പുറകിൽ നിന്ന് നേർത്ത ഞരക്കം കേട്ട് വിശ്വം തിരിഞ്ഞു ഭാര്യ രാജലക്ഷ്മിയെ നോക്കി…

ശ്രുതിയാണ് മകൾ

രചന: അനീഷ് ദിവാകരൻ

ഇന്ന് തന്റെ പിറന്നാൾ അല്ലെ… രാവിലെ അൽപ്പം നേരത്തെ തന്നെ ഉണർന്നപ്പോൾ ആണ് വിശ്വനാഥൻ അതോർത്തത്. തലേദിവസം രാത്രിയിൽ വളരെ വൈകിയാണ് ഭാര്യയോടൊപ്പം പളനിയിൽ എത്തിയത്. വളരെ ചെറിയ ഈ ഹോട്ടലിൽ റൂം തരപ്പെട്ടു കിട്ടിയത് തന്നെ ഭാഗ്യം..

പഞ്ചനക്ഷത്രഹോട്ടലിൽ താമസിച്ചിരുന്നവരാണ് തങ്ങൾ ഇനി അതൊന്നും പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ. വിശ്വം പതുക്കെ കട്ടിലിൽ നിന്ന് എഴുന്നേറ്റ് ജനൽ തുറന്നു പുറത്തേക്കു നോക്കി. റോഡിൽ ചെറിയ തിരക്ക്  തുടങ്ങിയിരിക്കുന്നു.. കുതിര വണ്ടിയിൽ ഒക്കെ ആളുകൾ പളനി മല ലക്ഷ്യം വെച്ച് പോകുന്നത് കാണാം.. അങ്ങകലെ ചെറിയ മഞ്ഞിൽ പുതച്ചു നിൽക്കുന്ന പളനിമല ദീപപ്രെഭയാൽ തിളങ്ങി നിൽക്കുന്നു.

പുറകിൽ നിന്ന് നേർത്ത ഞരക്കം കേട്ട് വിശ്വം തിരിഞ്ഞു ഭാര്യ രാജലക്ഷ്മിയെ നോക്കി.. പാവം നല്ല ഉറക്കം…തലേ ദിവസത്തെ യാത്രാ ക്ഷീണം കാണും ഇനി ഇവിടെ നിന്ന് ഒരു മടക്കം ഇല്ല എന്ന് അവൾക്കു അറിയില്ല.. അല്ല അതിനു ഇങ്ങോട്ട് പുറപ്പെടുമ്പോൾ താൻ തന്റെ യാത്രാ ലക്ഷ്യം ഒന്നും രാജത്തിനോട് പറഞ്ഞില്ലല്ലോ.പറഞ്ഞാൽ അവൾ ആകെ തകർന്നു പോകും… തന്റെ മകൻ ശരത് അല്ലെ തന്നെയും രാജത്തിനെയും ഈയവസ്ഥയിൽ ആക്കിയത്…

താൻ എത്ര നന്നായി ബിസിനസ്‌ കൊണ്ട് നടന്നിരുന്നത് ആണ്.. പുതിയമേച്ചിൽ പുറങ്ങൾ തേടുമ്പോൾ താൻ പല പ്രാവശ്യംഅവനെ ഉപദേശിച്ചതാണ് വളരെയധികം ശ്രെദ്ധിക്കണം എന്ന്…എന്നിട്ട് എന്തായി അവന്റെ കൂട്ടുകാർ പറയുന്നത് ആയിരുന്നല്ലോ അവനു എല്ലാം… രാജലക്ഷിമിയുടെ അതിരുകടന്ന പുത്രവാത്സല്യം കൂടി ആയപ്പോൾ എല്ലാം തികഞ്ഞു..അവസാനം കടം കയറി വീടും വിറ്റ്  നാട്ടിൽ നിന്ന് പളനി മലയിലേക്ക് ഭാര്യയോടൊപ്പം ഓടി രക്ഷപെടേണ്ട അവസ്ഥ തനിക്കു ഇപ്പോൾ വന്നിരിക്കുന്നു.

ശരത്തിനെ ഇങ്ങോട്ട് പുറപ്പടുന്നതിനു മുൻപ് രണ്ടു ദിവസം മുൻപ് കാണാതെ ആയതാണ് എങ്ങോട്ട് പോയോ എന്തോ. പ്രഭാത കൃത്യങ്ങൾക്ക് ശേഷം തിരികെ എത്തുമ്പോൾ രാജലക്ഷ്‌മി ഉണർന്നു ചിന്തനിമഗ്ദയായി കസേരയിൽ ചാരി ഇരിക്കുന്നതയാൾ കണ്ടു. തല ഒന്നുംകൂടെ തുവർത്തി മേശപ്പുറത്ത് ഇരുന്നിരുന്ന കണ്ണട എടുത്തു വെച്ച് മുടി ചീകി കൊണ്ടിരിക്കുമ്പോൾ അയാൾ കണ്ണാടിയിൽ കൂടെ കണ്ടു തന്നെ നോക്കി വിഷമിച്ചിരിക്കുന്ന രാജലക്ഷിമിയെ.

