വാക്കുകളിലൂടെ അവനെ പൊതിഞ്ഞ സന്തോഷം അവളുടെ കണ്ണുകളെ ഈറനണിയിക്കുന്നുണ്ടായിരുന്നു…

ഇസ

രചന : അഞ്‌ജലി മോഹൻ

“കൊതിക്കുമ്പോഴൊക്കെ നിന്നെ ചുംബിക്കാനാകാത്ത, നിന്നെയൊന്ന് വാരിപ്പിടിക്കാൻ സാധിക്കാത്ത ഒരാളെ എങ്ങനാ ഇസാ നിനക്ക് സ്നേഹിക്കാൻ കഴിയണത്….??” മൂർച്ചയേറിയ ചോദ്യങ്ങൾക്കുള്ള മറുപടിയായി അവളൊന്ന് ചിരിക്കുകമാത്രം ചെയ്തു……

യാത്ര പറഞ്ഞ് സാരിത്തുമ്പുയർത്തിപ്പിടിച്ച് പടികൾ ഓരോന്നായി കയറുമ്പോൾ മുകളിലത്തെ ജനലോരത്ത് ഒരു കയ്യിൽ ചായം മുക്കിയ ബ്രഷുമായി മുന്നിലെ കാൻവാസിലേക്ക് നോക്കിക്കൊണ്ട് കിടക്കയിൽ ചായ്ച്ചുവച്ച തലയിണയിൽ ചാഞ്ഞിരിക്കുന്നവനെ കണ്ടു…… പതിവ് കാഴ്ചയാണെങ്കിലും എന്നുമത് പുതുമയുള്ളതുപോലെ നോക്കുന്നതവൾക്കൊരു ശീലമാണ്…പിന്നാമ്പുറത്തുനിന്നും വരുന്ന ഉറക്കെയുള്ള വിളിക്ക് ശേഷം മാത്രമേ അവൾ വീടിന്റെ അകത്തളങ്ങളിലേക്ക് കടക്കുകയുള്ളു……

വാതിൽ തള്ളി തുറന്ന് ചൂടുള്ള പാൽകഞ്ഞിയുമായി മുകളിലെ മുറിക്കുള്ളിലേക്ക് കയറുമ്പോഴും അവനാ ചായങ്ങളിൽ പെട്ടുഴറുകയായിരുന്നു…..

“ഇന്ദ്രേട്ടനുള്ള കഞ്ഞിയാണ്…” മേശയിലേക്ക് പാത്രം ശ്രദ്ധയോടെ വയ്ക്കുന്നതിനിടയിൽ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു…..

തിരികെയുള്ള കനമേറിയ മൂളലിൽ നിന്നുമാണ് പറഞ്ഞതവൻ കേട്ടിരിക്കുന്നുവെന്ന് അവൾ ഉറപ്പുവരുത്തിയത്…..തോളത്തിട്ടുവച്ച തുണി ഒന്നുകൂടെ കൊട്ടി കുടഞ്ഞുകൊണ്ട് പാത്രത്തിലെ കഞ്ഞി സ്പൂണിലേക്ക് പകർന്ന് അവനുനേരെ നീട്ടി….. ക്യാൻവാസിൽ പുതിയ പുതിയ വർണ്ണങ്ങൾ ചാലിക്കുമ്പോഴും അവൾ പകർന്നു നൽകുന്ന ഓരോ സ്പൂണും അവൻ അലസമായി കഴിക്കുന്നുണ്ടായിരുന്നു…….അവന്റെ ചുണ്ടുകൾക്കരികിലൂടെ ഒലിച്ചിറങ്ങുന്ന പാൽക്കഞ്ഞി തുണികൊണ്ടും ഇടയ്ക്കിടെ വിരലുകൾ കൊണ്ടുമവൾ തുടച്ചുമാറ്റികൊണ്ടിരുന്നു….. ഒരു നെടുവീർപ്പോടെ അവനത് വരച്ചു തീർക്കുമ്പോഴേക്കും കൊണ്ടുവന്ന പാൽക്കഞ്ഞിയും കുടിച്ചു കഴിഞ്ഞിരുന്നു…

“നോക്കൂ ഇസാ ഇത് നന്നായിരിക്കുന്നോ….???”.. ചായങ്ങൾ തിങ്ങി നിറഞ്ഞ് വർണാഭമാക്കിയ ക്യാൻവാസവൻ അവൾക്ക് നേരെ പ്രയാസപെട്ടുകൊണ്ട് നീട്ടിപിടിച്ചു…… അവളതിലേക്ക് ഏറെനേരം നോക്കിക്കൊണ്ടേയിരുന്നു…. പിന്നൊന്ന് മൂളി…..

