്കൾ എന്ന് വെച്ചാൽ ജീവനാണ്. പക്ഷേ രാധികയ്ക്ക്‌ ഒരു പരാതി ഉണ്ടാകും എപ്പോഴും രാജീവിനെ കുറിച്ച്. എന്താണെന്നല്ലെ…പുള്ളി റൊമാന്റിക് അല്ല. അത് തന്നെ കാരണം.

ഏതൊരു പെണ്ണും ആഗ്രഹിക്കും, ഒരു പനി അല്ലെങ്കിൽ എല്ലാ മാസവും വരാറുള്ള വയറുവേദന, അപ്പോഴെല്ലാം ചേർത്ത് പിടിച്ചൊരു ആശ്വാസവാക്ക്‌. കുസൃതി തരങ്ങളും ആയി തന്റെ പുറകെ നടക്കുന്ന ആൾ, പക്ഷേ…അങ്ങനെ ഒന്ന് അവളുടെ ജീവിതത്തിൽ നടന്നിട്ടില്ല.

വല്ലപ്പോഴും രാത്രിയിലെ ആ സ്നേഹ പ്രകടനങ്ങൾ, അതിനെ അവള് അങ്ങനെ കണ്ടതും ഇല്ല. പക്ഷേ ഒരു കാര്യത്തിൽ അവൾക്ക് രാജീവിനോട്‌ നല്ല മതിപ്പായിരുന്നു. അവൾക്ക് എല്ലാ വിധ സ്വാതന്ത്ര്യവും കൊടുത്തിരുന്നു. മക്കളുടെ കാര്യത്തിൽ ഒന്നിനും വിഷമിക്കേണ്ടതായി വന്നിട്ടില്ല അവൾക്ക്.

അത് മാത്രമല്ല, അവളുടെ അച്ഛനമ്മാരെ സ്വന്തം ആയി കരുതുന്ന ആളും കൂടി ആയിരുന്നു രാജീവ്. ഈ സന്തോഷങ്ങൾ ഒക്കെ ഉണ്ടെങ്കിലും അവൾക്ക് അവള് വിചാരിച്ച പോലെ ഒരു സ്നേഹം രാജീവ് നൽകിയിരുന്നില്ല.

രാജീവിന്റെയും രാധികയുടെയും കഥ പറഞ്ഞു പറഞ്ഞു ഞാൻ കഥയിൽ നിന്നും ഒന്ന് മാറി പോയി ലെ. പിന്നെ നിങ്ങൾക്ക് അറിയണ്ടേ അവരെ കുറിച്ച് കുറച്ചെങ്കിലും. അത് കൊണ്ടാണെ. ക്ഷമീര്..

പറയുംപോലെ ഞാൻ രാധികയുടെ വീട് എവിടെ ആണെന്ന് പറഞ്ഞില്ലല്ലോ മറന്നതാട്ടോ. വേറെ എവിടേം അല്ല, നമ്മുടെ കൊച്ചി തന്നെ. വേമ്പനാട്ട് കായലും കുറെ അമ്പലങ്ങളും ഷോപ്പിംഗ് നുമൊക്കെ പേര് കേട്ട നുമ്മടെ കൊച്ചി.

രാധികക്ക് ഒരു ചേച്ചിയും അനിയത്തിയും ആണ് ഉള്ളത്. അവർ രണ്ടാളും കൊച്ചിയിൽ തന്നെ ജോലി ചെയ്യുന്നു. നമ്മുടെ കഥാനായിക മാത്രം കുടുംബഭരണവും ആയി മുന്നോട്ട് പോകുന്നു. എറണാകുളം സൗത്തിൽ ഇറങ്ങുമ്പോൾ അച്ഛനും അമ്മയും കാത്ത് നിൽക്കുക ആയിരുന്നു അവരെ.

മക്കൾ രണ്ടാളും അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും അടുത്തേക്ക് ഓടി പോയി. രാദുവും അമ്മയും അവിടുന്ന് തന്നെ വിശേഷങ്ങൾ പറയാൻ തുടങ്ങിയിരുന്നു. അതേയ്, ബാക്കി വിശേഷങ്ങൾ വീട്ടിൽ പോയി സംസാരിക്കാം…വന്നെ രണ്ടാളും.

അത് കേട്ട് രണ്ടാളും ചിരിച്ചോണ്ട് നടന്നു കാറിന്റെ അടുത്തേക്ക്. വീട്ടിൽ എത്തുമ്പോൾ ചേച്ചിയും അനിയത്തിയും ഹാജർ ആയിരുന്നു. അത് എല്ലാ വർഷവും ഉള്ളതാണ്. രാധിക നാട്ടിലേക്ക് വരുമ്പോൾ അവരെല്ലാരും അന്ന് വീട്ടിൽ കൂടും. എല്ലാരും കൂടി നല്ല ബഹളം ആയിരിക്കും വീട്ടിൽ.

വീട്ടിലേക്ക് കേറുന്നതിന് മുമ്പ് രാധു വീട്ടിനു ചുറ്റും ഒരു റൗണ്ട് അടിച്ചു. വേറെ ഒന്നും അല്ല. അവൾക്ക് ഗർഡനിങ്ന്റ്‌ ഒരു ചെറിയ അസുഖം ഉണ്ട്. കഴിഞ്ഞ വർഷം അവള് കുറച്ച് പൂക്കൾ ഒക്കെ നട്ടിരുന്നു. അതൊക്കെ അമ്മയെ എൽപ്പിച്ചാണ് അവള് പോയത്. അതൊക്കെ നോക്കാൻ പോയതാണ്.

അപ്പോ അമ്മ വീട്ടിന്റെ ഉള്ളിൽ നിന്ന് വിളിച്ചു പറയുന്നുണ്ട്…നിന്റെ ചെടികളെല്ലം അങ്ങനെ തന്നെ ഉണ്ട്. ഞാൻ വെള്ളം നനച്ച് നോക്കിയിരുന്നു. എപ്പോ വന്നാലും രാദു എന്തെങ്കിലും കംപ്ലൈന്റ് ആയി വരും. അതുകൊണ്ട് മുൻകൂർ ജാമ്യം എടുത്തതാണ്. അമ്മ ആരാ മോൾ…ഹ ഹ ഹ.

