മുറിയിൽ കയറി വാതിലടക്കുമ്പോൾ എല്ലാവരും ചേർന്ന് എന്നെ പറ്റിക്കുവാണെന്ന് തോന്നി… വേഗം സാരിയും ആഭരണങ്ങളും അഴിച്ച് വെച്ചു… അപ്പോളാണ് ഓർത്തത് ഒരുങ്ങുമ്പോൾ മാറ്റിയ സാരി അപ്പുറത്തെ റൂമിലാണെന്ന കാര്യം… വെറെ വഴിയില്ലാതെ അഴിച്ചിട്ട സാരി തന്നെ വലിച്ച് വാരി ഉടുത്തു…. മനസ്സിന്റെ ക്ഷീണം ശരീരത്തെയും ബാധിച്ചിരുന്നു…. ഹാങ്ങിങ്ങ് ചെയറിൽ കയറി കിടന്നു…
കിരൺ സാറിനോട് ഇന്ന് തന്നെ ചോദിക്കാൻ ഉറപ്പിച്ചിരുന്നു…. അമ്മു കൂടി അങ്ങനെ പറഞ്ഞപ്പോൾ പെട്ടെന്ന് സങ്കടം വന്നു…എന്നോട് ഇത്ര സ്നേഹം കാണിക്കുന്നത് വെറുതെ ആയിരിക്കുമോ… ഈ കല്യാണത്തിന്റെ ആവശ്യം എന്തായിരുന്നു… കല്യാണം കഴിഞ്ഞാലെ എന്നോട് പറയൂ എന്ന് വാശി പിടിച്ചത് എന്തിനായിരിക്കും… ഒരായിരം ചോദ്യങ്ങൾ മനസ്സിൽ വന്ന് നിറഞ്ഞു നിന്നു….
ഡോറിൽ മുട്ടുന്നത് കേട്ട് സാരി വാരി എടുത്ത് ചെന്നാണ് വാതിൽ തുറന്നത്… കിരൺ സാറിനെ കണ്ട് മാറി നിന്നു…
“എന്താ അനു… താൻ ഫ്രഷ് ആയില്ലേ..”
എന്റെ സാരി… ആ റൂമിലായി പോയി…
“ഇനി ഈ പാതിരാത്രി താൻ സാരി ഉടുത്ത് നടക്കാൻ പോകുവാണോ…കബോർഡിൽ നൈറ്റ് വിയർ ഉണ്ട്… ഫ്രഷ് ആയി വാ, അമ്മ തന്നെയും കൂട്ടി വരാൻ പറഞ്ഞിട്ടുണ്ട്”
മടിച്ച് മടിച്ചാണ് കബോർഡ് തുറന്നത്… ഏന്തൊക്കെയോ വാങ്ങി കൂട്ടി വെച്ചിട്ടുണ്ട്…ഞാൻ ഇങ്ങനത്തെ ഒന്നും ഇടാറില്ല…
കിരൺ സാർ അടുത്തോട്ട് വന്ന് ഒരു സൽവാർ എടുത്ത് തന്നു…” ഇത് ഇടാൻ പറ്റുമോ”
അതും വാങ്ങി വാഷ് റൂമിൽ കയറുമ്പോളാണ് ഓർത്തത് മുടിയിൽ എന്തൊക്കെയോ ചെയ്യ്ത് കെട്ടിവെച്ചിരിക്കുന്ന കാര്യം… തന്നെ അഴിക്കാൻ നോക്കിയിട്ട് പറ്റുന്നില്ല… വലിച്ച് പറിക്കാൻ ആണ് ആദ്യം തോന്നിയത്.. കുറച്ച് നേരം നോക്കിയിട്ടും നടക്കാതെ വന്നപ്പോൾ വാതിൽ തുറന്ന് പുറത്ത് ഇറങ്ങി…നോക്കിയപ്പോൾ ആള് ഡ്രസ്സ് എല്ലാം മാറി, ആരെയോ ഫോൺ വിളിച്ചു കൊണ്ടിരിക്കുന്നത് കണ്ടു…
ഞാൻ വാതിൽ തുറന്ന ശബ്ദം കേട്ടാവണം തിരിഞ്ഞ് നോക്കി…കൈയ്യ്കൾ കൊണ്ട് ആഗ്യം കാണിച്ച് എന്താണെന്ന് ചോദിച്ചു…
ഞാൻ തലയിൽ തൊട്ട് കാണിച്ചു…പെട്ടെന്ന് ഫോൺ കട്ട് ചെയ്ത് അടുത്തോട്ട് വന്നു…
“ഞാൻ അഴിച്ച് തരാം’…
വേണ്ട.. ലക്ഷ്മി ആന്റിയെ ഒന്ന് വിളിക്കാമോ…
“അമ്മ താഴെ തിരക്കിലാണ്.. താൻ ഇവിടെ വന്നിരിക്ക്” എന്നെ പിടിച്ച് ഡ്രസ്സിങ്ങ് ടേബിളിന്റെ മുമ്പിൽ ഇരുത്തി കൊണ്ട് സാർ പറഞ്ഞു…
മുടിയിൽ നിന്ന് ശ്രദ്ധിച്ച് എല്ലാം അഴിക്കുമ്പോൾ ഞാൻ മിററിൽ കൂടി ആളെ നോക്കി… ആ മുഖത്ത് വാൽസല്യവും സ്നേഹവും മാത്രമേ ഉള്ളൂ… എനിക്ക് ചെറുതായി പോലും വേദനിപ്പിക്കാതെ വളരെ ശ്രദ്ധിച്ച് ചെയ്യുന്നത് നോക്കി ഇരിക്കുമ്പോൾ എനിക്ക് പിന്നെയും ആളോട് എന്തോ ഒരു ആകർഷണം തോന്നി….
“എന്താടോ… ഇങ്ങനെ നോക്കി ഇരിക്കുന്നത്…” ശബ്ദം കേട്ട് പെട്ടെന്ന് തല കുനിച്ചു…
കിരൺ സാറിന്റെ മുഖത്തെ പുഞ്ചിരി ഞാൻ കാണാതെ കാണുന്നുണ്ടായിരുന്നു…മുടി ആഴിച്ച് വിടർത്തി ഇട്ട് തന്നുകൊണ്ട് എന്നെ മിററിൽ കൂടി നോക്കി…” എന്റെ പെണ്ണ് ഇന്ന് നിലാവ് പോലെ സുന്ദരി ആയിരുന്നു” ചുണ്ടുകൾ കവിളിൽ ചേർത്ത് കാതിൽ പറഞ്ഞു… ഞാൻ പെട്ടെന്ന് ചാടി എഴുന്നേറ്റു…
“എന്താടോ… ഇങ്ങനെ പേടിക്കാൻ ഞാൻ ഒന്നും ചെയ്യ്തില്ലല്ലോ…”
എന്നെ കുറിച്ച് എന്ത് രഹസ്യമാണ് സാറിന് അറിയാവുന്നത്…എന്തുകൊണ്ടാണ് ഇത്ര അധികം എന്നോട് സ്നേഹം കാണിച്ചിട്ട് അത് മാത്രം പറയാതെ ഇരിക്കുന്നത്…
“താൻ അറിയാൻ സമയമായിട്ടില്ല”… മുഖത്തെ ചിരി മാഞ്ഞു തുടങ്ങിയിരുന്നു…
കല്യാണം കഴിഞ്ഞാൽ പറയാമെന്നല്ലേ എന്നോട് പറഞ്ഞത്…
“എല്ലാം പറയാം…പക്ഷെ ഇന്നല്ല… താൻ പോയി കുളിച്ച് വാ…”
ഒന്നും പറയില്ലാന്ന് മനസ്സിലായപ്പോൾ ഞാൻ വാഷ് റൂമിൽ കയറി കതകടച്ചു….മനസ്സിൽ പിന്നെയും ഭാരം നിറഞ്ഞിരുന്നു…
തിരിച്ച് ഇറങ്ങിയപ്പോൾ കിരൺ സാർ ബാൽക്കണിയിൽ നിൽക്കുന്നത് കണ്ടു… ഞാൻ തലമുടി ഒന്ന് കൂടി തുവർത്തി… റൂമിൽ നിന്ന് ഇറങ്ങാൻ തുടങ്ങി…
“തന്നെ കൂട്ടി കൊണ്ട് വരാൻ പറഞ്ഞ് വിട്ടതാ അമ്മ എന്നെ…എന്നിട്ട് താൻ തന്നെ പോകുവാണോ…”വേഗം ഒപ്പം നടന്നുകൊണ്ട് സാർ ചോദിച്ചു..
ഒന്നും മിണ്ടാൻ തോന്നിയില്ല…താഴെ ചെന്നപ്പോൾ ബന്ധുക്കൾ എല്ലാം പോയെന്ന് തോന്നി… ആരെയും കണ്ടില്ല…അടുക്കളയിൽ ചെന്നപ്പോൾ ആന്റി അവിടെ ഉണ്ട്… കുമാരിയമ്മയുടെ കൂടെ എല്ലാം ഒതുക്കി വെക്കുന്നത് കണ്ടു…
“മോള് വന്നോ.. അമ്മ ഒരു കാര്യം പറയാൻ വിളിച്ചതാണ്… കിച്ചു എവിടെ” ഹാളിലോട്ട് നടന്ന് കൊണ്ട് ആന്റി ചോദിച്ചു…
കിച്ചു ഇങ്ങ് വന്നേ… കൈയ്യിൽ ഇരുന്ന ഒരു ചെറിയ ബോക്സ് തുറന്ന് കൊണ്ട് ആന്റി വിളിച്ചു… സാർ വന്നപ്പോൾ ഞങ്ങളെ രണ്ടുപേരെയും കിരൺ സാറിന്റെ അച്ഛന്റെ ഫോട്ടോയുടെ മുൻപിൽ കൊണ്ട് നിർത്തി…
“ഈ മാല മോളുടെ കഴുത്തിൽ ഇട്ട് കൊടുക്ക്” ബോക്സിൽ നിന്ന് ഒരു മാല എടുത്ത് ആന്റി പറഞ്ഞു… “ഇത് എന്റെ ഒരു സന്തോഷത്തിന് വേണ്ടിയാണ്, താലി കെട്ടൽ വേണ്ടാന്ന് വെച്ചതു കൊണ്ട് അമ്മക്ക് വേണ്ടി ഇത് അനുമോള് സമ്മതിക്കണം”
ലക്ഷ്മി ആന്റി പറഞ്ഞപ്പോൾ ഞാൻ എതിര് ഒന്നും പറഞ്ഞില്ല… കിരൺ സാർ മാല ആന്റിടെ കൈയ്യിൽ നിന്ന് വാങ്ങി എന്റെ കഴുത്തിൽ ഇട്ടു തന്നു… വളരെ സിംപിൾ ആയ ഒരു ചെയിൻ… ഹാർട്ട് ഷെയിപ്പിൽ ഉള്ള ലോക്കറ്റ് കണ്ട് നോക്കിയപ്പോൾ ഹാർട്ടിന്റെ ഒരു സൈഡിൽ കിരൺ എന്നും അടുത്ത സെഡിൽ അനില എന്നും മനോഹരമായി എഴുതിയിരിക്കുന്നത് കണ്ടു… ഞാൻ നോക്കുന്നത് കിരൺ സാർ നോക്കി നിൽക്കുന്നത് കണ്ട് പെട്ടെന്ന് ലോക്കറ്റിലെ പിടിവിട്ട് ഞാൻ മാറി നിന്നു…
“ഒത്തിരി ലെയ്റ്റ് ആയില്ലേ… ഇനി മക്കള് പോയി കിടന്നോ…” എന്റെ നെറ്റിയിൽ ചുംബിച്ച് ആന്റി പറഞ്ഞു…
“അമ്മയും പോയി കിടക്ക്… രാവിലെ മുതൽ ഓടി നടക്കുവല്ലായിരുന്നോ” കിരൺ സാർ ലക്ഷ്മി ആന്റിയുടെ കവിളിൽ പിടിച്ച് പറഞ്ഞു…
“നിങ്ങൾ പോയ്ക്കോ… ഞാനും കിടക്കാൻ പോകുവാ…”
കിരൺ സാർ ഗുഡ് നൈറ്റ് പറഞ്ഞ് സ്റ്റെയർ കയറി… പെട്ടെന്ന് തിരിഞ്ഞ് നിന്ന് ചോദിച്ചു” അനു… താൻ വരുന്നില്ലേ…” എന്നെ തന്നെ നോക്കി നിൽക്കുന്നത് കണ്ട് ഞാനും പുറകെ നടന്നു…
റൂമിൽ കയറി വാതിൽ അടച്ചപ്പോൾ ചെറിയ പേടി തോന്നി…
“അനു… വന്ന് കിടന്നോളൂ, നിന്ന് നിന്ന് ഷീണിച്ചതല്ലേ”
ഞാൻ ആ ചെയറിൽ കിടന്നോളാം…
“അതിൽ ചുരുണ്ടു കൂടി കിടക്കുന്നതിലും നല്ലത് കട്ടിലിൽ കിടക്കുന്നത് അല്ലേ… ഇനി എന്നെ പേടിച്ചിട്ടാണോ”
എനിക്ക് പേടി ഒന്നും ഇല്ല…
“പിന്നെ”
തന്നെ കിടക്കുന്നതാണ് ഇഷ്ടം… ജനിച്ച് ഒന്നോ രണ്ടോ ദിവസം മുതൽ തന്നെ കിടന്ന് ശീലമായി പോയി…
“ആ ശീലമൊക്കെ നമ്മുക്ക് മാറ്റാം”
വേണ്ട… തൽക്കാലം മാറ്റുന്നില്ല…ഞാൻ പോയി ചെയറിൽ കിടന്നു…
” ഇങ്ങനെ മുഖം വീർപ്പിക്കാതെ അനുക്കുട്ടി” എന്റെ അടുത്തോട്ട് വന്നുകൊണ്ട് കിരൺ സാർ പറഞ്ഞു…
ഞാൻ ഒന്നും മിണ്ടിയില്ല…”താൻ എന്തിനാ റിസെപ്ഷൻ കഴിയുന്നതിന് മുൻപ് റൂമിലോട്ട് പോന്നത്”
എന്തിനാണെന്ന് അറിയില്ലേ… കണ്ണ് തുറക്കാതെ ഞാൻ ചോദിച്ചു…
“മനസ്സിലായി, എന്നോട് പിണങ്ങി പോന്നതാണെന്ന്”
എനിക്ക് ആരോടും പിണക്കമൊന്നും ഇല്ല…
“പിന്നെ.. എന്തിനാ ഈ മുഖം ഇങ്ങനെ വീർത്ത് ഇരിക്കുന്നത്”
എന്റെ മുഖം പണ്ടു മുതൽ ഇങ്ങനെയാ…
“തന്നോട് തർക്കിക്കാൻ ഞാനില്ല… വാ വന്ന് കട്ടിലിൽ കിടക്ക്… തനിക്ക് എന്നെ ഇഷടമല്ലാന്ന് അറിയാം…പക്ഷെ ആ ഇഷ്ടക്കേട് ഇങ്ങനെ അല്ല കാണിക്കണ്ടത്”
ശബ്ദത്തിലെ ഗൗരവ്വം മനസ്സിലായെങ്കിലും ഞാൻ അവിടെ തന്നെ കിടന്നു…. എനിക്ക് വാശി ആണോ… ആയിരിക്കാം…എന്നോട് തന്നെയുള്ള വാശി… പക്ഷെ ആദ്യമായാണ് ഒരാളോട് പ്രകടിപ്പിക്കുന്നത്…. ഇത്രയും വർഷങ്ങൾ എന്റെ സങ്കടങ്ങളും വാശിയും എല്ലാം തീർത്തിരുന്നത്…. എന്നോട് മാത്രമാണ്… ഇപ്പോൾ കിരൺ സാറിനോട് എനിക്കത് പ്രകടിപ്പിക്കാൻ പറ്റുന്നത് എന്നെ അതിശയിപ്പിച്ചു… പക്ഷെ ഇതിനൊരു സുഖമുണ്ട്.. ഒരാൾ എന്നെ കുറിച്ച് ആലോചിക്കുന്നുണ്ട് എന്ന സുഖം… ആരും ഇല്ലാ എന്ന ചിന്ത മാറി തുടങ്ങിയില്ലെങ്കിലും മനസ്സിൽ ആരൊക്കെയോ ഉള്ളതുപോലെ…
നെറ്റിയിൽ ചെറു ചുംബനത്തിന്റെ ചൂട് അറിഞ്ഞെങ്കിലും അനങ്ങാതെ കിടന്നു… സ്നേഹ ചൂടിനെ ഞാനും ഇഷ്ടപ്പെടുന്നത് പോലെ… കണ്ണടഞ്ഞ് പോകുമ്പോളും ആ ഇളം ചൂട് എന്റെ നെറ്റിയിൽ നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു
✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️
കണ്ണു തുറന്നപ്പോളാണ് ഞാൻ പുതപ്പിനടിയിലാണ് കിടക്കുന്നത് എന്നറിഞ്ഞത്… പതിയെ പുതപ്പ് മാറ്റി നോക്കിയപ്പോൾ മനസ്സിലായി കട്ടിലാണ് കിടക്കുന്നതെന്ന്… റൂമിൽ ആരെയും കണ്ടില്ല…എഴുന്നേൽക്കാൻ നോക്കിയപ്പോൾ വാതിൽ തുറക്കുന്ന ശബ്ദം കേട്ടു… പിന്നെയും കണ്ണടച്ച് കിടന്നു…
ഒരു സൗണ്ടും ഉണ്ടാക്കാതെ വന്ന് എന്റെ തലയിൽ തലോടുന്നത് കിരൺ സാറിന്റെ കരങ്ങൾ ആണെന്ന് എനിക്കറിയാമായിരുന്നു… ആ തലോടൽ ഞാൻ ആസ്വദിച്ചു കിടന്നു…
“ചുമ്മാ കള്ള ഉറക്കം നടിക്കാതെ എഴുന്നേൽക്ക്…എന്നിട്ട് സമയം നോക്ക്”
ഞാൻ പെട്ടെന്ന് ചാടി എഴുന്നേറ്റു… വാളിലെ വലിയ ക്ലോക്കിൽ സമയം പത്ത് മണി കഴിഞ്ഞിരുന്നു… കിരൺ സാർ ജോഗിങ്ങ് കഴിഞ്ഞ് വന്നതാണെന്ന് തോന്നുന്നു… വിയർത്ത് കുളിച്ചാണ് ഇരിക്കുന്നത്…
എന്നെ എന്താ വിളിക്കാതെ ഇരുന്നത്… ഞാനെങ്ങനെയാ കട്ടിലിൽ വന്ന് കിടന്നത്…
“താനിങ്ങനെ വെപ്രാളപ്പെടാതെ… ഇന്നലത്തെ ക്ഷീണം കാരണം ഉറങ്ങി പോയതല്ലേ… അമ്മയും എഴുന്നേൽക്കുന്നതെ ഉളളൂ… പിന്നെ രാത്രി താൻ തന്നെ വന്ന് കട്ടിലിൽ കിടന്നത് മറന്ന് പോയോ” കുസൃതി ചിരിയോടെ കിരൺ സാർ ചോദിച്ചു…
എഴുന്നേറ്റ് വാഷ് റൂമിൽ കയറുമ്പോൾ ഞാൻ തന്നെ കട്ടിലിൽ പോയി കിടന്നു എന്ന് പറഞ്ഞത് കള്ളമാണെന്ന് അറിയാമായിരുന്നു… ആളെന്നെ എടുത്ത് കിടത്തി കാണുമോ…. ഏയ് ഇല്ല… അങ്ങനെ ആകുമോ… ആലോചിക്കും തോറും ജാള്യത തോന്നി…. ഫ്രഷ് ആയി പുറത്ത് ഇറങ്ങാൻ മടി തോന്നി…പിന്നെ ഒന്നും സംഭവിക്കാത്തതു പോലെ ഇറങ്ങി….
എന്നെ മറികടന്ന് വാഷ് റൂമിൽ കയറുമ്പോളും ആ ചുണ്ടിൽ കുസൃതി ചിരി തങ്ങി നിൽപ്പുണ്ടായിരുന്നു… ഞാനത് കണ്ടില്ലാന്ന് നടിച്ച് പുറത്തിറങ്ങി…
അടുക്കളയിൽ ചെന്നപ്പോൾ ലക്ഷ്മി ആന്റി കുമാരിയമ്മയുടെ കൂടെ ബ്രേക്ക്ഫാസ്റ്റ് എടുത്ത് വെക്കുന്നത് കണ്ടു…
“വാ… വന്ന് ചായ കുടിക്ക്…” ആന്റി നിറഞ്ഞ വാൽസല്യത്തോടെ വിളിച്ചു…
എനിക്ക് അങ്ങനെ എഴുന്നേൽക്കുമ്പോൾ ചായ കുടിക്കണമെന്ന് ഇല്ല ആന്റി…
“അതൊന്നും സാരമില്ല… ഇന്ന് കുടിക്ക്…” ആന്റി ഒരു കപ്പിൽ ചായ കൈയ്യിൽ തന്ന് പറഞ്ഞു…
“മോള് പോയി ഇരുന്ന് ചായ കുടിക്ക്, ഇന്ന് അടുക്കളയിൽ ഒന്നും കയറണ്ടാ” എന്ന് പറഞ്ഞ് എന്നെ നിർബദ്ധിച്ച് ഡൈനിങ്ങ് റൂമിൽ കൊണ്ടുപോയി ചെയറിൽ ഇരുത്തി… എനിക്ക് എല്ലാവരുടെയും കെയറിങ്ങ് വല്ലാതെ ആക്കുന്നുണ്ടായാരുന്നു… ഇന്ന് വരെ അനുഭവിക്കാത്തത് ആയതു കൊണ്ടാവാം ഒരു വീർപ്പ് മുട്ടൽ… പക്ഷെ അതെ പോലെ മനസ്സ് അത് കൊതിക്കുന്നുമുണ്ട്…
അവിടെ ഇരുന്ന് ഹാളിൽ നോക്കിയപ്പോളാണ് കിരൺ സാറിന്റെ അച്ഛന്റെ ഫോട്ടോയോട് ചേർന്നിരിക്കുന്ന ഫോട്ടോ കണ്ണിലുടക്കിയത്… വല്ലാത്ത ഒരു ആകർഷണം തോന്നി ഞാൻ ചായ എടുത്ത് ആ ഫോട്ടോയുടെ അടുത്ത് പോയി നിന്നു… ആ കണ്ണുകൾ പലതും പറയുന്നത് പോലെ….
” അനുക്കുട്ടി … ചായ കുടിക്കുവാണോ, സ്വപ്നം കാണുവാണോ”
കിരൺ സാറിന്റെ ശബ്ദം കേട്ടപ്പോൾ ഞാൻ പെട്ടെന്ന് ചോദിച്ചു… “ഈ ഫോട്ടോയിൽ ഉള്ളത് ആരാണ്”
മറുപടി ഒന്നും കിട്ടാത്തതു കൊണ്ട് തിരിഞ്ഞ് നോക്കിയപ്പോൾ കണ്ട മുഖം ലക്ഷ്മി ആന്റിയുടെ ആയിരുന്നു…
തുടരും….