മ്മ്ഹ്….

“എത്രമാത്രം….???”

“ഇന്ദ്രേട്ടന്റെ അത്രേം…” അവൾക്കുള്ളിലെ പ്രണയം ആാാ മുറിയിലാകെ നിറങ്ങൾ വിതറി…..അവനൊന്ന് ചിരിച്ചു…..

“ഇസ ഇന്നലെ വന്നിരുന്നില്ലേ….??” പുലർച്ചെ പെയ്ത മഴയുടെ അവശേഷിപ്പ് ഓടിലൂടെ ഇറ്റുവീഴുന്നതും നോക്കി തുറന്നിട്ട ജനവാതിലിലൂടെ അവൻ പുറത്തേക്ക് കണ്ണുകളെയ്തു…..

“ഉവ്വ് ഇന്ദ്രേട്ടൻ ഉറങ്ങുകയായിരുന്നു….. മരുന്നുകളും കാര്യങ്ങളും ഇല്ലത്തമ്മ തന്നെ നോക്കിക്കൊള്ളാം എന്ന് പറഞ്ഞ് ഇന്നലെ എന്നെ മടക്കിയയച്ചു…. ” പാത്രത്തിൽ പൊട്ടിച്ചിട്ട പപ്പടത്തുണ്ടവൾ അവന്റെ നാക്കിലേക്ക് വച്ചുകൊടുത്തു…..ഒരു ചിരിക്കപ്പുറം അവന്റെ വായയും മുഖവുമെല്ലാം കഴുകി കൊടുത്തുകൊണ്ട് പടികളിറങ്ങി അടുക്കളപ്പുറത്തേക്ക് നടന്നു….

പിന്നത്തെ മടങ്ങി വരവിൽ ഒരു ചെരുവത്തിൽ അല്പം ഇളം ചൂടുള്ള വെള്ളവുമവൾ തൂക്കി പിടിച്ചിട്ടുണ്ടായിരുന്നു….. അവന്റെ തളർന്ന ശരീരത്തെയവൾ കരുതലോടെ കിടക്കയിലേക്ക് കിടത്തി…..

“നനച്ചു തുടയ്ക്കട്ടെ….??”

“എനിക്കൊന്ന് കുളിക്കണം ഇസാ…” അവന്റെ സ്വരത്തിൽ വല്ലാത്ത അവശത…. പാതി ജീവനുള്ള ശരീരത്തെ എങ്ങനെയൊക്കെയോ താങ്ങിപിടിച്ചവൾ വീൽ ചെയറിലേക്കിരുത്തി…..അ ടിവസ്ത്രം മാത്രം ധരിച്ചിരിക്കുന്ന അവന് മേലേക്കവൾ നേർത്ത ചൂടുവെള്ളം തൂവിക്കൊടുത്തു……

“ചൂട് വേണ്ട….. പച്ചവെള്ളം മതി…..” കുളിമുറിയിലെ നിറച്ചുവച്ചിരിക്കുന്ന മൺചെരുവത്തിലേക്ക് അവൻ തെളിമയോടെ നോക്കി…… ഇത്തിരി കുറുമ്പോടെ അവനെനോക്കി പുഞ്ചിരിച്ചുകൊണ്ടവൾ തണുത്ത വെള്ളം അവന്റെ ദേഹത്തൂടെ ഒഴിച്ചുകൊടുത്തു…..

