എല്ലാരുടേം നോട്ടം ഭഗവാനിലേക്കാണ്. അതോ ഭഗവാൻ ഞങ്ങളുടെ പ്രണയരംഗം മറ്റുള്ളവരുടെ കണ്ണിൽ നിന്നും മറച്ചുപിടിച്ചതോ

എന്നെന്നും കണ്ണേട്ടന്റെ രാധിക – ഭാഗം III – രചന: AJAY ADITH

ഒന്നാം ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ

രണ്ടാം ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ

ടന്നടുക്കുന്ന രൂപത്തെ കണ്ട് ഒന്നനങ്ങാൻ പോലും കഴിയാതെ ഞാനും രാധൂം വിറച്ച് നിന്നു…പഞ്ചവാദ്യങ്ങളിൽ ദേവന്റെ തിരുനടയിൽ പഞ്ചാരിമേളം കൊട്ടിക്കയറി സ്വരമഴ തീർക്കുമ്പോൾ അത് ഞങ്ങളുടെ നെഞ്ചിലും ഹൃദയമിടിപ്പിന്റെ താളത്തിൽ കൊട്ടിക്കയറുകയായിരുന്നു.

ഇരുട്ടിൽ നിന്നും ആ രൂപം വെളിച്ചത്തിലേക്ക് എത്തിത്തുടങ്ങിയിരുന്നു. ആ വെളിച്ചത്തിൽ ആ മുഖം ഞങ്ങൾക്ക് വ്യക്തമായി അത് മറ്റാരും ആയിരുന്നില്ല, രാധുവിന്റെ അച്ഛൻ.

എല്ലാം ഒരുനിമിഷം കൊണ്ട് അവസാനിച്ചെന്ന് മനസ്സിലുറപ്പിച്ചു. ആ രൂപം ഞങ്ങൾക്കരികിലേക്ക് നിമിഷനേരം കൊണ്ടെത്തി. നിങ്ങൾ എന്താ പൂരം കാണാൻ നിൽക്കാതെ ഇവിടെത്തന്നെ നിന്നത്. മാമനെക്കാൾ മുൻപ് മാമന്റെ ചോദ്യം എന്റെ അടുത്തേക്ക് ആദ്യംഎത്തി.

എവിടെ നിന്നോ കൈവന്ന ധൈര്യത്തിൽ ഒറ്റ ശ്വാസത്തിൽ ഞാൻ പറഞ്ഞു. ഇവർക്ക് വയ്യ എന്ന് പറഞ്ഞപ്പോൾ അമ്മ എന്നെ ഇവിടെ ഇവർക്ക് കൂട്ടിരിക്കാൻ പറഞ്ഞുവിട്ടതാണ്. ദേ ഉത്സവം കേറാനായി, നിങ്ങൾ വാ വന്ന് തൊഴാൻ നോക്ക്. മംഗളാരതി ഇപ്പോൾ തുടങ്ങും. അത്രയും പറഞ്ഞ് മാമൻ കുട്ടികളെയൊക്കെ എഴുന്നേൽപ്പിച്ചു.

രാധു അപ്പോഴും ഏതോ മായാലോകത്തെന്ന പോലെ തരിച്ച് നിൽക്കുന്നുണ്ടായിരുന്നു. എല്ലാം അവസാനിച്ചു എന്ന് കരുതിയിടത്ത് നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ടു എന്ന ബോധം അവളിൽ വന്നപ്പോളാണെന്നു തോന്നുന്നു. അവൾ ഒരു ദീർഘനിശ്വാസം വിട്ടു. ഉറക്കച്ചടവിൽ നിന്നെണീറ്റ കുട്ടികളും ഞങ്ങളും മാമനും കൂടി ക്ഷേത്രനട ലക്ഷ്യമാക്കി നടന്നു.

അമ്പലത്തിലേക്ക് കയറിയപ്പോഴത്തേക്കും മംഗളാരതിക്കായ് നടതുറക്കാനായി. ഞാൻ മെല്ലെ രാധുനെ നോക്കി. ആള് കണ്ണടച്ച് കാര്യമായ പ്രാർത്ഥനയിലേക് മുഴുകിയിരിക്കുന്നു. ക്ഷേത്രനട മുഴുവൻ തൊഴുക്കയുകളോടെ നാമജപത്തിൽ മുഴുകിയിരുന്നു. എങ്ങും ഭക്തിമയം. എന്റെ തൊട്ട് മുൻപിലായി രാധു നിന്നു. ചുറ്റും ഭക്തജനങ്ങളെ കൊണ്ട് നിറഞ്ഞു.

