ശ്യാമിലി
രചന : അപ്പു
:::::::::::::::::::::::::::::::::::::
” കാക്ക കുളിച്ചാൽ കൊക്ക് ആവില്ല എന്ന് കേട്ടിട്ടില്ലേ നീ..? നിന്റെ കാര്യം അതിനേക്കാൾ കഷ്ടം ആണല്ലോ.. ആരു നോക്കാനാ നിന്റെ ഈ മേക്കപ്പ് ഒക്കെ..? “
രാവിലെ തന്നെ പുച്ഛത്തോടെ ഉള്ള സംസാരം ആണ് കേട്ടത്. അതൊരു പുതുമ അല്ലാത്തത് കൊണ്ടാവാം വിഷമം ഒന്നും തോന്നിയില്ല. പകരം പതിവുള്ള പുഞ്ചിരി മുഖത്തണിഞ്ഞു.
ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ, എതിരെ വന്ന പലരിലും പല ഭാവങ്ങൾ ആയിരുന്നു. ചിലർ സഹതാപത്തോടെയും ചിലർ പുച്ഛത്തോടെയും അറപ്പോടെയും വെറുപ്പോടെയും ഒക്കെ നോക്കി.അതൊക്കെയും പതിവ് കാഴ്ച ആയതുകൊണ്ട് തന്നെ പ്രത്യേകിച്ച് വ്യത്യാസങ്ങൾ ഒന്നും ഉണ്ടായില്ല.
ബസ്സിന്റെ വിൻഡോ സീറ്റിലേക്ക് കടന്നിരിക്കുമ്പോൾ,പലരും തന്നെ ഭയത്തോടെ നോക്കുന്നത് കണ്ടു. പക്ഷേ ശ്രദ്ധിക്കാൻ നിന്നില്ല. ഇതൊക്കെയും വർഷങ്ങളായുള്ള തന്റെ ശീലം ആണല്ലോ..!
സ്കൂളിൽ എത്തി. ഇവിടെയും തനിക്ക് മാത്രമായി ഒരു പ്രത്യേക സ്ഥാനമുണ്ട്. ആരും കാണാത്ത ആരും തേടി വരാത്ത ഒരു ഒഴിഞ്ഞ മൂല. ഒരിക്കലും താനായി തിരഞ്ഞെടുത്തതല്ല അത്. തനിക്കുവേണ്ടി അവർ മാറ്റി വെച്ചതാണ്.
കുട്ടികളെ അക്ഷരം പഠിപ്പിക്കുന്ന പുതിയ തലമുറയെ വാർത്തെടുക്കുന്ന അധ്യാപകർ തന്നെ ഇങ്ങനെ പെരുമാറുമ്പോൾ, മറ്റുള്ളവർ പിന്നെ ഇതിലും വ്യത്യസ്തമായി എങ്ങനെ പെരുമാറാനാണ്..?
ആരെയും ശ്രദ്ധിക്കാതെ തനിക്കായി മാറ്റിയിട്ടിരുന്ന സീറ്റിലേക്ക് ഇരുന്നു. പഠിപ്പിക്കാനുള്ള പാഠഭാഗങ്ങൾ ഒരിക്കൽ കൂടി നോക്കി. അതിനിടയിൽ മറ്റുള്ള അധ്യാപകർ വരുന്നതും പരസ്പരം പുഞ്ചിരിച്ചു കൊണ്ട് പലതും സംസാരിക്കുന്നതും കണ്ടു. ആരും തനിക്ക് നേരെ ഒരു പുഞ്ചിരി പോലും തരാറില്ല. ഇതിനൊക്കെ എന്ത് തെറ്റാണ് താൻ ചെയ്തത് എന്ന് ഇതുവരെയും മനസ്സിലായിട്ടുമില്ല.