“എന്തായി രാജം നന്നായി ഉറങ്ങിയോ.. നമുക്ക് മല കയറേണ്ടേ വേഗം റെഡിയാകു”

“വിശ്വട്ടാ.. നമ്മൾ ഇനി എന്ത് ചെയ്യും….വിശ്വേട്ടാ ശരത്തിനെ പറ്റി ഒരു വിവരവും ഇല്ലല്ലോ അവന്റെ ഫോൺ ആണെങ്കിൽ സ്വിച്ച് ഓഫ്‌ ആണ് എത്ര തവണ ഞാൻ ഇപ്പോൾ ഇവിടെ ഇരുന്നു ട്രൈ ചെയ്തു.വല്ലതും കഴിച്ചിട്ടു ണ്ടാകുമോ ന്റെ കുട്ടി … വിശക്കുന്നുണ്ടാകുമോ അവന് .. ഒന്നും അറിയില്ലല്ലോ എനിക്ക്  ന്റെ കൃഷ്ണ ” രാജലക്ഷ്‌മിയുടെ കണ്ണിൽ നിന്നും കണ്ണീർ ധാര ധാര യായി ഒഴുകി

“നമ്മുടെ കാറും വീടും എല്ലാം വിറ്റ് കളഞ്ഞല്ലോ… ഇനി എങ്ങോട്ട് നമ്മൾ പോകും വിശ്വേട്ടാ ..”  പളനിയിലേയ്ക്കു വരുന്ന വഴിയിൽ ബസ്സിൽ തന്റെ ചുമലിൽ ചാരി കിടന്നു രാജം പല പ്രാവശ്യം ഈ ചോദ്യം ചോദിച്ചു കഴിഞ്ഞതാണ്..

“എല്ലാം ശരിയാകും രാജം ” വീണ്ടും അതെ മറുപടി തന്നെ ആയിരുന്നു വിശ്വത്തിന്
“എങ്ങനെ?”

“നീ ആശ്വസിക്ക്.. നമ്മൾക്ക് ഏതായാലും ഒന്ന് പ്രാർത്ഥിച്ചു വരാം എന്നിട്ട് ആകാം ബാക്കി ഒക്കെ “

“ശരി ഞാൻ റെഡി ആയിട്ട് വരാം വിശ്വേട്ടാ ” കണ്ണ് തുടച്ചു കൊണ്ട് ആശ്വാസത്തോടെ ബാത്‌റൂമിലേക്ക് പോകുന്ന രാജത്തെ നോക്കി വിശ്വത്തിന്റെ മനസ്സ് പിടയുന്നുണ്ടായിരുന്നു… അടുത്ത ഒരു പകൽ കാണാനായി താനും രാജലക്ഷ്മിയും ഉണ്ടാകില്ല എന്ന് പാവത്തിന് അറിയില്ലല്ലോ…. 

രാജലക്ഷ്മി ബാത്‌റൂമിൽ കയറിയ തക്കം നോക്കി വിശ്വം ബാഗിൽ ഒളിപ്പിച്ചു വെച്ചിരുന്ന വിഷകുപ്പി അവിടെ തന്നെ ഉണ്ടോ എന്ന് തപ്പി നോക്കി ഉറപ്പ് വരുത്തി… മഹാ അപരാധം ആണ് ചെയ്യാൻ പോകുന്നത് ദൈവത്തിനു നിരക്കാത്ത കാര്യം ആണ്. എന്നാലും ഇത് അല്ലാതെ തന്റെ മുന്നിൽ വേറെ വഴിയില്ല…

നാട്ടിൽ ചെന്നാൽ എല്ലാവരും കൂടി തന്നെ തല്ലിക്കൊല്ലും.. അത്രയ്ക്കുണ്ട് ശരത്ത് ഉണ്ടാക്കിവെച്ചിരിക്കുന്ന കടം എന്ന് താൻ എത്ര വൈകിയാണറിഞ്ഞത്. വർഷങ്ങൾക്ക് മുൻപ് തന്നെ വിശ്വസിച്ചു തന്റെ കൂടെ ഇറങ്ങി പോന്നവൾ ആണ് രാജലക്ഷ്മി. എന്നിട്ട് ഇപ്പോൾ തന്റെ കൂടെ വിഷം കഴിക്കേണ്ട അവസ്ഥയായി അവൾക്ക് എങ്ങനെ താൻ അവളോടത് പറയും… എന്ത് ആയിരിക്കും തന്റെ തീരുമാനം അറിയുമ്പോൾ ഇപ്പോൾ തല്ക്കാലത്തേക്ക് ആശ്വാസിച്ചിരിക്കുന്ന അവളുടെ അവസ്ഥ

ഓരോന്നാലോചിച്ചു വിശ്വത്തിന്റെ മനസ്സ് നീറിപിടഞ്ഞു. അങ്ങ് മുംബൈ വരെ പരന്നു കിടന്നിരുന്ന തന്റെ ബിസിനസ്‌ സാമ്രാജ്യം എത്ര പെട്ടന്ന് ആണ് തകർന്നു തരിപ്പണം ആയിപ്പോയത്… ഇപ്പോൾ ബാഗിൽ ഇരിക്കുന്ന വിഷകുപ്പി മാത്രം ആണ് തനിക്കു സ്വന്തം ആയിട്ടുള്ളത് എന്നത് തനിക്കു തന്നെ വിശ്വസിക്കാൻ പറ്റാത്ത കാര്യം. സമയം അധികം കഴിയുന്നതിന് മുൻപ് രാജലക്ഷ്മി റെഡി ആയി വന്നു.. മുറി പുറത്തു നിന്നും പൂട്ടി രണ്ടു പേരും പളനി മലയിലേയ്ക്ക് നടന്നു. ഇടയ്ക്ക് ചായ കുടിക്കാൻ ഒരു ചെറിയ ഹോട്ടലിലേക്ക് വിശ്വം കയറാൻ തുടങ്ങിയപ്പോൾ രാജലക്ഷ്മി തടഞ്ഞു.