“എത്ര സുഖമാണെന്നറിയാമോ പുലർകാലത്തെ ഇങ്ങനെ തണുത്തവെള്ളം ദേഹത്തൂടെ ഒഴുകി പരക്കുമ്പോൾ…..” കുഞ്ഞുങ്ങളെ പോലവൻ ഇടം കൈകൊണ്ട് വെള്ളത്തെ തട്ടി തെറുപ്പിച്ചുകൊണ്ടിരുന്നു…. കുളികഴിഞ്ഞതും പല്ലുകൾ തമ്മിൽ കൂട്ടിയിടിച്ച് തണുപ്പ് സഹിക്കാനാവാതെ നിസ്സഹായതയോടെ ഇരിക്കുന്നവനെ ഉണങ്ങിയ മുണ്ട് കൊണ്ടവൾ ദേഹത്തേക്ക് പൊതിഞ്ഞു പിടിച്ചു……

“ഇങ്ങനെയൊന്നും പിടിച്ചേക്കല്ലേ ഇസാ… ചിലപ്പോ ഞാൻ നിന്നെ പ്രണയിച്ചുകളയും……” വിറകൊണ്ടു ദേഹം കിടുങ്ങുമ്പോഴും വാക്കുകളിലൂടെ പ്രകടമാക്കപ്പെടുന്ന അവന്റെ കുസൃതികൾ ആവോളം ആസ്വദിക്കുകയായിരുന്നു അവൾ…..

അന്നവൾക്കുറങ്ങാനായില്ല….. മനസ്സപ്പോഴും കുളിമുറിക്കുള്ളിലെ തണുത്തു വിറച്ചിരിക്കുന്നവനിലായിരുന്നു…… അവന്റെ കുസൃതിനിറഞ്ഞ വാക്കുകളിൽ പ്രണയത്തെ തേടുന്നതിലായിരുന്നു….. പിറ്റേന്ന് കാലത്തവൾ നേരത്തെ ഒരുങ്ങി വന്നിരുന്നു…… പാൽക്കഞ്ഞിയുമായി അകത്തേക്ക് കയറുമ്പോൾ പതിവില്ലാത്ത വിധം സന്തോഷത്തോടെ പുഞ്ചിരിക്കുന്നവനെയാണ് കണ്ടത്…..

“ഇനി അധികനാൾ ഇസയ്ക്ക് എന്റെ കാര്യങ്ങളൊന്നും നോക്കേണ്ടി വരില്ല….” ചാരിയിരുത്തി ഒരു കവിൾ കഞ്ഞി ചുണ്ടുകൾക്ക് മേൽ മുട്ടിക്കുമ്പോഴായിരുന്നു പതിവിലും ഗൗരവത്തോടെ അവനത് പറഞ്ഞത്…..

“ഞാനൊരു വിവാഹം കഴിക്കാൻ തീരുമാനിച്ചു……” ആ ഗൗരവം ചിരിയായി പരിണമിക്കുന്നതവൾക്ക് കാണാമായിരുന്നു……

“ആരാ ആള്…?? .” അവളൊന്ന് പിടഞ്ഞു…… എങ്കിലും സമർത്ഥമായി ചിരിച്ചുകാണിക്കാൻ അത്ര സമയം കൊണ്ടവൾ പഠിച്ചിരുന്നു

“ഇസയ്ക്കറിയും അവളിവിടെ വന്നിട്ടുണ്ട്…. എന്റെ സുഹൃത്താണ്…. ‘നേദ്യ’… “

വാക്കുകളിലൂടെ അവനെ പൊതിഞ്ഞ സന്തോഷം അവളുടെ കണ്ണുകളെ ഈറനണിയിക്കുന്നുണ്ടായിരുന്നു……. അന്നവനെ കുളിപ്പിച്ച് ഊണ് കൊടുത്ത് തിരിച്ച് പോകും വരേയ്ക്കുമവൾ നിശ്ശബ്ദയായിരുന്നു…….

രണ്ടാഴ്ചകൾ കഴിഞ്ഞ് ഒരു ദിവസം അവന്റെ കാര്യങ്ങളൊക്കെ നോക്കി മടങ്ങുമ്പോഴായിരുന്നു പിന്നാമ്പുറത്തുനിന്നും ഇല്ലത്തമ്മ കൈകളിലേക്ക് ഒരു കടലാസ്സുപൊതി വച്ചുകൊടുത്തത്…….

