എന്നെന്നും കണ്ണേട്ടന്റെ രാധിക – ഭാഗം II – രചന: AJAY ADITH
ഒന്നാം ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ
അന്ന് രാത്രി നേരം വെളുപ്പിച്ചത് എങ്ങനെയാണെന്ന് എനിക്ക് ഇന്നും ഓർമ്മയില്ല. നിമിഷങ്ങളെല്ലാം യുഗങ്ങളായി കടന്നുപോയി കൊണ്ടിരുന്നു. നേരം വെളുക്കാറായപ്പോൾ അടുത്തുള്ള ക്ഷേത്രത്തിൽ നിന്ന് കൗസല്യ സുപ്രഭാതം കാതുകളെ തഴുകി വന്നു.
അടുക്കളയിൽ പാത്രങ്ങളോട് കുശലം ചോദിക്കുന്ന അമ്മയുടെ ശബ്ദം കേട്ടപ്പോൾ അടുക്കളയിലേക്ക് ചെന്ന്. ജനിച്ചിട്ട് ഇന്നേവരെ രാവിലെ 4.30 കണ്ടിട്ടില്ലാത്ത ഞാൻ ആദ്യമായി ആ സമയത്ത് എഴുന്നേറ്റ് വരുന്നത് കണ്ട അമ്മ, എന്നെ ചന്ദ്രനിൽ നിന്ന് ഭൂമിയിലേക്ക് വന്ന ഒരു അന്യഗ്രഹജീവിയെ നോക്കുന്നപോലെ എന്നെ അത്ഭുതത്തോടെ നോക്കി.
എന്നിട്ട് ഒരു കൗണ്ടറും മൂത്രം ഒഴിക്കാൻ വന്നതാണേൽ ഇത് അല്ല അപ്പുറത്താണ് ടോയ്ലറ്റ്. അതിനുള്ള മറുപടി
ഒരു വളിച്ച ചിരിയിലൂടെ ഒതുക്കി. അമ്മേ ഞാൻ ഇപ്പോ പല്ല് തേച്ചിട്ട് വരാം, കഴിക്കാൻ വല്ലതും എടുത്തുവക്ക് പറഞ്ഞത് മാത്രം ഓർമ്മയുണ്ടായൊല്ലു…
കൊച്ച് വെളുപ്പാൻകാലത്ത് തന്നെ നിനക്ക് തിന്നാൻ ഉണ്ടാക്കി വച്ചേക്കലെ എന്നും പറഞ്ഞ് ഒരലർച്ചയായിരുന്നു. സ്വന്തം മോൻ ആയതുകൊണ്ട് മാത്രം തന്തക്കും തള്ളക്കും വിളിച്ചീല. പിന്നെ അവിടെ നില്കുന്നത് ശെരിയല്ല എന്ന് തോന്നിയപ്പോൾ പയ്യെ അവിടെ നിന്ന് വലിഞ്ഞു.
മൊത്തത്തിൽ ഒന്ന് വീക്ഷിച്ചപ്പോൾ അമ്മ മാത്രേ ഉണർന്നിട്ടൊള്ളു എന്ന് മനസിലായി. അച്ഛമ്മയും ആരും എണീറ്റട്ടില്ല. അത് എന്നും അങ്ങനെ തന്നെയാണ്. വീട്ടിൽ എന്നും ആദ്യം എഴുനേൽക്കുന്നതും അവസാനം ഉറങ്ങുന്നതും അമ്മയാണ്. കൂട്ടുകുടുംബമായത് കൊണ്ട് എല്ലാവർക്കുമുള്ള ഭക്ഷണം പാകം ചെയ്യലും വീട് വൃത്തിയാക്കലും അലക്കലും എല്ലാം അമ്മ തന്നെയാണ് ചെയ്യുക.
എനിക്ക് പലപ്പോഴും തോന്നിട്ടുണ്ട് അമ്മ ഒരു വേലക്കാരിയായി മാറുന്നുണ്ടോ വീട്ടിൽ എന്ന്. ഞാൻ നേരെ പോയി അച്ഛമ്മേടെ അടുത്തേക്ക്, അവിടെ പോയി അച്ഛമ്മനേം കെട്ടിപിടിച്ച് കിടന്നു. പിന്നെ ഉറക്കത്തിൽ നിന്നെണീറ്റത് ഉച്ചയ്ക്കായിരുന്നു.
ഉമ്മറത്തെ കോലായിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്ന അമ്മനേം കണ്ടുകൊണ്ടാ ചെന്നത്. അപ്പോൾ തന്നെ കിട്ടി ഒരു കൊട്ട്. കൊച്ചുവെളുപ്പാം കാലത്ത് തന്നെ വന്ന് മനുഷ്യനെ ബുദ്ധിമുട്ടിച്ച് ചായേം കടിം ഉണ്ടാക്കി കഴിക്കാൻ വിളിച്ചപ്പോ ബാക്കി ഒള്ളോന്റെ നാടുവിനാർന്നു അവന്റെ ഒടുക്കത്തെ ചവിട്ട്.
ഇതൊക്കെ ഇപ്പോ സംഭവിച്ചു എന്നറിയാതെ ഞാൻ പകച്ച് നിൽക്കുന്ന എന്നെ കണ്ടപ്പോൾ തന്നെ അച്ഛമ്മ അമ്മയോട് ചൂടാക്കാൻ തുടങ്ങി. എന്റെ കൊച്ച് വിശന്നു വന്നപ്പോൾ അവൾക്ക് ഉണ്ടാക്കി കൊടുക്കാൻ പറ്റീല. എന്നിട്ട് അവളുടെ സൗകര്യത്തിനു ഉണ്ടാക്കി കൊണ്ടുവന്നപ്പോഴേക്കും എന്റെ കുട്ടി ഉറങ്ങിപ്പോയി.
എന്നിട്ട് നേരം വെളുത്ത് ഇത്രയായപ്പോഴാ പാവം എഴുനേറ്റത്. എന്നിട്ടും അവൾക്ക് അതിനു വല്ലതും കഴിക്കാൻ കൊടുക്കാൻ അല്ല തിടുക്കം അവനെ ചീത്തപറയാനാ എന്നും പറഞ്ഞു അമ്മായിയമ്മേം മരുമോളും തമ്മിൽ തെറ്റി തുടങ്ങി.