“എത്ര വലിയ ഹോട്ടലിൽ നിന്ന് ചായ കുടിക്കുന്നതാ വിശ്വേട്ടൻ.. എനിക്ക് ഇതൊക്കെ കാണാൻ വയ്യ ഏട്ടാ… നമുക്ക് നടക്കാം “

“എനിക്ക് അങ്ങനെ പ്രശ്നം ഒന്നും ഇല്ല രാജം… മാത്രമല്ല മല കയറാൻ ഉള്ളതല്ലേ നമുക്ക് എന്തെങ്കിലും ഇവിടെ നിന്ന് കഴിച്ചിട്ട് പോകാം “

“ഏട്ടന് വിശക്കുന്നുണ്ടാകും അല്ലെ… ഞാൻ അതോർത്തില്ല നമുക്ക് ഇവിടെ നിന്ന് തന്നെ എന്തെങ്കിലും കഴിക്കാം.. . ” യഥാർത്ഥത്തിൽ മകൻ ശരത്തിന്റെ കാര്യം ഓർത്തു ഉള്ളുരുകിയിരുന്ന രാജലക്ഷിമിക്കു ഭക്ഷണം കഴിക്കാൻ ഒരു താല്പര്യവും ഉണ്ടായിരുന്നില്ല… എന്തൊക്കെയോ കഴിച്ചെന്നു വരുത്തി മല കയറിയ അവർ രണ്ടുപേരും പളനിമല സ്വാമിയേ ഉള്ളുരുകി പ്രാർത്ഥിച്ചു… വിഷം കഴിക്കുമ്പോൾ രാജലക്ഷ്മിക്ക് വിഷമം ഒന്നും തോന്നരുതേ എന്നായിരുന്നു വിശ്വത്തിന്റെ കരഞ്ഞു കൊണ്ടുള്ള പ്രാർത്ഥന..തിരക്കിനിടയിൽ രാജം തന്നെ നോക്കുന്നത് കണ്ടു വിശ്വം വേഗം കണ്ണീരോപ്പി

“എന്താ ചേട്ടാ കരഞ്ഞത്..”

“ഹേയ്… ഒന്നുമില്ല…ചുമ്മാ “

തിരിച്ചു മല ഇറങ്ങുമ്പോൾ വിശ്വത്തിന്റെ മനസ്സിലെ കടലിരുമ്പം രാജലക്ഷ്‌മി അറിഞ്ഞില്ല…അവരുടെ ഉച്ച ഭക്ഷണവും ആ ചെറിയ ഹോട്ടലിൽ നിന്ന് തന്നെ ആയിരുന്നു…വൈകുന്നേരം നേരത്തെ തീരുമാനിച്ചുറച്ചിരുന്നത് പോലെ പളനിമലയാണ്ടവന്റെ തേരിറക്കം കാണാനായി വിശ്വവും രാജവും മലയിലേയ്ക്ക് തിരിച്ചു.. ദീപ പ്രെഭയാൽ തിളങ്ങി നിന്ന പളനി മലയുടെ ഭംഗി വിശ്വം കാണുന്നുണ്ടായിരുന്നില്ല.  മരണം ഏതാനും വാരെ അകലത്തിൽ ഉണ്ടെന്നു അറിയാതെ തന്നോടൊപ്പം മല കയറുന്ന രാജത്തിന്റെ മുഖത്തു നോക്കും തോറും വിശ്വത്തിന്റെ ധൈര്യം ചോർന്നു പൊയ്ക്കൊണ്ടിരുന്നു. പളനി മല സ്വാമിയുടെ തേരിറക്കം മുഴുവൻ കാണാതെ മടങ്ങിയ വിശ്വം ഈ പ്രാവശ്യം രാത്രി ഭക്ഷണത്തിനായി രാജത്തിനൊപ്പം ഒരു മുന്തിയ ഹോട്ടലിൽ തന്നെ പ്രേവേശിച്ചു

“എന്താ.. വിശ്വേട്ടാ.. കയ്യിൽ പൈസ ഇല്ല എന്നിട്ടും “

“സാരമില്ല രാജം വല്ലപ്പോഴും അല്ലെ…”

“രാജം നിനക്ക് എന്താ വേറെ.. ഇപ്പോൾ ആഗ്രഹം..” 

എന്തൊക്കെയോ ആലോചിച്ചു പതുക്കെ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന രാജലക്ഷ്‌മി അതു കേട്ട് ആരും കാണാതെ കണ്ണീരോപ്പി.

