കല്ല്യ – ഭാഗം I – രചന: AJAY ADITH
ആശയങ്ങൾ മരവിച്ചപ്പോഴാണ് എന്റെ അമ്മയുടെ നാടായ കല്ലിയംകാവിലേക്ക് പോകാനിറങ്ങിയത്.
പത്ത് വർഷത്തെ നഗരജീവിതം നാടിനെ ഓർമകളാക്കിയിരിക്കുന്നു. പ്രണയിനി മനസ്സിൽ സ്വർഗാരോഹണം നടത്തിയനാൾ മറ്റൊരു കാമദേവതയായി മനസ്സിൽ കയറിപറ്റിയതാണ് കാവ്യരചന. ഇപ്പോൾ അതും നഷ്ടപ്പെട്ടു തുടങ്ങിയപ്പോൾ ഇനിയെന്ത് ലക്ഷ്യം എന്ന ചിന്തയിലാണ് നാട്ടിലേക്ക് പോകാൻ ഇറങ്ങിയത്.
താളം നേരെ ആയ ജീവിതത്തെ ഒന്നുകൂടി താളം തെറ്റിക്കാൻ ഒരു യാത്ര….നഗരത്തിന്റെ തിരക്കുകളിൽനിന്ന് ഗ്രാമത്തിന്റെ സൗന്ദര്യത്തിലേക്ക് രാപ്പകലുകളുടെ ദൂരമുണ്ടായിരുന്നു.
വണ്ടിയിലെ യാത്ര അവസാനിച്ചത് എന്റെ അമ്മവീടിന്റെ പടിക്കെട്ടിനു താഴെ ആയിരുന്നു. കാലത്തിന്റ പഴക്കവും മഴയുടെ പച്ചപ്പും ഇന്നും കാലിൽ അറിഞ്ഞിരുന്നു. അരികിലെ തെങ്ങോലയിൽ ഇരുന്നു ഇല്ലാത്തതെന്തൊക്കെയോ ചൊല്ലിയിരുന്ന ഓലവാലിക്കൊരു പുഞ്ചിരി.
ഓരോ പടികെട്ടുകേറുമ്പോഴും ഉള്ളിൽ നഷ്ടപെട്ട വസന്തം വിരിഞ്ഞു തുടങ്ങിയിരിക്കുന്നു. ഇന്നും വീട് മാറ്റം വന്നിട്ടില്ല. കാലപ്പഴക്കം ഉള്ള ആ ഓട് വീടിന് ഇന്നും ഒരു ശാന്തിയുടെ അന്തരീക്ഷം ആണ്. മഴവെള്ളത്തെ തലോടികൊണ്ട് വീട്ടിലെ ഉമ്മറത്തെ കോലായിൽ അടികളിച്ച മണിമുഴക്കിയത്.
ഉമ്മറത്തേക്ക് എത്തിയത് മുത്തശ്ശിയാണ്. എന്റെ ഘോരരൂപം കണ്ട് പകച്ച മുത്തശ്ശിക്ക് എന്നെ മനസിലായില്ല.
എന്താ മുത്തശ്ശി, മുത്തശ്ശിടെ അനന്തനെ മറന്നോ…?
എന്റെ ദേവീ…എന്റെ അനന്തനല്ലേ ഇത്…എവിടെ ആയിരുന്നു എന്റെ കുട്ട്യേ നീ…ഇത്രയും നാൾ…?
എന്റെ അജ്ഞ്യാതവാസം അവസാനിപ്പിച്ചു ഞാൻ തിരിച്ചുവന്ന സന്തോഷം മുത്തശ്ശിയുടെ കണ്ണീരിൽ നിറഞ്ഞുനിന്നു. എല്ലാം പറയാം മുത്തശ്ശി ഇനി ഞാൻ ഇവിടെ ഉണ്ട് എന്ന് പറഞ്ഞു ഞാൻ അകത്തേക്ക് കയറി. നിന്റെ വരവിനായി കാത്ത് ഇരിക്കായിരുന്നു ഇവിടുത്തെ കുറച്ചു മനസുകൾ.
കുട്ടി പോയി കുളിച്ചു ക്ഷീണം അകറ്റി വരൂ…എന്നിട്ട് ഊണ് കഴിക്കാം…എന്നിട്ടാകാം വിശേഷം. കുളിക്കു ശേഷം അകത്തളത്തെ നിരത്തിരുന്നു ഇലയിൽ വിളമ്പിയ സദ്യക്ക് പതിറ്റാണ്ടുകളുടെ മധുരമുണ്ടായിരുന്നു.
