കല്ല്യ – ഭാഗം II – രചന: AJAY ADITH
ആദ്യ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ
ഉള്ളിൽ ഭയം തോന്നിയെങ്കിലും തിരിഞ്ഞുനോക്കാതെ ഇരുന്നില്ല. ചുറ്റിലും മാറ്റങ്ങൾ ഒന്നുമില്ല പ്രകൃതി പഴയത് പോലെ തന്നെ. എനിക്ക് തോന്നിയതാകുമോ…?
ഏയ്…അല്ല ശബ്‌ദം കേട്ടതാണ്. ചുറ്റിലും ഒന്നുകൂടെ കണ്ണോടിച്ചു ഒന്നുമില്ലെന്ന് ഉറപ്പ് വരുത്തി. തിരിച്ചു പോരാൻ തുനിയവേ ചെമ്പകപൂക്കളുടെ ഒരു മത്തുപിടിപ്പിക്കുന്ന മണം എന്നെ വരിഞ്ഞു മുറുക്കി. ഇത് എന്താ ഈ മണം ഇങ്ങനെ…?
നേരത്തെ ആ പൂവ് ഞാൻ മണത്തുനോക്കിയപ്പോൾ ഗന്ധമൊന്നും തോന്നിയില്ലല്ലോ. ഇനി അതും എന്റെ തോന്നലായിരുന്നോ എന്നറിയാൻ ഒന്നുകൂടി താഴെകിടന്ന മഞ്ഞചെമ്പകം ഒന്നുകൂടെ മണത്തു നോക്കി. തോന്നലല്ല ഈ പൂവിനു മണമില്ല. തെല്ലു ആശങ്കയോടുകൂടി തന്നെ…ആരോ എന്റെ അരികിൽ ഉണ്ടെന്ന് ഞാൻ അറിഞ്ഞു.
പോകാൻ തുനിഞ്ഞ ഞാൻ വീണ്ടും ആ ചെമ്പക തറയിൽ ഇരുന്നു. ആ പൂവിനെ ഒന്നുകൂടെ കയ്യിലെടുത്തു തലോടി കൊണ്ട് ചോദിച്ചു…
ആരാ ഈ പൂവിന്റെ ഗന്ധം മുഴുവൻ കട്ടെടുത്ത ആ കള്ളി…? വിരോധം ഇല്ലാച്ചാ ഒന്നെന്റെ മുന്നിലേക്ക് വരൂ…
ഭയം എന്ന വികാരം ആദ്യം കേട്ട ശബ്ദത്തിൽ തന്നെ എന്നെ വിട്ടകന്നിരുന്നു. പിന്നീട് ഒരു കൗതുകത്തോടെയാണ് ഞാൻ അവളെ തേടിയത്. ഉണ്ടെന്ന് കേട്ടറിവുള്ള ഒരു അമാനുഷിക ശക്തിയെ ആദ്യമായി നേരിൽ കാണാൻ പോകുന്നതിന്റെ ഒരു കൗതുകം എന്നിൽ ആകാംഷകൂട്ടി. മറുപടി കിട്ടാൻ കാത്തിരിന്നു. കിട്ടിയില്ല…
എന്നാപ്പിനെ ഞാൻ പോകാ….കാണാൻ തോന്നുമ്പോ വാ…ഞാൻ ഇവിടെ ഒക്കെ തന്നെ കാണും എന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു വീണ്ടും എഴുന്നേൽക്കാൻ തുനിഞ്ഞതും ആ മനം മയക്കുന്ന ഗന്ധം ചെവിയുടെ പീറകിലൂടെ എന്നെ വീണ്ടും പൊതിഞ്ഞു.
ഞാൻ ഇവിടെ നിന്റെ അരികിൽ തന്നെയുണ്ട് അനന്താ…
ഒരു കൃഷ്ണപക്ഷിയുടെ സ്വരം എന്നെ വീണ്ടും സ്പർശിച്ചു. മാലോകർ മുഴുവൻ ഭയത്തോടെ പറയുന്ന പ്രേതാത്മാവിന് ഈ പാവം മനുഷ്യന്റെ മുൻപിൽ വരാൻ ഭയമോ….ഞാനും വിട്ടുകൊടുത്തില്ല.
