തീരങ്ങൾ – ഭാഗം 6, രചന: രഞ്ചു ആൻ്റണി

കോളിങ് ബെൽ അടിച്ച് വെയ്റ്റ് ചെയ്യുമ്പോൾ എന്തിന് ഇവിടെ വന്നു എന്ന ചോദ്യത്തിന് എന്ത് ഉത്തരം പറയും എന്ന് ആലോചിച്ചിട്ട് ഒന്നും മനസ്സിൽ വന്നില്ല….

വാതിൽ തുറക്കുന്ന ശബ്ദം കേട്ട് നെഞ്ചിടിപ്പോടെ നോക്കി… തുറന്നത് കുറച്ച് പ്രായം ഉള്ള സ്ത്രീ ആയിരുന്നു…

“അരാ”… അവർ മുഖം ചുളിച്ച് ചോദിച്ചു…

കിരൺ സാറിന്റെ അമ്മയെ കാണാൻ… ഞാൻ വിക്കി…

“ലക്ഷ്മി കുഞ്ഞ് കുളിക്കുവാ… കയറി വാ”

ഞാൻ പതിയെ വിസിറ്റിങ്ങ് റൂമിലോട്ട് കയറി…

“മോള് നേരത്തെ ഇവിടെ വന്നിട്ടുണ്ടോ”

ഇല്ലല്ലോ…

“മുഖം കണ്ട് നല്ല പരിചയം, എവിടെയാണെന്ന് ഓർമ്മ കിട്ടുന്നില്ല… കണ്ണും ഇപ്പോൾ പുറകോട്ടാ…” അവർ ചിരിച്ച് കൊണ്ട് പറഞ്ഞു…

ഞാൻ സംശയിച്ചു നോക്കുന്നത് കണ്ടാവും അവർ പറഞ്ഞു… “ഞാൻ കിച്ചു മോൻ ഉണ്ടാക്കുന്നതിന് മുൻപ് തന്നെ ഇവിടെ ഉള്ളതാ കുഞ്ഞെ… പേര് കുമാരി… മോള് ഇരിക്കൂ…”

സോഫയുടെ സൈഡിൽ ഇരുന്ന് ഞാൻ ചുറ്റും നോക്കി… കിരൺ സാറിന്റെ ചെറുതിലെ മുതലുള്ള ഫോട്ടോസ് ഒരു സൈഡിലെ ഭിത്തിയിൽ ഭംഗിയായി ഡിസൈൻ ചെയ്യ്ത് ഒട്ടിച്ചിരിക്കുന്നു… കുറച്ച് മാറി കിരൺ സാറിന്റെ അച്ഛന്റെ ഫോട്ടോ, അതിനടുത്ത് നല്ല ഐശ്വര്യമുള്ള ഒരു സ്ത്രീയും… ആരായിരിക്കും അവർ… പിന്നെ വെറെ ഒന്നും നോക്കാൻ തോന്നിയില്ല….

“കുമാരിയമ്മ ഇതൊക്കെ ആരാ” എന്നെ നോക്കി നിൽക്കുന്ന കുമാരിയമ്മയോട് ഞാൻ ചോദിച്ചു… ആ വിളി അവർക്ക് ഇഷ്ടമായെന്ന് മുഖം കണ്ടപ്പോൾ മനസ്സിലായി… അവർ പിന്നെ ഒരു സൈഡിൽ നിന്ന് വിവരണം തുടങ്ങി… കിരൺ സാർ കുഞ്ഞിലെ ചെയ്യ്ത കുസ്യതികൾ എല്ലാം വള്ളിപുള്ളി തെറ്റാതെ പറയുന്നുണ്ട്… ഒരോ ഫോട്ടോയും ചൂണ്ടികാണിച്ച് ഞാൻ ചോദിച്ചപ്പോൾ അവർക്ക് ആവേശം കൂടിയത് പോലെ തോന്നി…
അവസാനം കിരൺ സാറിന്റെ അച്ഛനിൽ എത്തി…

” ഇത് അശോകൻ സാർ, കിച്ചു മോന്റെ അച്ഛൻ, എത്ര നല്ല മനുഷ്യൻ ആയിരുന്നെന്നോ… രണ്ട് വർഷം മുൻപ് മരിച്ചു പോയി മോളെ”… അവർ കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു…

അടുത്ത ഫോട്ടോ ചൂണ്ടി ഞാൻ ചോദിച്ചു…. ഇത്..

