അമ്മയെന്ന വാക്കിന്റെ വ്യാപ്തി ഞാൻ മനസിലാക്കിയതിലും ഒരുപാട് വലുതാണെന്ന് തോന്നിപോയ നിമിഷം. ഒരു പുഞ്ചിരി സമ്മാനിച്ച് എന്നിൽ നിന്നും നടന്നകന്ന അമ്മയെ ഞാൻ കണ്ണെടുക്കാതെ നോക്കി നിന്നു

എന്നെന്നും കണ്ണേട്ടന്റെ രാധിക – ഭാഗം IV – രചന: AJAY ADITH

ഒന്നാം ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ

രണ്ടാം ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ

മൂന്നാം ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ

സ്വന്തം ജീവിതത്തോടും എല്ലാത്തിനോടും വെറുപ്പ് തോന്നിത്തുടങ്ങിയ നിമിഷം. എത്രനേരം അവിടെ ഇരുന്നു എന്നറിയില്ല. ഉള്ളിലെ സങ്കടം മനസിന്റെ കണ്ണാടിയിലൂടെ പ്രവഹിച്ചു കൊണ്ടിരുന്നു.

അവിടെയും ആളുകളുടെ നോട്ടങ്ങളും പരിഹാസ ചിരികളും എന്നെ വേട്ടയാടിത്തുടങ്ങിയപ്പോൾ വീണ്ടും വീട്ടിലേക്ക് മടങ്ങി. അവളുടെ വീടിന്റെ മുൻപിൽ അവളുടെ അച്ഛൻ ഇരിക്കുന്നു. എന്നും എന്നെ കണ്ടിരുന്നപ്പോൾ എല്ലാം ആ മുഖത്ത് കണ്ടിരുന്ന പുഞ്ചിരി മാഞ്ഞിരിക്കുന്നു.

ഇന്ന് ആ മുഖത്ത് ദുഃഖവും എന്നോടുള്ള വെറുപ്പും മാത്രം നിറഞ്ഞു നിന്നു. എന്തെങ്കിലും ഒരു പ്രശനം ഉണ്ടാകുമെന്നുകരുതി ജനൽ വാതിലുകളിലൂടെ ഞങ്ങളെ ഉറ്റുനോക്കിയിരുന്ന അയൽവാസികളെ നിരാശരാക്കി ഞാൻ അവിടെ നിന്നും വിട വാങ്ങി.

ഒരു പരദൂഷണ കഥ നഷ്ടമായതിന്റെ ദുഃഖം അവരുടെ മുഖത്തും കണ്ടു. വീട്ടിലേക്ക് എത്തിയതും ഉപദേശത്തിന്റെയും കുത്തുവാക്കുകളുടെയും സ്വരങ്ങൾ എന്നെ തേടിയെത്തി. അമ്മയുടേതൊഴിച്ച്…എല്ലവർക്കും മൗനം തന്നെ മറുപടി. അയൽക്കൂട്ടങ്ങളിലെ ചർച്ചകളിൽ ഞാനും അവളും താരങ്ങളായി.

പഴി വാക്കുകളും സങ്കടവും എല്ലാംകൂടി സഹിക്കാൻ വയ്യാതായപ്പോൾ ഞാൻ എന്നിലേക്ക്‌ തന്നെ ഒതുങ്ങി. ആർക്കും ഒരു ശല്യമാകാതെ ഒരു മുറിയിൽ അങ്ങനെ കഴിഞ്ഞു കൂടി. അമ്മ സമാദാനപ്പെടുത്താൻ ശ്രമിച്ചപ്പോഴെല്ലാം ഞാൻ ഒഴിഞ്ഞു മാറിക്കൊണ്ടിരുന്നു. അങ്ങനെ ഒരു മാസം ആ മുറിയിൽ ആരോടും ഒന്നും പറയാതെ കഴിഞ്ഞു കൂടി.

എന്റെ രാധുവിന്റെ ഓർമ്മകൾ ആസ്വദിച്ചും അതിനെ കുറിച്ചോർത്ത് കരഞ്ഞും ജീവിതം തള്ളി നീക്കിയ സമയം അതിനിടയിൽ വന്നിരുന്ന ഉപദേശസ്വരങ്ങൾക്ക് മറുപടിയില്ലാതായപ്പോൾ ഉപദേശകരും പിൻവാങ്ങി. ഒരു ദിവസം അമ്മ വന്ന് അരികിൽ ഇരുന്നു. ഒന്നും സംസാരിക്കാതെ അമ്മ ഇരിപ്പ് തുടർന്നപ്പോൾ എന്റെ ഉള്ളിലും അമ്മ എന്താ സംസാരിക്കാത്തെ എന്ന ചിന്തകൾ ഉയർന്നു.