“ഒരു സാരിയാ…. ഇന്ദ്രന്റെ വിവാഹത്തിന് വേണ്ടി തുണിത്തരങ്ങൾ എടുക്കുമ്പോൾ നിനക്കും ഒരെണ്ണം മേടിച്ചു….. താലികെട്ടൊക്കെ ക്ഷേത്രത്തിൽ വച്ചാ…. അങ്ങോട്ടൊന്നും നിനക്ക് വരാൻ പറ്റില്ലാന്ന് അറിയാം…. എങ്കിലും നീയിത് വച്ചോ…. പിന്നെ കല്യാണം കഴിഞ്ഞ് ഒരു രണ്ടാഴ്ച നീ വരണം പിന്നീട് അവന്റെ കാര്യങ്ങളൊക്കെ നേദ്യകുട്ടി നോക്കിക്കോളും….. ചെയ്യേണ്ട കാര്യങ്ങളൊക്കെ അവൾക്ക് കണ്ട് പഠിക്കാനാ നിന്നോട് വരാൻ പറഞ്ഞേ…..” കിട്ടിയ പൊതിയിലേക്ക് നോക്കുമ്പോഴേക്കും അമ്മ അകത്തളത്തിലേക്ക് നടന്നിരുന്നു…… ഓടിട്ട വീടിനുള്ളിലെ കുഞ്ഞുമുറിയിൽ വച്ചവൾ വാടാമല്ലി നിറത്തിലുള്ള കോട്ടൺ സാരിയിലൂടെ വിരലുകളോടിച്ചു….. ഒരുതുള്ളി കണ്ണുനീർ അതിന്മേലേക്ക് ഇറ്റു വീണു…….

മുറിക്കുള്ളിലെ മാതാവിന്റെ തിരുരൂപത്തിലേക്കവൾ ഹൃദയം നുറുങ്ങികൊണ്ട് നോക്കി….. അവൾക്കൊന്ന് നിലവിളിക്കണമെന്ന് തോന്നി…… ഒരു കരച്ചിലവളുടെ തൊണ്ടക്കുഴിയിൽ ഞെരുങ്ങി ശ്വാസമെടുക്കാനാവാതെ പിടഞ്ഞ് ജീവനറ്റു…….

അന്നവനെ കുളിപ്പിക്കുമ്പോൾ അരികിൽ നീണ്ട മുടിയിൽ തുളസികതിര്‌ ചൂടി നേര്യതിന്റെ തുമ്പിൽ വട്ടം പിടിച്ച് മറ്റൊരു പെണ്ണും ഉണ്ടായിരുന്നു….. അവൾ ഇസയെ, ഇസയുടെ ചെയ്തികളെ സൂക്ഷ്‌മം വീക്ഷിക്കുകയായിരുന്നു……..

“കുളിപിച്ച് കഴിഞ്ഞാൽ മൂർദ്ധാവിൽ ഇത്തിരി രാസനാദി പൊടി ഇട്ട് കൊടുക്കണം…. നീരിറങ്ങും…..” പതിഞ്ഞ ശബ്ദത്തിൽ അവർ ഇരുവരെയും നോക്കാതെ പറഞ്ഞു….

പതിവുകൾ തെറ്റി…..അന്ന് കുളിമുറിക്കുള്ളിൽ നിന്നും അവനെ മുറിയിലെത്തിച്ചതും കിടക്കയിലേക്ക് എടുത്ത് കിടത്തിയതും പുതിയവളായിരുന്നു……അവനന്ന് കഞ്ഞി കൊടുത്തതും ഇറ്റുവീഴുന്ന പാൽക്കഞ്ഞി ചുണ്ടുകൾക്കരികിലൂടെ തുടച്ചുനീക്കിയതും പുതിയവളായിരുന്നു…..ഇസ മുറിവിട്ടിറങ്ങി…..അവൾക്ക് ഭയം തോന്നി….എപ്പോഴെങ്കിലും അവരുടെ പ്രണയം നിറഞ്ഞ നോട്ടവുമായി തന്റെ കണ്ണുകൾ ഇടഞ്ഞാൽ ഒരുപക്ഷെ താനാ മുറിയിലെ വെറും നിലത്ത് വീണ് മരിച്ചേക്കാം…..