“ഇത് ഗീത കുഞ്ഞ്…”

“കുമാരി… ആരാ അവിടെ” അകത്തു നിന്ന് വിളിക്കുന്ന ശബ്ദം കേട്ട് അവർ പെട്ടെന്ന് പറഞ്ഞു..”മോള് ഇരിക്ക് കേട്ടോ… ലക്ഷ്മി കുഞ്ഞ് വിളിക്കുന്നു”

വല്ലാത്ത നിരാശ എന്നെ വന്ന് മൂടി… ഞാൻ ആ ഫോട്ടോയിലേക്ക് തന്നെ നോക്കി നിന്നു…

“അനിലമോള് എന്താ ഇവിടെ… ഇന്ന് ഓഫീസ് ഇല്ലേ”… കുളി കഴിഞ്ഞ് നേര്യത് ഉടുത്തു വരുന്ന ആന്റിയെ കണ്ട് ഞാൻ ഫോട്ടോയിൽ നിന്ന് കണ്ണെടുത്തു… എന്ത് ഭംഗിയാണ് ആന്റിയെ കാണാൻ… ആ മുഖം എന്റെ മനസ്സിനെ ചെറുതായി നൊമ്പരപ്പെടുത്തി…

“അത്… ഒരു ഫയൽ എടുക്കാൻ… കിരൺ സാർ പറഞ്ഞിട്ട്”… ഞാൻ പതർച്ചയോടെ പറഞ്ഞു..

“കിച്ചു ഇവിടെ ഫയൽ ഒന്നും കൊണ്ടുവരാറില്ലല്ലോ, ഞാൻ ഒന്ന് വിളിച്ച് നോക്കാം”

വേണ്ടാ, ആന്റി… റൂമിൽ കാണും…പറയുമ്പോൾ പേടി പുറത്ത് വരാതെ ഇരിക്കാൻ ശ്രമിച്ച് ഞാൻ പരാജയപ്പെടുമോന്ന് ഭയന്നിരുന്നു…

“എന്നാൽ വാ… നമ്മുക്ക് നോക്കാം”…ആന്റി എന്റെ കൂടെ എഴുന്നേറ്റു…

എനിക്ക് കാര്യങ്ങൾ കൈയ്യ് വിട്ട് പോകുമെന്ന് തോന്നി തുടങ്ങി…

“ആന്റി… നോക്കിയാൽ മതി… ഇല്ലെങ്കിൽ ഞാൻ തിരിച്ച് പോക്കോളാം”

“മോളും വാ… അവന്റെ ഓഫീസ് റും കാണിച്ച് തരാം… എനിക്ക് അറിയില്ലല്ലോ ഏത് ഫയൽ ആണെന്ന്”…

അവരുടെ പുറകെ നടക്കുമ്പോൾ ഫോട്ടോയുടെ കാര്യം ചോദിക്കാൻ ധൈര്യം നഷ്ടപ്പെട്ടിരുന്നു…
സ്റ്റെയർ കയറി ചെന്ന് വലത് സൈഡിൽ ഉളള റും കാണിച്ചു തന്നു…”മോള് ചെന്ന് നോക്കിക്കോ.. അവിടെ കാണും…”

ആന്റി എടുത്ത് തന്നാൽ മതി… ഞാനിവിടെ നിൽക്കാം… വീണ്ടും പറഞ്ഞ് നോക്കി…

“എനിക്ക്… ഇതൊന്നും കണ്ടാൽ മനസ്സിലാകില്ല, അനിലമോള് നോക്ക്… ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം” പറഞ്ഞിട്ട് ആന്റി ഇറങ്ങി പോയി…

ഞാൻ വാതിൽ തുറന്ന് എന്ത് ചെയ്യുമെന്ന് അറിയാതെ നിന്നു… ഇങ്ങോട്ട് വരുമ്പോൾ ഉണ്ടായിരുന്ന ധൈര്യം എല്ലാം എവിടെയോ പോയിരുന്നു…. ഓഫീസിൽ റൂം നല്ല വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു…. ഷെൽഫിൽ കുറെ ഫയലുകളും, മേശ പുറത്ത് പ്രെജക്ടറും കണ്ടു…