നമ്മുടെ രാദു ഇനിയും വീട്ടിന്റെ ഉള്ളിൽ കേറിയിട്ടില്ല ട്ടോ. വീടിന്റെ ചുറ്റിനും ഉളളവർ മതിലിന്റ്‌ അപ്പുറത്ത് കാത്ത് നിൽക്കുന്നുണ്ട്. അവളോട് കത്തി വെക്കാൻ. എല്ലാവർക്കും അവളെ വലിയ കാര്യമാണ്. അവളുടെ സംസാരത്തിൽ എല്ലാവരും വീഴും.

കുട്ടിയിലെ ഉള്ള ഒരു സ്വഭാവം. വഴിയെ പോകുന്ന ആരെയും പിടിച്ച് നിർത്തി കത്തി വെക്കും. അവളുടെ വാചക കസർത്തിൽ പെട്ട്‌ അവർ എന്തിനാ ആ വഴി പോയത് എന്ന് കൂടെ മറക്കും. അത്രക്ക് പ്രിയങ്കരി ആണ് നമ്മുടെ നായിക.

ഇനി നമ്മുടെ രാജീവ് ഏട്ടനെ കുറിച്ച് പറയാം. ഇല്ലെങ്കിൽ പുള്ളി പിണങ്ങും. രാജിവ് ഏട്ടൻ ന്റ്‌ വീട് തൃശൂർ ആണ്. അവിടെ അമ്മയും രണ്ടു പെങ്ങന്മാരും അടങ്ങിയതാണ് അവരുടെ കുടുംബം. പെങ്ങന്മാരെ നല്ല നിലയിൽ കല്യാണം കഴിപ്പിച്ചു. അച്ഛൻ ഇല്ലാത്തത് കാരണം എല്ലാം രാജീവ് എട്ടനാണ് മുൻകൈ എടുത്ത് നടത്തിയത്.

അദ്ദേഹത്തിന്റെ അമ്മ, നമ്മുടെ രാധിക ആയി ചേരില്ല. അതുകൊണ്ട് അങ്ങോട്ട് പോകാൻ രാധികക്ക് നല്ല വിഷമം ആണ്. തൊട്ടതിനും പിടിച്ചതിനും ഒക്കെ കുറ്റപ്പെടുത്തൽ. അവർക്ക് അവരുടെ ആങ്ങളയുടെ മകളെ കൊണ്ട് രാജീവ് ഏട്ടനെ കെട്ടിക്കണം എന്നായിരുന്നു. പക്ഷേ രാജീവിന് ആ കുട്ടി ഒരു അനിയത്തിയെ പോലെ.

അത് അമ്മക്ക് മനസ്സിലാക്കി കൊടുത്തിട്ടും അമ്മ പിന്മാറിയില്ല. പിന്നെ രാധികയെ കണ്ടപ്പോ അവളെ തന്നെ മതി എന്ന് വാശിപിടിച്ചു കല്യാണവും കഴിച്ചു. അതിന്റെ ദേഷ്യം പാവം രാധികയോട് തീർക്കുകയാണ്. നമ്മുടെ രാധിക ദേഷ്യം വന്നാൽ പുലിയാണ്.

പക്ഷേ അവള് അമ്മായി അമ്മയോട് നല്ല രീതിയിൽ തന്നെ പിടിച്ച് നിന്നു. സ്നേഹത്തോടെ…എന്നിട്ടും വലിയ വ്യത്യാസം ഒന്നും ഉണ്ടായില്ല. പിന്നെ രാജീവന്റെ വീട്ടിൽ അധികം താമസിക്കേണ്ടി വന്നില്ല അവൾക്ക്. അവളും രാജീവിന്റെ കൂടെ ജോലി സ്ഥലത്തേക്ക് പോയി. അതുകൊണ്ട് വലിയ പ്രശ്നങ്ങൾ ഒന്നും ഉണ്ടായില്ല.

വല്ലപ്പോഴും കാണുമ്പോൾ സ്നേഹം നിലനിൽക്കും എന്നാണല്ലോ…അതുപോലെ വല്ലപ്പോഴും ലീവിന് വരുമ്പോൾ അമ്മ അവളോടു നന്നായി സംസാരിക്കാൻ തുടങ്ങി.

രാജീവ് രണ്ട് ദിവസം കഴിഞ്ഞാൽ വീട്ടിലെത്തും എന്ന് ഫോൺ വന്നു. നേരെ തൃശൂർ ഉള്ള വീട്ടിലേക്കാവും വരിക. അതുകൊണ്ട് അവള് കുട്ടികളുമായി രാജീവ് വരുന്നതിന് തലേ ദിവസം തന്നെ തൃശൂർക്ക് പോയി…രാജീവ് വന്നതിനു ശേഷം അവർ ബന്ധുക്കളുടെ വീട്ടിലും പോയി.

എല്ലാ വർഷവും പതിവാണ് ഈ സന്ദർശനം. അത് അവർ ഒരിക്കലും മുടക്കിയിട്ടില്ല. രാജീവിന് അത് നിർബന്ധം ആയിരുന്നു. ബന്ധുക്കളുമായി ഒരു അടുപ്പം എപ്പോഴും കാത്ത് സൂക്ഷിച്ചിരുന്നു. വെക്കേഷൻ കഴിഞ്ഞു മുംബൈ യിലേക്ക് തിരിച്ച് പോകാൻ ഉള്ള സമയമായി അവർക്ക്.

അതിനുള്ള ഒരു ചെറിയ ഷോപ്പിംഗ് ന്റ്‌ ഇടയിൽ ആണ് എറണാകുളത്ത് വെച്ച് ഒരാള് ‘രാധിക അല്ലേ’ എന്ന് ചോദിച്ച് വന്നത്. അവൾക്ക് ആളെ പെട്ടെന്ന് മനസ്സിലായില്ല. അയാള് അടുത്ത് വന്ന് സ്വയം പരിചയപെടുത്തി.