അവസാനം നിശബ്ദതയെ കീറിമുറിച്ച് കൊണ്ട് അമ്മ സംസാരിച്ചു. നിനക്ക് ജയിക്കണം എന്ന ചിന്ത നിന്നിൽ വരാത്തിടത്തോളം കാലം നിന്നെ ആർക്കും ജയിപ്പിക്കാൻ കഴിയില്ല. നഷ്ടങ്ങളെ കുറിച്ചോർത്ത് സങ്കടപ്പെട്ടു ജീവിതം ഈ മുറിയിൽ അവസാനിപ്പിക്കാൻ ആണ് തീരുമാനം എങ്കിൽ അത് ആവാം. അതല്ല നഷ്ടപെട്ടതെല്ലാം അതിന്റെ ഇരട്ടിയായി നേടണം എങ്കിൽ ഇരുട്ടിന്റെ മറനീക്കി നിനക്ക് പുറത്ത് വരാം.

ഏത് പ്രതിസന്ധിയിലും മലപോലെ ഉറച്ചമനസുമായി പ്രശ്നങ്ങളെ നേരിട്ട അച്ഛന്റെ മകനാണ് നീ….ജയിക്കണം എങ്കിൽ പുറത്തേക്ക് വരാം, അമ്മ ഉണ്ടാകും കൂടെ….അമ്മയെന്ന വാക്കിന്റെ വ്യാപ്തി ഞാൻ മനസിലാക്കിയതിലും ഒരുപാട് വലുതാണെന്ന് തോന്നിപോയ നിമിഷം. ഒരു പുഞ്ചിരി സമ്മാനിച്ച് എന്നിൽ നിന്നും നടന്നകന്ന അമ്മയെ ഞാൻ കണ്ണെടുക്കാതെ നോക്കി നിന്നു.

സത്യത്തിൽ അമ്മ എന്നിലേക്ക് ഒരു തീ പകർന്നു തരുകയായിരുന്നു. ചിന്തകൾക്കൊടുവിൽ ഒരു പോരാളിയുടെ മനസോടെ ഉറച്ചകാൽവയ്പുകളോടെ ഞാൻ എന്റെ ദുഃഖങ്ങൾ അലയടിക്കുന്ന ആ മുറിയിൽ നിന്നും ഞാൻ വിടവാങ്ങി. കഴിഞ്ഞ ദിവസങ്ങളിലെ അലസതയെ ഒഴിവാക്കാൻ ഒരു കുളികഴിഞ്ഞ് ഇറങ്ങി വന്ന എന്നെ കാത്ത് ഭക്ഷണവും വിളമ്പി അമ്മ കാത്തിരിക്കുന്നുണ്ടായിരുന്നു.

എനിക്ക് അറിയാം ആയിരുന്നു നീ വരും എന്ന്. വസ്ത്രം മാറി ഭക്ഷണം കഴിച്ചിട്ട് നീ പുറത്തേക്ക് ഇറങ്ങിയാൽ മതി. മറുത്ത് ഒന്നും പറയാൻ നിൽക്കാതെ പറഞ്ഞതനുസരിച്ചു. ഭക്ഷണത്തിനുശേഷം അമ്മയോട് ഒരു യാത്ര പറച്ചിൽ എന്നോണം ഒരു നോട്ടം സമ്മാനിച്ച് പുറത്തേക്ക് ഇറങ്ങി. പോകാൻ നേരം അമ്മ ഒന്നേ പറഞ്ഞോളു, തിരിച്ചു വരുന്നത് എന്റെ പഴേ കണ്ണൻ ആയിട്ടാകണം.