ഞാൻ മാത്രം…എന്നും കുമ്പിടുന്ന എന്റെ ദേശനാഥന്റെ മുൻപിൽ ഞാൻ മാത്രം….ചിന്തകളുടെ വേട്ടമൃഗമായി നിന്നു. രാധുവിനോട് ഞാൻ എന്ത് മറുപടി പറയും. അവളുടെ ഇഷ്ടം തള്ളണോ…അതോ കൊള്ളണോ…അവളോടുള്ള ഇഷ്ടം തുറന്ന് പറഞ്ഞാൽ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങൾ എല്ലാം കൂടി എന്നെ അസ്വസ്ഥനാക്കി.

നിസ്സഹായനായവന് ഈശ്വരൻ തുണ എന്ന് വിശ്വസിച്ച് ഓർമ്മവച്ച കാലം മുതൽ കുമ്പിടുന്ന, ഞാൻ ഹരിശ്രീ കുറിച്ച, എന്റെ എല്ലാ വളർച്ചയിലും കൂടെ ഉണ്ടായിരുന്നു എന്ന് വിശ്വസിക്കുന്ന, എന്റെ എല്ലാം എല്ലാമായ ഭഗവാന്റെ മുൻപിൽ ഒരു ഉത്തരത്തിനായി ഞാൻ കേണപേക്ഷിച്ചു.

ആഗ്രഹം ഭയത്തെ കീഴടക്കിയതോ അതോ കണ്ടില്ല എന്ന് നടിക്കാൻ പ്രേരിപ്പിച്ചതോ…രാധുവിനോടുള്ള എന്റെ അടങ്ങാത്ത പ്രണയം കൊണ്ടോ…അതോ അവൾക്ക് എന്നോടുള്ള പ്രണയം മനസിലാക്കിയത് കൊണ്ടോ…എന്താന്നറിയില്ല എന്തൊക്കെ പ്രശ്നങ്ങൾ വന്നാലും രാധുവിനെ സ്വന്തമാക്കണം എന്ന് മനസ്സ് മന്ത്രിക്കാൻ തുടങ്ങി. മറ്റെല്ലാ ഭയങ്ങളും എന്നിൽ നിന്ന് അകലാൻ തുടങ്ങി.

ഞാൻ പോലും അറിയാതെ എന്നിലേക്ക്‌ ഒരു ശക്തി വന്നു. മനസ്സിൽ നിറയെ എന്റെ രാധു മാത്രം. അതെ അവളെ സ്വന്തമാക്കുക, അവളോടെനിക്കുള്ള പ്രണയം അവളോട് പറയേണ്ട സമയം ആഗതമായിരിക്കുന്നു. ഇന്നേ വരെ ഒരാഗ്രഹവും പറഞ്ഞിട്ടില്ലാത്ത എന്റെ ഭഗവാന്റെ മുൻപിൽ അചഞ്ചലമായ ഭക്തിയോടെ അങ്ങയുടെ തിരുനടയിൽ നിന്നെടുത്ത ഈ തീരുമാനത്തിൽ എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാകണേ എന്ന് ഉള്ളുരുകി കേണപേക്ഷിച്ചു.

പെട്ടന്നുയർന്ന ശരണം വിളിയും മണിയടിയും കേട്ടാണ് ഞാൻ കണ്ണ് തുറന്നത്. എന്റെ മുൻപിൽ സർവ്വാഭരണ വിഭൂഷണനായി എരിയുന്ന നെയ്ത്തിരി വെട്ടത്തിൽ കർപ്പൂര ദീപ പ്രഭയിൽ ഭകതർക്ക് ദർശനമരുളിയിരിക്കുന്നു. അല്ല…എന്നെ എന്റെ ഭഗവൻ അനുഗ്രഹിച്ചിരിക്കുന്നു.

അങ്ങനെ ഞാൻ എന്റെ തീരുമാനത്തെ ശരിവച്ചു കൊണ്ട് ഭഗവാന് നന്ദി പറഞ്ഞു. എന്റെ കൺപോളകളെ വെട്ടിമാറ്റി കണ്ണിൽ നിന്നും സന്തോഷാശ്രു ഒരു ചെറു കാണികയായ് ഭൂമിയിൽ പിറന്നു. കണ്ണുകൾ തുടച്ച് രാധുവിനെ ഞാൻ നോക്കി. കലങ്ങിയ കണ്ണുമായ് അവൾ എന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.

