അമ്പടാ പോളിമറുകളേ…ആളൊരു നിസാരക്കാരനല്ല

ഭൂമിയിൽ മാത്രമല്ല ബഹിരാകാശത്തും രസതന്ത്രം കുതിച്ച് എത്തിക്കഴിഞ്ഞു.

റോക്കറ്റിൻ്റെയും ഉപഗ്രഹങ്ങളുടെയും ഒക്കെ പല ഭാഗങ്ങളും പ്രത്യേകതരം പോളിമറുകൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. അവയിലൊന്നാണ് പോളിമർ പശകൾ.

വിക്ഷേപണ വാഹനങ്ങളിലും ഉപഗ്രഹങ്ങളിലും ഉള്ള പല ഘടകങ്ങളും കൂട്ടിയോജിപ്പിക്കുന്നതിന് വെൽഡിങും മറ്റും പലപ്പോഴും പ്രായോഗികമാകാറില്ല. അങ്ങനെയുള്ള അവസരങ്ങളിലാണ് പോളിമർ പശകൾ രക്ഷയ്ക്ക് എത്തുന്നത്.

കൊടും ശൈത്യത്തെയും കൊടും ചൂടിനെയും ഈ പോളിമർ പശകൾ കൂളായി പ്രതിരോധിക്കും. കൊടുംതണുപ്പിനെ ചെറുക്കുന്ന പോളിമർ ആണ് പോളി ടെട്രാ ഹൈഡ്രോഫ്യൂറാൻ. ഉയർന്ന ചൂടിൽ ഉപയോഗിക്കുന്ന പശകൾക്ക് ഉദാഹരണങ്ങളാണ് പോളി ഇമൈയ്ഡ്, ഫീനോളിക് – ട്രയാസിൻ എന്നിവ.

പോളി ഇമൈയ്ഡ് കൊടുംതണുപ്പും ഉയർന്ന ചൂടും ഒരുപോലെ പ്രതിരോധിക്കും. വിക്ഷേപണ വാഹനത്തിൻറെ പുറംചട്ടയെ സംരക്ഷിക്കാനും പോളിമറുകളുടെ സഹായമുണ്ട്. താപചാലകത ശേഷിയും ധാരാളം ചൂട് ഉൾക്കൊള്ളാൻ കഴിവുള്ള പോളിമർ – സിറാമിക് മിശ്രിതമാണ് ഇതിൻറെ നിർമാണത്തിന് ഉപയോഗിക്കാറ്.

ബഹിരാകാശ യാത്രക്കാർ ധരിക്കുന്ന പ്രത്യേകതരം സ്യൂട്ടുകൾ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാവും. ഇവയും പലതരം പോളിമറുകൾ ചേർത്താണ് ഉണ്ടാക്കിയിരിക്കുന്നത്. മാറിമാറിവരുന്ന ചൂടും തണുപ്പും ചെറുക്കാൻ യാത്രികരെ ഈ സ്യൂട്ട് സഹായിക്കുന്നു.

ഉപഗ്രഹങ്ങളുടെ പലഭാഗങ്ങളും നിർമ്മിക്കുന്നതിന് പോളിമർ കോമ്പോസിറ്റുകൾ ഉപയോഗിക്കുന്നു. പലതരം നാരുകൾ കൊണ്ട് ബലപ്പെടുത്തിയ പോളിമറുകൾ ആണ് പോളിമർ കോമ്പോസിറ്റുകൾ.

ഉപഗ്രഹത്തിലെ സോളാർപാനലുകൾ, ആൻ്റിനകൾ എന്നിവയിലെല്ലാം പോളിമറുകൾ പ്രവർത്തിക്കുന്നുണ്ട്. റോക്കറ്റുകളിലെ ഇന്ധനം തയ്യാറാക്കുമ്പോഴും പോളിമർ ഉപയോഗിക്കാറുണ്ട്. ഇതിന് ഉദാഹരണമാണ് പോളിബ്യൂട്ടാഡയീൻ.

റോക്കറ്റുകളുടെ ഖര ഇന്ധനത്തിൽ പലപ്പോഴും പോളിബ്യൂട്ടാഡയീൻ ഒരു ഭാഗമാണ്. റോക്കറ്റിൻ്റെ എൻജിൻ ഉണ്ടാക്കുന്നിടത്തും ഉരുക്കിന് പകരമായി ചില പോളിമറുകൾ ഉപയോഗിക്കുന്നു.