മറുപടി ഒരു പുഞ്ചിരിയിൽ ഒതുക്കി നടന്നു. ഓരോ കാലടി വക്കുമ്പോളും അമ്മ പറഞ്ഞ വാക്കുകൾ മനസ്സിൽ ഓർത്തുകൊണ്ടിരുന്നു. ഇനി ആരുടെ മുൻപിലും തലകുനിക്കില്ല എന്ന് മനസിൽ ഉറപ്പിച്ച് നടന്നു. പുറത്തേക്ക് ഇറങ്ങിയപ്പോൾ ആദ്യം മുന്നിൽ വന്ന് പെട്ടത് വറീതേട്ടൻ ആയിരുന്നു, നാട്ടിലെ പ്രാധാന കല്യാണം മുടക്കിയും പാരയും ആണ് പുള്ളി.

പരദൂഷണം പറഞ്ഞ് പരത്താൻ ആളെ കഴിഞ്ഞൊള്ളു നാട്ടിൽ. ഞങ്ങളുടെ കഥയും നാടുമൊത്തം പുള്ളിക്കാരൻ പറഞ്ഞ് ആഘോഷിച്ചു കാണും എന്ന് ഉറപ്പായിരുന്നു. എന്നെ കണ്ടപ്പോൾ തന്നെ എന്നാ നീ വന്നേ എന്നൊരു ചോദ്യം. എവിടെ നിന്ന്….നീ ആ ശിവന്റെ മോളായിട്ട് പ്രേമം ആയത് അവളുടെ വീട്ടിൽ പിടിച്ചെന്നും, ആകെ പ്രശ്നം ആയി എന്നും നാണക്കേട് കാരണം നിന്നെ ഏതോ ബന്ധുവിന്റെ വീട്ടിൽ നിർത്തിയിരിക്കാ എന്നൊക്കെ കേട്ടല്ലോ…

എന്റെ പോന്നു വറീതേട്ട ഓരോ തന്തയില്ലാത്ത നാ*** മക്കൾ എന്തൊക്കെ അപവാദങ്ങൾ ആണ് പറഞ്ഞ് നടക്കുന്നെ. ഞാൻ എന്റെ വീട്ടിൽ ഉണ്ടായിരുന്നു. ഞാനും ആ കുട്ടിയും ഇഷ്ടത്തിൽ ആയിരുന്നു എന്നുള്ളത് സത്യമാ. ഞങ്ങൾ ഫോണിൽ സംസാരിച്ച് കൊണ്ടിരുന്നപ്പോളാ അവളുടെ അച്ഛൻ അത് കണ്ടതും അങ്ങനെയാ പ്രശനം ആയതും എല്ലാം.

പക്ഷെ നാട്ടിലെ കുറെ **** മക്കൾ ഒരുപാട് കഥകൾ ഇറക്കി പറഞ്ഞ് നടക്കുന്നുണ്ട്. അതൊന്നും ഞാൻ മൈൻഡ് ചെയ്യുന്നില്ല. അവന്റെ ഒക്കെ വീട്ടിലും ഇല്ലേ പെൺകുട്ടികൾ. ഇതുപോലെ നാളെ ആരുടേങ്കിലും കൂടെ പോകുമ്പോൾ നാട്ടുകാർ ഇതുപോലെ പറയുമ്പോളേ അവർക്ക് ഒക്കെ ഞങ്ങളുടെ വീട്ടുകാരുടെ അവസ്ഥ മനസിലാകൂ…

വറീതേട്ടന്റെ മകൾ അന്നയ്ക്ക് സുഖം അല്ലേ വറീതേട്ട….അവൾക്ക് എവിടെയാ പ്ലസ് വണിന് കിട്ടിയത്…ഇവൻ ഈ പറയുന്ന തെറി മൊത്തം എന്നെയനാലോ എന്നോർത്ത് കിളിപോയി പണ്ടാരടങ്ങി നിൽക്കുന്ന വറീതേട്ടനോട് യാത്ര പറഞ്ഞ് ഞാൻ നടന്നു. മനസ്സിൽ ഒരു പത്ത് ലഡ്ഡു ഒരുമിച്ച് പൊട്ടിയ സുഖമായിരുന്നു അപ്പോ ഉള്ളിൽ.