ഭയന്നിട്ടല്ല…ഇതു വരെ എന്നെ ആരും കാണണം എന്ന് പറഞ്ഞിട്ടില്ല. കാണാൻ എനിക്ക് ഒരു രൂപം ഇപ്പോൾ സ്വീകരിച്ചിട്ടുമില്ല…
ഒരു രൂപം സ്വീകരിച്ചിരുന്നു എങ്കിൽ അടിയന് ഒന്ന് ദർശ്ശിക്കാമായിരുന്നു.
നിനക്ക് എന്നെ ഏത് രൂപത്തിലാണ് കാണേണ്ടത്…?
നീ ജീവിച്ചിരുന്നപ്പോൾ ഏറ്റവും സന്തോഷം അനുഭവിച്ച നിമിഷത്തിലെ രൂപത്തിൽ കണ്ടാൽ മതി.
മുത്തുമണികൾ താഴെവീണപോലെ ഒരു ചിരി എന്നെ വലം വച്ചു. വീണ്ടും കൽപടവിൽ അലയടിക്കുന്ന വെള്ളത്തിന്റെ ഇരമ്പൽ മാത്രം.
അല്ല പോയോ…
ഞാൻ എവിടെയും പോയില്ലലോ ഞാൻ നിന്റെ അരികിൽ ഇല്ലേ…
വിടരാൻ കാത്തുനിന്ന മന്ദാരം പോലെ ശാലീന സൗന്ദര്യത്തിന്റെ മൂർത്തിമത്ത് ഭാവവുമായ് ഒരു താരകം ആ ചെമ്പകമരത്തെയും ചാരി സ്വർണ കസവ് ചിത്രം രചിച്ച സാരിയിൽ കാർകൂന്തലുകളെ തലോടി അവൾ എന്നെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു.
ആദ്യകാഴ്ചയിൽ തന്നെ എന്റെ മനസിലെ മരവിച്ച സൗന്ദര്യാസ്വാദനത്തെ തള്ളി മാറ്റിക്കൊണ്ട് എന്റെ ഉള്ളിൽ അവളുടെ മോഹനരൂപം ആയിരം പൊൻ താമരകൾ വിരിയിച്ചു. അവളുടെ സൗന്ദര്യം ആസ്വദിക്കാൻ ഒരു കണ്ണുകൾകൂടി എനിക്ക് ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാനാശിച്ചു. സർവ്വം മറന്ന ഞാൻ അവളുടെ മോഹനരൂപത്തെ തൊഴുകയ്യുകളോടെ വണങ്ങി നിന്നു.
എന്തേ…എന്റെ കുട്ടിയുടെ കണ്ണ് വല്ലാതെ തിളങ്ങുന്നു…?
നിന്റെ സൗന്ദര്യത്തിന്റെ പ്രകാശം എന്റെ കണ്ണിൽ പ്രതിഫലിച്ചതാണ്…യന്ത്രികമായിരുന്നു എന്റെ മറുപടി.
അവളുടെ വാലിട്ടക്കണ്ണുകളിൽ സന്തോഷത്തിന്റെ പുഞ്ചിരി വിടർന്നു. കേട്ടു തഴമ്പിച്ച കഥകളിലെ രൂപവുമായി താരതമ്യം ചെയ്തപ്പോൾ എന്റെ മുന്നിലിരിക്കുന്നത് ഒരു പ്രേതം ആണെന്ന് വിശ്വസിക്കാൻ ഞാൻ നന്നേ പാടുപെട്ടിരുന്നു. അവൾ മന്ദാരപ്പൂവായിരുന്നു.
നീ ആരാണ്….? അവളിരുന്ന ചെമ്പകത്തറയിൽ തെല്ലു മടിച്ചിരുന്നുകൊണ്ട് ഞാൻ ചോദിച്ചു.
ഞാൻ…. !!! നിന്നെപ്പോലെ ഞാനും ഒരുകാലത്ത് ഈ ഭൂമിയിൽ ഉണ്ടായിരുന്നു. ഇപ്പോളും ഞാനിവിടെ ഉണ്ട് നിന്നെപ്പോലെ അല്ല എന്ന് മാത്രം.
നീ ഒരു യക്ഷിയാണെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല.
അതിന് ഉണ്ണിയോട് ആരാ പറഞ്ഞെ ഞാൻ യക്ഷിയാണെന്ന്…? ഞാൻ ഒരു ആത്മാവല്ലേ…
രണ്ടും ഒന്നല്ലേ…?