എന്നിലേക്ക്‌ ഒന്ന് ചേർന്ന് നിന്ന് പയ്യെ അവൾ പറഞ്ഞു…കണ്ണേട്ടന് എന്നെ അങ്ങനെ കാണാൻ പറ്റുന്നില്ല എങ്കിൽ കണ്ണേട്ടൻ എന്നെ സ്നേഹിക്കണ്ട. പക്ഷെ എന്നെ ഇഷ്ടല്ല എന്ന് മാത്രം എന്റെ മുഖത്ത് നോക്കി പറയരുത്. അത് എനിക്ക് താങ്ങാൻ പറ്റിയെന്നുവരില്ല. ഇതും ഓർത്ത് ഇനി എന്റെ കണ്ണേട്ടന്റെ മനസ്സ് ഒരിക്കലും വിഷമിക്കരുത്.

ഞാൻ ഇനി ഒരിക്കലും കണ്ണേട്ടനോട് ഇതിനെ കുറിച്ച് സംസാരിക്കില്ല, ഈ ഭാഗവാനാണെ സത്യം. നെഞ്ച് തകർന്നു നിൽക്കുമ്പോഴും അവളുടെ സങ്കടത്തെക്കാളും ആഗ്രഹത്തെക്കാളും ഉപരി എന്റെ സന്തോഷം മാത്രം ആഗ്രഹിക്കുന്ന അവളുടെ നിഷ്കളങ്കമായ സ്നേഹം കണ്ട് എനിക്ക് അവളോട് ബഹുമാനവും സ്നേഹവും ഇരട്ടിച്ചു.

ഇതിലും വലിയ എന്ത് ഭാഗ്യമാണ് എനിക്ക് ഇനി വേണ്ടത് എന്ന് ഞാൻ മനസ്സിൽ ഓർത്ത് സന്തോഷിച്ചു. അവളുടെ വാക്കുകൾക്കുള്ള മറുപടിയായ് അവളോട് ചേർന്ന് നിന്ന് അവളുടെ കാതിൽ ഞാനും മന്ത്രിച്ചു…ഈ ഭഗവാനെ സാക്ഷിനിർത്തി ഞാൻ എന്റെ രാധുന് വാക്ക് തരുന്നു…ജീവനുള്ളിടത്തോളം കാലം ഈ കണ്ണൻ എന്നും എന്റെ രാധുന്റെ മാത്രം ആയിരിക്കും.

അത്രയും നേരം കലങ്ങിയ മുഖവുമായി നിന്ന എന്റെ രാധുവിന്റെ മുഖത്ത് ആയിരം പൂർണ ചന്ദ്രന്മാർ ഒരുമിച്ചുദിച്ചപോലെ തിളങ്ങി. അവളുടെ പുഞ്ചിരി സ്വർണം പോലെ തിളക്കമുള്ളതായിരുന്നു. പരിസരം മറന്ന് അവൾ വല്ലതും ചെയ്യുമോ എന്ന് ഒരു നിമിഷത്തേക്ക് ഞാൻ ഭയപ്പെട്ടു. ഭാഗ്യത്തിനതുണ്ടായില്ല.

അവൾ അവളുടെ സന്തോഷം, അവൾ അത്ഭുതവും സന്തോഷവും നിറഞ്ഞ ഒരു ചിരിയിലൂടെ എന്നെ അറിയിച്ചു. അപ്പോഴും അവളുടെ കണ്ണിൽ അശ്രു നിറഞ്ഞിരുന്നു. പയ്യെ അവൾ എന്റെ കരം ഗ്രഹിച്ചു. അവൾക്കുണ്ടായ സന്തോഷം, അവൾ എന്റെ കയ്യിലെ പിടുത്തതിന്റെ മുറുക്കത്തിൽ നിന്നെനിക്ക് മനസ്സിലാക്കാമായിരുന്നു.