അപ്പോളേക്കും ഞാൻ ഇടപെട്ടു എന്റെ കാര്യം പറഞ്ഞ് ആരും തല്ലുകൂടാൻ നിൽക്കണ്ട, എനിക്ക് വല്ലതും കഴിക്കാൻ എടുക്ക് എന്നും പറഞ്ഞ് ഞാൻ ബ്രഷ് ചെയ്യാൻ പോയി…പല്ലുതേപ്പും കുളീം ഒക്കെ കഴിഞ്ഞ് ഭക്ഷണം കഴിക്കാൻ വന്നിരുന്നപ്പോൾ ആണ് രാധുന്റെ കാര്യം ഓർമ്മ വന്നത്.
ഒരുവിധത്തിൽ അമ്മ കൊണ്ടുവച്ചതെല്ലാം കുത്തിക്കേറ്റി പുറത്തേക്ക് ഇറങ്ങി. എങ്ങനേലും രാധുവിനെ കാണണം നേരെ ന്റെ BSA എടുത്ത് അവളുടെ വീടിന്റെ മുൻപിലൂടെ ഒന്ന് കറങ്ങി. അപ്പോൾ ആണ് Mr. കുട്ടൂസൻ അഥവാ എന്റെ ഭാവി അമ്മായിയപ്പനെ കണ്ടത്.
എന്നെ കണ്ടപ്പോൾ തന്നെ ആള് കൈകാട്ടി വിളിച്ചു. ആദ്യം ഒന്ന് പരുങ്ങി കാരണം നമുക്കറിയാലോ നമ്മൾ കള്ളൻ ആണെന്ന്. പണ്ടാരടങ്ങാൻ ഇയാൾക്ക് വല്ല സംശയവും തോന്നിയാവോ എന്ന് മനസ്സിൽ തോന്നി. എന്തായാലും വരുന്നിടത്ത് വച്ച് കാണാം എന്ന് കരുതി അടുത്തേക്ക് ചെന്നു.
എന്തേ മാമ വിളിച്ചേ…. !!! നീ ബസിൽ അല്ലേ സ്കൂളിൽ പോവാറുള്ളത്….? അതെ…എന്തേ….? ഈ കൊല്ലം തൊട്ട് രാധുനേം ബസ്സിലാ വിടുന്നത്. അപ്പോൾ നീ ഒന്ന് അവളെ ശ്രദ്ധിക്കണ്ണെ എന്ന് പറയാൻ വേണ്ടി വിളിച്ചതാ….എന്നും പറഞ്ഞ് അയാൾ രാധുനെ വിളിച്ചു.
മറ്റന്നാൾ മുതൽ ക്ലാസ് തുടങ്ങുമ്പോൾ കണ്ണേട്ടനും ഉണ്ടാകും. അവൻ കേറുന്ന ബസ്സിൽ കേറി പോയാമതി. വല്ല സംശയവും ഉണ്ടേൽ അവനോട് പറയണം. ഇത് കേട്ടതും എനിക്ക് കരയണോ ചിരിക്കണോ തുള്ളിചാടണോ എന്നൊന്നും അറിയാൻ പറ്റാത്ത അവസ്ഥയായി.
ഞാൻ എന്റെ രണ്ട് കണ്ണും ഓൾക്ക് വേണ്ടി ഇന്നലെയെ ഡെഡിക്കേറ്റ് ചെയ്തിരിക്കുന്നു മാമ…എന്ന് മനസ്സിൽ പറഞ്ഞ് എന്റെ സന്തോഷം ഞാൻ നിയന്ത്രിച്ചു. അപ്പോൾ തന്നെ ഓൾടെ കമന്റ് അതിന് ഞാൻ വല്ലതും ചോദിച്ചാൽ ഇദ്ദേഹം മിണ്ടില്ലലോ ഭയങ്കര ബലംപിടുത്തം അല്ലേ ചേട്ടന്.
ഓള് അത് ഇത്തിരി പരിഭവത്തിലാണ് പറഞ്ഞതെങ്കിലും എനിക്ക് അത് കുയിൽ നാദം പോലെയാ കാതിൽ എത്തിയത്. അപ്പോൾ തന്നെ മാമന്റെ ചോദ്യം, നീയെന്താ ഇവളോട് മിണ്ടാത്തെ നിങ്ങൾ തമ്മിൽ വല്ല പിണക്കവും ഉണ്ടോ…?
ഇല്ല മാമ…അങ്ങനെ ഒന്നും ഇല്ല ഞാൻ അങ്ങനെ പെൺകുട്ടികളോട് സംസാരിക്കാറില്ല. എനിക്ക് എന്തോ നാണം വരും. അതുകൊണ്ടാണ് അല്ലാതെ വേറെ ഒന്നും അല്ല. അയ്യേ നീ ഒക്കെ എന്ത് ആൺകുട്ടിയാടാ…എന്നും പറഞ്ഞ് കളിയാക്കി. എന്തായാലും നീ ഒന്ന് അവളെ ശ്രദ്ധിച്ചേക്കണം.
അവൾ ആദ്യായിട്ട ബസ്സിൽ ഒക്കെ ഒറ്റക്ക് പോണത്. അതിനെന്താ മാമ ഞാൻ നോക്കിക്കോളാം. 8.30ന് താൻ ബസ്സ് സ്റ്റോപ്പിൽ ഉണ്ടാകണം. ഞാൻ കൃത്യം ആ ടൈമിൽ അവിടെ ഉണ്ടാകും. അങ്ങനെ പറഞ്ഞ് അവരോട് യാത്ര പറഞ്ഞ് ഇറങ്ങി. പോരാൻ നേരം രാധുന്റെ മുഖത്തേക്ക് ഒന്ന് നോക്കി.
അവളുടെ മുഖത്ത് ഞാൻ ആദ്യമായി മിണ്ടിയതിന്റെ സന്തോഷമാണോ…അതോ എന്റെ പരുക്കൻ സ്വഭാവത്തോടുള്ള വെറുപ്പാണോ എന്നൊന്നും മനസിലായില്ല…എന്താ എന്ന് മനസിലാകാത്ത ഒരു ഭാവം. എന്തായാലും എന്റെ രാധു മറ്റന്നാൾ മുതൽ എന്റെ ഒപ്പം സ്കൂളിലേക്ക് പോകാൻ ഉണ്ടാകും.