അല്ല…രണ്ടും രണ്ടാണ്. ഞാൻ ആരെയും ഉപദ്രവിക്കാൻ അല്ല ഇവിടെ വസിക്കുന്നത്. ശാന്തി കിട്ടാതെയുള്ള അലച്ചിലിൽ സന്തോഷം തരുന്ന ഒന്ന് ഇവിടെ എനിക്ക് ഉണ്ട്. അതിലാണെന്റെ ശാന്തി എന്ന് കരുതി ആരെയും ഉപദ്രവിക്കാതെ ഞാൻ ഇവിടെ കഴിയുന്നു.
അപ്പോൾ എന്തിനാണ് ഞാൻ ഇവിടേക്ക് വരുന്നെന്നു പറഞ്ഞപ്പോൾ നന്ദു ഭയന്നത് എന്ന് ഞാൻ ഉള്ളിൽ ചിന്തിച്ചു. ഇവിടെ ഇങ്ങനെ ഒരു ആൾ ഉള്ളതായി അവർക്ക് അറിയുമായിരുന്നോ…? തുടങ്ങിയ ചോദ്യങ്ങൾ ഞാൻ സ്വയം ചോദിച്ചുകൊണ്ടിരിക്കവേ അവൾ എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ടിരുന്നു.
എന്തിനാ ചിരിക്കുന്നേ…?
നിന്റെ ഉത്തരമില്ലാത്ത ചിന്തയെ കുറിച്ചോർത്ത് ചിരിച്ചതാണ്…
എങ്കിൽ ഉത്തരം അറിയുന്ന ആൾ എനിക്കുള്ള ഉത്തരം തരൂ…
കുറച്ചു കാലങ്ങളായി ഈ ഭാഗത്തേക്ക് ആണുങ്ങൾ വരാറില്ല. ഞാൻ അവരെ ഇങ്ങോട്ട് അടുപ്പിക്കാറില്ല.
അതെന്താ…?
അവരുടെ സംസാരങ്ങളും പ്രവർത്തികളും എനിക്ക് കേൾക്കാൻ അറപ്പുള്ളതായിരുന്നു. എന്നിലെ സ്ത്രീത്വം പോലും അത് കേട്ടാൽ കളങ്കം ആകുമെന്ന് തോന്നിപ്പോയി. കേട്ട് കേട്ട് സ്വയം വെറുത്തപ്പോൾ എന്നാൽ കഴിയും വിധം അവരെ ഞാൻ ഭയപ്പെടുത്താൻ ശ്രമിച്ചു. അതോടു കൂടി ഇത് യക്ഷിക്കാവാണെന്നും മുദ്രകുത്തി ആരും ഇങ്ങോട്ട് വരാതെയായി.
നീ എന്തിനാണ് ഇങ്ങനെ അലഞ്ഞുനടക്കുന്നത്…?
എന്റെ ആത്മശാന്തിക്കായി ആരും ഒന്നും എനിക്ക് ചെയ്തില്ല. ഈ നിൽക്കുന്ന ചെമ്പകമരം എന്റെ പ്രാണനാഥനാണ്. ഇതിനടിയിലാണ് അദ്ദേഹത്തെ അടക്കിയത്. ശാന്തിലഭിക്കാതെ അലഞ്ഞുതിരിഞ്ഞ ഞാൻ ഒടുവിൽ എന്റെ ജീവന്റെ പതിയുടെ ശരീരം ഊറ്റിയെടുത്ത് വളർന്ന ഈ മരത്തിൽ അഭയം പ്രാപിച്ചു.
അപ്പോഴേക്കും അവളുടെ മുഖംപ്രസാദം അസ്തമിച്ചിരുന്നു. മിഴികളിൽ എവിടെയോ നീർമണിയെത്തി അവൾ തണ്ടെറുത്തൊരു താമരയായി. ഞാൻ സങ്കടത്തിലാഴ്ത്തി അല്ലേ…? ഇല്ല…!!!ഓർമ്മകൾ ഒരിക്കൽ കൂടി എന്നെ തഴുകാൻ ന്റെ കുട്ടി സഹായിച്ചു.
എങ്കിൽ ആ ഓർമ്മകൾ ഓർത്തെടുത്തു പങ്കുവെക്കാമോ…? ഓർക്കാൻ ഞാൻ അതൊന്നും മറന്നിട്ടില്ല…എങ്കിലും പറഞ്ഞു തരാം.