വറീതേട്ടന്റെ കിളിപോയ മുഖം മനസ്സിൽ ഓർത്തോർത്തു ചിരിച്ച് നടന്നു. അങ്ങനെ ആ നടത്തത്തിൽ കൊടുക്കേണ്ടവർക്ക് എല്ലാം വയറുനിറച്ച് കൊടുത്ത്, അതിനിടയിൽ എനിക്ക് ഒന്നും സംഭവിച്ചിട്ടില്ല എന്ന മട്ടിൽ എല്ലാരോടും അങ്ങോട്ട്‌ കേറി സംസാരിച്ചു. പ്രശ്നങ്ങൾ എല്ലാം എന്തായി എന്ന ചോദ്യങ്ങൾക്ക്, എന്ത് പ്രശ്നം എന്ന മറുപടി നൽകി. മൊത്തത്തിൽ ഞാൻ പഴയ ഞാനായി.

എന്നോട് സംസാരിച്ചവരുടെയെല്ലാം സംസാരത്തിൽ നിന്ന് ഒരുകാര്യം മനസിലായി, ഈ പ്രശ്നത്തിന്റെ പേരിൽ എന്നെ നാടുകടത്തിയിരിക്കുകയാണ് എന്ന ഒരു കഥ നാട്ടിൽ പ്രചരിചിരിക്കുന്നു എന്ന്. സമയം ഏകദേശം 4.15 മണിയാകാറായി. ഞാൻ പയ്യെ അവൾ വരാറുള്ള ഞങ്ങളുടെ ആ ഇടവഴി ലക്ഷ്യമാക്കി നടന്നു.

അത് ഇന്ന് വീട്ടിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ തന്നെ തീരുമാനിച്ചതാണ് അവളെ ഒന്ന് കാണണം എന്ന്. ആ ഉള്ളിൽ ഞാൻ ഇപ്പോഴും ഉണ്ടോ എന്ന് ഒന്നറിയണം, ഉണ്ടെങ്കിൽ ഒരുനാൾ ഞാൻ വരും കാത്തിരിക്കണം എന്നൊരു വാക്ക് പറയണം. വാഗ മരച്ചോട്ടിലെ കുറച്ച് നേരത്തെ എന്റെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് അവൾ നടന്നെത്തി.

എന്റെ മനസിലെ എന്റെ രാധുട്ടിയെ ആയിരുന്നില്ല ഞാൻ അന്ന് അവിടെ കണ്ടത്. അവളുടെ ആ പ്രസരിപ്പും ചിരിയും സന്തോഷവും എല്ലാം അവളിൽ നിന്ന് മാഞ്ഞുപോയിരിക്കുന്നു. മുടികൾ രണ്ടുഭാഗത്തേക്ക്‌ കെട്ടിയിട്ടിട്ടുണ്ട്. കവിളിൽ എല്ലാം ഒട്ടി ക്ഷീണിച്ചിരിക്കുന്നു എന്റെ കുട്ടി. അതെ…അവൾ മറ്റാരോ ആയി പോയിരിക്കുന്നു. മരച്ചോട്ടിൽ ഞാൻ ഇരിക്കുന്നത്ത് അവൾ കണ്ടില്ല.

നേരെ നോക്കാതെ ഏതോ സ്വപ്നലോകത്തിലെന്ന പോലെ അവൾ നടന്നു വരുന്നു. രാധുട്ടി….എന്ന എന്റെ വിളികേട്ടതും ഞെട്ടി തിരിഞ്ഞവൾ നോക്കി. എന്നെ കണ്ടതും അവൾ തരിച്ച് നിന്നുപോയി. എന്നെ കണ്ട ഷോക്കിൽ ഉണ്ടായ കുറച്ച് നേരത്തെ മൗനങ്ങൾക്ക് ശേഷം ഒരു പൊട്ടികരച്ചിലായിരുന്നു.

എന്നെ ഞെട്ടിച്ച് കൊണ്ട് അവൾ എന്റെയരികിലേക്ക് പാഞ്ഞടുത്തു വന്ന് എന്നെ പുൽകി. ഒരു പേമാരിപോലെ ഞങ്ങളുടെ കണ്ണുനീർ ഞങ്ങളെ തഴുകി…പറയാൻ ഇരുന്നതും കേൾക്കാൻ കൊതിച്ചതും എല്ലാം ഞങ്ങൾ മനസുകൊണ്ട് ഗ്രഹിച്ചു. എന്റെ രാധുട്ടി എന്നെവിട്ടെവിടെയും പോയിട്ടില്ല, അവൾ എന്നും എന്റെ ഇടനെഞ്ചിൽ ഉണ്ട്. നെഞ്ചിൽ ആഞ്ഞുള്ള അവളുടെ ഇടിയാണ് എന്നെ ഉണർത്തിയത്.