ഉമ്മറത്തെ ചാരുപടിയിൽ മുത്തശ്ശിയുടെ മടിയിൽ വെറ്റില ചെല്ലത്തിൽ നിന്ന് താംബൂലം കൂട്ടി എടുത്ത് ചവച്ചുകൊണ്ട് മുത്തശ്ശി വിശേഷങ്ങൾ ചോദിച്ചു കൊണ്ടിരിക്കുന്നു. ഉമ്മറത്തെ ചുമരിൽ മുത്തച്ഛന്റേയും അമ്മാവന്റെയും അമ്മായിയുടെയും ഓർമ്മചിത്രം ബാക്കിയായി.
അതിൽ നോക്കിയിരുന്ന എന്നെ നോക്കി മുത്തശ്ശി പറഞ്ഞു. എല്ലാവരും പോയി ഉണ്ണി…എന്നെയും നന്ദുവിനെയും ഭഗവാൻ ഇങ്ങനെ ഇട്ടേക്കാ…എന്തിനെന്നില്ലാതെ ആർക്കും വേണ്ടാത്ത രണ്ടുജന്മങ്ങൾ.
നന്ദുവിന്റെ കല്യാണം കഴിഞ്ഞില്ലേ അപ്പോൾ…? അവളുടെ ജാതകത്തിലെ നേടുംമംഗല്യ ദോഷത്തെ ഭയന്നു ആരും അതിന് തയ്യാറായില്ല. അവളും ഞാനും ഇവിടെ എങ്ങനെയൊക്കെയൊ കഴിഞ്ഞു കൂടുന്നു. വിശേഷങ്ങൾ പറഞ്ഞെപ്പോഴോ മുത്തശ്ശിയുടെ മടിയിൽ കിടന്നുറങ്ങിപ്പോയി.
ഉച്ചതിരിഞ്ഞപ്പോഴേക്കും മയക്കം വിട്ടുണർന്ന എന്നെയും കാത്ത് നന്ദു കാപ്പിയുമായി നിൽക്കുന്നുണ്ടായിരുന്നു. കാലങ്ങളുടെ അകൽച്ചയാകാം അവൾ മൗനവതി ആയിരുന്നു…ഒരു പുഞ്ചിരി മാത്രം…
മുത്തശ്ശിയോട് കാട്ടിലെ കാവിനടുത്തെ കുളം ഒക്കെ ഒന്ന് കണ്ടിട്ടുവരാം എന്ന് പറഞ്ഞു ഇറങ്ങാൻ തുടങ്ങവേ…മറുപടി തരാതെ മുത്തശ്ശി ഒന്ന് ചിന്തിച്ചു നിന്നു. ഭയം നിറഞ്ഞ കണ്ണുകളാൽ നന്ദു മുത്തശ്ശിയെ നോക്കി. മുത്തശ്ശി മറുപടി തന്നില്ല.
മുത്തശ്ശി എന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നത്…ഞാൻ പറഞ്ഞത് മുത്തശ്ശി കേട്ടില്ലേ…?
ഇരുട്ടുന്നതിനു മുൻപ് പോന്നോളു…മുത്തശ്ശി മറുപടി നൽകി.
അപ്പോഴും നന്ദുവിന്റെ കണ്ണിലെ ഭയം കത്തികൊണ്ടിരുന്നു.
എന്താ മുത്തശ്ശി എല്ലാവരും ഞെട്ടി നിൽകുന്നെ…അവിടെന്താ എന്നെ പിടിച്ചു തിന്നാൻ വല്ല യക്ഷിയും ഇരിപ്പുണ്ടോ…? എന്ന് ചിരിച്ചുകൊണ്ട് ഞാൻ ചോദിച്ചു.
നീ പോയി നോക്കിനോക്ക് അവിടെ യക്ഷി ഉണ്ടോ എന്ന്…മുത്തശ്ശിയും ഒരു പുഞ്ചിരി കൂട്ട് പിടിച്ചു പറഞ്ഞു. അപ്പോഴും നന്ദുവിന്റെ കണ്ണിലെ ഭയം ഞാൻ ശ്രദ്ധിച്ചിരുന്നു. അത് കാര്യമാക്കാതെ തന്നെ ഞാൻ നടന്നു.