” ശരത്.. അവൻ എന്തെങ്കിലും കഴിച്ചു കാണുമോ ചേട്ടാ… അവനെ എത്ര പ്രാവശ്യം ആയി വിളിക്കുന്നു… എവിടെയാണോ എന്റെ മോൻ.. അവനെ ഒന്ന് കണ്ടിരുന്നുവെങ്കിൽ… “

കഴിക്കാൻ ആയി എടുത്ത ഭക്ഷണം രാജലക്ഷ്മി പ്ലേറ്റിൽ തന്നെ ഇട്ടു… ഒന്നും പറയാൻ ആകാതെ ആകെ തകർന്നിരിക്കുകയായിരുന്നു വിശ്വം.. അൽപ്പസമയം കഴിഞ്ഞു താമസിക്കുന്ന ഹോട്ടലിന്റെ റൂം തുറന്നു അകത്തു കയറുമ്പോൾ വിശ്വത്തിന് തന്റെ കൈ കാലുകൾ വിറക്കുന്നത് പോലെ തോന്നി. ഇനിയിപ്പോൾ എല്ലാം രാജത്തിനോട്  പറയേണ്ട സമയം വന്നെത്തിയിരിക്കുന്നു.. എന്നാലും കാര്യങ്ങൾ പറയാതെ വയ്യല്ലോ.. പതുക്കെ റൂമിലെ കട്ടിലിൽ വന്നിരുന്നു വിശ്വം കാര്യത്തിലേക്കു കടന്നു.

“രാജം നമുക്ക് ഒരു തിരിച്ചു പോകാൻ ഒരിടം ഇനി ഇല്ല എന്നറിയാം അല്ലോ..മാത്രവും അല്ല എനിക്ക് കൊടുത്തു തീർക്കാൻ പറ്റാത്ത അത്ര കടവും . അത് കൊണ്ട്..”

“അത് കൊണ്ട്… വിശ്വേട്ടൻ എന്താ ഈ പറഞ്ഞു വരുന്നത്.” ഭയത്തോടെ രാജം വിശ്വത്തിനെ തുറിച്ചു നോക്കി

“അത് തന്നെ രാജം……നാളത്തെ പ്രഭാതം കാണാൻ നമ്മൾ ഉണ്ടാവില്ല… നമ്മുടെ മുൻപിൽ വേറെ വഴിയില്ല…” രാജലക്ഷ്‌മി ഭയന്ന് നെഞ്ചത്ത് കൈ വെച്ചു. പൊട്ടിക്കരഞ്ഞു കൊണ്ട് രാജം വിശ്വത്തിനെ കെട്ടിപിടിച്ചു

“അപ്പോൾ നമ്മുടെ മകൻ… വിശ്വേട്ടാ…ശരത്… അവൻ എന്ത് ചെയ്യും… അവനെ എല്ലാവരും കൂടി തല്ലികൊല്ലും. അവനെ കൂടി നമ്മുടെ കൂടെ കൂട്ടാമായിരുന്നു ” കുറച്ചു അധികം സമയം രാജലക്ഷ്മി എന്തൊക്കെയോ ഓർത്തു അങ്ങനെ കരഞ്ഞു കൊണ്ടിരുന്നു. പിന്നെ  പതുക്കെ കട്ടിലിൽ നിന്ന് എഴുന്നേറ്റു വിശ്വത്തിന്റെ മുന്നിൽ വന്നു നിന്നു..

“ഞാൻ റെഡി ആണ് വിശ്വേട്ടാ.. നമുക്ക് ഒന്നിച്ചു പോകാം… എന്റെ വിശ്വേട്ടൻ കൂടെ ഉള്ളപ്പോൾ എനിക്ക് ഒരു ഭയവും ഇല്ല…”  വിശ്വം ഒന്നമ്പരന്നു… രാജം ഇത്ര പെട്ടന്ന് തയ്യാറായി വരുമെന്ന് അയാൾ ഓർത്തില്ല. ഇനി അധികം സമയം കളയേണ്ട എന്ന് വിശ്വം തീരുമാനിച്ചു. ഇപ്പോൾ കിട്ടിയിരിക്കുന്ന ഈ ധൈര്യം എങ്ങാനും ചോർന്നു പോയാലോ അതായിരുന്നു അയാളുടെ അപ്പോഴത്തെ ചിന്ത.പാൽ നിറച്ച ഗ്ലാസ്‌ നേരത്തെ തന്നെ വിശ്വം റെഡിയാക്കി വെച്ചിരുന്നു. അയാളുടെ കൈ കൾ വിഷകുപ്പി തപ്പി ബാഗിലേയ്ക്ക് പതുക്കെ നീങ്ങി…

പെട്ടന്ന് ആണ് ഡോറിൽ ഒരു മുട്ട് കേട്ടത്.. ഈ സമയത്തു ആരായിരിക്കും, ഹോട്ടൽ തൊഴിലാളികൾ വല്ലതും ആയിരിക്കുമോ.. ബോധം നഷ്ടപ്പെട്ട പോലെ ഇരിക്കുന്ന രാജലക്ഷ്മിയെ ഉന്തി മാറ്റി പാൽ ഗ്ലാസിനെ ഒന്നും കൂടെ തിരിഞ്ഞു നോക്കി അയാൾ ഡോർ തുറന്നു.

ഒന്നും മിണ്ടാതെ പെട്ടന്ന് അകത്തേക്ക് കയറി വന്ന യുവതിയെ കണ്ടു വിശ്വം അത്ഭുതപെട്ടു.

“അച്ഛാ… അച്ഛന് എന്നെ മനസ്സിലായോ “

അച്ഛാ എന്ന് തന്നെ വിളിക്കാൻ മാത്രം ഈ ഭൂമിയിൽ ശരത് അല്ലാതെ മറ്റാരും തനിക്ക് ഇപ്പോൾ ഇല്ലല്ലോ… എന്നാൽ…അച്ഛാ എന്നുള്ള ആ വിളി അയാളുടെ ഓർമ്മകളെ ബഹുദൂരം പുറകോട്ടു കൊണ്ട് പോയി..