പിന്നെ എണ്ണിപറക്കിയുള്ള നിലവിളിയായിരുന്നു. എന്റെ അച്ഛനും അമ്മയും ചത്തുകളയും എന്ന് ഭീഷണി പെടുത്തിയത് കൊണ്ടല്ലേ ഞാൻ അന്ന് അങ്ങനെ പറഞ്ഞെ. കണ്ണേട്ടൻ അത് മനസിലാക്കും എന്ന് കരുതി. എന്നിട്ട് ഞാൻ എന്റെ കണ്ണേട്ടനെ ചതിച്ചു എന്ന് കരുതി എന്നോട് ഒരു വാക്ക് പോലും മിണ്ടാത്തെ നാടുവിട്ടുപോയല്ലേ കണ്ണേട്ടൻ. എന്നാലും കണ്ണേട്ടൻ വിശ്വസിച്ചു അല്ലേ…

ഞാൻ എന്റെ കണ്ണേട്ടനെ മറന്ന് പോകും എന്ന്. അന്ന് മുതൽ ഇന്ന് വരെ ഞാൻ ഉറങ്ങീട്ടില്ല. കരഞ്ഞ് കരഞ്ഞ് ഞാൻ ചത്തുപോയേനെ. എന്റെ കണ്ണേട്ടനില്ലാതെ കണ്ണേട്ടന്റെ രാധുട്ടി ജീവിക്കും എന്ന് എന്റെ കണ്ണേട്ടൻ വിശ്വസിച്ചു അല്ലേ…എന്നെ മറക്കാൻ ശ്രമിച്ചിട്ട് പറ്റാതായപ്പോ വന്നതാണോ ഇപ്പോ…

ഏന്തി ഏന്തി കരഞ്ഞുകൊണ്ട് നിഷ്കളങ്കമായ അവളുടെ മനസ്സിൽ കെട്ടികെടുന്ന സങ്കടങ്ങൾ എല്ലാം അവൾ ഒറ്റയടിക്ക് തുറന്നുവിട്ടു…അവളെ മാറോടണച്ചുകൊണ്ട് അവളുടെ മൂർദ്ധാവിൽ ഒരു ചുംബനം നൽകികൊണ്ട് പറഞ്ഞു, ഞാൻ എന്റെ രാധുട്ടിയെ വിട്ട് എവിടേം പോയിട്ടില്ല.

അങ്ങനെ എനിക്ക് പോകാൻ പറ്റും എന്ന് തോന്നുണ്ടോ എന്റെ രാധുട്ടിക്ക്. പിന്നെ നീ വന്ന് നേരിൽ അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് സഹിക്കാൻ പറ്റിയില്ല. എനിക്ക് എന്നെ തന്നെ നഷ്ടപ്പെട്ടു. ഇത്രയും ദിവസം ആരോടും മിണ്ടാത്തെ വീട്ടിലെ ഒരു മുറിയിൽ ഞാൻ നിന്റെ ഓർമ്മകളിൽ ജീവിക്കുകയായിരുന്നു. പിന്നെ ഞാൻ നാട് വിട്ടുപോയി എന്ന കഥ ആരൊക്കെയോ കൂടി കെട്ടിച്ചമഞ്ഞതാണ്.

സന്തോഷം പാൽകടയപ്പോൾ സമയം കടന്നുപോയതറിഞ്ഞില്ല. പെട്ടന്ന് സമയം നോക്കിയപ്പോൾ അഞ്ചു മണി ആയി. ആരെങ്കിലും ഇതുവഴി വന്ന് കണ്ടാൽ പ്രശ്നമാകും. മാത്രമല്ല സമയം വൈകുകയും ചെയ്യുന്നു എന്ന് പറഞ്ഞ് ഞാൻ അവളെ യാത്രയാക്കി. എന്റെ അടുത്ത് നിന്നും നടന്നകന്ന അവൾ പെട്ടന്ന് നിന്ന് എന്നെ തിരിഞ്ഞ് നോക്കി.