സാറിന്റെ അച്ഛന്റെ ഫോട്ടോ വെച്ചിരിക്കുന്നത് കണ്ട് അതിന് അടുത്ത് ചെന്ന് നോക്കി… കിരൺ സാറിന്റെ അച്ഛന് ഉറപ്പായും എന്നെ കുറിച്ച് എന്തൊക്കെയോ അറിയാമായിരുന്നു… ഇപ്പോൾ കിരൺ സാറിനും… ലക്ഷ്മിയാന്റിയോട് ചോദിച്ചാലോ… പക്ഷെ അവരെ കാണുമ്പോൾ തന്നെ ചോദിക്കാനുള്ള ധൈര്യം ഓടി ഒളിക്കും…

ഫോട്ടോയിൽ നോക്കി ആലോചിച്ച് കൊണ്ട് തിരിഞ്ഞപ്പോളാണ് പ്രോജക്ടറിൽ കൈയ്യ് തട്ടിയത്… വാളിൽ ഒരു കുഞ്ഞിന്റെ ഫോട്ടോ മങ്ങി തെളിഞ്ഞു വന്നു, ഒരോ മാസവും എടുത്ത ഫോട്ടോസ് ആണെന്ന് തോന്നുന്നു, മാറി മാറി വന്ന് കൊണ്ടിരുന്നു… ഞാൻ വേഗം പോയി ലൈറ്റ് ഓഫാക്കി…അപ്പോൾ ഇത്തിരി കൂടി തെളിഞ്ഞു…
ഫോട്ടോസ് മാറി മാറി വരുന്നത് നോക്കി നിന്നപ്പോൾ അത് എന്റെ ഫോട്ടോകൾ ആണെന്ന് മനസ്സിലായി… ചെറിയ ക്ലാസ്സിൽ പഠിക്കുമ്പോൾ അമ്മുവിന്റെ കൂടെ നിൽക്കുന്ന പഴയ ഒരു ഫോട്ടോ മാത്രമേ എന്റെ കൈയ്യിൽ ഉള്ളൂ… അതിന് മുൻപ് ഉള്ള ഫോട്ടോ ഒന്നും എടുത്തിട്ടില്ലാന്ന് പണ്ട് ചോദിച്ചപ്പോൾ അമലാമ്മ പറയുകയും ചെയ്യ്തു… അപ്പോൾ അമലാമ്മ കള്ളം പറയുന്നതാണോ…
എനിക്ക് സങ്കടവും ദേഷ്യവും വന്ന് തുടങ്ങിയിരുന്നു…

കുറച്ച് വലുതായ ഫോട്ടോയിൽ എല്ലാം ഞാൻ തന്നെ എവിടെ എങ്കിലുമൊക്കെ ഇരിക്കുന്നതായിരുന്നു… പള്ളിയിലെയും ബീച്ചിലെയും എല്ലാം…. എന്റെ അടുത്ത് തന്നെ കിരൺ സാർ ഉണ്ടായിരുന്നു എന്ന് പറഞ്ഞത് അപ്പോൾ സത്യമാണ്… സാർ പറഞ്ഞത് പോലെ ഒന്ന് തല ഉയർത്തി നോക്കിയിരുന്നെങ്കിൽ എനിക്ക് ഇത് നേരത്തെ കണ്ടുപിടിക്കാമായിരുന്നു….

അവസാനം ഞായറാഴ്ച ഓർഫനേജിൽ ഇരുന്ന് ഫുഡ്‌ കഴിക്കുന്നത്… ഞാൻ മുടി ഒതുക്കി പിടിച്ച് ഇരിക്കുന്നത്, ആന്റിയോട് സംസാരിക്കുന്നത് എല്ലാം… അപ്പോൾ അങ്ങേര് ഫോണിൽ തോണ്ടി കളിച്ചത് അല്ലായിരുന്നു… ഫോട്ടോ എടുക്കുന്നതായിരുന്നു…

പെട്ടെന്ന് റൂമിൽ ലൈറ്റ് തെളിഞ്ഞു…. ഞെട്ടി തിരിഞ്ഞ് നോക്കിയപ്പോൾ കൈയ്യും കെട്ടി എന്നെ നോക്കി നിൽക്കുന്ന കിരൺ സാർ… പേടിച്ച് ദേഹം വിറച്ച് തുടങ്ങിയിരുന്നു…