മെല്ലെ പടികളിറങ്ങി കരിയിലകൾ വീണ തൊടിയിലൂടെ നടന്നു……. റബ്ബർ കാടുകൾക്കിടയിലെ കുഞ്ഞ് ഓടിട്ട വീടിനുള്ളിലേക്ക് കയറുമ്പോൾ മഴ ശക്തിയിൽ പെയ്തിറങ്ങുന്നുണ്ടായിരുന്നു…… അവളന്നുറക്കെ കരഞ്ഞു……
തൊണ്ടപൊട്ടുമാറുറക്കെ…….. നേർത്ത് നേർത്തെപ്പോഴോ മറ്റൊരുവളുടേതായ തന്റെ പ്രണയത്തെയവൾ ഹൃദയത്തിൽ ഒളിപ്പിച്ചു…….

ദിവസങ്ങൾ….മാസങ്ങൾ…..അങ്ങനെ രണ്ട് വർഷങ്ങൾ……

പുലർച്ചെ റബ്ബർ മരങ്ങൾ വെട്ടി പാലെടുക്കുമ്പോഴായിരുന്നു ഇല്ലത്തെയമ്മ വീണ്ടും അവിടേക്ക് വരാൻ പറഞ്ഞത്…….പിറ്റേന്ന് മുതൽ വീണ്ടും അതേയിടത്തേക്ക്….. മനസ്സപ്പോഴേക്കും തണുത്തുറഞ്ഞ് മഞ്ഞുകട്ടപോലെയായിരുന്നു……വീണ്ടും അതേ രൂപം……പക്ഷേ കയ്യിൽ ചായകൂട്ടുകളോ മുന്നിൽ വെളുത്ത കാൻവാസൊ കണ്ടില്ല……..ആളല്പം ക്ഷീണിച്ചിട്ടുണ്ട്…….കണ്ണുകൾ അദ്ദേഹത്തിന്റെ ഭാര്യയെ പരതികൊണ്ടിരുന്നു…..തൊട്ടപ്പുറത്തെ മുറിയിൽ നിന്നും നനഞ്ഞ മുടി തുവർത്തിൽ കെട്ടിയിട്ട് ഇറങ്ങുന്നവളെ കണ്ടു….. ചെറുതായൊന്ന് പുഞ്ചിരിച്ചുകൊണ്ട് ആൾക്കരുകിൽ ചെന്നിരുന്നു…..

“ഇന്ദ്രേട്ടൻ ക്ഷീണിച്ചു….” മേലാകെ തുടച്ചു കൊടുക്കുമ്പോൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു…… അവനൊന്ന് ചിരിക്കുകമാത്രം ചെയ്തു……

“സുഖാണോ നിനക്ക്….??” തിരികെവന്ന ചോദ്യത്തിനും ഒന്ന് ചിരിക്കുകമാത്രം ചെയ്തു…….രണ്ട് ദിവസങ്ങൾ അവൾ നേദ്യയെ തേടിക്കൊണ്ടിരുന്നു….. ആാാ വീടിനുള്ളിലൂടെ, അവന്റെ മുറിക്ക് മുൻപിലൂടെ നടക്കുന്നതല്ലാതെ അവളൊരു നോട്ടം കൊണ്ടുപോലും ഇന്ദ്രനെ ശ്രദ്ധിക്കുന്നില്ലായിരുന്നു…..

“പിണക്കത്തിലാണോ രണ്ടുപേരും….??” പുലർച്ചെ വീണ് തുടങ്ങുന്ന നേർത്ത വെളിച്ചത്തിനായി ജനൽപൊളി വലിച്ച് തുറക്കുമ്പോഴായിരുന്നു ഇസയത് ചോദിച്ചത്….അവനൊന്ന് മൂളി….തീരെ ശക്തിയില്ലാതെ മൂളി…..അന്ന് മുറിയാകെ വൃത്തിയാക്കുമ്പോഴായിരുന്നു അപ്പുറത്തെ മുറിയിൽ നിന്നും കിണുങ്ങി ചിരിക്കുന്ന പെണ്ണിന്റെ ശബ്ദം കേട്ടത്….. കാതുകൾ ആ ശബ്ദത്തെ വട്ടം പിടിച്ചപ്പോഴേക്കും മുറിവാതിലിന്റെ പുറത്തുനിന്ന് ദേവൻ നേദ്യയുടെ നെറ്റിമേൽ ചുണ്ടമർത്തുന്നത് കണ്ടു……കയ്യിൽ നിന്നും പട്ടയുടെ ചൂല് നിലത്തേക്ക് വീണു…..ഇന്ദ്രനെ തിരിഞ്ഞുനോക്കുമ്പോൾ അവൻ കണ്ണുകൾ ഇറുകെ അടച്ചിരിക്കുകയാണ്…….ദേവന് പിന്നാലെ അടിവച്ച് പോകുന്നവളെ നോക്കി ഇസയന്ന് അനക്കമറ്റുനിന്നു…..