ഞാൻ എന്റെ മുത്തശ്ശിയുടെ മടിയിൽ കിടന്നാണ് കഥകേട്ടിരുന്നത്. അവളുടെ കണ്ണൊന്നു തിളങ്ങി. ഒരു ചിരി…മടിയിൽ കിടന്ന എന്റെ മുഖത്തേക്ക് അവളുടെ കാർകൂന്തൽ വന്നു വീണു. ആ മരത്തിലെ മുഴുവൻ പൂവിന്റെ സുഗന്ധവും അവളുടെ മുടിക്കെട്ടിൽ അവൾ ഒളിപ്പിച്ചു വച്ചിരിക്കുകയായിരുന്നു.
ആ മുടിയിഴകളെ മാറ്റി ഞാൻ അവളെ നോക്കി. അവളുടെ മുഖത്ത് ഒരു അമ്മയുടെ വാത്സല്യം നിറഞ്ഞു നിന്നിരുന്നു. ഒരു ദീർഘ നിശ്വാസം എടുത്തുകൊണ്ട് അവൾ കഥ പറഞ്ഞു തുടങ്ങി…
ആദ്യമായി അദ്ദേഹത്തെ നേരിൽ കാണുന്നത് ക്ഷേത്രത്തിലേക്ക് പൂക്കൾ ശേഖരിക്കാൻ പോയപ്പോഴാണ്. അന്നൊക്കെ എല്ലാദിവസവും ഞാൻ ക്ഷേത്രത്തിൽ പോകുമായിരുന്നു. മലഞ്ചെരുവിൽ മരച്ചോട്ടിൽ ഇരുന്ന് കവിതകൾ ചൊല്ലുന്ന ഒരാൾ.
അദ്ദേഹത്തിന്റെ സ്വരമാധുര്യത്തിൽ അറിയാതെ ഞാൻ ലയിച്ചു നിന്നുപോയി. എന്നെ കണ്ടതും അദ്ദേഹം കവിത അവസാനിപ്പിച്ച് വേഗം ഓടി മാറി. അന്ന് മുതൽ എവിടെ തിരിഞ്ഞാലും അദ്ദേഹത്തിന്റെ മുഖമായിരുന്നു ഉള്ളിൽ.
അദ്ദേത്തെ വീണ്ടും വീണ്ടും കാണാൻ…ആ കവിത ഒന്നുകൂടെ കേൾക്കാൻ…മനസ് വല്ലാതെ കൊതിച്ചിരുന്നു. പിന്നീട് അദ്ദേത്തെ ഞാൻ കണ്ടിരുന്നില്ല എങ്കിലും ആ മലഞ്ചെരുവിൽ പോകുമ്പോളെല്ലാം ഞാൻ ആ മുഖം ഓർത്തിരുന്നു.
അങ്ങനെയിരിക്കെ പിന്നീട് ഒരുനാൾ അവിചാരിതമായി വഴിയാത്രയിൽ ആ മുഖം ഞാൻ പിന്നെയും കണ്ടു. പാടവരമ്പിലെ ഒറ്റവരി പാതയിലൂടെ എനിക്ക് നേരെ നടന്നു വരുന്നു. ആദ്യ നോട്ടത്തിൽ തന്നെ കണ്ണുകൾ തമ്മിലറിഞ്ഞു. തൊട്ടടുത്ത് എത്തിയപ്പോഴത്തെ ആ ഞെട്ടൽ എനിക്ക് ഇന്നും ഓർമയുണ്ട്.
കയ്യും കാലും എല്ലാം വിറച്ച് അടുത്തുകൂടെ നടന്നപ്പോൾ ഉണ്ടായ നെഞ്ചിടിപ്പ് എല്ലാം…അവളുടെ കഥ പറച്ചിലിൽ ഞാൻ ലയിച്ചു പുഞ്ചിരിച്ചിരുന്നു. അങ്ങനെയിരിക്കെ അവിചാരിതമായി കണ്ടിരുന്ന മുഖം ഞാൻ ഇടക്ക് ഇടക്ക് കാണാൻ തുടങ്ങി. പിന്നെ ആ കാഴ്ച ഒരു പതിവായി. അപരിചിതർ ആയവരുടെ അപരിചിതത്വം ഒരു ചിരി ഇല്ലാതാക്കി.