ബെല്ലടിച്ചപ്പോൾ ക്ലാസ്സിലേക്ക് നടന്നു.അകത്തു കയറി ആ കുഞ്ഞുങ്ങളുടെ മുഖം കണ്ടപ്പോൾ അതുവരെയും അനുഭവിച്ച വേദനകൾ ഒക്കെയും മാറി പോകുന്നതു പോലെ..
“ഗുഡ് മോർണിംഗ് ടീച്ചർ..”
ഒരു പാട്ടുപോലെ അവരെല്ലാവരും കൂട്ടത്തോടെ പാടുന്നത്, പുഞ്ചിരിയോടെ കേട്ടു. അവർക്ക് നേരെ പുഞ്ചിരിച്ചു കൊണ്ട് ഗുഡ്മോർണിംഗ് പറഞ്ഞു പഠിപ്പിക്കാൻ തുടങ്ങി.
ക്ലാസിൽ നിന്ന് ഇറങ്ങുന്ന സമയത്താണ് ടീച്ചർ എതിരെ വരുന്നത് കണ്ടത്. തലേദിവസം സംഭവം ഓർത്തപ്പോൾ അവർക്ക് നേരെ ഒരു പുഞ്ചിരി കൊടുക്കാൻ പോലും മടി തോന്നി. ശ്രദ്ധിക്കാതെ മുന്നോട്ട് നടന്നു.
” ടീച്ചർ.. “
പിന്നിൽ നിന്ന് രേണുക ടീച്ചർ വിളിച്ചപ്പോൾ തിരിഞ്ഞു നോക്കി.
” ടീച്ചർ.. ആം സോറി.. ഇന്നലെ ഞാൻ അങ്ങനെയൊന്നും പറയാൻ പാടില്ലായിരുന്നു. എന്റെ ഭാഗത്തു നിന്ന് വന്ന മിസ്റ്റേക്കാണ്.”
തലകുനിച്ചു കൊണ്ട് രേണുക ടീച്ചർ പറഞ്ഞപ്പോൾ അവരെ അത്ഭുതത്തോടെ ഒന്ന് നോക്കി.
“അതൊന്നും സാരമില്ല ടീച്ചർ. ഇന്നലെ ടീച്ചർ അങ്ങനെ പറഞ്ഞപ്പോൾ വിഷമം തോന്നി എന്ന് പറഞ്ഞത് സത്യമാണ്. പക്ഷേ എന്നുവച്ച് ഞാൻ അത് ഇപ്പോഴും മനസ്സിൽ കൊണ്ടു നടക്കുന്നൊന്നുമില്ല. കാരണം എന്റെ ദൈനംദിന ജീവിതത്തിൽ ഇത് മിക്കവാറും ഒക്കെ ഉള്ളതാണല്ലോ..!”
പുഞ്ചിരിച്ചു കൊണ്ട് അത്രയും പറഞ്ഞ് നടന്ന നീങ്ങിയപ്പോൾ രേണുക ടീച്ചർ തന്നെ ശ്രദ്ധിച്ചു നിൽക്കുന്നത് കണ്ടു.
സ്റ്റാഫൂമിൽ ചെന്ന് സീറ്റിലേക്ക് ഇരുന്നപ്പോൾ,തലേ ദിവസത്തെ സംഭവങ്ങളിലേക്ക് ഒന്ന് മനസ്സ് എത്തി നോക്കി.
എല്ലാ ദിവസവും ഉച്ചയ്ക്ക് ആഹാരം കഴിക്കാനുള്ള സമയത്ത് താൻ ഒറ്റയ്ക്ക് ഇരുന്നാണ് ആഹാരം കഴിക്കാറ്.സ്വതവേ സ്കൂളിൽ ആരുമായും തനിക്ക് ചങ്ങാത്തമില്ല. അങ്ങനെ പറയുന്നതിനേക്കാൾ ആരും താനുമായി ചങ്ങാത്തം കൂടാൻ താല്പര്യം കാണിക്കാറില്ല എന്ന് പറയുന്നതാണ് സത്യം.