അവളുടെ കണ്ണുകൾ നക്ഷത്രം പോലെ തിളങ്ങി. എന്നിലേക്ക്‌ അവൾ ഓടിയടുത്ത് അന്നാദ്യമായ് എന്റെ കവിളിൽ ഒരു ചുടുമുത്തം നൽകി. ഈ ലോകം ഇങ്ങനെ കറങ്ങി എന്റെ മുൻപിൽ വന്നുനിന്നപോലെയായിപ്പോയി. എന്നെ അവളുടെ മുഴുവൻ ശക്തിയുമെടുത്ത് മുറുക്കി കെട്ടിപിടിച്ചുകൊണ്ട് എന്റെ നെഞ്ചിൽ തലചായ്ച്ചവൾ പറഞ്ഞു കണ്ണേട്ടാ…ജീവനുള്ളിടത്തോളം കാലം എനിക്കെന്റെ കണ്ണേട്ടന്റെ നെഞ്ചിൽ തലചായ്ച്ചുറങ്ങണം.

എന്നെ ആർക്കും വിട്ടുകൊടുക്കരുത്. അങ്ങനെ ഉണ്ടായാൽ പിന്നെ രാധുട്ടി ജീവനോടെ ഉണ്ടാകില്ല…രാധുട്ടി ഇന്നും ഈ കണ്ണേട്ടന്റെ മാത്രമായിരിക്കും എന്നും പറഞ്ഞ് അവളെ മാറോടണച്ചു…പിന്നെ നിന്ന് സമയം കളയാതിരിക്കാൻ വേണ്ടി അവളെ യാത്രയയച്ചു.

അന്ന് രാത്രി ചിരിച്ച മുഖവുമായി അമ്മേ എന്ന നീട്ടിയുള്ള വിളിയുമായി ഞാൻ വീട്ടിലേക്ക് വന്നു. ഞങ്ങളുടെ കുടുംബം വീണ്ടും സന്തോഷത്തിലായി…കാലങ്ങൾ കഴിയും തോറും ഞങ്ങളുടെ പ്രണയവും ശക്തമായി തന്നെ വന്നു. ഒരു ശക്തിക്കും ഞങ്ങളെ പിരിക്കാൻ പറ്റാത്ത വിധം ഞങ്ങൾ അടുത്തു. സംസാരങ്ങളും കൂടികാഴ്ചകളും പരമാവധി ഒഴിവാക്കി, വർഷങ്ങളോളം ഞങ്ങൾ പ്രണയിച്ചു.

സന്തോഷങ്ങളുടെ നാളുകൾക്ക് വിരാമമിട്ടുകൊണ്ട് വീണ്ടും ദുരന്തം. അവളുമായി സംസരിച്ച് കൊണ്ടിരിക്കവേ അവളുടെ അമ്മ കയ്യോടെ പിടിച്ചു. നുണ പറഞ്ഞിട്ട് രക്ഷയില്ല എന്ന് മനസിലാക്കിയ രാധു സത്യങ്ങൾ എല്ലാം തുറന്നു പറഞ്ഞു.

അന്ന് അവൾ സെക്കന്റ് ഇയർ പഠിക്കുന്ന സമയം. ഞാൻ ഒരു പ്രൈവറ്റ് കമ്പനിയിൽ സൂപ്പർവൈസർ ആയി ജോലിചെയ്യുന്നു. അവളുടെ വീട്ടിൽ പ്രശ്നങ്ങൾ കൊടുമ്പിരി കൊണ്ടു. ഞാൻ എന്റെ വീട്ടുകാരെ അവരുടെ വീട്ടിലേക്ക് പെണ്ണുചോദിക്കാൻ പറഞ്ഞു വിട്ടു. അവരെ അവളുടെ അച്ഛൻ ആക്ഷേപിച്ച് ഇറക്കിവിട്ടു.

അവളെ വിളിച്ചിറക്കി കൊണ്ടുവരിക എന്നല്ലാതെ മറ്റുമാർഗങ്ങൾ ഇല്ലാതെയായി. അവസാനം ഞാൻ അവളെ വിളിക്കാൻ അവളുടെ വീട്ടിലേക്ക് ചെന്നു. എന്നെ കണ്ടപാടെ അവളുടെ അച്ഛൻ ബഹളം വച്ചു. ഞാൻ രാധുവിനെ കൊണ്ടുപോകാൻ ആണ് വന്നത് ആരെതിർത്താലും ഞാൻ എന്റെ രാധുവിനെ കൊണ്ടുപോകും എന്ന എന്റെ നയം വ്യക്തമാക്കി.