“സാർ എന്താ ഇവിടെ” പെട്ടെന്ന് വെപ്രാളത്തിൽ ചോദിച്ചത് അങ്ങനെയാണ്…

പിന്നെ എന്റെ വീട്ടിൽ ഒരാൾ അതിക്രമിച്ച് കയറിയത് ക്യാമറയിൽ കണ്ട് കൊണ്ട് എനിക്ക് ചുമ്മാ ഓഫീസിൽ ഇരിക്കാൻ പറ്റുമോ…
“എന്താടോ.. അന്വേഷണം കഴിഞ്ഞോ”

എനിക്ക് സംസാരിക്കാൻ പറ്റുന്നുണ്ടായില്ല… തലകുനിഞ്ഞ് പോയിരുന്നു…. ക്യാമറയുടെ കാര്യം ഞാൻ ആലോചിച്ച് പോലും ഇല്ലല്ലോ…

“ഇത്രയും ധൈര്യം തനിക്ക് ഉണ്ടായിരുന്നോ…” ഗൗരവത്തിൽ തന്നെയാണ് ചോദ്യം…

തെറ്റ് എന്റെ ഭാഗത്തായതു കൊണ്ട് ഞാൻ മറുപടി പറയാതെ നിന്നു… അല്ലെങ്കിലും എനിക്ക് ഇത്ര ധൈര്യം എവിടുന്ന് വന്നു എന്നാലോചിച്ച് അത്ഭുതം തോന്നി…

“താൻ എന്റെ വീട്ടിൽ, ഓഫീസ് മുറി വരെ ഒരു നുണ പറഞ്ഞ് കയറുമെന്ന് എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല”…

കണ്ണുകൾ നിറഞ്ഞ് തുടങ്ങിയിരുന്നു… “അതെന്താ നുണകൾ നിങ്ങൾക്ക് മാത്രം പറയാൻ ഉള്ളതാണോ…”

“അപ്പോൾ ഇത്ര സമയം ഞാൻ ചോദിച്ചിട്ട് മനപൂർവ്വം മിണ്ടാതെ ഇരുന്നതാ അല്ലേ” സാറിന്റെ മുഖത്തെ ഭാവം എനിക്ക് മനസ്സിലായില്ല…

എനിക്ക് പോകണം….

“താൻ വന്ന കാര്യം നടന്നോ” സാർ പിന്നെയും ചോദിച്ചു….

നിങ്ങൾ കള്ളങ്ങളുടെ പുറത്ത് കെട്ടി പൊക്കിയ കൊട്ടാരത്തിൽ ഞാൻ എങ്ങനെ സത്യം കണ്ടുപിടിക്കാനാണ്…..എന്റെ അമർഷം വാക്കുകളിൽ ഉണ്ടായിരുന്നു…

ബാഗ് എടുത്ത് ഞാൻ മുറിയിൽ നിന്ന് പുറത്ത് ഇറങ്ങാൻ അവസരം നോക്കി നിന്നു…

” അനുക്കുട്ടിക്ക് കല്യാണം കഴിയുമ്പോൾ കിച്ചുവേട്ടൻ എല്ലാം പറഞ്ഞ് തരാം, ഇങ്ങനെ അന്വേഷിച്ച് നടന്ന് വിഷമിക്കണ്ടാ”…പുഞ്ചിരിയോടെ എന്റെ നേരെ നടന്ന് അടുത്ത് കിരൺ സാർ പറഞ്ഞു…

“ഇത് കണ്ട് പിടിക്കാൻ വേണ്ടി ഞാൻ കല്യാണത്തിന് സമ്മതിക്കുമെന്ന് ഓർക്കണ്ടാ”… വാശിയോടെ പറഞ്ഞു…

“പിന്നെ ഇങ്ങനെ കള്ളിയെ പോലെ ഇനിയും ഇവിടെ വന്ന് അന്വേഷിക്കാനാണോ ഉദ്ദേശം”…തൊട്ട് അടുത്ത് വന്ന് ചോദിച്ചു…