ചിരി സംസാരങ്ങൾക്ക് തുടക്കമിട്ടു. കാലം അതിനെ പ്രണയമാക്കി ഞങ്ങൾക്ക് സമ്മാനിച്ചു. പിന്നെ ഞങ്ങൾ പ്രണയത്തിൽ ലയിക്കുക ആയിരുന്നു. ഒരു മനസും രണ്ട് ശരീരവും ആയി ഞങ്ങൾ മാറി. ഇടവഴികളിലും കുളക്കടവിലും മരചോട്ടിലുമെല്ലാം ഞങ്ങളുടെ പ്രണയം തളിരിട്ടു.
എന്റെ അരികിൽ വരുമ്പോഴെല്ലാം ഓരോരോ കവിതകൾ എനിക്ക് അദ്ദേഹം ചൊല്ലിത്തരുമായിരുന്നു. ആ വരികളിലൂടെയെല്ലാം ഞങ്ങൾ പ്രണയിക്കുകയായിരുന്നു. ഇന്ന് നീ പാടിയപ്പോൾ എനിക്ക് അദ്ദേഹം ചൊല്ലുന്ന ഓർമ്മയായിരുന്നു.
അനന്തൻകുട്ടിയുടെയും അദ്ദേഹത്തിന്റെയും ശബ്ദങ്ങൾ തമ്മിൽ നല്ല സാമ്യം ഉണ്ട് അവൾ പുഞ്ചിരിച്ചു പറഞ്ഞു…എന്നിട്ടെന്തുണ്ടായി…? തെല്ല് ആകാംഷയോടെ ഞാൻ ചോദിച്ചു. അദ്ദേഹത്തിന് രണ്ട് ജേഷ്ഠൻമാരായിരുന്നു. ഒരാൾ ഉഗ്രകോപിയും ഒരാൾ ശുദ്ധനും.
ഒരുനാൾ വഴിയരികിലെ ഞങ്ങളുടെ സംസാരം അദ്ദേഹത്തിന്റെ ജേഷ്ഠൻ നേരിട്ട് കണ്ടു. ഉഗ്രകോപി ആയിരുന്ന ജേഷ്ഠൻ അദ്ദേഹത്തെ വലിച്ചിഴച്ചു അവിടെ നിന്നും കൊണ്ടുപോയി. വൈകാതെ തന്നെ എന്റെ വീട്ടിലും കാര്യങ്ങൾ അറിഞ്ഞു. വീട്ടിലെ ആളൊഴിഞ്ഞ മുറിയിൽ അവശയായി ഞാൻ കിടന്നു.
ഒരു പാതിരാത്രിയിൽ എന്നെയും തേടി അദ്ദേഹം അവരുടെ ബന്ധനത്തിൽ നിന്ന് മോചിതനായി അവിടെയെത്തി. ആരുമറിയാതെ എന്നെ അവിടെ നിന്നും കടത്തികൊണ്ട് പോന്നു. പക്ഷെ രക്ഷപ്പെട്ടു എന്ന് കരുതിയ ഞങ്ങൾക്ക് തെറ്റി. അദ്ദേഹത്തെ തേടി എന്റെ വീട്ടിലേക്ക് വന്ന അദ്ദേഹത്തിന്റെ ജേഷ്ഠൻ എന്റെ വീട്ടുകാരെ കാര്യങ്ങൾ അറിയിച്ചു.
ഞാനും അവിടെ ഇല്ല എന്ന് മനസ്സിലാക്കിയ അവർ ഞങ്ങളെ സംഘം ചേർന്ന് തിരഞ്ഞു പിന്നാലെയെത്തി. മലയാറിന്റെ തീരത്ത് വച്ച് ഞങ്ങളെ അവർ കണ്ടു. പ്രാണരക്ഷാർത്ഥം ഓടിയ എന്റെ കാൽ വഴുതി അടിവാരത്തിലേക്ക് വീണു. കൂടെ എന്റെ…..
അപ്പോഴേക്കും അവളുടെ കണ്ണിൽ ഒരു കണ്ണീർ ചാലുകീറി എന്റെ മുഖത്തേക്ക് ഇറ്റിറ്റു വീണിരുന്നു. അടങ്ങാത്ത നഷ്ട പ്രണയത്തിൽ അവൾ ഏന്തി ഏന്തി മിഴിനീർ വാർത്ത് അവളുടെ പ്രാണന്റെ പതിയുടെ നെഞ്ചിൽ തലചായ്ച്ചിരുന്നു.