അതോടു കൂടി അയാൾ അക്രമാസക്തമായി. പിന്നെ നാട്ടുകാരെല്ലാം ഇടപെട്ട് രണ്ടു പേരെയും പിടിച്ചുമാറ്റി. നിറഞ്ഞ മിഴികളോടെ എല്ലാം കണ്ട് അവൾ എന്നെ നോക്കി വാവിട്ടുകരയുന്നുണ്ടായിരുന്നു. അയാളുടെ വീട്ടിൽ കയറി അയാളെ മർദിച്ചു എന്നൊരു കള്ള കേസ് കൊടുത്ത് അയാൾ എന്നെ പോലീസ്കാരെക്കൊണ്ട് പിടിപ്പിച്ചു.

അത്യാവശ്യം നല്ല രീതിയിൽ തന്നെ അവർ എന്നെ തടവി വിട്ടു. സ്റ്റേഷനിൽ നിന്ന് ജ്യാമ്യത്തിൽ ഇറങ്ങിയ ഞാൻ നേരെ പോയത് അവളുടെ വീട്ടിലേക്കാണ്. ജീവൻ പോയാലും അവളെയും കൊണ്ടേ ഒരു തിരിച്ച് പൊക്കൊളു എന്ന് മനസ്സിൽ ഉറപ്പിച്ചു. ഇതേ സമയം എന്നെ പോലീസ് കൊണ്ടുപോയതറിഞ്ഞ് അവൾ കരഞ്ഞു ബഹളം ഉണ്ടാക്കി. അവർ അവളെ ബലമായി ഒരു മുറിയിലടച്ചിട്ടിരിക്കുകയായിരുന്നു.

നേരെ അവളുടെ റൂമിനെ ലക്ഷ്യമാക്കി അവളെ വിളിച്ച് ഞാൻ അവരുടെ വീടിനുള്ളിലേക്ക് നടന്നു. എന്നെ എതിർക്കാൻ ശ്രമിച്ചവരെ എല്ലാം ഞാൻ തിരിച്ചെതിർത്തു. കണ്ണേട്ടാ…എന്ന തേങ്ങലിൽ കുതിർന്ന വിളികേട്ട മുറിയുടെ വാതിൽ ചവിട്ടിപൊളിച്ച് ഞാൻ അകത്തേക്ക് കയറി.അകത്ത് കയ്യിൽ നിന്നും രക്തം വാർന്നൊലിച്ച് കൊണ്ട് എന്റെ രാധുട്ടി…

രാധുട്ടി…എന്ന എന്റെ നിലവിളിയിൽ എന്റെ നെഞ്ചിൽ കിടന്നുറങ്ങിയിരുന്ന രാധുട്ടി ഞെട്ടിയുണർന്നു. കണ്ണേട്ടാ…കണ്ണേട്ടാ…എന്ത് പറ്റി…? ഒന്നുല…ഞാൻ ഒരു സ്വപ്നം കണ്ടതാ…

ഞാൻ ഒന്നും പറയണില്ല ഈ കണ്ണേട്ടന്റെ ഒരു പാട്. മനുഷ്യന്റെ നല്ല ജീവനങ്ങു പോയി. എന്റെ കുട്ടി പേടിച്ചോ…പിന്നെ ഇങ്ങനെ കിടന്നു അലറിയാൽ ആരാ പേടിക്കാതിരിക്ക.

മ്മ്…. നീ വാ…കുറച്ച് നേരം എന്റെ അടുത്ത് കിടക്ക്. അവൾ മെല്ലെ എന്റെ നെഞ്ചിൽ തലചായ്ച്ചു കിടന്നു. അന്നത്തെ എന്റെ രാധുട്ടിയുടെ രൂപം മനസ്സിൽ ഓർത്തപ്പോളെക്കും നെഞ്ചിടിപ്പ് പടപാടാനായി. അന്നവളെ വാരിയെടുത്തു ഹോസ്പിറ്റലിൽ എത്തിയത് എങ്ങായാണ് എന്ന് ഇപ്പോളും ഓർക്കാൻ വയ്യ.

അവസാനം അവളുടെ ജീവന് ആപത്തൊന്നും ഇല്ല എന്നറിഞ്ഞപ്പോളാ ജീവൻ നേരെ ആയത്. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയപ്പോൾ അവൾ അവരുടെ ഒപ്പം പോകാതെ എന്റെയൊപ്പം പോന്നു. അന്ന് ആ ആശുപത്രിയിൽ വച്ച് എനിക്ക് ഇങ്ങനെ ഒരു മകളില്ല എന്നും പറഞ്ഞ് പോയതാ അവളുടെ അച്ഛൻ.