“അച്ഛാ ഞാൻ ശ്രുതിയാണച്ചാ.. അച്ഛന് ജനിക്കാതെ പോയ അച്ഛന്റെ പൊന്നുമകൾ…”

“ദൈവമേ..മോൾ…”ശബ്ദം പുറത്തു വരാൻ ആകാതെ വിശ്വം വിഷമിച്ചു….അപ്പോഴേക്കും ശ്രുതി വിശ്വത്തിനെ കെട്ടിപിടിച്ചു കഴിഞ്ഞിരുന്നു.

“മോൾ എവിടെ ആയിരുന്നെടാ ഇത്രയും നാൾ… അച്ഛൻ എവിടെയൊക്കെ അനേഷിച്ചു…  മോൾ അന്ന് എങ്ങോട്ടാ വീട്ടിൽ നിന്ന് ഇറങ്ങി പൊയ്കളഞ്ഞേ..എന്തിനാ അച്ഛന്റെ പൊന്നുമോൾ അച്ഛനെ ഉപേക്ഷിച്ചത് .” വിശ്വം ഒറ്റ ശോസത്തിൽ എല്ലാം ചോദിച്ചു തീർത്തു

“അതൊരു വലിയ കഥയാണച്ചാ…” ശ്രുതി തിരിഞ്ഞു രാജലക്ഷ്മിയെ നോക്കി…

ആദ്യം ഒന്നമ്പരന്നുവെങ്കിലും ശ്രുതി യെ മനസ്സിലായ രാജലക്ഷ്മി അവളെ ആദ്യമായി കണ്ട ദിവസത്തെ ഓർമകളിൽ ആയിരുന്നു.. അന്നൊരു ദിവസം മുംബയിൽ ബിസിനസ്‌ ആവശ്യത്തിനു പോയി തിരിച്ചു വന്ന വിശ്വത്തിന്റെ കൈയിൽ തൂങ്ങി ഒരു ചെറിയ പെൺകുട്ടിയും ഉണ്ടായിരുന്നു… അന്ന് ആണ് താൻ ശ്രുതിയെ ആദ്യമായി കാണുന്നത്… വീട്ടിൽ വേലക്ക് ഇവൾ നിൽക്കട്ടെ എന്നായിരുന്നു വിശ്വേട്ടൻ ആദ്യം അവളെ പറ്റി പറഞ്ഞത്.. പിന്നീട് ആണ് തനിക്കു മനസിലായത് സ്വന്തം മകളെ പോലെയാണ് വിശ്വേട്ടൻ അവളെ കാണുന്നതെന്ന്…സ്വന്തം രക്തത്തിൽ പിറന്ന മകൻ ശരതിനേക്കാൾ കൂടുതൽ വിശ്വേട്ടൻ ശ്രുതിയെ സ്നേഹിക്കുന്നതായി തനിക്കു തോന്നി.. അതോടെ അവളോട്‌ തനിക്കു ദേഷ്യം കൂടി കൂടി വന്നു ശ്രുതിക്ക് ജീവൻ ആയിരുന്നു ശരത്തിനെ.അന്ന് ഒരിക്കൽ കൈ കുഞ്ഞായിരുന്നു ശരതിനെ എടുത്തു ഓമനിച്ചു കൊണ്ട് നിൽക്കുമ്പോൾ ആണ് മുകളിലെ നിലയിലെ സ്റ്റെപ്പിൽ നിന്ന് ശരത്തിനൊപ്പം ശ്രുതി സ്റ്റെപ്പിലൂടെ തന്നെ താഴേയ്ക്ക് വീണത്.. സ്റ്റെപ്പിലൂടെ ഉരുണ്ടു മറിഞ്ഞു താഴേയ്ക്കു പോരുമ്പോൾ സ്റ്റെപ്പിലും കൈവരിയിലും ഒക്കെ സ്വന്തം തല ഇടിച്ചിട്ടും കുഞ്ഞിന് ഒന്നും പറ്റാതെ അവൾ നോക്കിയിരുന്നു… രണ്ടുപേരുടെയും നിലവിളി കേട്ട് അടുക്കളയിൽ നിന്ന് ഓടിവന്ന താൻ ദേഷ്യം പിടിച്ചു അലറി. അന്ന് ശ്രുതിയുടെ മുതുകത്തു ചട്ടകം ചൂട് ആക്കി വെച്ചായിരുന്നു താൻ അന്ന് അവളോടുള്ള തന്റെ ദേഷ്യം മുഴുവൻ തീർത്തത്.അന്ന് രാത്രി തന്നെയാണ് ശ്രുതിയെ കാണാതെ ആയതും … തന്റെ മുതുകത്തെ പാട് കണ്ടാൽ അച്ഛൻ അമ്മയെ വഴക്ക് പറയും എന്നുള്ള അവളുടെ തനിക്കുള്ള അവസാന എഴുത്ത് അക്ഷരാർത്ഥത്തിൽ തന്നെ കരയിപ്പിച്ചു കളഞ്ഞു… അടുത്ത ദിവസം വിശ്വേട്ടൻ വരുന്നതിനു മുൻപ് താൻ ശ്രുതിയുടെ ആ ലെറ്റർ താൻ കീറി കളഞ്ഞു … പഠനത്തോടൊപ്പം വീട്ടിൽ താൻ ഏല്പിച്ചുകൊടുത്തിരുന്ന എല്ലാ ജോലിയും ഒരു മടുപ്പും ഇല്ലാതെ അവൾ ചെയ്തു തീർക്കുമായിരുന്നു.. അവൾ പോയപ്പോൾ….ശരത്തിനെ കൊഞ്ചിച്ചു കൊണ്ട് തന്റെ പുറകെ തൂങ്ങുന്ന അവൾ ഇല്ലാതെ ആയപ്പോൾ മാത്രം ആണ് തനിക്കു എന്തായിരുന്നു ശ്രുതി എന്ന് ശരിക്കും മനസിലായത്.. വിശ്വേട്ടനോടൊപ്പം അവളെ അനേഷിച്ചു മുംബൈ വരെ താൻ പോയി അപ്പോഴൊക്കെ, അന്നത്തെ ആ വീഴ്ചയിൽ പാവത്തിന്റെ തല പൊട്ടി ചോര ഒലിച്ചിട്ടും ഒരു ഡോക്ടറുടെ അടുത്ത് പോലും അവളെ കാണിക്കാൻ തനിക്കു തോന്നിയില്ലല്ലോ എന്നുള്ള കുറ്റബോധം കൊണ്ട് തന്റെ മനസ്സ് ചുട്ട് നീറുന്നുണ്ടായിരുന്നു ..അന്ന് ശ്രുതിയെ കണ്ടു പിടിക്കാൻ പറ്റാതെ മുംബയിൽ നിന്ന് മടങ്ങുമ്പോൾ വിശ്വേട്ടനെ കാണിക്കാതെ എത്ര തവണയാണ് താൻ ട്രെയിനിന്റെ ബാത്‌റൂമിൽ ഒക്കെ കയറി കരഞ്ഞു തീർത്തത്. ഇപ്പോൾ ഈ അമ്മ മനസ്സ് തേങ്ങുകയാണ് നെഞ്ച് പൊട്ടുമാറ് ഉറക്കെ കരയുകയാണ് തൊട്ട് അരികെ നിൽക്കുന്ന ശ്രുതി മോളെ ഒന്ന് കെട്ടിപ്പിടിക്കാൻ മുത്തം കൊണ്ട് മൂടാൻ.. എന്നാൽ ചട്ടകം പഴുപ്പിച്ചു വെച്ച ആ പാട് അതിപ്പോഴും ഉണ്ടാകില്ലേ അവളുടെ മുതുകിൽ.. തന്നോടുള്ള ദേഷ്യം ആയിരിക്കും ആ മനസ്സ് നിറയെ