“എന്ന് വന്നു ദേവേട്ടൻ…??” ഒരു കവിൾ കഞ്ഞി ചുണ്ടിലേക്ക് മുട്ടിച്ചപ്പോൾ പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു…..

“കല്യാണം കഴിഞ്ഞ് ആറ് മാസങ്ങൾ കഴിഞ്ഞപ്പോൾ…..” ഒരിറ്റ് പതർച്ചപോലുമില്ലാതെ ഉള്ളിൽ ആർത്തുകരയുന്നവനെ ഇസ നിസ്സഹായതയോടെ നോക്കി……എന്നുമാ കാഴ്ച പതിവാകുമ്പോൾ കണ്ണുകൾ ഇറുകെമൂടി കാണാത്തതുപോലെ ഇരിക്കുന്ന ഇന്ദ്രന്റെ നിസ്സംഗത അവളെ നോവിച്ചു……

ദിവസങ്ങൾക്കപ്പുറം അന്നും അടക്കിപിടിച്ച ആ ചിരികൾക്ക് ശേഷം കാലടികളുടെ ശബ്ദം മുറിയുടെ വാതിൽക്കൽ എത്തിനിന്നപ്പോഴേക്കും ഇസ ഇന്ദ്രന്റെ നെഞ്ചിലേക്ക് ചാഞ്ഞിരുന്നു……ഇറുകെ മൂടിയ കണ്ണുകൾ പിടച്ചിലോടെ വർഷങ്ങൾക്കിപ്പുറം അവൻ ആദ്യമായ് തുറന്ന് പിടിച്ചു…….നെഞ്ചിൽ ചാഞ്ഞുകിടക്കുന്നവളെ അവൻ പതർച്ചയോടെ നോക്കി…..അവൾ വീണ്ടും വീണ്ടും അവന്റെ തണുത്തുറഞ്ഞ ശരീരത്തെ വട്ടം പിടിച്ചു…..അന്ന് മുറിക്ക് പുറത്തുവച്ചവർ കൈമാറിയ ചുംബനങ്ങളോ പ്രണയങ്ങളോ ഇന്ദ്രൻ കണ്ടില്ല…… അവർ ഗോവണി ഇറങ്ങി പോകുന്ന ശബ്ദം കേട്ടതും ഇസ മുഖം താഴ്ത്തികൊണ്ട് അവനിൽ നിന്നും വിട്ടകന്നു…….

പിന്നെയതൊരു പതിവായി….. പതർച്ചയോടെ ചാഞ്ഞുതുടങ്ങിയ ഇസ പിന്നെപ്പോഴോ അധികാരത്തോടെ അവനെ പുൽകി തുടങ്ങി…. ഒരിക്കൽ അതേ അധികാരത്തോടെയവൾ ഇന്ദ്രന്റെ നെഞ്ചിൽ ചുണ്ടുകളമർത്തി…..

“വേണ്ട ഇസാ….” അവൻ അലറിയപ്പോഴും അവൾ വിട്ടുമാറാതെ ആ നെഞ്ചിലേക്ക് പതുങ്ങി……

വാതിലിന് പുറത്തു മാത്രം നിന്നിരുന്നവർ വർഷങ്ങൾക്കിപ്പുറം മുറിക്കകത്തെത്തി….അന്നവൾ നോവിക്കപ്പെട്ടു…..പി ഴച്ചവളാകപ്പെട്ടു……അവളുടെ പ്രണയം അന്ന് ഭൂമിയോളം താഴ്ന്നു…….ബഹളം കേട്ട് ഇല്ലത്തുള്ളവരും, അടുത്തുള്ളവരും ആ മുറിക്കുള്ളിൽ നിറഞ്ഞു…..അതൊരു കാരണമാക്കി നേദ്യ ദേവന്റെ നെഞ്ചിലേക്ക് എല്ലാവരും കാൺകെ ഇറുകെ ചേർന്നപ്പോൾ ഇസയൊന്ന് ചിരിച്ചു….എന്തോ നേടിയെടുത്തവളുടെ പുച്ഛം നിറഞ്ഞ ചിരി…..മുറിക്ക് പുറത്തേക്ക് തള്ളപ്പെട്ട ഇസ ഒറ്റക്കുതിപ്പിന് വീണ്ടും ഇന്ദ്രന്റെ നെഞ്ചിലേക്ക് ചെന്ന് വീണു……