പെട്രോൾ ശരീരത്തിലേക്ക് വീണ് പകുതി കത്തിയ ശരീരവുമായി ജീവിക്കുന്ന എന്നെ, പലർക്കും പേടിയാണ്. അറപ്പും വെറുപ്പും ആണ്. പക്ഷേ അതിൽ എന്റെ തെറ്റ് എന്താണെന്ന് ഇതുവരെയും എനിക്ക് മനസ്സിലായിട്ടില്ല.
സ്റ്റോറൂമിൽ നിന്ന് അമ്മ പറഞ്ഞത് പ്രകാരം ഒരു പാത്രം എടുക്കാൻ കയറിയതാണ്. പക്ഷെ അതിനിടയിൽ എങ്ങനെയോ പറ്റിയ ഒരു കൈപ്പിഴ..! അതാണ് തന്റെ ജീവിതവും മാറ്റി മറിച്ചത്.
ചികിത്സയും മറ്റുമായി മാസങ്ങളോളം പുറത്തേക്കിറങ്ങാതെ ചെലവഴിച്ചിട്ടുണ്ട്.അപ്പോഴൊക്കെയും പുറത്തിറങ്ങിയാൽ അനുഭവിക്കേണ്ടി വരുന്നത് ഇതാണെന്ന് ഒരിക്കലും കരുതിയിരുന്നില്ല.
ആദ്യമായി പുറത്തിറങ്ങിയ ദിവസം ഒരു പകപ്പായിരുന്നു. കാണുന്നവർ പലരും കളിയാക്കി ചിരിക്കുകയും അറപ്പോടെയും വെറുപ്പോടെയും നോക്കുകയും ചെയ്യുന്നു. എന്ത് ചെയ്യണമെന്ന് ആ സമയത്ത് അറിയില്ലായിരുന്നു. എത്രയോ ദിവസങ്ങൾ കണ്ണീരോടെ വീട്ടിൽ ചെന്ന് കയറിയിട്ടുണ്ട്..!
അന്നൊക്കെ ആശ്വസിപ്പിച്ചതും, ധൈര്യം പകർന്നു തന്നതും അമ്മയായിരുന്നു.
” നീ തല കുനിച്ചു നിൽക്കുന്നതും കണ്ണീർ വാർക്കുന്നതും ഒക്കെ നാട്ടുകാർക്ക് ഒരു പ്രോത്സാഹനം ആയിരിക്കും. നിന്റെ തെറ്റ് കൊണ്ടാണോ നീ ഇങ്ങനെയായത്..?ദൈവം നിനക്ക് വിധിച്ചത് ഇതാണ്.അത് അംഗീകരിച്ച് മുന്നോട്ടു ജീവിക്കുക എന്നല്ലാതെ നമുക്ക് മറ്റൊന്നും ചെയ്യാനില്ല. നിന്നെ പ്ലാസ്റ്റിക് സർജറി ഒക്കെ ചെയ്തു പഴയ രൂപത്തിലേക്ക് എത്തിക്കാൻ വേണ്ട പണമോ സൗകര്യങ്ങളോ നമുക്കില്ല. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ പൊട്ടിക്കരയാൻ നിൽക്കാതെ തലയുയർത്തിപ്പിടിച്ച് തന്നെ മുന്നോട്ടു നടക്കാൻ പഠിക്കണം. “
അമ്മയുടെ ആ വാക്കുകളാണ് ജീവിതത്തിൽ പ്രചോദനമായി മാറിയത്.അന്നു മുതൽ നന്നായി പഠിക്കാനും ആളുകൾ പറയുന്ന വാക്കുകളെ ശ്രദ്ധിക്കാതിരിക്കാനും ശ്രമിച്ചു.
ഞാൻ കരയാനും മറ്റൊരു തരത്തിലും പ്രതികരിക്കാനും നൽകാത്തതു കൊണ്ടാവണം നാട്ടുകാർക്ക് പതിയെ പതിയെ എന്നെ കളിയാക്കാനുള്ള ഊർജ്ജം കുറഞ്ഞു.അമ്മ പറഞ്ഞത് ശരിയാണെന്ന് കാലം തെളിയിച്ചു.