“അച്ഛാ ഞാൻ അന്ന് വീട്ടിൽ നിന്ന് ഇറങ്ങിയ ദിവസം  കിട്ടിയ ട്രെയിനിൽ കയറി ഇരുന്നു… ട്രെയിനിൽ വെച്ച് പരിചയപെട്ട നല്ലവനായ ഒരു ക്രിസ്ത്യൻ പുരോഹിതൻ ആണ് അദ്ദേഹത്തിന്റെ കീഴിൽ ഗോവയിൽ ഉള്ള അനാഥാലയത്തിൽ എന്നെ കൊണ്ട് പോയി ആക്കിയത്… നല്ലവണ്ണം പഠിക്കുമായിരുന്ന എന്നെ അവർ കാനഡയിലേയ്ക്ക് അയച്ചു..അവിടെ നല്ലൊരു കമ്പനിയിൽ ഏറ്റവും നല്ല പൊസിഷനിൽ തന്നെ ജോലി ചെയുകയാണച്ച ഞാൻ ഇപ്പോൾ…അങ്ങനെ നല്ലൊരു നിലയിൽ എത്തിയിട്ട് മാത്രമേ അച്ഛന്റെ മുന്നിൽ വന്നു നിൽക്കു എന്ന് വാശി ഉണ്ടായിരുന്നു ഈ മകൾക്ക് അത് കൊണ്ടാണ് അച്ഛനെ ഞാൻ വിളിക്കാതെ ഇരുന്നത് “

ശ്രുതി ബാഗ് തുറന്നു ഒരു താക്കോൽ കൂട്ടം എടുത്തു വിശ്വനാഥന് കൊടുത്തു

“ഇതാ അച്ഛാ നമ്മുടെ വീടിന്റെ താക്കോൽ.. ഇതു കണ്ട് അച്ഛൻ അതിശയിക്കേണ്ട നാട്ടിൽ ചെന്നപ്പോൾ ശിവമാമയിൽ നിന്ന് എല്ലാം ഞാൻ അറിഞ്ഞു.. എന്നാൽ വീട് തിരികെ അവശ്യപെട്ടപ്പോൾ വല്ലാത്ത വിലയാണ് അയാൾ പറഞ്ഞത്… സാരമില്ല ഞാൻ ആദ്യമായി കയറി വന്ന വീടല്ലേ.നല്ലൊരു തുക അഡ്വാൻസ് കൊടുത്തു താക്കോൽ ഞാൻ തിരികെ വാങ്ങി..ഞാൻ തിരികെ കാനഡ യിലേക്ക് പോകുന്നതിനു മുൻപ് ആ വീടിന്റെ ബാക്കി നൽകാനുള്ള തുകയും അച്ഛന്റെ എല്ലാ കടവും വീട്ടിയിട്ടേ ഞാൻ പോകു.. ശിവ മാമയാണ് എന്നോട് നിങ്ങൾ ഇങ്ങോട്ട് തിരിച്ച കാര്യം പറഞ്ഞത്… അച്ഛനെ തേര് ഇറങ്ങുമ്പോൾ മലയിൽ വെച്ച് ഞാൻ കണ്ടായിരുന്നു.. കുറെ ഞാൻ വിളിച്ചു.. പിന്നെ തിരക്കിൽ പെട്ടന്ന് കാണാതെ ആയി… പിന്നെ ഓരോ ഹോട്ടലിൽ അനേഷിച്ചാണ് ഇവിടെ എത്തിയത്… ഞാൻ വൈകി പോയോ അച്ഛാ…”