“ഒന്ന് വാ തുറക്ക് മനുഷ്യാ….. അവരെന്നെ വെറും വേശ്യക്ക് തുല്യമാക്കുന്നു…..” അവളവന്റെ ഷർട്ടിനെ പിടിച്ചുലച്ചു….ചെറുതായി അനങ്ങുന്ന പടങ്ങൾ വരയ്ക്കുന്ന ഇടം കൈകൊണ്ടവൻ അവളെ എങ്ങനെയോ വട്ടം പിടിച്ചു…..അവന്റെ ചുണ്ടുകൾ അവളുടെ മൂർദ്ധാവിൽ അമർന്നു……. അവളൊരു നനഞ്ഞ മഞ്ചാടിമണിയോളം ചെറുതായി അവനിലേക്ക് ഒതുങ്ങിയിരുന്നു……

“ഓ അപ്പം കൈ പൊന്തും….. അവളേം മനസ്സിൽ വച്ച് എന്നെ വേളി കഴിച്ചാൽ പിന്നെ എന്നെയൊന്നു തൊടാൻ തോന്നുവോ…..” നേദ്യയുടെ ശബ്ദം വീണ്ടും വീണ്ടും ഉയർന്നു…… അവൾ ദേവനെയും പിടിച്ചുകൊണ്ട് ധാർഷ്ട്യത്തോടെ ഇല്ലത്തമ്മയ്ക്ക് മുൻപിലൂടെ മറ്റൊരുമുറിയിലേക്ക് കയറി…… പിന്നെയും മുറുമുറുപ്പുകൾ ഉയർന്നു…. ഇസ കാതുകൾ കൊട്ടിയടയ്ക്കപ്പെട്ടവളെപോലെ ഇന്ദ്രന്റെ നെഞ്ചിൽ തന്നെ പറ്റിച്ചേർന്നിരുന്നു…..

പിറ്റേന്ന് കാലത്തവൾ ഉറക്കമുണർന്നത് അവനരുകിൽ നിന്നുമായിരുന്നു….. ഒന്ന് ഇരിക്കണമെന്നും വരയ്ക്കണമെന്നും പറഞ്ഞപ്പോൾ തലയിണയിലേക്ക് ചായ്ച്ചിരുത്തികൊണ്ട് ക്യാൻവാസും നിറങ്ങളും അടുത്തായിത്തന്നെ വച്ചുകൊടുത്തു…… കുളികഴിഞ്ഞവൾ ഈറനുടുത്തിറങ്ങുമ്പോഴേക്കും അവൻ ചെറുതായി മയങ്ങിയിരുന്നു……വരച്ചു തീർത്ത പടത്തിലേക്കവൾ നോക്കി…..

കുളിമുറിക്കുള്ളിൽ നിന്നും തണുത്ത് വിറച്ചിരിക്കുന്നവനെ പൊതിഞ്ഞു പിടിച്ചൊരു പെണ്ണ്….. ആാാ പെണ്ണിന് അവളുടെ മുഖമായിരുന്നു….. ഇസയുടെ…..

“നന്നായിരിക്കുന്നോ ഇസാ….??” അരികിൽ നിന്നും അവന്റെ സ്വരം…

“മ്മ്ഹ്….” അവളൊന്ന് മൂളി തീരെ നേർമയിൽ…..

“എത്രമാത്രം….???”

“ഇന്ദ്രേട്ടന്റെ അത്രേം…..” വീണ്ടും അതേ മറുപടി…… അവനവളെ ഇമ ചിമ്മാതെ നോക്കി….. അവളുടെ പ്രണയത്തിന്റെ നിറങ്ങൾ ആദ്യമായ് അവനിലേക്കും പടർന്നിറങ്ങി…..അവളവനിലേക്ക് ചേർന്നിരുന്നു……ചെറുതായി അനങ്ങുന്ന അവന്റെ ഇടം കൈ ബലമായി പിടിച്ചെടുത്തവൾ ഇടുപ്പിലൂടെ ചുറ്റിച്ചു വച്ചു…….