എന്നിട്ട് അവൾ പയ്യെ എന്നോട് പറഞ്ഞു…ഈ രാധു എന്നെന്നും എന്റെ കണ്ണേട്ടനു മാത്രം സ്വന്തമായിരിക്കും. ശ്രീ കോവിലിൽ നിന്നും തെളിച്ച തീർത്ഥം ഒരു അനുഗ്രഹമായ് ഞങ്ങളുടെ ശിരസിൽ പതിച്ചു. ഞാൻ ചുറ്റുമൊന്ന് നിരീക്ഷിച്ചു, ഭാഗ്യം ആരും ശ്രദ്ധിക്കുന്നില്ല. എല്ലാരുടേം നോട്ടം ഭഗവാനിലേക്കാണ്. അതോ ഭഗവാൻ ഞങ്ങളുടെ പ്രണയരംഗം മറ്റുള്ളവരുടെ കണ്ണിൽ നിന്നും മറച്ചുപിടിച്ചതോ…അറിയില്ല….

അപ്പോഴേക്കും ദർശനത്തിനായി വരി നീങ്ങി തുടങ്ങിയിരുന്നു. പയ്യെ ഞങ്ങളും നീങ്ങി. ഭഗവാനോട് ഞങ്ങൾ രണ്ടുപേരും മനസുകൊണ്ട് നന്ദി പറഞ്ഞു. കർപ്പൂരദീപം വണങ്ങുന്ന രാധു. കത്തി ജ്വലിക്കുന്ന ആ കർപ്പൂരത്തിന്റെ പ്രഭയിൽ നെറ്റിയിൽ ഭസ്മകുറിതൊട്ട എന്റെ രാധു വാനിലുദിച്ച ചന്ദ്രനെ പോലെ തിളങ്ങി.

അമ്പലം വലം വച്ച് പുറത്തേക്കിറങ്ങി. അപ്പോഴേക്കും എല്ലാരും പോകാൻ ഉള്ള തയ്യാറെടുപ്പിലായി. അവളും കുടുംബവും ഇറങ്ങി പോകാൻ നേരം എന്നെ കൈവീശി കാണിച്ച് യാത്ര പറഞ്ഞു. മറ്റാരും കാണാതെ ഒരു പ്രണയം നിറഞ്ഞ ഒരു നോട്ടം എനിക്ക് സമ്മാനിച്ച് അവൾ ക്ഷേത്രാങ്കണത്തിൽ നിന്നും വീട്ടിലേക്ക് പോയി.

പിറ്റേന്ന് എഴുനേൽക്കാൻ ഒരുപാട് വൈകി. ഉച്ചകഴിഞ്ഞു എഴുന്നേറ്റപ്പോൾ, ഇന്നലത്തെ സംഭവങ്ങളെ കുറിച്ചോർത്തപ്പോൾ തന്നെ നെഞ്ചിൽ ഒരു കാളലായിരുന്നു. ദൈവമേ…ആരും ഞങ്ങളെ ശ്രദ്ധിച്ചിട്ടുണ്ടാകല്ലേ…അങ്ങനെ ഓരോന്നൊക്കെ അലോചിച്ച് ഇരികുമ്പോളാണ് പിന്നിൽ നിന്നൊരു അശരീരി…

ഹോ…തമ്പ്രാൻ എണീറ്റോ…കുറച്ചൂടെ കഴിഞ്ഞ് എഴുന്നേറ്റാൽ മതിയായിരുന്നാലോ. അമ്മ തല്ലുകൂടാൻ നിൽക്കാതെ പോയി വല്ലതും കഴിക്കാൻ എടുക്ക്. ഞാൻ ദേ റെഡിയായി വരാം. സാദാരണ അഞ്ചു മിനിറ്റ് കൊണ്ട് കഴിയണ പല്ലുതേപ് പത്ത് മിനിറ്റുകഴിഞ്ഞിട്ടും തീർന്നില്ല കാരണം ഊഹിക്കാലോ.

കുളിക്കാൻ കേറിയപ്പോഴും ഇത് തന്നെ അവസ്ഥ. അവസാനം ടാങ്കിലെ വെള്ളം തീരാനായി, നിന്റെ ഒടുക്കത്തെ കുളി കഴിഞ്ഞില്ലെടാ എന്ന അമ്മയുടെ ചോദ്യം കേട്ടപ്പോളാണ്, എല്ലാം വേഗം തീർത്ത് കുളിച്ചിറങ്ങിയത്. വേഗം ഫുഡടിയൊക്കെ തീർത്ത് ഇറങ്ങി.