ശ്രുതിയുടെ ആ ചോദ്യം കേട്ട് വിശ്വം ഞെട്ടിപ്പോയി.. അൽപ്പം കൂടി അവൾ വൈകി ഇരുന്നുവെങ്കിൽ…. പളനി മലയാണ്ടവനെ അയാൾ മനസ്സിൽ ഉള്ളുരുകി പ്രാർത്ഥിച്ചു… ആ വിഷ കുപ്പി ഒന്ന് തൊടാൻ പോലും അവസരം തരാതെയാണ് തന്റെ പൊന്നുമകളെ മുരുകസ്വാമി തന്റെ മുൻപിൽ ഇപ്പോൾ കൊണ്ട് വന്നു നിർത്തി യിരിക്കുന്നതെന്ന് അയാൾ ഓർത്തു.അപ്പോഴൊയ്‌ക്കെ ഒന്നും സംസാരിക്കാതെ ഇരിക്കുന്ന രാജലക്ഷ്മിയിലേക്ക് ശ്രുതിയുടെ നോട്ടം ഇടയ്കിടയ്ക്‌ പാറി വീഴുന്നുണ്ടായിരുന്നു… അമ്മയ്ക് ഇപ്പോഴും തന്നോട് ദേഷ്യം ആയിരിക്കണം.. അല്ലാതെ എത്ര നേരമായി താൻ ഇവിടെ വന്നിട്ട്… ആ ചിറകിൽ സന്തോഷത്തോടെ ഒന്ന് മുട്ടിയുരുമ്മി ഇരിക്കാൻ എന്ത് മാത്രം ആഗ്രഹം ഉണ്ട് തനിക്കു… ശ്രുതി എന്നൊന്ന് അമ്മ ഒന്ന് വിളിച്ചിരുന്നുവെങ്കിൽ.. ഓടി ചെന്ന് അമ്മയെ താൻ കെട്ടിപിടിച്ചേനെ..യോഗം ഉണ്ടാകില്ല തനിക്കൊന്നിനും അല്ലെങ്കിൽ പെറ്റമ്മ ഏത് അച്ഛൻ ആര് എന്നൊന്നും അറിയാതെ താൻ വളരേണ്ടി വരുകയില്ലായിരുന്നുവല്ലോ… ശ്രുതി ആരും കാണാതെ തിരിഞ്ഞു നിന്ന് കണ്ണീരോപ്പി. അമ്മേ എന്നെ ശ്രുതി എന്ന് ഒന്ന് വിളിക്കമ്മേ..ആ വിളി ഒന്ന് കേൾക്കാനുള്ള ആഗ്രഹം മനസ്സിൽ ചിറപൊട്ടിയൊഴുകുന്നതറിഞ്ഞ ശ്രുതി മനസ്സിൽ തേങ്ങി കരയുന്നുണ്ടായിരുന്നു.

“ഇല്ല മോളെ മോൾ ഒട്ടും വൈകിയില്ല… എന്നാലും വീടൊക്കെ തിരിച്ചു വാങ്ങാൻ ഇനി ഒരു പാട് പൈസ ആകുമല്ലോ ” വിശ്വനാഥൻ എഴുന്നേറ്റു ശ്രുതിയുടെ തോളിൽ കൈ വെച്ചു

“അച്ഛൻ പൈസയുടെ കാര്യം ഒന്ന് ഓർത്തു ഇപ്പോൾ വിഷമിക്കണ്ട.. അച്ഛാ അച്ഛൻ അന്ന് തക്ക സമയത്തു ആ ഹോട്ടൽ മുറിയിൽ എത്തിയില്ലായിരുന്നുവെങ്കിൽ കാ മാർത്തി പൂണ്ട ആ നായ്ക്കൾ എന്നെ കടിച്ചു കീറുമായിരുന്നുവല്ലോ… അച്ഛന് തിരിച്ചു ഉപകാരപെട്ടില്ലെങ്കിൽ പിന്നെ എന്തിനാ അച്ഛാ എന്റെ ഈ ജന്മം ” ശ്രുതി കണ്ണീരോപ്പി ക്കൊണ്ട് തുടർന്നു.