പുതിയ സ്ഥലങ്ങളിലേക്ക് ചെല്ലുമ്പോൾ അവരൊക്കെയും ഒരു അത്ഭുത ജീവിയെ പോലെ നോക്കുന്നത് പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. പക്ഷേ അതൊന്നും കാര്യമാക്കിയിട്ടില്ല.സ്കൂളിലേക്ക് വന്നപ്പോൾ ആദ്യം ഇവിടെയും അങ്ങനെ തന്നെയായിരുന്നു.
കുട്ടികളുടെ മുന്നിൽ പോകാനായിരുന്നു ഏറ്റവും പ്രശ്നം.ചെറിയ കുട്ടികളൊക്കെ കണ്ടാൽ കരയാനും മുഖം തിരിക്കാനും ഒക്കെ തുടങ്ങിയിരുന്നു. ആ ഒരു സിറ്റുവേഷനിൽ നിന്ന് പുറത്തു വരാൻ ഒരുപാട് സമയം എടുത്തു.
എന്നെ തുടർച്ചയായി കാണുന്നതു കൊണ്ടാണോ എന്നറിയില്ല പതിയെ പതിയെ കുട്ടികൾക്ക് എന്നോടുള്ള ഭയം കുറഞ്ഞു.പുറത്താണെങ്കിലും എവിടെ വച്ച് കണ്ടാലും ടീച്ചറെ എന്ന് കൊഞ്ചി വിളിച്ചു കൊണ്ട് അടുത്തേക്ക് ഓടി വരുന്ന മക്കളുണ്ട്. അതൊക്കെ കാണുമ്പോഴാണ് ഒരു സന്തോഷം തോന്നുക.
ഇന്നലെ സ്റ്റാഫ് റൂമിൽ ആഹാരം കഴിക്കാൻ ഇരുന്നപ്പോൾ ഞാനും മറ്റുള്ള സ്റ്റാഫിന്റെ സമയത്ത് തന്നെയാണ് കഴിക്കാൻ ഇരുന്നത്. സാധാരണ അങ്ങനെയല്ല. ഞാൻ ഒന്നുകിൽ അവർക്ക് മുന്നേയോ അല്ലെങ്കിൽ അവർക്ക് ശേഷമോ ആണ് കഴിക്കാറ്. ഇന്നലെ ഉച്ചയ്ക്ക് ശേഷം അത്യാവശ്യമായി ചില വർക്കുകൾ ചെയ്തു തീർക്കാൻ ഉള്ളതുകൊണ്ടാണ് അവർ കഴിക്കാതിരുന്ന അതേ സമയത്ത് തന്നെ കഴിക്കാൻ ഇരിക്കേണ്ടി വന്നത്.
ആഹാരം കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ പെട്ടെന്നാണ് രേണുക ടീച്ചർ തന്നെ തുറിച്ചു നോക്കിയത്.
” ഈ ശ്യാമിലി ടീച്ചറിനെ കണ്ടാൽ തന്നെ ഓർക്കാനം വരും. ഇവർ ഇങ്ങനെ ഇവിടെ ഇരിക്കുമ്പോൾ ആഹാരം കഴിച്ചാൽ തൊണ്ടയ്ക്ക് താഴോട്ട് ഇറങ്ങുക പോലുമില്ല. എന്തൊരു കോലം ആണെന്ന് നോക്കിയേ..! “
ടീച്ചർ അറപ്പോടെ പറയുന്നത് കേട്ട് കണ്ണ് നിറഞ്ഞു.ഇത്രയും വിദ്യാഭ്യാസവും വിവരവും ഒക്കെയുള്ള ഒരു അധ്യാപികയുടെ മനസ്സിലിരിപ്പ് ഇങ്ങനെയാണ് എന്ന് ഓർക്കുമ്പോൾ പുച്ഛം തോന്നി.ആ സമയത്ത് താൻ ഒന്നും പ്രതികരിച്ചില്ല. ആഹാരം കഴിച്ചു കഴിഞ്ഞു തന്റെ പണികളിലേക്ക് തിരിഞ്ഞു.