അവളുടെ വീടിന്റെ അതിലെ പോയപ്പോൾ ഭാവി വധു അവിടെ പട്ടിയേം കളിപ്പിച്ചിരിക്കുന്നുണ്ടായിരുന്നു. എന്റെ സൈക്കിൾ ബെൽ കേട്ടപ്പോൾ തന്നെ എന്നെ നോക്കി എന്നിട്ട് എനിക്ക് നാണതോട് കൂടിയ ഒരു കള്ളചിരി സമ്മാനിച്ചു. ഞാനും കൊടുത്തു ഒരു ചിരി. അങ്ങനെ കാലങ്ങൾ കടന്നുപോയി.

ഒരിക്കലും പിരിയാൻ പറ്റാത്തവിധം ഞാനും രാധുവും അടുത്ത് കഴിഞ്ഞു. അന്ന് പരീക്ഷയ്ക്ക് വേണ്ടി സ്കൂൾ അടക്കുന്ന ദിവസം. പതിവുപോലെ സ്കൂൾ കഴിഞ്ഞ് ഞങ്ങൾ ഒരുമിച്ച് വീട്ടിലേക്ക് ബസ്സിറങ്ങി നടക്കുന്നു. ഇനി പഴേ പോലെ ഒന്നും കാണാൻ പറ്റില്ല രാധു, പരീക്ഷ ഇങ്ങെത്തി. ഇപ്പോൾ തന്നെ ഒന്നും പഠിക്കാൻ പറ്റണില്ല.

അതുകൊണ്ട് നമുക്കിനി പരീക്ഷ കഴിഞ്ഞ് കാണാം. ഇല്ലേൽ ഞാൻ നിന്നെ കുറിച്ചോർത്ത് ഇരിക്കും. അവസാനം പരീക്ഷയിൽ ഞാൻ പൊട്ടും. അവൾ ഒന്നും മിണ്ടിയില്ല…രാധു നീ എന്താ മിണ്ടാത്തെ…?ഞാൻ എന്ത് മിണ്ടാനാ…കണ്ണേട്ടന് എന്നെ കാണണ്ട എന്നല്ലേ പറയണേ, പിന്നെ ഞാൻ എന്ത് പറയാനാ….

അപ്പോഴേക്കും എന്റെ തൊട്ടാവാടിടെ മുഖം വാടി തുടങ്ങിയിരുന്നു. ഞാൻ അങ്ങനത്തെ അർത്ഥത്തിൽ ആണോ രാധു പറഞ്ഞെ, നമുക്ക് രണ്ടു പേർക്കും ഇപ്പൊ പഠിച്ച് നല്ല മാർക്ക് വാങ്ങി പാസായാൽ അല്ലേ നല്ല ജോലി കിട്ടു. എന്നാൽ അല്ലേ എനിക്ക് നിന്നെ കെട്ടികൊണ്ടുപോയി നല്ലപോലെ നോക്കാൻ പറ്റോള്ളൂ, നീ ഒന്ന് മനസ്സിലാക്ക്.

എനിക്കൊന്നും മനസിലാകില്ല എനിക്ക് എന്റെ കണ്ണേട്ടനെ കാണാതിരിക്കാൻ പറ്റില്ല. അപ്പോഴേക്കും അവൾ ചിണുങ്ങി തുടങ്ങിയിരുന്നു. അയ്യേ എന്റെ രാധുട്ടി പിണങ്ങിയോ…ഞാൻ അവളുടെ മുഖമുയർത്തി. പക്ഷെ എന്നെ ഞെട്ടിച്ച് കൊണ്ട് അവൾ കൈതട്ടി മാറ്റി.

ഇതിനും മാത്രം സങ്കടപെടാൻ എന്താ ഇതിൽ ഉള്ളത്. ഇങ്ങനെയാണെങ്കിൽ നാളെ എനിക്ക് ഗൾഫിലേക്ക് ഒക്കെ പോകേണ്ടി വന്നാൽ എന്താ ചെയ്ക. അതും കൂടി കേട്ടപ്പോൾ എരിതീയിൽ എണ്ണ ഒഴിച്ചപോലെ എന്ന് പറഞ്ഞപോലെ, അപ്പോ നല്ല ജോലി കിട്ടിയാ എന്നെ ഇവിടെ ഒറ്റയ്ക്കാക്കി പോകോ എന്നും പറഞ്ഞ് ഒരു പൊട്ടിത്തെറിയായിരുന്നു.

