ഒറ്റപ്പാദസരം
രചന: രഘു കുന്നുമ്മക്കര പുതുക്കാട്
സുസ്മിത ഒരുങ്ങിയിറങ്ങുമ്പോൾ, ശ്രീകുമാർ അകത്തളത്തിലേ വലിയ സെറ്റിയിലിരുന്നു ആർക്കോ ഫോൺ ചെയ്യുകയായിരുന്നു. തെല്ലും താൽപ്പര്യമില്ലെങ്കിലും, അനുവാദത്തിനു കാത്തു നിൽക്കാതെ വാക്കുകൾ കർണ്ണപുടങ്ങൾ തേടിയെത്തുന്നു.
‘കണ്ണായ സ്ഥലം, അലുവാക്കഷ്ണം, കരാറ്, തീറ്, കമ്മീഷൻ….’
കേട്ടു തഴമ്പിച്ച വാക്കുകൾ…മറുതലയ്ക്കലേ ആളുകൾക്കു മാത്രമേ വ്യത്യാസം കാണൂ….അവൾക്ക് വല്ലാത്തൊരു മട്ടുപ്പാണ് തോന്നിയത്. കാലം ചെല്ലും തോറും മടുപ്പിന്, അവജ്ഞയെന്ന രൂപാന്തരം പ്രാപിക്കുന്നുവെന്നവൾക്കു തോന്നി.
“എട്ടാ, ഞാനിറങ്ങുന്നു. ഇന്ന് ഒരുപാടു കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്. ആരോഗ്യ വകുപ്പുകാർക്ക് ഈ വർഷം നിന്നു തിരിയാൻ ഇടം കിട്ടില്ല. ഈ കൊറോണ ദുരിതം എന്നു തീരുമെന്നാർക്കറിയാം…”
വിശാലമായ ഹാളിൽ, ആഢംബരങ്ങളുടെ നിര തീർത്ത ഉപകരണങ്ങൾ. ജാലകങ്ങളിലെ വരികൾ, ഏതോ കൊട്ടാരക്കെട്ടിലെ തിരശ്ശീലകളെ അനുസ്മരിപ്പിച്ചു. വിലയേറിയ ഫോണിൽ നിന്നും, മിഴിയെടുക്കാതെയാണ് ശ്രീകുമാർ അതിനു മറുപടി പറഞ്ഞത്.
“സുസ്മി, നിന്നോടു പറഞ്ഞതല്ലേ, ഇനി ജോലിക്കു പോകേണ്ടെന്ന്… ആവശ്യത്തിലധികം പണം, ഈ ചുരുങ്ങിയ കാലം കൊണ്ട് എനിക്കുണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. റിയൽ എസ്‌റ്റേറ്റു നിനക്ക് പരമപുഛമാണെന്ന് എനിക്കറിയാം…നിനക്കെന്നുമെന്നും നിൻ്റെതായ ന്യായങ്ങളുണ്ട്, കഷ്ടപ്പെട്ടു പഠിച്ചത്, പി എസ് സി എഴുതി, റാങ്കിൽ ആദ്യത്തിലെത്തി ജോലി വാങ്ങിച്ചത്…കല്യാണം കഴിഞ്ഞ കാലത്ത് നമുക്ക് ഈ ജോലി ആവശ്യം തന്നെയായിരുന്നു. പക്ഷേ,ആറു വർഷത്തിനുള്ളിൽ കാലമെത്ര മാറിയിരിക്കുന്നു. തലവരയുടെ തിളക്കം…..”
അവളതിനു ഉത്തരം പറഞ്ഞില്ല. അവളുടെ നോട്ടം ചുവരിലേ ക്ലോക്കിലേക്കായിരുന്നു. നേരം വൈകിയിട്ടില്ല, ഒമ്പതു മണിയാകുന്നതേയുള്ളൂ. വീട്ടിലുള്ളതിനേക്കാൾ ആനന്ദം സ്വന്തം തൊഴിലിടത്ത് അനുഭവിക്കുന്നുണ്ട്. ഓരോ വീടുകളിലും കയറിയിറങ്ങി നിർദ്ദേശങ്ങളും ഉപദേശങ്ങളും കൊടുത്തു നീങ്ങുമ്പോൾ മഴയും വെയിലുമെല്ലാം കുടയുടെ പ്രതിരോധം ഭേദിച്ച്, ഉടലിനേ അലട്ടാറുണ്ട്. പക്ഷേ, സ്ഥായിയായൊരു വൈഷമ്യം കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് തന്നിലുണ്ടാക്കാൻ സാധിച്ചിട്ടില്ല. ശ്രീകുമാറിൻ്റെ ചോദ്യങ്ങൾക്ക്, മറുചോദ്യങ്ങളേറെ മനസ്സിലുണ്ട്.