അപ്പോൾ അവളോട് കൂടുതൽ അടുത്ത് ഇടപെഴകാൻ കഴിയുമെന്ന സന്തോഷത്തിലും ഞാൻ മതിമറന്നു പാട്ടും പാടി എന്റെ BSA യിൽ കുതിച്ച് പാഞ്ഞു. എന്റെ എല്ലാ കുരുത്തക്കേടിനും മല കൂടെ നിൽക്കുന്ന എന്റെ കസിനെ കാണാൻ എനിക്ക് ഇങ്ങനെ ഒരിഷ്ടം തോന്നിയപ്പോൾ തന്നെ വിചാരിച്ചതാ…ഇതാരൊടെങ്കിലും പറയുന്നുണ്ടേൽ അത് ആദ്യം ഇവനോടാകും എന്ന്.
ഞാൻ അങ്ങനെ കറുപ്പിനഴക് ഓ…വെളുപ്പിനഴക് ഓ…എന്ന പാട്ടും പാടി പറന്നു പോകർന്നു. പെട്ടന്നൊരു ഉൾവിളി പോലെ സൈക്കിൾ എഴുനേറ്റുനിന്ന് ചവിട്ടിയതും ചെയിൻ വിട്ടതും ഒരുമിച്ചാർന്നു. എന്റെ മണികണ്ഠസ്വാമിയേയ്…പിന്നെ ഒന്നും ഓർമയുണ്ടായില്ല.
ത്രിശങ്കു സ്വർഗ്ഗവും എല്ലാ സ്വർഗ്ഗവും എല്ലാതും ഒറ്റയടിക്ക് കണ്ടു. ഒരു വിധത്തിൽ സൈക്കിളിൽ നിന്നിറങ്ങി പയ്യെ അടുത്ത് കണ്ട ഒരു കടയുടെ വരാന്തയിൽ ഇരുന്നു. പിന്നെ കുറച്ചു നേരത്തേയ്ക്ക് ചുറ്റും ഉള്ളതൊന്നും കാണാൻ പറ്റുന്നുണ്ടായില്ല. കുറച്ച് നേരത്തെ വിശ്രമത്തിന് ശേഷം പിന്നേം യാത്ര തുടർന്നു. നേരെ എന്റെ മനസാക്ഷി സൂക്ഷിപ്പ്കാരനായ കസിനെ കാണാൻ.
അവനോട് ചെന്ന് നേരെ ഒള്ള കാര്യം പറഞ്ഞ് കട്ട സപ്പോർട്ട് കിട്ടും എന്നു കരുതിയ ആ തെണ്ടിയുടെ വായിൽ നിന്ന് കേട്ടത് കട്ട ദുരന്തമായിരുന്നു….നിന്നെ പോലെ ഒരുതന്നെ അവൾ ഇപ്പോ ഇഷ്ടാന്ന് പറയും…എന്നു പറഞ്ഞ് പിന്നെ അവന് കുറച്ച് നേരത്തേക് കൊടുങ്ങല്ലൂർ ഭരണിയാർന്നു ചെവിയിൽ. പോടാ കോപ്പേ… എനിക്ക് ഒരാളുടെ സഹായോം വേണ്ടെടാ എന്നും പറഞ്ഞ് അവനോട് കലിപ്പിട്ടു ഞാൻ പോന്നു.
പിന്നെയുള്ള ഒരു ദിവസം ഒരു വിധത്തിലാണ് തള്ളിനീക്കിയത്. അന്നെല്ലാം രാധുനെ മാത്രം ആലോചിച്ചു നടന്നു. ലാലേട്ടൻ പറഞ്ഞപോലെ കാണുന്ന നിറങ്ങൾക്കെല്ലാം നിറം കൂടി അങ്ങനെ സ്കൂൾ തുറക്കുന്ന ദിവസം വന്നെത്തി. അന്ന് എത്രയൊരുങ്ങിയിട്ടും എനിക്ക് മതിയായില്ല. കണ്ണാടിയിൽ നോക്കുമ്പോൾ എല്ലാം അവൻ പറഞ്ഞ ആ വാക്കുകൾ എന്നെ നിരുത്സാഹപ്പെടുത്തികൊണ്ടിരുന്നു. പിന്നെ വരുന്നിടത്ത് വച്ച് കാണാം എന്ന് മനസ്സിൽ ഉറപ്പിച്ച് ഞാൻ ഇറങ്ങി.
സമയം നോക്കിയപ്പോൾ 8.30. പടച്ചോനെ ഓള് ഇപ്പോ എത്തികാണാലോ എന്നും പറഞ്ഞത് ഞാൻ ബസ്റ്റോപ്പിലേക് പാഞ്ഞു. പറഞ്ഞത് പോലെ തന്നെ അവൾ കൃത്യം 8. 30 ന് ബസ് സ്റ്റോപ്പിൽ എത്തി. ഞാൻ എത്തിയപ്പോളേക്കും 8. 45 കഴിഞ്ഞിരുന്നു. എന്നെ കണ്ടപാടെ മുഖോം വീർപ്പിച്ച് അവിടെ നിൽക്കുന്നുണ്ടായിരുന്നു. സോറി ഞാൻ ഇത്തിരി വൈകി പോയി…
മറുപടിയൊന്നും തരാതെ അവൾ അങ്ങനെ തന്നെ നിന്നു. ബസ് വരുന്ന വരെ അവൾ ഒന്നും മിണ്ടിയില്ല. ബസ് വന്നപ്പോൾ ഞാൻ പറഞ്ഞു ദേ ബസ് വരുന്നു കേറിക്കോ എന്ന്…എന്നെ ഒന്ന് കണ്ണുരുട്ടിക്കാണിച്ച് അവൾ ബസ്സിലേക് കയറി. ഇവൾക്ക് ഇത് എന്തിന്റെ പ്രാന്തനെന്നു മനസ്സിൽ ഓർത്ത് ഞാനും കേറി. അവളുടെ സ്കൂൾ കഴിഞ്ഞ് കുറച്ചൂടെ കഴിയണം എന്റെ സ്കൂൾ.
അവളുടെ സ്കൂളിന്റെ മുൻപിൽ ബസ്സ് നിർത്തിയപ്പോൾ ഇറങ്ങുന്നവരുടെ കൂട്ടത്തിൽ അതും ഉണ്ടോ എന്ന് നോക്കി. ഭാഗ്യം പെണ്ണിന് അറിയാം ഇറങ്ങേണ്ട സ്ഥലം ഒക്കെ. ഇറങ്ങി നിന്ന് പയ്യെ അവൾ ബസ്സിലേക്ക് എന്നെ നോക്കി. അപ്പോൾ ഞാൻ ഒരു വിധത്തിൽ തിരക്കിനിടയിലൂടെ കൈ വീശി കാണിച്ചു, ഞാൻ കണ്ടു നീ പൊയ്ക്കോ എന്ന ഭാവത്തിൽ…അത് കണ്ടപ്പോൾ തന്നെ പിന്നേം മുഖം കേറ്റിപിടിച്ചു പോയി.
അവളുടെ മുഖത്തെ ദേഷ്യം മാറായിട്ടില്ല എന്ന് കണ്ടപ്പോൾ തന്നെ മനസ് ചത്തു. സ്കൂളിൽ ചെന്ന് ക്ലാസ്സിൽ കയറി ഇരുന്നു. അപ്പോഴെല്ലാം അവളുടെ ആ മുഖം മാത്രം. ഞാൻ അവളോട് എന്തോ തെറ്റ് ചെയ്തപോലെ ഒരു തോന്നൽ. ഉള്ളിൽ വല്ലാത്ത കുറ്റബോധം. ഛെ…നേരത്തെ തന്നെ ബസ്റ്റോപ്പിൽ ചെല്ലേണ്ടതായിരുന്നു. എന്റെ തെറ്റിനെ കുറിച്ചോർത്ത് ഞാൻ സ്വയം പഴിച്ചു ക്ലാസ് തുടങ്ങി.
ക്ലാസ്സിലെ ഒരുസംഭവവും ഞാൻ കാണുന്നുണ്ടായില്ല. മനസ്സിൽ മൊത്തം എന്റെ രാധുന്റെ മുഖം മാത്രം. ഒരുവിധത്തിൽ അന്നത്തെ ദിവസം തള്ളി നീക്കി. എങ്ങോട്ട് തിരിഞ്ഞാലും രാധു മാത്രം. അവസാനത്തെ ബെൽ അടിച്ചതും ശക്തിമാൻ പറക്കണപോലെ ഞാൻ പറന്നു. ഒരുവിധത്തിൽ ആദ്യം വന്ന ബസ്സിലേക്ക് കയറി. എനിക്ക് എങ്ങനേലും എന്റെ രാധുനെ കാണണം.
അവളുടെ സ്കൂൾ എത്തിയപ്പോൾ ബസ്സിലേക്ക് കേറാൻ നിൽക്കുന്ന പിള്ളേരുടെ കൂട്ടത്തിൽ അവളുടെ മുഖം ഞാൻ പരതി. കൂട്ടുകാരികളുടെ ഒപ്പം അവൾ സന്തോഷവതിയായി ബസിൽ കയറാൻ നിൽക്കുന്നുണ്ടായിരുന്നു. രാവിലെ കണ്ടപോലെയല്ല കൊച്ചിന്റെ മുഖത്ത് ഇപ്പോൾ ഇത്തിരി സന്തോഷം ഉണ്ട്.
അവൾ ബസ്സിലേക്ക് കയറുന്നതും പ്രതീക്ഷിച്ച് നിന്ന എന്നെ നിരാശനാക്കികൊണ്ട് തെണ്ടി കണ്ടക്ടർ ഡോറിന്റെ തൊട്ട് മുൻപിൽ വച്ച് അടുത്ത ബസ്സിൽ വന്നാൽമതി എന്നും പറഞ്ഞ് അവളെ തടഞ്ഞു. അവനെ പിടിച്ച് ഒരെണം കൊടുത്താലോ എന്ന് തോന്നി, പിന്നെ അവന്റെ കയ്യിലെ മസിൽ കണ്ടപ്പോ ആ ചിന്ത ഉപേക്ഷിച്ചു. പിന്നേം ഞാൻ ചത്തപോലെയായി.
എന്റെ ബസ്റ്റോപ്പിൽ ഇറങ്ങി പയ്യെ അവിടെ തട്ടിം മുട്ടിം നിന്നു. ഞാൻ പ്രതീക്ഷിച്ച പോലെ തന്നെ അടുത്ത ബസ്സിൽ അവൾ വന്നു. എന്നെ കണ്ടതും പിന്നേം മുഖം കെറ്റിപിടിച്ച് അവൾ വന്ന്. പിന്നെ എന്തോ എനിക്ക് അവളുടെ മുൻപിൽ ബലം പിടിക്കാൻ തോന്നിയില്ല. ഞാൻ നേരെ ചെന്ന് അവളോട് സൗമ്യമായി ചോദിച്ചു…രാധു എന്നോട് പിണക്കത്തിലാണോ ?
ആദ്യമായിട്ട് എന്നിൽനിന്നും ഇത്രയും സ്നേഹത്തിൽ ഉള്ള സംസാരം കേട്ട് അവൾ എന്നെ ഒന്ന് സൂക്ഷിച്ച് നോക്കി. രാധു നീ ഇങ്ങനെ മിണ്ടാതെ നടക്കല്ലേ എനിക്ക് ആകെ പ്രാന്ത് പിടിക്കുന്നു. നീ ഒന്ന് ചിരിക്കെങ്കിലും ചെയ്യ്. ഞാൻ അറിയാതെ ഇത്തിരി വൈകി പോയി അതിനാണോ നീ ഇങ്ങനെ എന്നോട് മിണ്ടാതെ നടക്കുന്നത്.
(എന്തോ ഇത്രയും നേരം അവളെ തന്നെ ഓർത്തിരുന്നത് കൊണ്ടാവണം അവളോട് വളരെ അടുത്ത ബന്ധമുള്ള ഒരാളെ പോലെ എനിക്ക് സംസാരിക്കാൻ പറ്റി).
അത്രയും നാൾ ഒരു പാവത്തിനെ പോലെ ഒരു മിണ്ടാപൂച്ചയായി മാത്രം കണ്ടിരുന്ന എന്റെ രാധു ഒരു പെൺപുലിയെപോലെ ഒറ്റ പൊട്ടിത്തെറിക്കൽ ആയിരുന്നു എന്റെ നേരെ.
ഞാൻ മിണ്ടാതെ നടന്നാൽ തനിക്കെന്താ…അല്ലേലും താൻ എന്നോട് ഒന്നും മിണ്ടാറില്ലലോ…മനുഷ്യന്മാരായാൽ വാക്കിന് വിലവേണം. 8.30ന് വരാം എന്ന് വാക്ക് പറഞ്ഞ് മനുഷ്യനെ പറ്റിച്ചതും പോരാ എന്നിട്ടും ഞാൻ മിണ്ടണോ ? ബാക്കി ഒള്ളോൻ പേടിച്ച് ഒരു വഴിയായി. ഞാൻ ചെല്ലുമ്പോൾ അവിടെ ആരും ഉണ്ടായില്ല. കുറച്ച് കഴിഞ്ഞ് കുറച്ച് കുട്ടികൾ വന്നപ്പോഴാ എനിക്ക് ജീവൻ തിരിച്ച് കിട്ടിയത്.
ഇതുപറഞ്ഞപ്പോളേക്കും കണ്ണിന്നു വെള്ളം വന്നു തുടങ്ങിയിരുന്നു. അവളുടെ പെട്ടന്നുള്ള പൊട്ടിത്തെറിയിൽ കിളിപറന്നുപോയ ഞാൻ എന്ത് പറയണം എന്നറിയാതെ പകച്ചുനിന്നു. ഒരു വിധത്തിൽ എന്തൊക്കെയോ പറഞ്ഞ് അവളെ സമാധാനിപ്പിച്ചു. പിന്നെ അവിടെ നിന്നങ്ങോട്ട് ഞങ്ങൾ കൂടുതൽ അടുത്ത് കൊണ്ടേയിരുന്നു.
അങ്ങനെയിരിക്കെ ഞങ്ങളുടെ നാട്ടിലെ അമ്പലത്തിലെ പൂരമിങ്ങെത്തി. നാട്ടിലെ സുന്ദരിമണികളുടെ കൂട്ടത്തിൽ എന്റെ രാധുവും ഉണ്ടായിരുന്നു. ചമയങ്ങൾ അണിഞ്ഞ കൊമ്പനെക്കാളും അവളുടെ സൗന്ദര്യം തലയുയർത്തി നിന്നിരുന്നു. അവളും താലം എടുത്തിരുന്നു. അവൾക്ക് ഏറ്റവും ഇഷ്ടപെട്ട ബ്ലാക്ക് കളർ കുർത്തയും വെള്ളമുണ്ടും ഉടുത്ത് ഞാനും.
അന്ന് വരെ ഞാൻ കണ്ടതിൽ വച്ച് അവൾ ഏറ്റവും സുന്ദരിയായി തോന്നിയത് എനിക്ക് അന്നാണ്. സാദാരണ മേളത്തിനൊപ്പം ചാടിത്തുള്ളി നടക്കാറുള്ള ഞാൻ അന്ന് രാധുവിനെ കാണാൻ വേണ്ടി മാത്രം അവിടെ ചുറ്റിപറ്റി നടന്നു. അവൾ അത് ശ്രദിക്കേം ചെയ്തിരുന്നു. അവളോട് ഒന്ന് മിണ്ടാൻ മനസ്സ് കൊതിച്ച് നില്കുമ്പോളാണ് താലത്തിലെ ദീപത്തിലേക് എണ്ണയൊഴിക്കാൻ എന്നോട് ഒരു കാരണവർ പറഞ്ഞത്.
അയാൾക്ക് മനസ്സിൽ ഒരുപാട് നന്ദി പറഞ്ഞുകൊണ്ട് ഞാൻ എണ്ണക്കുപ്പിയും എടുത്ത് പാഞ്ഞു, രാധു നിൽക്കുന്ന നിരയിൽ ഞാൻ എണ്ണയൊഴിക്കാൻ നിന്നു. ഓരോരുത്തർക്കും എണ്ണയൊഴിച്ച് പയ്യെ ഞാൻ അവളുടെ അരികിൽ എത്തി. എന്താ ഇന്ന് തുള്ളാൻ പോയ്യില്ലേ? സാദാരണ ചെണ്ടപ്പുറത്ത് കോലുവീണാൽ അവിടെ കിടന്നു തുള്ളുന്ന ആൾക്കിതെന്ത് പറ്റി?
ഒരു നാട്ടുകാരന്റെ ബന്ധത്തിൽ ഉള്ള ഒരു കുട്ടിയും അന്ന് താലം എടുക്കാൻ വന്നിരുന്നു. നീ ആ കുട്ടിയെ കണ്ടോ ? ആ കൊച്ച് കുറെ നേരമായി എന്നെ നോക്കുന്നു. അപ്പൊ ചുമ്മാ ഒന്ന് അവളെ കാണാൻ വേണ്ടി നിന്നതാ എന്ന് വെറുതെ തട്ടി വിട്ടു. അപ്പോഴേക്കും അവളുടെ മുഖം മാറിത്തുടങ്ങിയിരുന്നു.
അപ്പോഴേക്കും അപ്പുറത്തെ ലൈനിലേക് എണ്ണയൊഴിക്കാൻ പറഞ്ഞ് വിളിച്ചപ്പോൾ ഞാൻ അങ്ങോട്ട് മാറി. ആ വരിയിലാണ് ഞാൻ എന്നെ നോക്കി എന്നു പറഞ്ഞ കൊച്ച് നില്കുന്നത്. ആ കുട്ടിക്ക് എണ്ണ ഒഴിച്ച് കൊടുത്തപ്പോൾ എന്റെ രാധുന്റെ മുഖം കാണണം ആയിരുന്നു.
രാധുനോട് സംസാരിക്കണം എന്ന എന്റെ ഉദ്ദേശം കഴിഞ്ഞപ്പോൾ തന്നെ ആ എണ്ണക്കുപ്പി ഒരുവിധത്തിൽ തീർത്ത് ആ ജോലിയിൽ നിന്ന് മുങ്ങി. പൂരം അമ്പലത്തിലേക്ക് കയറി താലം ചെരിഞ്ഞതിനു ശേഷം ഞാൻ രാധുനെ തേടി നടന്നു. അന്വേഷണത്തിനൊടുവിൽ അമ്പലത്തിനടുത്തുള്ള ആലിന്റെ ചുവട്ടിൽ എന്റെയും അവളുടെയും അമ്മമാരും അവളും മറ്റേ കൊച്ചും എല്ലാരും കൂടി അവിടെ നിൽകുന്നു.
നേരെ അവരുടെ അടുത്തേക്ക് ചെന്നു. എന്നെ കണ്ടപ്പോൾ തന്നെ ഓൾക്ക് പിന്നേം മുഖം വീർത്തുതുടങ്ങി. അമ്മമാരോട് വർത്താനം പറഞ്ഞതിന് ശേഷം അവളുടെ അടുത്തേക്ക് ചെന്നു വന്നപ്പോൾ തന്നെ ഒരു ചോദ്യം. വായില്നോക്കാൻ വന്നതാണോ?
അതെ അതിന് എന്താ? എനിക്ക് നോക്കിക്കൂടെ ?എനിക്ക് ആ കുട്ടിയെ വല്ലാണ്ട് ഇഷ്ട്ടായി…നിന്നെപ്പോലെ ഒന്നും അല്ല, കാണാൻ നല്ല ഭംഗിയുണ്ട്, നല്ല ചിരിയും…
എന്നാ പോയി കെട്ടിക്കോ…
കെട്ടാൻ തന്നെയാ തീരുമാനം. അതിന് നിനക്ക് എന്താ. ഞാനും വിട്ടുകൊടുക്കാൻ തയ്യാറായില്ല. ഞങ്ങളുടെ സംസാരശൈലിയും അവളുടെ മുഖവും കണ്ടപ്പോൾ എന്റെ അമ്മ, എന്തിനാടാ അതിനെ ഇങ്ങനെ ദേഷ്യം പിടിപ്പിക്കണത് എന്നും പറഞ്ഞ് എന്നെ ചീത്തപറഞ്ഞു.
ഞാൻ ഒന്നും ഇല്ല വെറുതെ എന്നും പറഞ്ഞ് ചിരിച്ച്…അപ്പോളും അവളുടെ ദേഷ്യം മാറീട്ടുണ്ടായില്ല. അവളെ ഒന്നുടെ ഒന്ന് ചൂടാക്കാൻ വേണ്ടി ഞാൻ ആ കൊച്ചിനോട് പോയി സംസാരിച്ചു. പരിചയപെട്ടു. പേര് സൗമ്യ….അപ്പോൾ ആണ് ആ കൊച്ച് പറയുന്നത് എനിക്ക് ചേട്ടനെ അറിയാം.
ചേട്ടന്റെ ഒപ്പം പഠിക്കുന്ന ആദിൽ എന്റെ മാമന്റെ മോൻ ആണ്. ചേട്ടൻ ഒരുവട്ടം അവനെ കാണാൻ അവന്റെ വീട്ടിൽ വന്നപ്പോൾ ഞാനും ഉണ്ടായിരുന്നു അവിടെ എന്ന്. ആദിലിന്റെ പെങ്ങൾ ആണെന്ന് കേട്ടപ്പോൾ അവന്റെ കാര്യം ഒക്കെ പറഞ്ഞ് കുറച്ച് നേരം കൂടി സംസാരിച്ചു.
അപ്പോഴേക്കും അവിടെ രാധുന്റെ മുഖം തക്കാളി പോലെ ചുവന്നു തുടങ്ങിയിട്ടുണ്ടായിരുന്നു. എന്നാ പിന്നെ കാണാം എന്നും പറഞ്ഞ് ഞാൻ അവിടെ നിന്നും പോന്നു. വൈകീട്ട് ദീപാരാധന തൊഴുതു ഇറങ്ങി ഞങ്ങൾ എല്ലാരും ആലിന്റെ അവിടെ തന്നെ ഇരിക്കുമ്പോൾ സൗമ്യയും വീട്ടുകാരും പോകാൻ ഉള്ള തയ്യാറെടുപ്പിലായി. പോകാൻ നേരം അവൾ എന്നോട് കൈ വീശി യാത്ര പറഞ്ഞു.
അത് രാധു കണ്ടു. ഞാൻ അപ്പോ അവളെ നോക്കി കണ്ണുകൊണ്ട് കാണിച്ചു. ഇങ്ങനെ ഉണ്ട് എന്ന് അത്രേം നേരം ദേഷ്യം ഉണ്ടായിരുന്ന മുഖം വാടിയ പൂപോലെയായി. അത് എനിക്ക് വല്ലാത്ത ഒരു സങ്കടം ആയി. പുല്ല് വെറുതെ അവളെ വിഷമിപ്പിക്കണ്ടായിരുന്നു. എല്ലാരും വർത്തമാനത്തിൽ മുഴുകി നിന്നു ഞാൻ പയ്യെ രാധുവിന്റെ അടുത്ത് ചെന്നിരുന്നു.
എന്തേ രാധു നിനക്ക് എന്താ ഇത്ര ദേഷ്യം ?ഒന്നുല്ല….പറ രാധു….നമ്മൾ തമ്മിൽ ഒന്നും ഒളിപ്പിക്കാറില്ലലോ. നീ പറ എന്താന്ന് വച്ചാൽ. ആ കുട്ടിയെന്തിനാ ചേട്ടനോട് യാത്രയൊക്കെ പറഞ്ഞത് കൈ ഒക്കെ വീശി കാണിക്കുന്നുണ്ടായല്ലോ. അവൾക്ക് തോന്നിക്കാണും അങ്ങനെ ചെയ്യാൻ. ചേട്ടൻ എന്താ അവളോട് പോയി സംസാരിച്ചത്.
എന്തിനാ പെണ്ണേ നീ ഇങ്ങനെ എന്നെ നോക്കി ചിരിക്കൂന്നേ എന്ന് ചോയ്ച്ചതാ….ഓ…എന്നിട്ട് അവൾ എന്ത് പറഞ്ഞു. അവൾക്ക് എന്നെ ഒരുപാട് ഇഷ്ടാണ്ണെന്നു. ഓഹോ…എങ്ങനെ ഉണ്ട് രാധു, അവൾ എനിക്ക് നല്ല മാച്ച്അല്ലേ. ഉം….. അപ്പോ അവളോട് പറയാലേ എനിക്കും അവളെ ഇഷ്ടാണെന്ന്…ഹലോ എന്താ ഒന്നും പറയാത്തെ?
രാധു….പോ എന്നോട് മിണ്ടണ്ട. എന്റെ രാധൂസേ….എടി പൊട്ടിക്കാളി ഇതിനാണോ നീ ഇത്രേം നേരം മുഖം വീർപ്പിച്ച് നടന്നത്. അവൾ എന്റെ ഒപ്പം പഠിക്കുന്ന ആദിലിന്റെ പെങ്ങളാ. ഞങ്ങൾ അതൊക്കെയാണ് സംസാരിച്ചേ. അല്ലാതെ വേറെ ഒന്നും അല്ല. ഈ പെണ്ണിനെ കൊണ്ട് തോറ്റു…
അത്രേം നേരം മിണ്ടാതിരുന്ന അവൾ ഒരു ഭദ്രകാളിയെ പോലെ എന്നെ നോക്കി. എന്റെ പൊന്നോ കൊല്ലോ നീ എന്നെ ഇപ്പൊ…എന്ന് ചോദിക്കലും എന്റെ കയ്യിൽ അവളുടെ നഖം ആഴ്നിറങ്ങിയതും ഒരുമിച്ചായിരുന്നു. വേദന കടിച്ചമർത്തി ഒരു വിധത്തിൽ ആരും കാണാതെ ഞാൻ അവളുടെ കൈ വിടുവിച്ചു. എന്റെ കയ്യിലെ തൊലി അവളുടെ നഖത്തിൽ ഇരുന്നു.
ദേഷ്യവും വേദനയും കടിച്ചമർത്തി ഞാൻ അവിടെ നിന്നും ഇറങ്ങി നടക്കാൻ പോയ എന്നെ അവൾ കൈയിൽ പിടിച്ച് ഇരുത്തി. പക്ഷെ അപ്പോഴത്തെ ദേഷ്യത്തിൽ അവിടെ ഇരുന്നാൽ എന്റെ കൈ അവളുടെ മുഖത്ത് വീഴാൻ സാധ്യത ഉള്ളത് കൊണ്ട് ഞാൻ വിടെടി…എന്നും പറഞ്ഞ് കൈ വിടീച്ച് ഇറങ്ങി നടന്നു.
നാട്ടിലെ പരദൂഷണത്തിലും പൂരത്തിന്റെ വിശേഷങ്ങളും സംസാരിച്ച് കൊണ്ടിരുന്ന അമ്മമാർ ഭാഗ്യത്തിന് ഇത് ഒന്നും കണ്ടീല. രാത്രി വിളക്കെഴുന്നളിപ്പിന് താലം എടുക്കാൻ അമ്മമ്മയും ബാക്കിയുള്ളവരും പോയി. അവളും വേറെ കുറച്ച് കുട്ടികളും കൂടി വയ്യ എന്നും പറഞ്ഞ് ഇരുന്നു. അവർക്ക് കൂട്ടിനായി അമ്മ എന്നോട് ഇരിക്കാൻ പറഞ്ഞു.
ആദ്യം പറ്റില്ല എന്ന് പറഞ്ഞങ്കിലും പിന്നെ നിൽക്കേണ്ടി വന്നു. പഞ്ചാരി മേളം കൊട്ടിക്കയറി ക്ഷേത്രവും ജനങ്ങളും സന്തോഷത്തിലും ആഹ്ലാദത്തിലും ഭക്തിയിലും മുഴുകി നില്കുന്നു. ഞാനും രാധുവും മാത്രം മൗനത്തിനടിമയായ് നിന്നു. ഞങ്ങൾക്കിടയിലെ നിശബ്ദതയെ കീറി മുറിച്ച് രാധു എന്നെ വിളിച്ചു…കണ്ണേട്ടാ സോറി.
എനിക്ക് എന്റെ സങ്കടം അടക്കാൻ പറ്റീല അതുകൊണ്ടാ ഞാൻ കണ്ണേട്ടാ…പ്ലീസ് എന്നോടൊന്ന് സംസാരിക്ക് ഇത്രയും പറഞ്ഞ് അവൾ എന്റെ കയ്യിൽ പിടിച്ചു. അവളുടെ നഖം കൊണ്ട് പൊട്ടിയ ഭാഗത്താണ് അവൾ പിടിച്ചത്. അതിന്റെ വേദനയിൽ അറിയാതെ ഹ്ഹ് എന്നും പറഞ്ഞ് ഞാൻ കൈവലിച്ചു.
അപ്പോൾ ആണ് അവൾ എന്റെ കയ്യിലേക്ക് നോക്കിയത് കയ്യിലൂടെ ചെറുതായി രക്തം വരുന്നുണ്ടായിരുന്നു. അവൾ അപ്പോളാണ് എന്റെ കയ്യിലേക്ക് നോക്കിയത് അയ്യോ കണ്ണേട്ടന്റെ കൈപൊട്ടി. പൊട്ടിയത് അല്ല നീ പൊട്ടിച്ചതല്ലേ, സന്തോഷായില്ലേ, അതോ ഇത് പോരേ പോരെങ്കിൽ പോയി ഒരു കത്തിയെടുത്തു കുത്തികൊല്. പറഞ്ഞ് തീരുന്നതിനു മുൻപേ കരച്ചിൽ തുടങ്ങി.
ഇനി ഇരുന്നു മോങ്ങിട്ട് വേണം ആളുകളെ കൊണ്ട് പറയിപ്പിക്കാൻ. മിണ്ടാതിരിക്കടി ഞാൻ ആക്രോശിച്ചു. എന്നിട്ടും അവൾ നിർത്താൻ ഉള്ള ഭാവം ഉണ്ടായില്ല. അവസാനം ഞാൻ എണീറ്റ് പോകും എന്നും പറഞ്ഞ് ഭീഷണി പെടുത്തിയപ്പോൽ ഓള് ഇത്തിരി അടങ്ങി. പിന്നേം മൗനം…
അവളുടെ മുഖം കണ്ടപ്പോൾ എനിക്ക് സഹിക്കാൻ പറ്റീല. പിന്നെ ഞാനും കരുതി എന്തിനാ വെറുതെ നല്ലൊരു ദിവസമായിട്ട് അവളെ കരയിപ്പിക്കണേ. രാധു…പോട്ടെ സാരമില്ല ചേട്ടൻ അപ്പോഴത്തെ ദേഷ്യത്തിൽ പറഞ്ഞതാ. എന്റെ കുട്ടി കരയണ്ട ചേട്ടന്റെ ദേഷ്യമൊക്കെ മാറി.