ഇന്നും അവർക്ക് ഞങ്ങളെ അംഗീകരിക്കാൻ പറ്റീട്ടില്ല, എനിക്ക് വിഷമം ആകും എന്ന് കരുതി അവൾ അതിന്റെ വിഷമം കാണിക്കാറും ഇല്ല.പാവം…

കണ്ണേട്ടാ…കണ്ണേട്ടന്റെ നെഞ്ച് വല്ലാതെ ഇടിക്കുന്നുണ്ടല്ലോ. മ്മ്…കണ്ണേട്ടനിപ്പോ കണ്ട സ്വപ്നം എന്താ എന്ന് ഞാൻ പറയട്ടെ…എന്താ…പറ.

ഞാൻ അന്ന് കൈ മുറിച്ചതല്ലെ…പോടീ പോത്തേ ഞാൻ വേറെ എന്തോ കണ്ട് പേടിച്ച് ഒച്ചയെടുത്തതാ…അല്ലാതെ അതൊന്നും അല്ല. ഓഹോ എന്റെ മുഖത്ത് നോക്കി പറ അത് അല്ല എന്ന്. മ്മ്…ഈ പെണ്ണിനെ കൊണ്ട് തോറ്റു.

മ്മ്…കണ്ണേട്ടാ അന്ന് ഞാൻ മരിച്ചു പോയിരുന്നെങ്കിലോ, എനിക്ക് ഇപ്പോ ഇതുപോലെ കിടക്കാൻ പറ്റുമായിരുന്നോ…മതി അതിനെക്കുറിച്ചൊന്നും ഇനി സംസാരിക്കണ്ട കഴിഞ്ഞതൊക്കെ കഴിഞ്ഞു. എനിക്ക് ഉറപ്പായിരുന്നു ഞാൻ ഇല്ലാത്ത ഈ ലോകത്ത് എന്റെ കണ്ണേട്ടനും കാണില്ല എന്ന്.

നമ്മൾ ഈ ജന്മത്തിൽ തന്നെ ഒന്നിച്ച് ജീവിക്കണം എന്നുള്ളത് ദൈവനിശ്ചയമായിരുന്നു അതുകൊണ്ടാ എനിക്കന്ന് അവിടേക്ക് വരാൻ തോന്നിയതും. നിന്നെ എനിക്ക് കിട്ടിയതും എല്ലാം. പിന്നെ നിന്റെ അച്ഛനും അമ്മേം നിന്നെ കാണാൻ വരുന്നില്ല എന്നൊരു വിഷമം അല്ലേ നിനക്ക് ഒള്ളു.

അതിന് പകരം ആയി നിന്നെ സ്വന്തം മകളെ പോലെ സ്നേഹിക്കുന്ന ഒരു അമ്മ ഇവിടെ ഇല്ലേ…പിന്നെ നമുക്കിടയിലേക്ക് ഒരു ജൂനിയർ രാധുട്ടി വരുമ്പോ അവർ പിണക്കം ഒക്കെ മറന്നു വന്നോളും. അല്ല…അപ്പോൾ ജൂനിയർ രാധുട്ടിയാണെന്നു ഉറപ്പിച്ചോ. എനിക്ക് എന്റെ ജൂനിയർ കണ്ണനെ മതി…

എനിക്ക് എന്റെ കുഞ്ഞി രാധുനെ തന്നിട്ട് നീ നിന്റെ ജൂനിയർ നെ പ്രതീക്ഷിച്ച മതി. മതിയെങ്കിൽ മതി, അതുവരെ എനിക്ക് സ്നേഹിക്കാൻ എന്റെകണ്ണേട്ടൻ ഇല്ലേ…അപ്പോൾ അത് കഴിഞ്ഞാൽ എന്നെ വേണ്ടേ…ഈ ജന്മത്തിൽ മാത്രം അല്ല ഇനിയുള്ള എല്ലാ ജന്മത്തിലും കണ്ണേട്ടന്റെ സ്വന്തം രാധിക…

എന്നെന്നും കണ്ണേട്ടന്റെ മാത്രം രാധിക.

**** ശുഭം ****