ഏതു വഴിക്കു സമ്പാദിച്ചതായാലും ആ പണത്തിനെത്ര മൂല്യമുണ്ട്…? എത്ര പണം ലഭിച്ചാലാണ് മനുഷ്യൻ്റെ അത്യാഗ്രഹങ്ങൾക്കു വിരാമമാകുക…? മാറുന്ന ട്രെൻ്റിനനുസരിച്ചുള്ള വിലയേറിയ മൊബൈൽ ഫോണുകളും, കാമറകളും വാങ്ങാനുപയോഗിക്കുന്ന പണമെത്രയാണ്…? ഫേസ്ബുക്കിലും, ഇൻസ്റ്റാഗ്രാമിലും ചിലവഴിക്കുന്ന സമയമെത്രയാണ്…?
അപ്പുറത്തെ വില്ലയിലെ ആഗ്നസിന് ലൈക്കിടാനും അഭിപ്രായം എഴുതാനും വേണ്ടിയാകും പ്രൊഫൈൽ പിക്ച്ചറുകൾ ദിനംപ്രതി മാറുന്നതെന്നു വെറുതേ തോന്നാറുണ്ട്. ശ്രീകുമാറിൻ്റെ മുഖപുസ്തകച്ചുവരിൽ അവളൊരുപാട് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. അവൾക്ക് ഇഷ്ടം പോലെ നേരമുണ്ട്. ഭർത്താവിന്, നഗരത്തിൽ ടെക്സ്റ്റൈൽ ഷോപ്പാണല്ലോ…ഇവൾക്ക്, അദ്ദേഹത്തെ സഹായിക്കാൻ പോയാലെന്താ….കഴിഞ്ഞയാഴ്ച്ച വാങ്ങിയ പുതിയ പാദസരം കാണിച്ചു തരുമ്പോൾ എന്തായിരുന്നു അവളുടെ ഗമ. മുത്തു പതിപ്പിച്ച പാദസരങ്ങൾ…എത്ര പവനുണ്ടോ ആവോ…?
ഇത്ര പണം ചിലവഴിക്കുന്ന ആൾക്ക്, ഒരേയൊരു കാര്യത്തിനു മാത്രം പണമില്ല.
കല്യാണം കഴിഞ്ഞിട്ട്, ആറു വർഷങ്ങൾ കടന്നു പോയിരിക്കുന്നു. കുട്ടികൾ, സ്വാഭാവിക രീതിയിൽ ഉണ്ടായിക്കോളും എന്നാണ് ഇപ്പോഴും ന്യായം. അവരുടെ വീട്ടിലെ ആണുങ്ങൾക്ക് ഇക്കാര്യത്തിൽ മരുന്നു വേണ്ടി വന്നിട്ടില്ലത്രേ….ആണുങ്ങൾ മാത്രമാണോ ഒരു ഗർഭത്തിനുത്തരവാദി…അതും, പുതിയൊരൊറിവാണ്….
സുസ്മിത പുറത്തേക്കു നടന്നു.ഹോണ്ടാ ആക്ടീവയ്ക്കു ജീവൻ വച്ചു. അത് ഗേറ്റിനു പുറത്തേക്ക് ഉരുണ്ടിറങ്ങി. അപ്പുറത്തേ വില്ലയുടെ ഉമ്മറത്ത് ആഗ്നസ് നിൽപ്പുണ്ടായിരുന്നു. എത്ര ശ്രമിച്ചിട്ടും അവൾക്കൊരു ചിരി കൊടുക്കാതിരിക്കാൻ സാധിച്ചില്ല. നിറഞ്ഞ വളകളുള്ള കൊഴുത്ത കൈ വീശി, ആഗ്നസ് യാത്രാമംഗളങ്ങൾ നേർന്നു. അവളുടെ പാദങ്ങളെ പുണർന്ന്, സുവർണ്ണക്കൊലുസു കിടന്നു. സുസ്മിത, അവളുടെ കർമ്മപഥങ്ങളിലേക്കു യാത്ര തുടർന്നു.