പുല്ല് ഒന്നും പറയണ്ടാർന്നു…..അവസാനം എന്റെ എല്ലാ അടവും പയറ്റിയിട്ടും പെണ്ണിന്റെ മുഖം തെളിയുന്നില്ല. പിന്നെ എവിടെ നിന്നോയൊക്കെ കുറച്ച് ധൈര്യം സംഭരിച്ച് ചുറ്റുമൊന്ന് നോക്കി ആരും ഇല്ല എന്നുറപ്പ് വരുത്തി…ആദ്യമായി അവളുടെ മണികവിളിൽ എന്റെ ചുണ്ടുകൊണ്ട് ഒരു സ്നേഹ ചുംബനം നൽകി.

അപ്രതീക്ഷിതമായതുകൊണ്ടും ആദ്യമായത് കൊണ്ടും അവൾ കണ്ണുകൾ കൂമ്പിയടച്ച് ഞെട്ടിത്തരിച്ച് നിന്നു. എന്നിട്ട് അവളുടെ കാതിലെ ലോലാക്കിൽ ഒരു മുത്തം കൊടുത്ത് പ്രേമസ്വരൂപനായ് മൊഴിഞ്ഞു…സ്വർണം കൊണ്ട് തുലാഭാരം നടത്താം എന്ന് പറഞ്ഞാലും ഞാൻ എന്റെ രാധുനെ ഒറ്റയ്ക്കാക്കി എവിടേക്കും പോകില്ല എന്റെ രാധുവാണെ സത്യം…

അവൾ അപ്പോഴും അതിന്റെ ഷോക്കിൽ ആയിരുന്നു. പെട്ടന്ന് തന്നെ നാണം കൊണ്ടവൾ കണ്ണ്പൊത്തി. നാണം ഇല്ലാത്തോൻ പോ…അവിടെ നിന്ന് എന്നും പറഞ്ഞ് എന്നെ തട്ടി മാറ്റി അവൾ നടന്നു, കൂടെ ഞാനും…പിന്നീട് വീടുവരെയുള്ള യാത്രയിൽ സംസാരങ്ങൾ ഉണ്ടായില്ല.

രണ്ടുപേർക്കും സംസാരിക്കാൻ നാണം. അങ്ങോട്ടും ഇങ്ങോട്ടും ഒളികണ്ണിട്ട് നോക്കും. ഇടയ്കെപ്പോഴോകെയോ കണ്ണുകൾ തമ്മിൽ ഉടക്കി കൊണ്ടിരുന്നു. വീണ്ടും കാലങ്ങൾ കഴിഞ്ഞു. എനിക്ക് സ്വന്തമായി ഒരു മൊബൈൽ കിട്ടി. പിന്നീട് പയ്യെ പയ്യെ ഫോൺവിളികൾ ഉണ്ടായി. അവസരം കിട്ടുമ്പോഴെല്ലാം ഞങ്ങൾ ഫോണിലൂടെ സംസാരിക്കാൻ തുടങ്ങി.

ഞാൻ എന്റെ ഫോണിനെ ഈശ്വരനെ പോലെ കണ്ടു. പക്ഷെ ഈശ്വരനെ പോലെ കണ്ടത് എന്റെ ജീവിതത്തിലെ വില്ലനായി. ഒരുനേരത്തെ ഒരു ചെറിയ അശ്രദ്ധയിൽ അവളുടെ അച്ഛൻ ഞങ്ങളുടെ ഫോൺ വിളി കയ്യോടെ പിടിച്ചു.

ഞാനുമായിട്ടാണ് അവരുടെ മകൾ പ്രണയത്തിലായതെന്ന സത്യം അവർക്ക് ഒട്ടും വിശ്വസിക്കാൻ പോലും പറ്റിയിരുന്നില്ല. അവസാനം അവളുടെ മനസുമാറ്റാൻ വേണ്ടി അവർ പല രീതിയിലും അവളെ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു. പക്ഷെ അതൊന്നും ഫലം കണ്ടില്ല. അവൾ അവളുടെ തീരുമാനത്തിൽ ഉറച്ച് നിന്നു.