പക്ഷേ ഈ സംസാരം സ്റ്റാഫ് റൂമിന് പുറത്തു കൂടി പോയ തന്റെ ക്ലാസിലെ കുട്ടികൾ കേട്ടിരുന്നു. അത് രേണുക ടീച്ചറിന് മനസ്സിലായത് അവർ ക്ലാസ് എടുക്കാൻ വേണ്ടി തന്റെ ക്ലാസിലേക്ക് ചെന്നപ്പോഴാണ്.
കുട്ടികൾ ഒന്നടങ്കം ഒരു ശത്രുവിനോട് പെരുമാറുന്നതു പോലെയാണ് ടീച്ചറോട് പെരുമാറിയത്. അവർ പറയുന്നത് ശ്രദ്ധിക്കാനോ അവരുടെ വാക്കുകൾക്ക് വില വയ്ക്കാനോ കുട്ടികൾ തയ്യാറായില്ല. അവസാനം രേണുക ടീച്ചർ തന്നെ അവിടേക്ക് വിളിപ്പിച്ചു.
” ടീച്ചറെ.. ക്ലാസിലെ കുട്ടികൾ പറഞ്ഞിട്ട് ഒരു വക അനുസരിക്കുന്നില്ല. ഇങ്ങനെയാണോ പിള്ളേരെ വളർത്തുന്നത്..? “
ദേഷ്യത്തിൽ രേണുക ടീച്ചർ പരാതി പറഞ്ഞു. കുട്ടികളെ താൻ ഒന്ന് തുറിച്ചു നോക്കി. ഇന്നുവരെ തന്നോട് യാതൊരു അനുസരണക്കേടും കാണിക്കാത്ത മക്കളാണ്. അവർക്ക് പെട്ടെന്ന് എന്താണ് സംഭവിച്ചത് എന്ന് മനസ്സിലായില്ല.
” ഞങ്ങൾ അനുസരണക്കേട് കാണിച്ചത് വെറുതെയല്ല ടീച്ചറെ.. ഞങ്ങളുടെ ടീച്ചറിനെ കരയിച്ചതല്ലേ.. അപ്പോൾ രേണുക ടീച്ചർ ഞങ്ങളെ പഠിപ്പിക്കേണ്ട..!”
കുട്ടികൾ ഒരേ ശബ്ദത്തിൽ വിളിച്ചു പറഞ്ഞപ്പോൾ രേണുക ടീച്ചറിന് അതൊരു അപമാനം ആയിട്ടാണ് തോന്നിയത്. അവർ അപ്പോൾ തന്നെ ക്ലാസ്സിൽ നിന്ന് പുറത്തേക്ക് പോവുകയും ചെയ്തു.
പിന്നീട് കുട്ടികളെ പറഞ്ഞു മനസ്സിലാക്കാൻ താൻ ഒരുപാട് പരിശ്രമിച്ചു. അത് ഫലം കാണുകയും ചെയ്തു.
അതിന്റെ പരിണിത ഫലമായിരുന്നു ഇന്ന് രേണുക ടീച്ചറുടെ മാപ്പ് പറച്ചിൽ. ഇപ്പോൾ തനിക്കൊരു ധൈര്യമുണ്ട്. വളർന്നു വരുന്ന തലമുറ വിവേകമുള്ള പിള്ളേരാണ്.തന്നെ മനസ്സിലാക്കാനും തനിക്ക് വേണ്ടി സംസാരിക്കാനും തന്റെ ക്ലാസിലെ കുട്ടികളുണ്ട്..!!
പുഞ്ചിരിയോടെ അത് ഓർത്തു കൊണ്ട് അടുത്ത പാഠഭാഗത്തിലേക്ക് ശ്രദ്ധിച്ചു.