സ്കൂളിൽ കൂടെ പഠിച്ചിരുന്ന ആൾ. നജീബ്…എല്ലാരും നച്ചു എന്നാണ് വിളിക്കുക. പിന്നെ സ്കൂളിലെ വിശേഷങ്ങളും ഒക്കെ പറഞ്ഞു സമയം പോയതറിഞ്ഞില്ല. രാജീവിനോടും മക്കളോടും വളരെ പെട്ടെന്ന് കൂട്ടായി. നജീബ് അല്ലെങ്കിലും അങ്ങനെ ആണല്ലോ സ്വഭാവം എന്നോർത്തു അവള്. ആരുമായും പെട്ടെന്ന് അടുക്കും. അവർ അങ്ങനെ ഒരു ചായ ഒക്കെ കുടിച്ച് പിരിഞ്ഞു. ഫോൺ നമ്പർ ഒക്കെ വാങ്ങി രണ്ട് കൂട്ടരും.

വെക്കേഷൻ കഴിഞ്ഞു അവർ മുംബൈലേക്ക് തിരിച്ചു. അവിടെ എത്തി പഴയ പോലെ ജീവിതം തുടർന്നു. അവിടെയും രാദുന്‌ നിറയെ കൂട്ടുകാർ ഉണ്ടായിരുന്നു. ആരുമായും പെട്ടെന്ന് സൗഹൃദത്തിൽ ആകുന്ന സ്വഭാവം ആയിരുന്നു രാധുവിന്റെ.

അറിയാവുന്ന ഹിന്ദിയില് വെച്ചൊരു കാച് അങ്ങ് കാചും. ബാക്കി ഉള്ളൊരു ഫ്ലാറ്റ്. അങ്ങനെ ഒരു കുഞ്ഞ് ഗ്യങ്ങ് ഉണ്ടാക്കി എടുത്തു അവള് അവിടെ. അവരുടെ കൂടെ ഒരു ഔട്ടിങ് ഒക്കെ ഉണ്ടാകും ഇടക്ക്. പച്ചക്കറികാരന്റെ തുടങ്ങി ടെക്നീഷ്യൻ ന്റ്‌ ഫോൺ നമ്പർ വരെ അവളുടെ ഫോൺ ഇൽ ഉണ്ടാകും.

എന്ത് ആവശ്യത്തിനും അവള് വിളിച്ചാൽ അവർ അപ്പോ തന്നെ എത്തി പണി തീർത്ത് കൊടുക്കും. അങ്ങനെ എല്ലാരേയും ചാക്കിട്ട് പിടിച്ച് വെച്ചിരിക്കുകയാണ് നമ്മുടെ നായിക.

അങ്ങനെ ഇരിക്കുമ്പോൾ ആണ് ഒരു ഫോൺകോൾ വന്നത് രാധുവിന്. അത് നജീബ് ആയിരുന്നു. അവള് അവന്റെ കാര്യം മറന്നിരികുകയായിരുന്ന്.

ഹല്ലോ, ആരാണ് ന്നു മനസ്സിലായോ…?

പിന്നെ മനസ്സിലാകാതെ, നചു അല്ലേ, ഞാൻ അന്ന് തന്നെ നമ്പർ ഫോൺ ഇൽ സേവ് ചെയ്ത് ഇട്ടിരുന്നു…പിന്നെ എന്തൊക്കെ ഉണ്ടെടോ വിശേഷങ്ങൾ…മുംബൈ ലൈഫ് ഒക്കെ എങ്ങനെ പോകുന്നു…? അങ്ങനെ അവിടുന്ന് അവരുടെ ഫോൺകാളിലൂടെ ഉള്ള യാത്ര തുടങ്ങുകയായി.

നജീബ് മുഖേന കൂടെ പഠിച്ച ഒരുപാട് പേരുമായി രാധികക്ക് പരിചയം പുതുക്കാൻ സാധിച്ചു. സോഷ്യൽ മീഡിയയുടെ പൊന്നോമനകളായ ഫേസ്ബുക്കും വാട്ട്സ്ആപ്പ് ഉം ഉള്ളത് കൊണ്ട് എല്ലാരുമായും ഒരു നല്ല ബന്ധം പുലർത്താൻ കഴിഞ്ഞു രാധികക്ക്.

എന്നാലും നജീബ് ആയുള്ള ഫോൺകോൾ തുടർന്ന് കൊണ്ടേ ഇരുന്നു. പലപ്പോഴും നജീബ് ന്റ്‌ സംസാരം വേറെ വഴിക്ക് പോകുന്നുണ്ടെങ്കിലും രാധിക അത് മൈൻഡ് ചെയ്തില്ല. ഒരു പക്ഷെ അവളും അത് ആസ്വദിക്കൂന്നുണ്ടാകും. അവളുടെ ഭർത്താവിൽ നിന്നും ഇതുവരെ പറഞ്ഞുകേൾക്കാത്ത മധുരത്തിൽ പൊതിഞ്ഞ വാക്കുകൾ.

ഇതൊക്കെ തെറ്റാണ് എന്ന് അവൾക്ക് അറിയാം എന്നാലും അവളുടെ ഭാഷയിൽ പറഞ്ഞാല് ഒരു മനസുഖം. എന്തായാലും ഭർത്താവിൽ നിന്നും ഇതൊന്നും കിട്ടുന്നില്ല. എന്നാല് പിന്നെ എന്തിന് വേണ്ട ന്നു വെക്കണം.

രാധികയും സ്കൂളിലെ കുറച്ച് സഹപാഠികളും ചേർന്ന് ഒരു വാട്ട്സ്ആപ് ഗ്രൂപ്പ് തുടങ്ങി. ഒരു അഞ്ചു ആറ് പേരുള്ള ഒരു ഗ്രൂപ്പ്. അവർ ഒക്കെ അവളുമായി കൂടുതൽ അടുപ്പം ഉളളവർ ആയിരുന്നു. ആദ്യം ഒക്കെ വളരെ ഭംഗി ആയി പോയി ഗ്രൂപ്പ്. ഇടക്ക് ഗ്രൂപ്പിൽ അടിയും തുടങ്ങി. അത് പിന്നെ മിക്ക സ്കൂൾ ഗ്രൂപ്പിലും ഉണ്ടാകുമല്ലോ അടി ബഹളം.

പണ്ടത്തെ കുട്ടികൾ അല്ലല്ലോ, ഇന്നത്തെ ആളുകൾ. എല്ലാവരും മാറി. പലരുടെയും പല സ്വഭാവം. ഗ്രൂപ്പിൽ രാധികയും നജീബും ആയി സ്വരചേർച്ച ഇല്ലായ്മ പലപ്പോഴും അവർ തമ്മിൽ ഇടക്കിടക്കുള്ള വഴക്കിന്‌ കാരണം ആയി. എന്നാലും പലപ്പോഴും ആ വഴക്ക് ഒന്ന് രണ്ട് ആഴ്ചകൾക്ക് ശേഷം രമ്യതയിൽ എത്തുമായിരുന്നു.

ഇടക്ക് രാധിക നാട്ടിൽ വരുമ്പോൾ അവർ പരസ്പരം പല ഇടത്തും വെച്ച് കാണുമായിരുന്നു. പക്ഷേ കൂടെ ഫാമിലി ഉണ്ടാകും അവരുടെ. നജീബ് ന്റ്‌ ഭാര്യ യുമായി രാധിക നല്ല കൂട്ടായി. അതുകൊണ്ട് രാധിക ഇടക്ക് നജീബ് ന്റ്‌ വീട്ടിലും പോകുമായിരുന്നു. പക്ഷേ കൂടെ രാധികയുടെ മക്കളും ഉണ്ടാകും.

രാധിക അവളുടെ ഫാമിലിയെ വിട്ട് ഒരു കളിക്കും നിന്നിരുന്നില്ല. അങ്ങനെ ഇരിക്കെ, അച്ഛന് അസുഖങ്ങൾ വർദ്ധിക്കാൻ തുടങ്ങിയപ്പോൾ രാധിക നാട്ടിൽ സ്ഥിരതാമസം ആയി. സഹോദരങ്ങൾ ജോലിക്കാർ ആയത് കൊണ്ട് അച്ഛന്റെയും അമ്മയുടെയും കാര്യങ്ങള് ശ്രദ്ധിക്കാൻ അവർക്ക് കഴിയാതെ ആയി. അങ്ങനെ രാധികക്ക് നാട്ടിൽ വരേണ്ടതായി വന്നു.

മക്കൾ നാട്ടിലെ സ്കൂളിൽ പോയി തുടങ്ങി. രാജീവ് ലീവ് കിട്ടുമ്പോൾ നാട്ടിൽ വന്ന് പോകും. നജീബ് ആ സമയത്ത് രാധികയുമായി വഴക്കിട്ട് നിൽക്കുന്ന സമയം. അവർക്ക് വഴക്കിടാൻ പ്രത്യേകിച്ച് കാരണങ്ങൾ ഒന്നും തന്നെ വേണ്ട.

ഇത്തവണ രാധികക്ക് നാട്ടിൽ വന്ന ശേഷം അവൻ കാണിച്ച അകൽച്ച ആയിരുന്നു കാരണം. അവള് പ്രതീക്ഷിച്ചിരുന്നത്, നാട്ടിൽ കുട്ടികളും അച്ഛനമ്മാരും ഒക്കെ ആയി തനിയെ കഴിയുമ്പോൾ ഒരു സഹായം അത് അവനിൽ നിന്നും കിട്ടുമെന്ന്. പക്ഷേ അതുണ്ടായില്ല.

പലപ്പോഴും അവൾക്ക് ഒറ്റക്ക് ഫേസ് ചെയ്യേണ്ടി വന്നു കാര്യങ്ങള്. അവളുടെ ഭർത്താവ് നാട്ടിൽ ഉണ്ടായിരുന്നില്ലല്ലോ. കുട്ടികളുടെ സ്കൂളിലെ അഡ്മിഷൻ മറ്റും ഒറ്റക്ക് അവൾക്ക് ഏറ്റെടുക്കേണ്ടി വന്നു. ഇങ്ങനെ ഉള്ള കാരണങ്ങളാൽ നജീബ് ആയി അവള് സംസാരം കുറച്ചു.

രാധിക രാവിലത്തെ പണി ഒക്കെ കഴിഞ്ഞു ഫോണിൽ കുത്തി കൊണ്ടിരിക്കുകയായിരുന്നു. ഹായ്…മെസഞ്ചർ ഇല് വന്നു കിടക്കുന്ന മെസ്സേജ് കണ്ട് രാധിക ഒന്ന് അമ്പരന്നു.

സച്ചു ഏട്ടന്റെ മെസ്സേജ് ആണല്ലോ…അവളും തിരിച്ച് ഒരു മെസ്സേജ് വിട്ടു. സച്ചിദാനന്ദൻ എന്ന സചൂ, രാധികയുടെ ഒരു അകന്ന ബന്ധത്തിലെ അമ്മാവൻറെ മകൻ ആയി വരും.

ഒരിക്കൽ അവളെ ഇഷ്ടപ്പെട്ട് കല്യാണ ആലോചനയുമായി പോയിരുന്നു അവളുടെ വീട്ടിൽ. പക്ഷേ അച്ഛനും അമ്മക്കും താൽപര്യം ഉണ്ടായിരുന്നില്ല. അങ്ങേർക്ക് ആണെങ്കിൽ അവളോട് മുടിഞ്ഞ പ്രേമവും. എന്നാല് നമ്മുടെ നായിക ആണെങ്കിൽ അതൊന്നും അറിഞ്ഞിരുന്നില്ല.

ആദ്യത്തെ പരിചയപ്പെടൽ ഒക്കെ കഴിഞ്ഞപ്പോ അവർ നല്ല കൂട്ടുകാർ ആയി.

അങ്ങനെ ഒരിക്കെ സചു, രാധികക്ക് ഒരു മെസ്സേജ് ഇട്ടു. ഡോ, താൻ അറിഞ്ഞിരുന്നൊ ഞാൻ തന്നെ പെണ്ണ് ചോദിച്ച് വന്നത്. തന്നോടുള്ള പ്രണയം കലശലായപ്പോൾ, മറ്റാരെങ്കിലും തന്നെ കൊത്തി കൊണ്ട് പോകുന്നതിന് മുമ്പ് ചോദിച്ചു തന്നെ എനിക്ക് തന്നേക്കമോ എന്ന്…

പക്ഷേ തന്റെ അച്ഛനും അമ്മയും സമ്മതിച്ചില്ല ഡോ. അന്ന് ഞാൻ ഒരുപാട് വിഷമിച്ചു. തന്നെ കിട്ടാനുള്ള ഭാഗ്യം എനിക്കില്ല. അത് രാജീവിന് ആണ് കിട്ടിയത്….

അതൊക്കെ ഞാൻ അറിഞ്ഞിരുന്നു സച്ചുവേട്ടാ. ഇയാൾ ടെ ഖൽബ് ഒന്ന് എന്നോട് തുറന്ന് കാണിക്കയിരുന്നില്ലെ. ഞാൻ എന്റെ പിതാശ്രീയെ പറഞ്ഞു സമ്മതിപ്പിക്കുമായിരുന്നല്ലോ. എല്ലാം കളഞ്ഞ് ഇപ്പോ വന്നു മോങ്ങുന്ന്. കഷ്ടം മാഷേ….

ഞാൻ പിന്നെ തന്റെ കോളജിലും വന്നിരുന്നു തന്നെ കാണാൻ…ആ സമയത്ത് ഒക്കെ നല്ല ഉച്ചസ്ഥയിലായിരുന്നു എന്റെ പ്രണയം…

എന്നിട്ടെന്തേ എന്നോട് പറഞ്ഞില്ല…? മനസ്സിൽ വെച്ച് ഇരുന്നാൽ ഞാൻ എങ്ങനെ അറിയാനാ…

അതിനെന്താ പെണ്ണേ, ഇപ്പോ എന്റെ കയ്യിൽ കിട്ടിയല്ലോ. നുമ്മക്കു പൊളിക്കാടോ…

ഉവ്വ, ഇമ്മിണി പുളിക്കും മാഷേ, ഈ വയസ്സാംകാലത്തല്ലെ പ്രേമിക്കാൻ പോണെ. വേറെപണി ഇല്ല…

ഡോ, താൻ വീഡിയോ കോൾ വരോ. ഒന്ന് കണ്ടോട്ടെടോ. കുറെ ആയി തന്നെ ഒന്ന് കണ്ടിട്ട്…പറഞ്ഞതും വീഡിയോ കോളിംഗ് വന്നു കഴിഞ്ഞു.

ആദ്യമായത് കൊണ്ട് അവള് ആകെ പരിഭ്രമിച്ചു. നജീബ് ആയി വീഡിയോ കോൾ ഒന്നും ചെയ്തിരുന്നില്ല. ചാറ്റിംഗ് മാത്രം. അതോണ്ട് അവൾക്ക് കോൾ എടുക്കാൻ ഒരു പേടി തോന്നി. അവള് അത് കട്ട് ചെയ്തു. പക്ഷേ വീണ്ടും വിളിച്ചു. പിന്നെ ധൈര്യസമേതം അവള് ഫോൺ എടുത്തു.

അയാള് അവളെ തന്നെ നോക്കി കുറച്ച് നേരം ഇരുന്നു. അവൾക്ക് ആണെങ്കിൽ ഒരു നാണം ഒക്കെ തോന്നി തുടങ്ങി.

ഡോ താൻ എന്ത് സുന്ദരി ആണെടോ. തന്നെ കാണുമ്പോൾ എനിക്ക് എന്തൊക്കെയോ തോനുന്നു…

രാധികക്ക് പിന്നെ അധികം ആ കോൾ തുടർന്ന് കൊണ്ട് പോകാൻ ധൈര്യം ഉണ്ടായില്ല. അവള് എന്തെല്ലാമോ പറഞ്ഞ് കോൾ കട്ട് ചെയ്തു. പിന്നെയും വീഡിയോ കാളുകൾ ഇടക്ക് തുടർന്നു.

അമേരിക്കയിലെ ഒരു കമ്പനിയില്‌ അക്കൗണ്ട്സ് ഇൽ ആണ് സച്ചു ജോലി ചെയ്യുന്നത്. അതുകൊണ്ട് തന്നെ ചാറ്റിംഗ് ന് ഒന്നും സമയം കിട്ടിയിരുന്നില്ല. കിട്ടിയ സമയം വീഡിയോ കോൾ ചെയ്യുമായിരുന്നു. പക്ഷേ അവള് വീഡിയോ കോൾ മിക്കപ്പോഴും എടുക്കാറില്ല. അവള് പറയും ചാറ്റിംഗ് ആണ് നല്ലത്.

ചില സമയത്ത് മനസ്സ് പിടി വിട്ട് പോകുന്നത് അവള് അറിയുന്നുണ്ടായിരുന്നു. അതുകൊണ്ട് ചാറ്റിംഗ് മതി ന്നു തീരുമാനിച്ചു. അങ്ങനെ അവർ സമയം കിട്ടുമ്പോൾ ചാറ്റ് ചെയ്യുമായിരുന്നു.

ഒരു ദിവസം രാവിലെ രാധിക മുറ്റം അടിച്ച് വാരുമ്പോൾ ഒരു ബെൻസ് കാർ ഗേറ്റിന്റെ മുമ്പിൽ വന്ന് നിന്നു. ആരാണാവോ നുമ്മടെ വീട്ടിൽ ബെൻസ് ലൊക്കെ വരാൻ…അവള് ചൂൽ ഒക്കെ മാറ്റി വെച്ച് പോയി നോക്കുമ്പോൾ സചു ഒരു കള്ള ചിരിയുമായി കാറിൽ നിന്നും ഇറങ്ങി വരുന്നു. അവള് ആകെ അന്തിച്ചു…

ഇയാള് എന്താടോ ഇവിടെ….?

ഞാൻ എന്റെ അമ്മാവനെ കാണാൻ വന്നതാ…ഇതും പറഞ്ഞു ആൾ നേരെ വീട്ടിലേക്ക് നടന്നു…

ഓ, അപ്പോ നുമ്മളെ ഒന്നും കാണണ്ട, ദേ ഇപ്പ ശരിയാക്കി തരാട്ട…എന്ന് മനസ്സിൽ വിചാരിച്ചു ഒരു ചിരി അങ്ങ് ചിരിച്ചു, സച്ചുവിനെ നോക്കി.

ഈശ്വരാ, ആ ചിരി അത്ര പന്തി അല്ലല്ലോ, ഇന്ന് എന്റെ കാര്യം പോക്കാ…വിം ഇട്ട ഒരു ചായ പ്രതീക്ഷിക്കാം….സചു വേഗം അമ്മാവനോട് സംസാരിച്ച് അടുക്കളയിലേക്ക് നടന്നു.

ഭാഗ്യം അമ്മായി ഇല്ലാത്തത്. കുട്ടികളും ഇല്ല. അവളുടെ പിണക്കം തീർത്തിട്ടെ ഉള്ളൂ…ഈ സമയം രാധിക വേഗം ചായ എടുത്ത് വന്നിരുന്നു. പിന്നെ അവർ വീടിന്റെ മുൻവശത്ത് ഇരുന്നു കത്തി വെക്കൽ ആയിരുന്നു. സചു, പിന്നെ പിണക്കം മാറ്റാൻ മിടുക്കൻ ആയിരുന്നു. അവന്റെ സംസാരത്തിൽ രാധിക മൂക്കും കുത്തി വീഴും.

രാധികയുടെ കൈ സചു പോകുന്ന വരെ അവന്റെ കയ്യുകൾക്കുള്ളിൽ തന്നെ ആയിരുന്നു. ഇറങ്ങാൻ നേരം അവൻ കാറിൽ ഇരുന്നു കൈ നീട്ടി. അവള് കൈ കാണിച്ചപ്പോ അവന്റെ ചുണ്ടുകൾ അവളുടെ കയ്യിൽ അമർന്നിരുന്നു. അവള് ഉടനെ കൈ വലിച്ചു. സചു അപ്പോ അവളെ നോക്കി കണ്ണിറുക്കി കാണിച്ചു.

അവളുടെ കവിളുകൾ നാണത്താൽ ചുവന്നു തുടുത്തു. പിന്നീട് അവള് ഒരു മായലോകത്ത് പെട്ടപോലെ ആയിപ്പോയി. അവളുടെ ചുറ്റും പല നിറത്തിൽ ഉള്ള തുമ്പികൾ വട്ടമിട്ട് പറക്കുന്നുണ്ടായിരുന്നു. മനസ്സിന് ഇഷ്ടമുള്ള സംഗീതം എങ്ങും അല അടിക്കുന്നുണ്ടായുരുന്നു. അവള് ആ ലഹരിയിൽ മുങ്ങി താഴുകയായിരുന്നു.

അവള് ഓർത്തു ഒരു പതിനേഴ് വയസ്സ് ഉള്ള കുട്ടികളുടെ മനസ്സ് പോലെ അവളുടെ മനസ്സ് പ്രണയത്തിന്റെ മാസ്മരികതയിൽ പെട്ടു പോകുകയാണല്ലോ എന്ന്. പിന്നീട് അവരുടെ പ്രണയത്തിന്റെ നാളുകൾ ആയിരുന്നു.

ഫോൺ ചെയ്തില്ലെങ്കിൽ അവള് സചുവിനോട് വഴക്കിടുമായിരുന്നു. പക്ഷേ സചു ആ വഴക്ക് നല്ല രീതിയിൽ പരിഹരിക്കും. പിന്നെയും അവർ പ്രണയിക്കും. അവൾക്ക് സചു ഒരു പ്രണയിതാവു മാത്രമല്ല, ഒരു ചേട്ടൻ, ഉപദേഷ്ടാവ് പിന്നെ അവളുടെ കട്ട ചങ്ക്‌. അവർ പരസ്പരം വിളിക്കുന്നത് തന്നെ ‘ചങ്കേ ‘ എന്നാണ്.

അവൾക്ക് അയാളോട് എന്തും പറയാം. എന്തും ചോദിക്കാം. അങ്ങനെ ഉള്ള ഒരു ബോണ്ട് ആയിരുന്നു രണ്ടാളുടെയും ഇടയിൽ. ഏകദേശം ഒരേ സ്വഭാവ വിശേഷങ്ങൾ ഉളളവർ.

രാജീവ് നാട്ടിൽ ഉള്ളപ്പൊ അവർ തമ്മിൽ മെസ്സേജ് ഒന്നും ഉണ്ടായിരുന്നില്ല. അവള് സച്ചുവിനേ നേരത്തെ വിളിച്ച് പറയുമായിരുന്നു. രാജീവ് ഏട്ടൻ ഉളളപ്പോ ചാറ്റും കോൾസ് ഉം ഒന്നും വേണ്ട. പുള്ളി തിരിച്ച് പോകുമ്പോൾ ഞാൻ മെസ്സേജ് ഇടാം.

പല നാൾ കള്ളൻ ഒരു നാൾ പിടിക്കപ്പെടും എന്നാണല്ലോ. ആ ഒരു പേടി രാധികക്ക് എപ്പോഴും ഉണ്ടായിരുന്നു മനസ്സിൽ. അതുകൊണ്ട് അവള് ആയി ഒരു സാഹചര്യവും സൃഷ്ടിച്ചില്ല. ദിവസങ്ങളും മാസങ്ങളും പോകേ അവൾക്ക് കുറ്റബോധം തോന്നി തുടങ്ങി.

രാജീവ് അവളോടുള്ള സമീപനം പഴയത് പോലെ തന്നെ ആണ്. എന്നാലും രാജീവ് ഏട്ടനെ പറ്റിക്കുകയാണല്ലോ എന്ന തിരിച്ചറിവ് അവളെ മദിച്ചു കൊണ്ടിരുന്നു. മക്കൾ രണ്ടാളും വളർന്നു വരുന്നു. തന്നെ പറ്റി മോശം ആയി വല്ലതും അവർ അറിഞ്ഞാൽ അവർക്ക് അത് താങ്ങാൻ കഴിയില്ല.