മരണശേഷം ശാന്തി കിട്ടാതെ അലയുമ്പോൾ പോലും തന്റെ പ്രണയമാണ് സർവ്വം എന്ന് വിശ്വസിച്ചു അതിൽ ശാന്തി കണ്ടെത്തി, അവരെ ബഹുമാനത്തോടെ അല്ലാതെ എനിക്ക് നോക്കാൻ കഴിഞ്ഞിരുന്നില്ല.
പ്രണയം എന്ന പേരിൽ പേക്കൂത്ത് കാണിച്ചു നടക്കുന്ന കമിതാക്കളോട് ഇതാണ് പ്രണയം എന്ന് ഉറക്കെ വിളിച്ചുപറയണം എന്നു എനിക്ക് തോന്നി.
പ്രണയത്തിന്റെ ശക്തി മനസിലാക്കിതന്ന ആ സ്ത്രീരത്നത്തിന്റെ കാലുകളിൽ മനസുകൊണ്ട് സാഷ്ടാംഗം വീണുകൊണ്ട് ഒരു പിഞ്ചുകുഞ്ഞിനെ പോലെ ഞാൻ അവരുടെ കണ്ണീർ കൈത്തടംകൊണ്ട് തുടച്ചുമാറ്റി. ഓർമകളിൽ നിന്ന് വിമുക്തയാവാൻ അവർ അങ്ങനെ തന്നെ ആ മരത്തിൽ തല ചായ്ച്ചിരുന്നു.
അപ്പോഴും എന്റെ ഉള്ളിൽ ഉത്തരം കിട്ടാതെ കുറച്ചു ചോദ്യങ്ങൾ ഉടലെടുത്തുകൊണ്ടിരുന്നു…പുരുഷന്മാരെ അടുപ്പിക്കാത്ത ഇവർ എന്തിനാണ് എന്നെ അടുപ്പിച്ചത്…? എനിക്ക് വേണ്ടി ഒരു രൂപം സ്വീകരിച്ചത് എന്തിനാണ്…? എല്ലാം ഇവർ എന്നോട് പറഞ്ഞത് എന്തിനാണ്…? തുടങ്ങിയ ചോദ്യങ്ങൾ ഉള്ളിൽ അലയടിച്ചുകൊണ്ടിരിക്കുന്നു.
ഇരുൾ മൂടിയ ആകാശം പോലെ ഞാൻ സംശയ ദൃഷ്ടി അവൾക്ക് നേരെ തൊടുത്തതും അവൾ പുഞ്ചിരിച്ചു…
എന്റെ പ്രാണന്റെ ചോരയെ തടയാൻ എനിക്ക് തോന്നിയില്ല…
തെല്ലും ഭാവഭേദമില്ലാതെ അവർ പറഞ്ഞു…അവളിൽ കാത്തിരുന്ന പ്രതികാര സാക്ഷാത്ക്കാര ഭാവം പ്രതീക്ഷിച്ച് ഒരു ഞെട്ടലോടെയാണ് ഞാൻ അവളെ നോക്കിയത്.
അവരുടെ കണ്ണിൽ പക്ഷെ ഞാൻ കണ്ടത് ഒരു അമ്മയുടെ വാത്സല്യമായിരുന്നു. ഇല്ല കുട്ട്യേ…നീ ഞങ്ങളുടെ കൂടിയ…നിന്നെ എന്നല്ല ആ ഇല്ലത്തെ ആരെയും ദ്രോഹിക്കാൻ ഞാൻ ചിന്തിച്ചിട്ടില്ല…
എങ്കിലും അവിടത്തെ ദുരിതങ്ങൾക്ക് കാരണം ഞങ്ങളുടെ ശാപം ആണെന്ന് പഴമക്കാർ വിശ്വസിച്ചു. സത്യത്തിൽ അത് അവരവരുടെ കർമ്മഫലങ്ങൾ ആയിരുന്നു. എന്റെ ജീവിതം ഇങ്ങനെ ആയത് അപ്പോൾ ആരുടെ കർമ്മഫലമാണ്..?
ക്ഷമിക്കൂ ഉണ്ണ്യേ….നിന്റെ പണം കണ്ട് വന്നവളെ നിന്നിൽ നിന്ന് അകറ്റാൻ മാത്രമേ എനിക്ക് അന്ന് കഴിഞ്ഞൊള്ളു…നിനക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വച്ചവളെ കാണിച്ചുതരാൻ എനിക്ക് കഴിഞ്ഞീല….