“അച്ഛാ ഞാൻ ഒറ്റയ്ക്ക് അല്ല വന്നിരിക്കുന്നെ അച്ഛനെയും അമ്മയെയും ഭയന്ന് ഒരാൾ പുറത്തു കുറച്ചു നേരമായി നിൽക്കുന്നു… ശരത്.. അവനെ കണ്ടു പിടിക്കാനും മനസ്സിലാക്കാനും ഞാൻ കുറേ ബുദ്ധിമുട്ടി.. ഞാൻ പോകുമ്പോൾ പൊടികുഞ്ഞായിരുന്നില്ലെ അവൻ.ഇപ്പോൾ ആൾ വളർന്നു വലിയ ചെക്കൻ ആയി പോയല്ലോ..അച്ഛാ അച്ഛൻ അവനെ വഴക്ക് പറയരുത് അവന്റെ തെറ്റുകൾ അവന് ശരിക്കും ഇപ്പോൾ മനസ്സിലായിട്ടുണ്ട്

“ശരത്.. എടാ അകത്തെക്ക് വരു ” ശ്രുതി നീട്ടിവിളിച്ചപ്പോൾ താടിയും മുടിയും നീട്ടി വളർത്തിയിരുന്ന ശരത് ആകെ വിഷമിച്ചു  സാവധാനം അകത്തേക്ക് കയറി വന്നു… എല്ലാം നഷ്ടപെടുത്തിയ മകൻ എന്നുള്ള ചിന്ത അവനെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു അപ്പോൾ

“മോനെ നീ എവിടെ ആയിരുന്നെടാ അമ്മ ഇങ്ങോട്ട് പോരുന്നതിനു മുൻപ് എവിടെയൊക്കെ അനേഷിച്ചു.. എത്ര വിളി ഞാൻ വിളിച്ചു ” രാജലക്ഷ്‌മി ഓടി വന്നു ശരത്തിനെ കെട്ടിപിടിച്ചു. അത് കണ്ടു ശ്രുതിയുടെ മനസ്സ് ഇടിഞ്ഞു.. അമ്മയ്ക്ക്  തന്നോട് ദേഷ്യം തന്നെ എന്ന് ശ്രുതിക്ക് അപ്പോൾ തോന്നി . ഭാഗ്യം ഇല്ല തനിക്കു അമ്മയുടെ സ്നേഹം അനുഭവിക്കാൻ.. അതിയായ വിഷമത്തോടെ ശ്രുതി പതുക്കെ പുറത്തേക്കു നടന്നു..

“മോളെ… ശ്രുതി.” ആ വിളി കേട്ട് അത്ഭുതത്തോടെ അവൾ തിരിഞ്ഞു നോക്കി.. അമ്മ തന്നെ വിളിച്ചിരിക്കുന്നു… ഒരായിരം പ്രാവശ്യം താൻ കേൾക്കണം എന്ന് വിചാരിച്ചു കൊതിയോടെ കാത്തിരുന്ന ആ വിളി.. അമ്മ അതാ തന്നെ കൂടി കര വലയത്തിൽ ഒതുക്കാൻ കൈ നീട്ടി പിടിച്ചിരിക്കുന്നു…

“അമ്മേ..” ഒറ്റ ഓട്ടത്തിൽ ശ്രുതി രാജലക്ഷ്മിയുടെ കര വലയത്തിൽ ഒതുങ്ങി..രാജലക്ഷ്‌മി ശ്രുതി മോളെ ചുംബങ്ങൾ കൊണ്ട് മൂടുമ്പോൾ… ആ അമ്മ മനസ്സിന്റെ സ്നേഹം ആദ്യമായി അവൾ അറിയുകയായിരുന്നു.ആ സ്നേഹപ്രെവാഹത്തിൽ ശ്രുതി അലിഞ്ഞലില്ലാതെയായി

“മോളെ.. ശ്രുതി നിന്നെ മനസ്സിലാക്കാൻ ഈ അമ്മയ്ക്ക് കഴിഞ്ഞില്ലല്ലോ.. പെറ്റ മക്കൾ പോലും ചെയ്യാൻ മടിക്കുന്ന കാര്യം ആണ് എന്റെ പൊന്നു മോൾ ഇപ്പോൾ ചെയ്തത്… നിന്നെ പോലെ ഒരു കുട്ടിയെ മകൾ ആയി കിട്ടാൻ ഭാഗ്യം വേണം മോളെ… എന്നോട് ദേഷ്യം ആകും എന്റെ കുട്ടിക്ക് ഇപ്പോഴും അല്ലെ “

“ഇല്ലമ്മേ ഒരിക്കലും ഇല്ല.. അമ്മയെയും അച്ഛനെയും കാണാൻ കൊതിച്ചു എത്ര നാൾ ആയി ഞാൻ ജീവിക്കുന്നു… അമ്മയുടെ ഈ കര വലയത്തിൽ നിൽക്കാൻ മാത്രമാണമ്മേ എന്നും ഈ ശ്രുതി കൊതിച്ചത്.. അതിനു പകരം അന്ന് ആ ശിക്ഷ കിട്ടിയപ്പോൾ ഞാൻ ആകെ തകർന്നു പോയി..ഇനി ജീവിക്കണം അമ്മേ ഈ ശ്രുതിക്ക് അമ്മയുടെയും അച്ഛന്റെയും പുന്നാരമോൾ ആയി.. എന്റെ ശരത്തിന്റെ പൊന്നോമന ചേച്ചിയായി ”  ഒരു നിമിഷം ശ്രുതി വൈകി പോയിരുന്നുവെങ്കിൽ തകർന്നു പോകുമായിരുന്ന ആ ജീവിതങ്ങൾ അവിടെ ഒത്തൊരുമിച്ചപ്പോൾ

…………………………… അങ്ങ് പളനി മലയിൽ, സ്വാമി തേരോട്ടം കഴിഞ്ഞു എല്ലാവരെയും കണ്ടു  മടങ്ങുന്ന  സന്തോഷത്തിന്റെ ആയിരം വെട്ടം ഒന്നിച്ചിറങ്ങുന്നുണ്ടായിരുന്നു.