തൊഴിലിടം വ്യത്യസ്തമായൊരു ഭൂമികയാണ്…കോവിഡ് രോഗികളുടെ പരിരക്ഷ,വീടുകളിലെ ബോധവൽക്കരണം,ക്ലോറിനേഷൻ,സമ്പർക്കപ്പട്ടിക കണ്ടുപിടിക്കൽ,കോൺഫറൻസുകൾ,ചാർട്ടുകളും, ഫയലുകളും രൂപികരിക്കൽ…അതങ്ങനെ അനാദിയായി നീണ്ടു പോകും.മടുപ്പില്ലെങ്കിലും, വിശ്രമമില്ലാ വേളകൾ തരുന്ന ക്ഷീണം ചെറുതല്ല….
സന്ധ്യ….ഗേറ്റു തുറന്ന്, അകത്തു കടക്കുമ്പോൾ മിഴികൾ അപ്പുറത്തേക്കു നീണ്ടു.ആഗ്നസ് എന്തോ ഗഹനമായ ചിന്തയിലമർന്ന് ഉമ്മറത്തേ ചാരുപടിയിലിരിപ്പുണ്ട്.താൻ വന്നത് അവളറിഞ്ഞില്ലെന്നു തോന്നുന്നു.സുസ്മിത അകത്തേക്കു പ്രവേശിച്ചു.ശ്രീകുമാർ, അവിടേത്തന്നെയിരിപ്പുണ്ട്.കയ്യിലപ്പോഴും മൊബൈൽ ഫോണുണ്ടായിരുന്നു.
അവൾ കിടപ്പുമുറിയിലേക്കു ചെന്നു.ഉടുപുടവകൾ ഉരിഞ്ഞു മാറ്റിയിട്ടു.അവയെല്ലാം, കയ്യോടെ കഴുകി വൃത്തിയാക്കണം.എവിടെയെല്ലാം പോയതാണ്…രാത്രിയുടുപ്പുമെടുത്ത് കുളിമുറിയിലേക്കു പോകാനൊരുങ്ങുമ്പോളാണ്, കണ്ണുകൾ കിടക്കയിലേക്കു നീണ്ടത്.ചുളിഞ്ഞ്, ഉരുണ്ടുകൂടിയ കിടക്കവിരി..
“ഇത് എങ്ങനെയിട്ടാലും ചുളിഞ്ഞുകൂടും…ശ്രീയേട്ടന് ഉച്ചമയക്കം കഴിഞ്ഞു പോകുമ്പോൾ ഇതൊന്നു നേരെയിട്ടാലെന്താ….”
പിറുപിറുത്തു കൊണ്ട്, അവൾ കിടക്ക വിരി നിവർത്തിക്കുടഞ്ഞു.വിരിയിൽ നിന്നും, ചിലമ്പിച്ച ശബ്ദത്തോടെ എന്തോ താഴോട്ടു വീണു.അവൾ, കുനിഞ്ഞ് അതെടുത്തു.
മുത്തു പതിപ്പിച്ച ഒറ്റ പാദസരം….അതിൻ്റെ കൊളുത്ത് വലിഞ്ഞു നീണ്ടു പോയിരിക്കുന്നു.
നോക്കിയിരിക്കേ, അതൊരു വിഷസർപ്പമായി ഉടലിൽ പടരുന്നതായി അവൾക്കു തോന്നി.അവൾ, ഭിത്തിയിൽ ചാരി നിന്നു കിതച്ചു.പൊട്ടിക്കരഞ്ഞു.
അകത്തളത്തിൽ, ശ്രീകുമാർ ആരോടോ വില പേശിക്കൊണ്ടിരുന്നു…….