അവസാനം എല്ലാ ദേഷ്യവും അവർ എന്റെ രാധുവിന്റെ മേൽ തല്ലി തീർത്തു. എന്നിട്ടാണ് അയാൾ എന്റെ വീട്ടിലേക്ക് വന്നത്ത്. അയാൾ നേരെ വന്ന് എന്റെ വീട്ടുകാരോട് കാര്യം പറഞ്ഞു. ആദ്യമായി അദ്ദേഹം എന്റെ വീട്ടുകാരോട് മുഖം കറുത്ത് സംസാരിച്ചു. അയാൾ പറഞ്ഞതെല്ലാം കേട്ട് പാപ്പൻ എന്നോട്, ഞാനീ കേട്ടതെല്ലാം ശെരിയാണോ എന്ന് ചോദിച്ചു.

ഞാൻ അതെ എന്ന് തലയാട്ടി. മുഖമടച്ചൊരാടിയായിരുന്നു പിന്നെ…കണ്ണീന്ന് പൊന്നീച്ചപാറി…എല്ലാം ഇന്നതോടുകൂടി അവസാനിപ്പിക്കണം ഇല്ലേൽ കൊന്നു കളയുമെന്ന് ഭീഷണി പെടുത്തി. ചത്താലും രാധുവിനെ മറക്കില്ല എന്ന് ഞാനും പറഞ്ഞു.

ആദ്യമായി അച്ഛനെ പോലെ എന്നെ സ്നേഹിച്ച് വളർത്തിയ പാപ്പന്റെ വാക്കിനെ എതിർത്തു സംസാരിച്ചതിന്റെ ഫലമായി അവിടെയിരുന്ന ഫൈബർ കസേര എന്റെ പുറകിൽ പതിഞ്ഞു കഷണങ്ങളായി. അമ്മേ…എന്ന എന്റെ അലർച്ച കേട്ട് നാട്ടുകാർ ഓടിക്കൂടി.

തല്ലി കൊന്നാലും അവളെ ഞാൻ ആർക്കും വിട്ടുകൊടുക്കില, അവളെ മറക്കേം ഇല്ല…പിന്നേം എന്നെ തല്ലാൻ ഒരുങ്ങിയ പാപ്പാനെ അവളുടെ അച്ഛൻ തടഞ്ഞു. കുട്ടികളെ തല്ലിയിട്ട് കാര്യമില്ല, അവരെ പറഞ്ഞ് മനസിലാക്കണം എന്ന് പറഞ്ഞ് അവർ പോയി. ഞങ്ങളുടെ മനസ്സ് മാറ്റാൻ അവർ പലവഴിയും സ്വീകരിച്ചു. അതിലൊന്നും അവർക്ക് വിജയിക്കാൻ ആയില്ല.

അവസാനത്തെ ആയുധമായി ആത്മഹത്യാ നമ്പർ തന്നെ അവർ പുറത്തെടുത്തു. ജന്മം കൊടുത്ത അച്ഛനും അമ്മയും അവളുടെ പേരിൽ മരിക്കാൻ പോകുന്നു എന്നോർത്തപ്പോൾ അവളുടെ മനസൊന്നിടറി. അവൾ സമ്മതിച്ചു എന്നെ മറന്നോളം, ഞങ്ങൾ തമ്മിൽ ഇനി ഒരു ബന്ധവും ഉണ്ടാകില്ല എന്ന് പറഞ്ഞു, അവർക്ക് അവൾ വാക്ക് കൊടുത്തു.

അന്ന് വൈകീട്ട് അവളുടെ അച്ഛൻ എന്റെ വീട്ടിൽ അവളേം കൊണ്ട് വന്നു. അവളുടെ മുഖത്ത് അപ്പോഴും അവളുടെ വീട്ടുകാർ കൊടുത്ത തല്ലിന്റെ പാട് തെളിഞ്ഞു നിന്നിരുന്നു. മുഖമാകെ വിരലിന്റെ പാടുകൾകൊണ്ട് ചുവന്നിരിക്കുന്നു. എന്റെ മുമ്പിൽ ഒരു ജീവനില്ലാത്ത ജന്മത്തെ പോലെ കൊണ്ട് നിർത്തി.

അവിടെ വച്ച് അവളെ കൊണ്ട് പറയിപ്പിച്ചു, നമ്മൾ തമ്മിൽ ഒരു ബന്ധവും ഇല്ല എന്ന്. രാധൂ…എന്ന എന്റെ നെഞ്ച് തകർന്നുള്ള വിളിയിൽ അവൾ പൊട്ടിക്കരഞ്ഞു. അവളെ അവളുടെ അച്ഛൻ ചേർത്ത് പിടിച്ച് എന്നിൽ നിന്നും അടർത്തിയെടുത്ത് കൊണ്ടുപോയി.