അങ്ങനെ അവള് ഒരു തീരുമാനം എടുത്തു. ഇനി നജീബ് ആയാലും സചു എട്ടനായാലും ശരി…സൗഹൃദം മാത്രം മതി. അവള് ഉടനെ സച്ചുവിന് മെസ്സേജ് ഇട്ടു…

സച്ചുവേട്ട, നമ്മുടെ ഇടയിൽ ഇനി സൗഹൃദം മാത്രം മതി ട്ടോ. നമ്മുടെ ജീവിത പങ്കാളികളെ കബളിപ്പിച്ച് നമുക്ക് ഒരു ജീവിതം വേണ്ട. മക്കൾ ഒക്കെ വലുതായി. അവരുടെ മുമ്പിൽ തല കുനിച്ച് നിൽക്കുക എന്നാല് അത് ഏറ്റവും മോശമായ കാര്യം ആണ്. ഇനി വയ്യ എനിക്ക് ഇത് പോലെ രാജീവ് ഏട്ടനെ പറ്റിക്കാൻ. എന്നെ മനസ്സിലാക്കാൻ കഴിയും എന്ന് കരുതുന്നു.

മെസ്സേജ് ചെയ്തു കഴിഞ്ഞു അവള് മറുപടി പ്രതീക്ഷിച്ച് അക്ഷമയായി ഇരുന്നു. ആ ദിവസം പുള്ളിടെ മെസ്സേജ് ഒന്നും വന്നില്ല. അടുത്ത ദിവസം സചുവിൻെറ മെസ്സേജ് വന്നു…

എന്റെ ചങ്കെ, താൻ ഇങ്ങനെ ടെൻഷൻ ആകാതെ ഡോ. താൻ പറഞ്ഞത് തന്നെ ആണ് ശരി. ഒന്നുമില്ലെങ്കിലും വളർന്നു വരുന്ന നമ്മുടെ കുട്ടികളെ എങ്കിലും ഓർക്കണ്ടെ നമ്മൾ. ഇനി മുതൽ താൻ എന്റെ കട്ട ചങ്ക് ആയിരിക്കും. ഇനി വേറെ തരത്തിലൂടെ തന്നെ കാണില്ല. തനിക്ക് എന്ത് വിഷമം ഉണ്ടെങ്കിലും എന്നോട് അത് പങ്ക് വെക്കാം. ഞാൻ തന്റെ ഒരു നല്ല സുഹൃത്ത് ആയിരിക്കും എപ്പോഴും. പക്ഷേ അടുത്ത ജന്മം എന്നുണ്ടെങ്കിൽ താൻ എന്റേത് മാത്രം ആയിരിക്കും.

മെസ്സേജ് വായിച്ച് രാധികയുടെ മനസ്സ് നിറഞ്ഞു. കൺ പീലികൾ നനയിച്ച് കൊണ്ട് കണ്ണുനീർ പുറത്തോട്ടോഴുകി. അവൾക്ക് ഒരു നല്ല സുഹൃത്തിനെ കിട്ടിയ സന്തോഷം ആയിരുന്നു. സചു പിന്നീട് തന്റെ വാക്ക് പാലിച്ചു. സൗഹൃദപരമായ സംസാരം മാത്രമേ അവർ തമ്മിൽ ഉണ്ടായുള്ളൂ.

നജീബ് ആയി രാധിക പിന്നെ വലിയ ഒരു അടുപ്പം വെച്ചില്ല. ഒരു സഹപാഠി എന്ന നിലയിൽ അവനോട് ഒരു ബന്ധം കാത്ത് സൂക്ഷിച്ചു.

നല്ല ഒരു കുടുംബ ജീവിതത്തിനു പങ്കാളിയുടെ സ്വഭാവം ആയി ഒത്തു പോകാം എന്ന് തീരുമാനിച്ചു. എത്രയായാലും ജീവിതാവസാനം വരെ കൂടെ അവരെ കാണുകയുള്ളൂ. ബാക്കി എല്ലാവരും ജീവിത യാത്രയിലെ ഓരോ കഥാപാത്രങ്ങൾ.

( തുപോലെ ഉള്ള രാധികമാർ നമ്മുടെ നാട്ടിൽ ഇപ്പോ കുറച്ച് കൂടുതൽ ആണ്. ഇതിന് ഒരു പരിധി വരെ ഭർത്താക്കന്മാർ കാരണമാകാറുണ്ട്. കല്യാണം കഴിഞ്ഞുള്ള ആദ്യ വർഷങ്ങളിൽ കാണുന്ന സ്നേഹം ചിലപ്പോ കുട്ടികൾ ആയി കഴിയുമ്പോൾ കാണാറില്ല.

അതിനു അവർക്ക് കാരണങ്ങളും ഉണ്ടാകും. ജോലിയുടെ ടെൻഷൻ, കുട്ടികളുടെ ഭാവിയെ പറ്റിയുള്ള ചിന്ത, അവരുടെ തുടർ വിദ്യാഭ്യാസം ഇന്നത്തെ കാലത്ത് നല്ല ചിലവേറിയ ഒന്നാണ്. അതിനു ആദ്യമേ കരുതണം എന്തെങ്കിലും. അതിനും പുറമെ വീട്ടിലെ മുതിർന്നവരുടെ ആരോഗ്യ പ്രശ്നങ്ങൾ. ഇങ്ങനെ ഒരു നൂറ് കൂട്ടം കാരണങ്ങൾ അവർക്ക് നിരത്താൻ ഉണ്ടാകും.

അങ്ങനെ ഉള്ളപ്പോൾ ഭാര്യയെ സ്നേഹിച്ച് നടക്കുക എന്നത് നടക്കുന്ന കാര്യം അല്ല. അല്ലെങ്കിലും അവർക്ക് വേണ്ടി അല്ലേ ഞങൾ ജീവിക്കുന്നത് തന്നെ. ഇങ്ങനെ ഉള്ള ഒരായിരം കാര്യങ്ങൾ അവർക്ക് പറയാൻ ഉണ്ടാകും. പക്ഷേ ഈ ഭാര്യ എന്ന് പറയുന്നവൾക്ക്‌ ഒരു ഹൃദയം ഉണ്ട് എന്ന കാര്യം പലപ്പോഴും ഭർത്താക്കന്മാർ മറന്നു പോകുന്നു.