മുത്തശ്ശി ഇത് എന്തൊക്കെയാ ഈ പറയുന്നത്. എനിക്ക് ഒന്നും മനസിലാവുന്നില്ല…ആശങ്കയിൽ നിന്നുകൊണ്ടാണ് ഞാൻ ചോദിച്ചത് എങ്കിലും മുത്തശ്ശി എന്ന എന്റെ വിളി മുത്തശ്ശിയെ വല്ലാതെ സന്തോഷിപ്പിച്ചിരുന്നു.
അതെ കുഞ്ഞേ നിന്റെ ആദ്യ പ്രണയം നിന്റെ നാശത്തിനായി വന്നതായിരുന്നു. അവളെ നിന്നിൽ നിന്ന് അകറ്റാൻ എനിക്ക് കഴിഞ്ഞു അന്ന്…പക്ഷെ, ഓർമ്മവച്ച നാൾ മുതൽ നിന്നെ സ്നേഹിച്ച പെണ്ണിനെ നിനക്ക് കാണിച്ചുതരാൻ എനിക്ക് കഴിയുന്നതിനു മുന്പേ നീ ഈ നാട്ടിൽ നിന്ന് പോയിരുന്നു.
അതാരാണ് ഞാൻ അറിയാതെ എന്നെ സ്നേഹിക്കുന്ന ആ പെൺകുട്ടി…ആകാംഷ എന്നിൽ ഒരു നിമിഷംകൊണ്ട് ഇടം പിടിച്ചിരുന്നു.
ഓർമ്മവെച്ചനാൾ മുതൽ നിന്റെ മുന്നിൽ നടന്നിരുന്ന നിന്റെ മുറപ്പെണ്ണിന്റെ കണ്ണിലെ പ്രണയം വിധി എന്തിനോ നിന്റെ കണ്ണിൽ നിന്ന് മറച്ചു വച്ചു. അവൾ നിന്നെ മനസുകൊണ്ട് എന്നേ വരിച്ചു കഴിഞ്ഞിരിക്കുന്നു…
എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല…നന്ദു…എനിക്ക് വേണ്ടി…ഇത്രയും നാൾ കാത്തിരിക്കായിരുന്നെന്നോ….
അതെ കുഞ്ഞേ….എല്ലാത്തിനും സാക്ഷിയായ് ഈ ഞാനിവിടെ ഉണ്ടായിരുന്നു. അവളുടെ നെടുമംഗല്യാ ദോഷമായിരുന്നു, ഒരുതരത്തിൽ പറഞ്ഞാൽ നിന്റെ അജ്ഞ്യാതവാസം. അതും ഒരുതരത്തിൽ നിന്റെ മരണമായിരുന്നല്ലോ…അവൾ എന്നെ മനസാൽ വരിചതിന്റെ വക അല്ലേ..ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
അവൾക്ക് നിന്നോടുള്ള പ്രണയം അറിയണമെങ്കിൽ നീ വീട്ടിലേക്ക് ചെല്ലൂ ആ ഉമ്മറപ്പടിയിൽ കാത്തുനിൽപ്പുണ്ടവൾ. ഒരിക്കലും ഒരു പെണ്ണിനി എന്റെ ജീവിതത്തിൽ ഉണ്ടാവില്ല എന്ന് കരുതിയ എന്നിൽ എന്തൊക്കെയോ മാറ്റങ്ങൾ വന്നുതുടങ്ങി.
വരണ്ടുണങ്ങിയ മനസ്സിൽ തെളിനീരുറവപൊട്ടി. വീട്ടിലേക്ക് പോകാൻ മനസ് വല്ലാതെ കൊതിച്ചു. നീ വീട്ടിലേക്ക് ചെല്ല് അവർ നിന്നെയും കാത്തവിടെ ഇരിക്കുകയാണ്. എനിക്കും എന്റെ പ്രിയതമനിൽ അണയാൻ സമയമായി.
എന്റെ മനസ് മനസിലാക്കി എന്നോണം അവർ പറഞ്ഞു. നടന്നകലാൻ നേരം എനിക്ക് ഒരു പുഞ്ചിരി നൽകി. വീണ്ടും കാണാം എന്ന എന്റെ വാക്കിന് മറുപടി കിട്ടിയിരുന്നില്ല.
കുറച്ചു നടന്നു തിരിഞ്ഞു നോക്കിയ എനിക്ക്യായ് ആ ചെമ്പകമരം മാത്രമേ അവിടെ കാത്തിരിപ്പുണ്ടായിരുന്നൊള്ളു. എങ്കിലും മതിലകം വരെ എനിക്ക് ആ ചെമ്പകപ്പൂവിന്റെ മണം അറിയാൻ കഴിഞ്ഞിരുന്നു.