നിങ്ങളുടെ വീട്ടിൽ ഒന്നും മോഷ്ടിക്കാൻ വന്നതല്ലല്ലോ… സാർ പറയാത്തത് കൊണ്ടല്ലേ, എന്റെ വിഷമം ഈ ജൻമത്ത് നിങ്ങൾക്ക് മനസ്സിലാകില്ല… അതിന് എന്നെ പോലെ അനാഥയായി ജനിക്കണം, ഒന്നിനോടും കൊതി തോന്നാൻ പാടില്ലാത്ത മറ്റുള്ളവർ വലിച്ച് എറിയുന്നത് മാത്രം കിട്ടുന്ന കുട്ടിക്കാലം ഉണ്ടാവണം, സ്കൂളിൽ കോളേജിൽ ആദ്യ ദിവസങ്ങളിൽ സ്വയം പരിചയപ്പെടുത്താൻ ഒരു അഡ്രസ്സ് ഇല്ലാതെ എഴുന്നേറ്റ് നിൽക്കണം…. ജോലി തേടി ചെല്ലുന്നിടത്ത് ഓർഫൻ എന്ന് പറയുമ്പോൾ അവർ തിരസ്കരിക്കണം…. ഇതൊന്നും അനുഭവിക്കാത്ത സാറിന് എന്നെ വെറും കള്ളി ആയെ തോന്നു…. നിറഞ്ഞ് ഒഴുകുന്ന കണ്ണുകൾ തുടക്കാതെ ഞാൻ പറഞ്ഞു…

സാറിന്റെ മുഖത്ത് വിഷാദം വരുന്നതും പെട്ടെന്ന് അത് മാറ്റി പുഞ്ചിരിക്കുന്നതും ഞാൻ കണ്ടു…

“എന്റെ കള്ളിപ്പെണ്ണ് കരയാതെ”… കണ്ണുകൾ തുടക്കാൻ പൊക്കിയ കൈകൾ തട്ടി മാറ്റി ഞാൻ പുറത്ത് ഇറങ്ങാൻ തിരിഞ്ഞു…

“അങ്ങനെ അങ്ങ് പോകാതെ”…എന്റെ കൈയ്യിൽ പിടിച്ച് വലിച്ച് ചേർത്ത് നിർത്തി കൊണ്ട് പറഞ്ഞു…

വിട്… എനിക്ക് പോകണം…

” കല്യാണത്തിന് മുൻപ് ചെറുക്കന്റെ വീട്ടിൽ വന്നതല്ലേ… ഞാൻ എന്തെങ്കിലും സമ്മാനം തരണ്ടെ” എന്റെ കണ്ണുകളിൽ നോക്കി സാർ ചോദിച്ചു…എനിക്ക് ദേഹം വീണ്ടും വിറച്ച് തുടങ്ങിയിരുന്നു…

ഞാൻ ഒച്ച വെക്കും…

“ഒരു കുഴപ്പവും ഇല്ല… ഈ റൂമിന്റെ ഉള്ളിൽ നിന്ന് സൗണ്ട് പുറത്ത് പോകില്ല…” എന്റെ മുഖം കൈയ്യ് കുമ്പിളിൽ എടുത്ത് നെറ്റിയിൽ ചുംബിച്ച് കൊണ്ട് സാർ പറഞ്ഞു…

ഞാൻ പിടഞ്ഞ് മാറി… പെട്ടെന്ന് മുറിയുടെ വാതിൽ തുറക്കുമ്പോൾ സാർ പറഞ്ഞു… “ആ മുഖം ഒന്ന് തുടച്ചിട്ട് പോക്കോ…അല്ലെങ്കിൽ അമ്മ തെറ്റിദ്ധരിക്കും…”

നുരഞ്ഞ് വന്ന ദേഷ്യം നിയന്ത്രിച്ച് ഞാൻ സ്റ്റെയർ ഇറങ്ങി…

” ഫയൽ കിട്ടിയോ അനിലമോളെ” ചായ ഡൈനിങ്ങ് ടേബിളിൽ വെച്ച് കൊണ്ട് ആന്റി ചോദിച്ചു…

” കിരൺ സാർ എടുക്കണ്ടാന്ന് പറഞ്ഞു” മുഖത്ത് ചിരി വരുത്തി ഞാൻ പറഞ്ഞു…

“മോള് വന്ന് ചായ കുടിക്ക്”