ഉം…..കണ്ണേട്ടാ…കണ്ണേട്ടൻ എന്തിനാ ആ പെണ്ണിനോട് മിണ്ടാൻ പോയത്, അതുകൊണ്ടല്ലേ ഞാൻ ഇങ്ങനെ ഒക്കെ ചെയ്തത്. എനിക്ക് ഇഷ്ടം അല്ല കണ്ണേട്ടൻ മറ്റുള്ള പെൺകുട്ടികളോട് സംസാരിക്കണത്…അതെന്താ ഇഷ്ടം അല്ലാത്തെ…?
കണ്ണേട്ടന്നത് ഇപ്പോഴും മനസിലായില്ലേ എന്നെ, ഇതിൽ കൂടുതൽ ഞാൻ എങ്ങനെയാ കണ്ണേട്ടനോട് പറയ…എനിക്ക് എന്റെ കണ്ണേട്ടനെ ഇഷ്ടമാണ്…ആദ്യമൊക്കെ ഒരുതരം attraction ആയിരുന്നു…പിന്നീട് അതൊരു ആരാധനയായി…പിന്നെയെപ്പൊഴോ അത് ഒരിഷ്ടമായി മാറി…
ആദ്യമൊക്കെ കണ്ണേട്ടൻ എന്നോട് കൂട്ടായിട്ട് പറയാം എന്ന് കരുതി. അതിന് വേണ്ടി ഞാൻ വന്നപ്പോളൊക്കെ കണ്ണേട്ടൻ എന്നെ കണ്ട ഭാവം വച്ചീല. അവസാനം കൂട്ടായപ്പോ കണ്ണേട്ടൻ എന്നെ അങ്ങനെ ഒന്നും അല്ല കാണുന്നത് എന്നൊരു തോന്നൽ. പക്ഷെ നമ്മുടെ സൗഹൃദം വലുതാകും തോറും എനിക്ക് എന്റെ കണ്ണേട്ടനോടുള്ള പ്രണയവും വളർന്നു.
പിന്നെ കണ്ണേട്ടനെ അത് എങ്ങനേലും ഫീൽ ചെയ്യിപ്പിക്കണം എന്നായിരുന്നു എന്റെ മനസ്സിൽ. എന്നിട്ടും കണ്ണേട്ടനത് മനസിലായില്ല. കണ്ണേട്ടൻ എന്റെ മനസറിഞ്ഞു എന്നോട് എന്നെങ്കിലും ഇത് ചോദിക്കും എന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയായിരുന്നു ഞാൻ.
ആ എന്റെ മുൻപിൽ വച്ച് കണ്ണേട്ടൻ ഇന്ന് മറ്റൊരു പെൺകുട്ടിയോട് കൊഞ്ചികുഴയണത് കണ്ടാൽ എനിക്ക് എങ്ങനെ സഹിക്കാൻ പറ്റും…? പറ. ഇന്ന് എനിക്കിപ്പോ എങ്ങനെയാ എന്റെ കണ്ണേട്ടനോട് പറയാൻ പറ്റിയത് എന്നുപോലും എനിക്കറിയില്ല.
കണ്ണേട്ടൻ എന്നെ ഇഷ്ടല്ല എന്ന് മാത്രം പറയരുത്. അങ്ങനെ ഒരു ഉത്തരമാണ് കണ്ണേട്ടന് എനിക്ക് നൽകാൻ ഉള്ളതെങ്കിൽ ഈ രാധുനെ പിന്നാരും ജീവനോടെ കാണില്ല. എനിക്ക് പറ്റില്ല കണ്ണേട്ടാ എന്റെ കണ്ണേട്ടനെ മറക്കാൻ ഇത്രയും അവൾ ഒറ്റ ശ്വാസത്തിൽ പറഞ്ഞ് തീർത്തുകൊണ്ട് എന്റെ കയ്യിൽ മുഖം പൊത്തി കരഞ്ഞു…..
അവൾക്കൊരു ഉത്തരം കൊടുക്കാൻ പോലും എനിക്ക് കഴിഞ്ഞീല. ഞാൻ ആകെ മരവിച്ച ഒരാവസ്ഥയിലായിരുന്നു. ജീവനുതുല്യം പ്രേമിച്ച എന്റെ പെണ്ണിന് എന്നോട് ഉള്ള സ്നേഹം കണ്ടതിലുള്ള സന്തോഷവും…അവളെ ഇത്രയും നാൾ കൂടെ നടന്നിട്ടും മനസിലാക്കാൻ പറ്റാത്തതിൽ ഉള്ള നിരാശയും ആശിച്ച പെണ്ണിനെക്കൊണ്ട് ഇങ്ങോട്ട് ഇഷ്ടമാണെന്നു പറഞ്ഞതിൽ ഉള്ള ത്രില്ലും എല്ലാം കൂടി എന്നെ ഒരു മായാലോകത്തേക്ക് എത്തിച്ചിരുന്നു.
നിശ്ചലനായി ഇരുന്ന എന്നിലേക്ക് പെട്ടന്ന് ഒരു തീഗോളം പോലെ ചിന്ത കടന്നു വന്നു. ഈശ്വരാ അമ്പലപ്പറമ്പാണ് ആരെങ്കിലും കണ്ടുകാണുമോ…? ഇതെങ്ങാനും ഞങ്ങളുടെ വീട്ടിലറിഞ്ഞാൽ…
സ്വബോധം തിരിച്ച് കിട്ടിയ ഞാൻ അവളിൽ നിന്നും കുതറിമാറി. ചുറ്റും വീക്ഷിച്ചപ്പോൾ ആരും ശ്രദ്ധിക്കുന്നില്ല എന്ന് മനസിലായി, മറ്റുളള കുട്ടികൾ ഉറക്കച്ചടവിലായിരിക്കുന്നു. ആരും കാണുന്നില്ല എന്ന ആശ്വാസത്തിൽ ഒരു നെടുവീർപ്പിട്ടു. ആ ആശ്വാസം അധികനേരം നീണ്ടു നിന്നില്ല.
ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ഞങ്ങൾക്ക് സുപരിചിതമായ ഒരു രൂപം ഞങ്ങളുടെ അടുത്തേക്ക് നടന്നടുക്കുന്നു. മനസും ശരീരവും ഒരുപോലെ മരവിച്ച് ഞാനും രാധുവും നിശ്ചലരായി നിന്നു….
തുടരും….
മൂന്നാം ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