പടിപ്പുര കടന്നപ്പോൾ തന്നെ എന്നെയും കാത്തിരിക്കുന്ന നന്ദുവിനെ ഞാൻ കണ്ടു. നടന്നടുക്കും തോറും അവളിൽ ഭയം ഞാൻ കണ്ടു. ചവിട്ടുപടിയിൽ വെച്ചിരുന്ന കിണ്ടിയിൽ കാൽ കഴുകി ഞാൻ ഉമ്മറത്തേക്ക് കയറി.
എവിടെ ആയിരുന്നു അനന്ദേട്ടാ ഇത്രയും നേരം…? ഏട്ടനെ കാണാതെ നെഞ്ചിൽ തീയായിരുന്നു. അവിടെ ഇത്രയും നേരം ഒന്നും ഇരിക്കാൻ പാടില്ല. യക്ഷിയുടെ ഉപദ്രവം ഉണ്ട്. അനന്തേട്ടൻ എന്താ വരാൻ ഇത്രയും വൈകിയത് അവൾ ഒറ്റശാസത്തിൽ…
എന്റെ നന്ദുട്ടിയുടെ പ്രാർത്ഥന കൂടെ ഉള്ളപ്പോൾ നിന്റെ അനന്തേട്ടനെ ഒരു യക്ഷിയും ഒന്നും ചെയ്യില്ല…എന്നിലെ മാറ്റം എന്താണെന്നറിയാതെ നിന്ന അവളിൽ നിന്നും ഞാൻ അകത്തേക്ക് നടന്നു.
വാതിലിനരികിൽ ചെന്ന് തിരിഞ്ഞുനോക്കിയ എന്നെയും തേടി ഉമ്മറത്തെ ഞാറ്റുലവിളക്കിലെ നെയ്ത്തിരിക്കും മരതൂണിനും ഇടയിലൂടെ…പറയാനറിയാത്ത ഭാവവുമായ് അവൾ. ആ നെയ്തിരിക്കുപിന്നിലെ അവളുടെ മുഖത്തിന് ശോഭയേറി.
അകത്തളത്തിൽ നാമം ചൊല്ലലിൽ മുഴുകിയ മുത്തശ്ശിയുടെ കാലിൽ തഴുകി മുറിയിലേക്കു നടന്ന എന്നെ മുത്തശിയുടെ വിളിയാണ് തടഞ്ഞു നിർത്തിയത്.
ഉണ്ണി അവളെ കണ്ടു അല്ലേ…?
മുത്തശ്ശിക്ക് അപ്പോ എല്ലാം അറിയാമായിരുന്നല്ലേ…
ഉവ്വ്…ഉണ്ണി അവളുടെ ആത്മാവിന് ശാന്തി കിട്ടണം. അത് നിന്റെ കടമയാണ്…നീ തന്നെയാണ് അത് ചെയ്യേണ്ടതും…
മറുപടി കേൾക്കുന്നതിന് മുന്ന് തന്നെ മുത്തശ്ശി നാമജപത്തിലേക്ക് തിരിഞ്ഞിരുന്നു. കഥയെന്തെന്ന് അറിയാതെ നന്ദു വാതിലിനരികെ…
മുറിയിൽ എത്തിയ ഞാൻ ജനലിലൂടെ ഒറ്റക്ക് ആടിയുലയുന്ന ആ ചെമ്പക മരത്തെ നോക്കി നിന്നു.
ഹേയ് പേര് ചോദിക്കാൻ മറന്നു…ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ട് ഞാൻ കട്ടിലിൽ പോയി കിടന്നു. കണ്ണുകൾ മയങ്ങാൻ തുടങ്ങിയപ്പോൾ എന്നിലെ രോമങ്ങളെ രോമങ്ങളെ മുഴുവൻ ഒറ്റയടിക്ക് ഉയർത്തെഴുനേൽപ്പിച്ച് കൊണ്ട് ആ ചെമ്പകപൂവിന്റെ മണം എന്നെ വീണ്ടും വരിഞ്ഞു മുറുക്കി.
കൃഷ്ണപക്ഷിയുടെ ശബ്ദത്തിൽ എന്റെ ചെവിയിൽ ആ പേര് മുഴങ്ങി…
കല്ല്യ……
*** ശുഭം ***