ആ കാവും കുളവും എല്ലാം പഴയത് പോലെ തന്നെയുണ്ട്. പച്ചപ്പ് പിടിച്ച കല്പടവുകളിലൂടെ പയ്യെ ഞാൻ കുളത്തിലേക്ക് ഇറങ്ങി. ഇത്രയും നാളും നഷ്ടപെട്ട ജീവിതത്തിലെ എല്ലാ സങ്കടങ്ങളെയും ആ കുളത്തിൽ മദിച്ചു കുളിച്ചു കഴുകി കളഞ്ഞു. സന്ധ്യ മയങ്ങിയപ്പോഴാണ് അത് അവസാനിപ്പിച്ചത്.
കാവും കുളവും സർവവും നിശബ്ദതയിൽ മുങ്ങിയിരുന്നു. ഇടക്കെപ്പോഴൊക്കെയോ കുളത്തിലെ വെള്ളം കല്പടവുകളിൽ അലയടിക്കുന്നുണ്ടായിരുന്നു. കുളത്തിനരികിലെ ചെമ്പക ചോട്ടിൽ ഇരുന്നു.
ഒരു പുകക്ക് തിരിതെളിയിച്ചപ്പോൾ എപ്പോഴോ നഷ്ടപ്രണയിനിയുടെ മുഖം ഓർമ്മകൾ വന്നു. ഒരു വേദനയായി ഓർത്തിരുന്നവളെ ഇന്ന് ഒരു പുഞ്ചിരിയാൽ ഞാൻ ഓർത്തു. അവൾക്കേറ്റവും പ്രീയപെട്ടതായിരുന്ന…ഗോപികേ നീ ഈ…ശ്യാമവർണനുടെ… എന്ന എന്റെ കവിത എന്റെ പുഞ്ചിരിയിൽ മന്ത്രിച്ചു കൊണ്ടിരുന്നു സമയം പോയതറിഞ്ഞില്ല.
ഞെട്ടറ്റു വീണ ഒരു ചെമ്പകപൂവിന്റെ തലോടൽ ആണ് എന്നെ സ്വപ്നലോകത്തുനിന്നുണർത്തിയത്. ചുറ്റും ഒന്ന് കണ്ണോടിച്ച ഞാൻ ആ പൂവെടുത്ത് ഒന്ന് മണത്തു നോക്കി. ഒരു സുഗന്ധവും ഉള്ളതായി തോന്നിയില്ല.
ചുറ്റിലും എന്തൊക്കെയോ അപശബ്‌ദങ്ങൾ…പ്രകൃതിക്ക് എന്തൊക്കെയോ മാറ്റങ്ങൾ പോലെ…എവിടെ നിന്നൊക്കെയോ ഒരു മന്ദമാരുതൻ എന്നെ തഴുകിയകന്നു. ആരുടെയോ സാമീപ്യം പോലെ.
മുത്തശ്ശിയുടെയും നന്ദുവിന്റേയും മുഖത്തെ ഭയം എന്തായിരുന്നു എന്ന് മനസിലായി തുടങ്ങി.
ആരാ…മുത്തശ്ശി പറഞ്ഞ യക്ഷിയാണോ…? ആണെങ്കിൽ ഞാനിവിടെ കുറച്ചു നേരം ഇരിപ്പുണ്ട്. ആരെയും ശല്ല്യം ചെയ്യാതെ…എന്താ വല്ല വിരോധം ഉണ്ടോ…?
ഭയം ഏതുമില്ലാതെ തന്നെ ഒരു താമാശ എന്നവണ്ണം ഞാൻ ചോദിച്ചു.
മുത്തശ്ശിക്ക് തെറ്റിയതാ അനന്ദാ…ഞാൻ യക്ഷിയല്ല ഒരു പാവം ആത്മാവാണ്…നീ ഇവിടെ ഇരുന്നോളു…ബുദ്ധിമുട്ടില്ലേൽ ഞാനും കൂടെ കൂട്ടിരിക്കാം…
എന്റെ കൺപീലികളെ വരെ എഴുനെല്പിക്കും വിധം രോമാഞ്ചം വിറപ്പിച്ചുകൊണ്ട് ആ സിംഹഗർജനം തോൽക്കും അശരീരി എന്റെ കാതിൽ മുഴങ്ങി….
തുടരും….
രണ്ടാം ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