വേണ്ടാ, ആന്റി… ഞാൻ ഇറങ്ങുവാ…

“മോളെ കിച്ചു കൊണ്ട് വിടും… ഇപ്പോൾ ഇവിടുന്ന് ബസ്സ് ഒന്നും കിട്ടില്ല”

ആന്റി ഞാൻ നടന്ന് പോക്കോളാം…

“അതൊന്നും വേണ്ടാ, ഞാൻ കൊണ്ടു വിടാം” പറഞ്ഞ് കൊണ്ട് കിരൺ സാർ ഇറങ്ങി വന്നു…

തർക്കിച്ചിട്ട് കാര്യം ഇല്ലെന്ന് മനസ്സിലായത് കൊണ്ട് പിന്നെ ഒന്നും മിണ്ടിയില്ല…

ആന്റി തന്ന ചായ കുടിച്ചെന്ന് വരുത്തി കിരൺ സാറിന്റെ കൂടെ കാറിൽ കയറുമ്പോൾ ഇങ്ങോട്ട് വന്നപ്പോൾ ഉള്ള ആവേശം എല്ലാം കെട്ടടങ്ങിയിരുന്നു…

കാറിൽ ഞാൻ പുറത്തോട്ട് നോക്കിയിരുന്നു… കിരൺ സാറിനോട് ഉള്ള ദേഷ്യം ഇരട്ടിയായിരുന്നു…. മുഖത്ത് നോക്കാനെ തോന്നിയില്ല…

“താനിങ്ങനെ മുഖം വീർപ്പിച്ച് ഇരിക്കുന്നത് എന്തിനാടോ, എന്റെ വീട്ടിൽ അതിക്രമിച്ച് കയറിയിട്ട് താൻ എന്നോട് പിണങ്ങുവാണോ”…എന്റെ കൈയ്യിൽ കൈയ്യമർത്തി സാർ ചോദിച്ചു…

“കൈയ്യെടുക്ക്”

“ഇങ്ങനെ നോക്കി പേടിപ്പിക്കാതെ അനുക്കുട്ടി… താൻ ഇങ്ങനെ ആണെങ്കിൽ എന്നെ ഒരു പരുവം ആക്കുമല്ലോ”

ദേഹത്ത് തൊടുന്നത് എനിക്കിഷ്ടമല്ല…ഞാൻ പുറത്തോട്ട് നോക്കി തന്നെ പറഞ്ഞു…

” എന്നാൽ ഇനി കല്യാണം കഴിഞ്ഞെ തൊടു” സാർ ചിരിച്ച് കൊണ്ട് കൈയ്യെടുത്തു..

ആ ചിരി കാണുമ്പോൾ എനിക്ക് ദേഷ്യം കൂടുന്നുണ്ടായിരുന്നു…

ഓർഫനേജിന്റെ മുമ്പിൽ ഇറങ്ങുമ്പോൾ സാർ പറഞ്ഞു…” ഇനി ഈ അന്വേഷണം വേണ്ട, കല്യാണം കഴിയുമ്പോൾ ഞാൻ പറഞ്ഞ് തരാം എല്ലാം, ഇനിയും തേടി നടന്നാൽ താൻ തോറ്റു പോകും, കുമാരിയമ്മയോട് വിളിച്ച് ചോദിക്കാനും നിൽക്കണ്ടാട്ടോ”

ഒന്നും മിണ്ടാതെ ഇറങ്ങി നടക്കുമ്പോൾ മനസ്സിൽ ചിലത് ഉറപ്പിച്ചിരുന്നു…

വാതിക്കൽ നോക്കി നിൽക്കുന്ന അമലാമ്മ ചോദിച്ചു…” കിരൺ ആണോ കൊണ്ട് വന്ന് ആക്കിയത്”

അതെ… പിന്നെ അമലാമ്മേ എനിക്ക് ഈ കല്യാണത്തിന് സമ്മതമാണ്…

പെട്ടെന്ന് പറഞ്ഞിട്ട് തിരിഞ്ഞ് നടക്കുമ്പോൾ അമലാമ്മയുടെ മുഖത്തെ സംശയവും അതിശയവും എനിക്ക് കാണാമായിരുന്നു…

തുടരും…