“ഞാൻ കാരണം മോശക്കാരിയായി അല്ലേ….??” അവന്റെ ശബ്ദത്തിൽ നോവ് കലങ്ങി…..

“ങ്കിലും എന്റേതായല്ലോ….” അവന്റെ ഇടർതൂർന്ന താടിയിലൂടെ അവളുടെ വിരലുകൾ ഓടി നടന്നു….

‘നീയാഗ്രഹിക്കുന്നതുപോലെ എനിക്ക് നിന്നെ സ്നേഹിക്കാൻ ആവില്ല ഇസാ…’ അവന്റെ കണ്ണുകൾ ജനാലവഴി പുറം കാഴ്ചകളിൽ എത്തിനിന്നു….

“ഇതിലധികം ഒരു മോഹവും ന്റെ ശരീരത്തിനും മനസിനും ഇല്ല ഇന്ദ്രേട്ടാ…. എന്നും കണ്ടാൽ മതി, ഇങ്ങനെ അടുത്തുണ്ടായാൽ മതി, ഏഴ് ജന്മങ്ങൾ ഉണ്ടല്ലോ അതിൽ ഏതെങ്കിലും ഒന്നിൽ ഇന്ദ്രേട്ടന് എഴുന്നേറ്റ് നിൽക്കാനായാൽ അത്രയും മതി ഇസയ്ക്ക്…… അതും എനിക്ക് മോഹമുണ്ടായിട്ടല്ല ഇന്ദ്രേട്ടന് അത്രയ്ക്കെന്നെ സ്നേഹിച്ച് കൊതിതീർക്കാൻ തോന്നുന്നുണ്ടെങ്കിൽ മാത്രം….” അവന്റെ ചലിക്കാത്ത കൈകളിലെ വിരലുകൾക്കിടയിലൂടെ അവളുടെ വിരലുകൾ കോർത്തുപിടിച്ചു…..മുറുകി വരുന്ന അവളുടെ വിരലുകൾക്ക് മേലെ എപ്പോഴോ അവന്റെ ചെറുവിരലൊന്ന് തഴുകി…..ഇസയുടെ ഇരുകണ്ണുകളും വിടർന്നു….അതിൽ അതിശയം നിറഞ്ഞു….പിന്നെയാ കണ്ണുകളൊന്ന് ഈറനായി….അവളുടെ അരളിപ്പൂവിന്റെ നിറമുള്ള ചുണ്ടുകൾ പുഞ്ചിരിച്ചു……അടങ്ങാത്ത സന്തോഷത്തിന്റെ നീർതുള്ളി അവന്റെ രോമാവൃതമായ നെഞ്ചിലൂടെ ഒഴുകിയിറങ്ങി……

അന്നും പതിവ് ചുംബനം വാതിലിന് പുറത്ത് അരങ്ങേറുമ്പോൾ ഇന്ദ്രൻ അവളുടെ ലോകത്തായിരുന്നു….ഇസയുടെ മാത്രം ലോകത്ത്…….അധികം ബഹളങ്ങളോ കൊഞ്ചലുകളോ ഇല്ലാതെ പലവട്ടം അവന്റെ ചുണ്ടുകൾ അവളുടെ നെറ്റിയെ നുകർന്നു…….അവളുടെ കണ്ണുകൾ കൂമ്പിയടയുന്നതും കവിൾത്തടങ്ങളിൽ നാണം വന്ന് തൂകുന്നതും അവൻ പ്രേമത്തോടെ നോക്കി കിടന്നു…….വീണ്ടും വീണ്ടും അത് കാണാൻ വേണ്ടി മാത്രമായി അവനവളെ ചുംബിച്ചുകൊണ്ടിരുന്നു…….

അവസാനിച്ചു….

©️Anjali mohan

സമർപ്പണം :: ഇന്നും സ്നേഹിച്ച് തീരാത്ത ഇന്ദ്രനും ഇസയ്ക്കും വേണ്ടി ❤️