വയസ്സ് കൂടുന്തോറും മനസ്സിലെ പ്രണയം കുറയില്ല. മനസ്സ് പ്രണയിക്കാൻ കൊതിച്ചു കൊണ്ടിരിക്കും. സ്നേഹത്തോടെ ഉള്ള സംസാരവും, നീ വല്ലതും കഴിച്ചോ, ഇന്നേന്താ മുഖത്തിന് ഒരു വാട്ടം. സുഖം ഇല്ലെ’ ഇങ്ങനെ ഉള്ള ചോദ്യങ്ങൾ അവരും പ്രതീക്ഷിക്കും. കിടപ്പറയിലെ സ്നേഹ പ്രകടനങ്ങൾ മാത്രം അല്ല അവർ ആഗ്രഹിക്കുക. അല്ലാതെയും സ്നേഹിക്കാം അവരെ. അവർ അത് പ്രതീക്ഷിക്കുന്നുണ്ട്.

പിന്നെ, ഒരു വിഷമം എന്താണ് വെച്ചാൽ കുട്ടികൾ വീട്ടിൽ ഉള്ളപ്പോ എങ്ങനെയാ ഭാര്യയോട് സ്നേഹത്തോടെ ഒക്കെ പെരുമാറുക എന്നാണ്. അത് ശരിയല്ല, അവരും കാണട്ടെ, അച്ഛൻ അമ്മയോട് കാണിക്കുന്ന സ്നേഹം. അല്ലെങ്കിൽ അമ്മ അച്ഛനോട് കാണിക്കുന്ന സ്നേഹം. അവർ അത് കണ്ട് വളരട്ടെ. അത് അവർക്ക് ഒരു ജീവിതം ആകുമ്പോൾ നിങ്ങളെ സന്തോഷത്തോടെ തന്നെ പിന്തുടരും. ഭാര്യ ഭർതൃ ബന്ധത്തിൽ പ്രണയം ഇല്ലാതെ ഇരിക്കുമ്പോൾ ആണ് ഇതുപോലെ രാധികമാര് ഉണ്ടാകുന്നത്.

നമ്മൾ ഇപ്പോ കേൾക്കുന്ന വാർത്തകളിൽ, ഒരു നിമിഷത്തേക്ക് പിടി വിട്ട് പോകുന്ന മനസ്സുകളുടെ പരിണിത ഫലം ആണ്. കുട്ടികളെ ഉപേക്ഷിച്ച് വീട് വിട്ട് ഇറങ്ങി പോകുന്ന അമ്മമാർ. വരുംവരായ്‌ക അവർ ആലോചിക്കുന്നില്ല. അവരുടെ മനസ്സിൽ കാമുകനോട് ഉള്ള അഗാധ പ്രേമംമാത്രം ആണ്. ഭർത്താവിൽ നിന്നും കിട്ടാത്ത പ്രണയം. അവർ അതിൽ മുങ്ങി താണ് പോകുന്നു.

അവരുടെ ചുറ്റും വേറെ ഒന്നുമില്ല. അവർ വേറെ ഒന്നും കാണുന്നുമില്ല. തേൻ പുരട്ടിയ വാക്കുകൾ മാത്രം. അവരോടൊത്ത് ഉള്ള ജീവിതം മാത്രം. അവരെ കണ്ണടച്ച് വിശ്വസിക്കുന്നു. പിന്നീടുള്ള അവരുടെ ജീവിതം കാമുകൻ കയ്യൊഴിഞ്ഞു കുടുംബക്കാരും കയ്യൊഴിഞ്ഞു അനാഥമായി തീരുന്നു. ഇതിനൊക്കെ ഒരു മുഖ്യ പങ്ക് വഹിക്കുന്നത് നമ്മുടെ സാമൂഹ്യ മാധ്യമങ്ങൾ തന്നെ.

വാട്ട്സ്ആപ്പ് മെസഞ്ചർ എന്നിങ്ങനെ ഉള്ള മാധ്യമങ്ങൾ, ഏത് നാട്ടുകാരെയും പരിചയപ്പെടാം സംസാരിക്കാം. പലരും ഇങ്ങനെ പരിചയപ്പെടുന്ന വരുമായി ആണ് ഒളിച്ചോടുന്നത്. പരസ്പരം കാണാത്തവർ.

നമ്മുടെ അച്ഛനമ്മമാരുടെ കാലത്തും ഭാര്യ ഭർതൃ ബന്ധത്തിൽ പ്രണയം ചിലപപോൾ ഇങ്ങനെ ഒക്കെ തന്നെ ആയിരിക്കും. പരസ്പരം സ്നേഹിക്കാൻ മറന്നു പോയവർ. ഭാര്യമാർ കുട്ടികളെയും നോക്കി വീട്ടിൽ ഇരിക്കും. ഭർത്താക്കന്മാർ കുടുംബം എങ്ങനെ നല്ല രീതിയിൽ കൊണ്ട് പോകാം എന്ന ചിന്തയിലും. അവർ വാർദ്ധക്യ കാലത്തേക്ക് കാലെടുത്ത് വെക്കുന്നു. പക്ഷേ സമൂഹ മാധ്യമങ്ങൾ ഇല്ലാതിരുന്നത് കൊണ്ട് ഇതുപോലെ ഉള്ള വാർത്തകൾ കേൾക്കേണ്ടി വന്നു കാണില്ല.

പ്രണയം അത് മനസ്സിൽ സൂക്ഷിക്കാൻ ഉള്ളത് അല്ല, അത് പ്രകടിപ്പിക്കാൻ ഉള്ളതാണ്. അതുകൊണ്ട് പരസ്പരം സ്നേഹിച്ച് ജീവിതം സന്തോഷ പ്രദം ആക്കുക.

മാധവിക്കുട്ടി പറഞ്ഞ പോലെ…”പ്രകടമാക്കാത്ത സ്നേഹം നിരര്‍ത്ഥകമാണ്. പിശുക്കന്‍റെ ക്ലാവ് പിടിച്ച
നാണ്യശേഖരം പോലെ ഉപയോഗശൂന്യവും…”)