അച്ഛന്റെയൊപ്പം പോകുന്ന അവളെ നിസഹായാവസ്ഥയിൽ നോക്കി നിൽക്കാനേ എനിക്ക് കഴിഞ്ഞൊള്ളു. എല്ലാംകൊണ്ടും ഞാൻ ഒരു മനോരോഗിയെ പോലെയായി. ഉള്ളിലെ വിഷമം സഹിക്കാവുന്നതിലും അപ്പുറമായി. ഞാൻ ജീവനേക്കാൾ സ്നേഹിച്ച എന്റെ രാധുനെ എനിക്ക് നഷ്ടമായിരിക്കുന്നു. മനസിന്റെ നിയന്ത്രണം കൈവിട്ടു.

എല്ലാ സങ്കടവും ഒരു അലർച്ചയിലൂടെ പുറത്തേക്ക് വന്നതും, അടുത്ത് കണ്ട കണ്ണാടികൂട്ടിലേക്ക് എന്റെ കൈകൾ ഇടിച്ച് കയറിയതും ഒരുമിച്ചായിരുന്നു. കൈ തുളച്ച് കണ്ണാടി കഷ്ണങ്ങൾ എന്റെ കയ്യിലേക്ക് പാഞ്ഞുകയറി. കയ്യിൽ നിന്നും ചുടുചോര വാർന്നിറങ്ങി. പിന്നീടെപ്പോഴോ കണ്ണുതുറക്കുമ്പോൾ ഞാൻ ഒരു ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിൽ കട്ടിലിൽ ആയിരുന്നു.

സീരിയസ് ആയിട്ടൊന്നും ഇല്ലാത്തതു കൊണ്ട് ഡ്രസ്സ്‌ ചെയ്ത് വിട്ടു. വീട്ടുകാരെല്ലാം ഉപദേശത്തിന്റ രൂപത്തിൽ എന്റെ അരിക്കലേക്ക് വന്ന് കൊണ്ടിരുന്നു. അവർക്കെല്ലാം മറുപടി ഒരു മൗനത്തിൽ ഒളിപ്പിച്ചു. ഉള്ളിൽ നിറയെ എന്റെ രാധുന്റെ മുഖം മാത്രം. നേരം വെളുത്തപ്പോഴേക്കും ഞങ്ങളുടെ പ്രണയകഥ നാട്ടിൽ പാട്ടായിരുന്നു.

രാവിലെ തന്നെ വീട്ടിൽ നിന്നും ഇറങ്ങി. എവിടെക്കാ എന്ന ചോദ്യങ്ങൾ ഉയർന്നെങ്കിലും മറുപടി മൗനത്തിൽ ഒതുക്കി. പോകുന്ന വഴിയിലെല്ലാം ഓരോരോ ഓർമ്മകൾ എന്നെ വേട്ടയാടിക്കൊണ്ടിരുന്നു. പരിഹാസത്തോടെയും സഹതാപത്തോടെയും എന്നെ ഒരുപാട് കണ്ണുകൾ നോക്കികൊണ്ടിരുന്നു.

ആരുടെയും മുഖം കാണാൻ ഞാൻ ആഗ്രഹിച്ചീല…പയ്യെ നടന്ന് നടന്ന് ഞാൻ ഞങ്ങളെ പ്രണയത്തിലാക്കിയ അതെ ക്ഷേത്രമുറ്റത്തേക്ക് എത്തി. ഭഗവാന്റ നടയിൽ പോയി ഒരു നോക്ക് കണ്ടു. ഒരു നന്ദി പറഞ്ഞു.

ആൽത്തറയിലേക് നടന്നടുത്ത എന്നെ നോക്കി അവിടെ വച്ചുണ്ടായിട്ടുള്ള അവളുടെ ഓർമ്മകൾക്ക് മുമ്പിൽ നെഞ്ചകം നീറിപ്പുകയുന്ന തനിക്ക് വേണ്ടി ശബ്‌ദിക്കാൻ അവകാശമില്ലാത്ത ഒരു കോമാളിയായ് നീറിപുകഞ്ഞു നിന്നു ഓർമകളെ നെഞ്ചില്ലേറ്റി…

തുടരും….

നാലാം ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ.