മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
“നീ ഇരിക്ക് വിഷ്ണു. സണ്ണിയെ നിനക്ക് അറിയാലോ.. അവന് പെണ്ണിന്റ ചൂട് തട്ടാതെ ഉറങ്ങാൻ കഴിയില്ല. നീ അത് വിട്. നിന്കക്ക് താല്പര്യം ഇല്ലെങ്കിൽ ഇവിടെ ആരും നിർബന്ധിക്കില്ല. പക്ഷേ, അതിന്റ പേരിൽ നീ പിണങ്ങിപ്പോവരുത്. അതുകൊണ്ട് ഈ ബിയറും കൂടി കഴിച്ച് പൊ.. ഇനി ഒരു ബിയർ അടിക്കാൻ അടുത്ത ആഴ്ച എങ്കിലും ആവണ്ടേ “
എന്നും പറഞ്ഞ് ചിരിക്കുന്ന ഹരിയെ നോക്കി വിഷ്ണു ആ ബിയർ വാങ്ങി ചുണ്ടിൽ ചേർക്കുമ്പോൾ സണ്ണിയെ ഒന്ന് ഇടം കണ്ണിട്ട് നോക്കുന്ന ഹരിയുടെ ചിരിയിൽ ഒരു ചതി ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. കയ്യിൽ കിട്ടിയ ബിയർ ഒറ്റ വലിക്ക് അകത്താക്കി ഒരു ഏമ്പക്കം വിടുമ്പോൾ അതുവരെ ഇല്ലാത്ത ഒരു പരവേശം അനുഭവപ്പെടുന്നുണ്ടായിരുന്നു വിഷ്ണുവിന്. കണ്ണുകളിലേക്ക് ലഹരി ഇരച്ചു കയറുന്ന പോലെ. ശരീരം ആകെ ഒന്ന് കുഴയുന്ന പോലെ..ബിയർ കഴിക്കുന്നത് ആദ്യമായിട്ടല്ല. രണ്ടോ മൂന്നോ ബിയർ അതാണ് കഴിക്കുമ്പോൾ ഉളള കണക്ക്. അതിൽ കൂടുതൽ ആരു നിർബന്ധിച്ചാലും കഴിക്കാറില്ല. അതിൽ കൂടുതൽ കഴിക്കില്ല ഇന്ന് അറിയാവുന്നത് കൊണ്ട് ആരും നിർബന്ധിക്കാൻ നിൽക്കാറുമില്ല. പക്ഷേ, ഇതിപ്പോ രണ്ട് ബിയർ കഴിച്ചപ്പോഴേക്കും ശരീരം പ്രതികരിച്ചുതുടങ്ങിയിരിക്കുന്നു. കണ്ണുകളിൽ ലഹരി കളിയാടിത്തുടങ്ങിയിരിക്കുന്നു.
അവൻ വീണു തുടങ്ങിയ കണ്ണുകൾ ഉയർത്തി ഹരിയെ ദേഷ്യത്തോടെ നോക്കിയപ്പോൾ അവന്റെ മുഖത്തു നിറഞ്ഞ പുഞ്ചിരി ഉണ്ടായിരുന്നു, “എന്റെ അളിയാ.. ഇപ്പോൾ ആണ് നീ കഴിച്ചതിന്റെ ഒന്ന് അറിയുന്നത്. അല്ലാതെ ചുമ്മാ ബിയറും കുടിച്ച് മൂത്രം ഒഴിച്ച് കളഞ്ഞിട്ട് എന്തിനാണ്…പേടിക്കണ്ട.. ബിയറിൽ ഇച്ചിരി വോഡ്ക മിക്സ് ചെയ്തിട്ടുണ്ട്.. അത്രേ ഉളളൂ . അത് കഴിച്ചിട്ട് നീ ചത്തൊന്നും പോകില്ല. പോരെ..എന്നും രണ്ടോ മൂന്നോ ബിയർ മാത്രമല്ലേ, അതുകൊണ്ട് നിന്റെ കപ്പാസിറ്റി ഒന്ന് അളക്കാൻ കഴിഞ്ഞിട്ടില്ല. പക്ഷേ, കുറവാട്ടോ കപ്പാസിറ്റി. ഒരു രണ്ട് പെഗ്ഗ് വോഡ്കയെ ബിയറിൽ ഒഴിച്ചിട്ടുള്ളൂ . അപ്പോഴേക്കും നീ ഫിറ്റ് ആയല്ലോ.. “
അവന്റെ ചിരിയും കയ്യിലെ കുപ്പിയും മുന്നിൽ തെളിയുന്നുണ്ടെങ്കിലും ഒരു മങ്ങൽ പോലെ.. തല ശരിക്കും ഉറയ്ക്കാത്തെ ആടിവീഴുമ്പോൾ ലഹരിയുടെ മറ്റൊരു ലോകത്തേക്ക് എത്തിയിരുന്നു അവന്റെ ശരീരവും മനസ്സും. “സണ്ണി… നീ എന്നെ ഒന്ന് വീട്ടിൽ കൊണ്ട് വിട്..അല്ലെങ്കിൽ കാര്യങ്ങൾ എല്ലാം കുഴയും. നിനക്ക് അറിയാലോ അമ്മയെ.. ഞാൻ ചെല്ലാതെ ഭക്ഷണം പോലും കഴിക്കില്ല. അതുകൊണ്ട് പ്ലീസ് ” സണ്ണിയെ നോക്കി കൊണ്ട് അപേക്ഷ പോലെ പറയുമ്പോൾ വിഷ്ണുവിന്റെ നാവ് കുഴയുന്നുണ്ടായിരുന്നു. ആകെ വിയർക്കുന്ന പോലെ….സിരകളിലൂടെ എന്തോ ഒരു അനുഭൂതി ഒഴുകിയിറങ്ങുന്ന പോലെ ഒക്കെ തോന്നി വിഷ്ണുവിന്.
“വിഷ്ണു. നിന്നെ കൊണ്ട് വിടുന്നതിൽ നിക്ക് കുഴപ്പമില്ല. പക്ഷേ, ഈ അവസ്ഥയിൽ നീ വീട്ടിൽ പോയാൽ…. ഇങ്ങനെ ഒരു അവസ്ഥയിൽ നിന്നെ നിന്റെ അമ്മ കണ്ടാൽ ശരിയാവില്ല. അതുകൊണ്ട് നീ കുറച്ച് നേരം പോയി കിടക്ക്. അപ്പോഴേക്കും ഈ കെട്ടങ്ങു വിടും. പിന്നെ ധൈര്യമായി പോവാലോ. അതല്ലേ നല്ലത്. വെറുതെ എന്തിനാ അമ്മയെ വിഷമിപ്പിക്കുന്നത് ” എന്നും ചോദിച്ചുകൊണ്ട് സണ്ണി വിഷ്ണുവിന്റെ മുഖത്തേക്ക് നോക്കുമ്പോൾ അവന്റെ കണ്ണുകൾ പാതി അടഞ്ഞുതുടങ്ങിയിരുന്നു. അതേ സമയത്തായിരുന്നു പുറത്തെ കോളിങ്ബെൽ ശബ്‌ദിച്ചതും.
അതൊരു പ്രതീക്ഷയുടെ ബെൽ ആയിരുന്നു. വിഷ്ണുവിന് മുന്നിൽ കാഴ്ചവെക്കപ്പെടാൻ പോകുന്ന പച്ചക്കരിമ്പ് ആണ് പുറത്തെന്ന് മനസ്സിലായപ്പോൾ സണ്ണി ഹരിയെ ഒന്ന് നോക്കി കൊണ്ട് വിഷ്ണുവിന്റെ അരികിലേക്ക് ഒന്ന് നീങ്ങി ഇരുന്നു.
“ടാ വിഷ്ണു. നീ ഒരു കാര്യം ചെയ്യ്.. പുറത്ത് എന്നെ കാണാൻ ഒരു പെൺകുട്ടി വന്നിട്ടുണ്ട്. കുറച്ച് മുന്നേ ഞാൻ സംസാരിക്കുന്നത് നീയും കേട്ടതല്ലേ.. ഞാൻ ഇവിടെ ഉണ്ടാകില്ല എന്ന് പറഞ്ഞ സ്ഥിതിക്ക് ഇനി ഞാൻ ഇറങ്ങിച്ചെന്നാൽ ശരിയാവില്ല. പിന്നെ ഞാൻ കഴിച്ചാൽ അറുബോറാണെന്ന് നിനക്ക് നല്ലവണ്ണം അറിയാലോ.. അതുകൊണ്ട് നീ ഒന്ന് പോയി വാതിൽ തുറന്ന് ആ കുട്ടിയെ കാണു….എന്നിട്ട് അവളുടെ കയ്യിൽ കുറച്ച് ബുക്‌സും ഒരു പെൻഡ്രൈവും ഉണ്ടാകും. അതും ഉള്ളിലേക്ക് വെക്കാൻ പറഞ്ഞാൽ മതി. അല്ലതെ നീ വാങ്ങേണ്ട. ഇനി അത് വാങ്ങാൻ വേണ്ടി നീ അവളുടെ അടുത്തേക്ക് നിന്നാൽ മദ്യത്തിന്റെ മണമടിച്ചാൽ പിന്നെ ആ പെണ്ണ് ചിലപ്പോൾ പേടിക്കും. നീ ഒരു പുരുഷനും അല്ലെ.. അതുകൊണ്ട് നീ അവളോട് അതെല്ലാം എന്റെ ബെഡ്റൂമിലേക്ക് അത് വെക്കാൻ പറഞ്ഞേക്ക്. കേട്ടല്ലോ…”
“പിന്നെ ഫിറ്റ് ആണെങ്കിലും ഒന്ന് ഉഷാർ ആയിക്കൊ..പുറത്ത് ഒരു പെണ്ണാണ്… നിനക്ക് വേണ്ടിയുള്ള പെണ്ണ് ” മറ്റെല്ലാം അവനോട് പറയുമ്പോൾ ഇത് മാത്രം മനസ്സിൽ ആയിരുന്നു സണ്ണി പറഞ്ഞത്.
സണ്ണിയുടെ വാക്ക് കേട്ട് ആദ്യം ഒന്ന് മടിച്ചെങ്കിലും അവന്റെ ആവർത്തിച്ചുള്ള ആവശ്യം കേട്ടപ്പോൾ പിന്നെ മറുത്തൊന്നും പറയാതെ വിഷ്ണു എഴുനേറ്റു. സോഫയിൽ നിന്ന് എഴുന്നേൽക്കുമ്പോൾ തന്നെ ഒന്ന് വീഴാൻ പോയെങ്കിലും സ്വയം കണ്ട്രോൾ ചെയ്തു വീഴാതെ നിൽക്കാൻ കഴിഞ്ഞിരുന്നു അവന്. പക്ഷേ, ശരീരത്തെ വലിഞ്ഞുമുറുക്കുന്ന ലഹരിയിൽ കാലുകൾ വെച്ചു പോകുന്നുണ്ടായിരുന്നു. പോകുന്നതിനോടൊപ്പം ബാക്കി ഉണ്ടായിരുന്നു ബിയർ കയ്യിൽ കരുതാനും മറന്നില്ല വിഷ്ണു. അതേ സമയം ലഹരി പിടിമുറുക്കിയ അവന്റ കണ്ണുകളിൽ കൂടുതൽ ചുവപ്പ് അനുഭവപ്പെട്ടിരുന്നു. ശരിക്കും പറഞ്ഞാൽ കഞ്ചാവടിച്ച കോഴിയെ പോലെ ആയിരുന്നു അവൻ. എഴുനേറ്റ് നിന്ന് പാന്റ് ഒന്ന് നേരെ ആക്കി ഷർട്ട് ശരിക്കാണ് കിടക്കുന്നത് എന്ന് ഉറപ്പു വരുത്തിക്കൊണ്ട് അവൻ താളം തെറ്റിയ കാൽവെപ്പുമായി വാതിൽക്കലേക്ക് നീങ്ങുമ്പോൾ അത് നോക്കികൊണ്ട് ഒരു പെഗ്ഗ് കൂടി ചുണ്ടോട് ചേർക്കുകയായിരുന്നു സണ്ണിയും ഹരിയും…
ഇടക്കൊന്ന് പതറുന്ന കാലിനെ സ്വയം നിയന്ത്രണത്തിൽ ആക്കാൻ ശ്രമിച്ചുകൊണ്ട് കയ്യിലെ ബിയർ കുപ്പി വാതിലിനരികിലേക്ക് വെച്ച് പതിയെ വാതിൽ മലക്കെ തുറക്കുമ്പോൾ മുന്നിൽ ഒരു പെൺകുട്ടി നിൽപ്പുണ്ടായിരുന്നു നഖം കടിച്ചുകൊണ്ട് അക്ഷമയോടെ. അവളെ കണ്ട ആശ്ചര്യത്തിൽ ആയിരുന്നു അപ്പോൾ വിഷ്ണുവും. മുന്നിൽ നിൽക്കുന്നത് സുന്ദരിയായ ഒരു മാലാഖ ആണെന്ന് തോന്നി അവന്. അതോ ഇനി കള്ളിന്റെ കള്ളത്തരം കൊണ്ട് കണ്ണുകൾ കബളിപ്പിക്കുകയാണോ എന്ന് അറിയാതെ അവൻ അവളെ തന്നെ കണ്ണിമ ചിമ്മാതെ നോക്കി നിൽക്കുമ്പോൾ അവൾക്ക് ദേഷ്യമാണ് വന്നത്.
പക്ഷേ, വന്ന ദേഷ്യം നിയന്ത്രിക്കാൻ ശ്രമിച്ചു അവൾ. എത്ര കോപം വന്നാലും ചിരിച്ചുകൊണ്ട് വേണം സംസാരിക്കാൻ എന്ന് ഇപ്പോഴത്തെ ജോലി ആണ് പഠിപ്പിച്ചത്. അതുകൊണ്ട് തന്നെ വന്ന ദേഷ്യം മനസ്സിൽ ഒതുക്കിയെങ്കിലും മുഖത്തു ചിരി ഇല്ലായിരുന്നു. ആ സ്ഥാനത് വല്ലത്ത ആധിയും പരവേശവും ആയിരുന്നു അപ്പോൾ അവളിൽ.
ഈ സമയം വീട്ടിൽ എത്തേണ്ടതാണ്. അച്ഛനും അമ്മയും അനിയത്തിമാരും ഇപ്പോൾ വേവലാതിയോടെ പടിക്കലേക്ക് നോക്കി ഇരിപ്പുണ്ടാകും. ഒന്ന് വൈകിയാൽ വിളക്കുമെടുത്തൊന്നു കവല വരാൻ ആരും ഇല്ലാത്തത്തിന്റെ വിഷമം ഇതുപോലെ ഉളള അവസരങ്ങളിൽ ആണ് മനസ്സിലാകുന്നത്. ഉള്ളത് അച്ഛൻ ആയിരുന്നു…പക്ഷേ, പാവം ഒരു ഭാഗം തളർന്ന് വീണുപോയി. അല്ലെങ്കിൽ ഈ പാതിരാ വരെ നിൽക്കുന്ന ഇതുപോലെ ഉളള ജോലിക്കൊന്നും അച്ഛൻ വിടില്ലായിരുന്നു. എന്ത് ചെയ്യാം.. എല്ലാം വിധി.
അവളുടെ മനസ്സ് വല്ലതെ മിടിക്കാൻ തുടങ്ങിയിരുന്നു. അത് ഒരു ഭയത്തിന്റ ആരംഭമായിരുന്നു. “സർ…. ” അവൾ തന്നെ തന്നെ നോക്കി നിൽക്കുന്ന വിഷ്ണുവിനെ വിളിച്ചപ്പോൾ ആണ് അവന് ശരിക്കും സ്ഥലകാലബോധം വന്നത്. “സർ.. ഞാൻ രേഷ്‌മ.. ഇവിടത്തെ സാറിന്റെ ജ്വല്ലറിയിലെ സ്റ്റാഫ് ആണ്. സർ ഈ ബുക്കും പെൻഡ്രൈവും ഇവിടെ ഏൽപ്പിക്കാൻ പറഞ്ഞിരുന്നു. അത് തരാൻ വേണ്ടി വന്നതാണ്. സാർ ഇവിടെ ഉണ്ടാകില്ല, ഇവിടെ ഉള്ളവരുടെ കയ്യിൽ ഏൽപ്പിച്ചാൽ മതി എന്നാണത്രെ പറഞ്ഞത്. അതുകൊണ്ട് ഇത് വാങ്ങിയാൽ എനിക്ക് പോകാമായിരുന്നു.” എന്നും പറഞ്ഞുകൊണ്ട് അവൾ അവന്റ മുന്നിലേക്ക് കുറച്ച് ബുക്കും കൂടെ ഒരു പെൻഡ്രൈവും കൂടി നീട്ടുമ്പോൾ അവൻ അത് വാങ്ങാൻ ഒന്ന് മുന്നോട്ട് ആഞ്ഞെങ്കിലും പിന്നെ ഒന്ന് മടിച്ചുകൊണ്ട് പിന്നോട്ട് തന്നെ മാറി.
അപ്പോൾ സണ്ണി പറഞ്ഞ വാക്കുകൾ ആയിരുന്നു മനസ്സിൽ. അടുത്തേക്ക് ചെന്ന് മദ്യത്തിന്റ മണം അടിപ്പിച്ച് ആ കൊച്ചിനെ പേടിപ്പിക്കരുത്. അതുകൊണ്ട് നീ അത് കയ്യിൽ വാങ്ങേണ്ട “എന്ന്. അതുകൊണ്ട് തന്നെ മുന്നോട്ട് വെച്ച കാൽ പതിയെ പിന്നിലോട്ട് വെച്ചു അവൻ. പിന്നെ അവളെ നോക്കി പുഞ്ചിരിച്ചു. “ഒരു കാര്യം ചെയ്യൂ.. കുട്ടി തന്നെ അത് ഒന്ന് ഉള്ളിലേക്ക് വെച്ചേക്കൂ… സത്യം പറഞ്ഞാൽ ഞാൻ രണ്ടെണ്ണം കഴിച്ചിട്ടുണ്ട്. ഈ അവസ്ഥയിൽ ഞാൻ ഇത് വാങ്ങിയാൾ ചിലപ്പോൾ നാളെ വെച്ച സ്ഥലം പോലും അറിയില്ല. അത്രക്ക് നല്ല ബോധം ആണിപ്പോൾ. അതുകൊണ്ടാട്ടോ.. ഇയാൾ അതൊന്ന് ഉള്ളിലേക്ക് വെച്ച് പൊക്കോളൂ. “
അതും പറഞ്ഞുകൊണ്ട് അവൻ വാതിൽക്കൽ അവൾക്ക് ഉള്ളിലേക്ക് കടക്കാനുള്ള വഴി ഒരുക്കികൊടുത്തപ്പോൾ അവളുടെ മനസ്സിൽ ആദ്യം തോന്നിയത് ഒരു അപായസൂചന ആയിരുന്നു. ഒരു പുരുഷൻ മാത്രമുള്ള വീട്ടിൽ, അതും ഈ രാത്രി അകത്തേക്ക് കിടന്നാൽ…..പക്ഷേ, അയാളുടെ വാക്കുകളിൽ നിറഞ്ഞ് നിൽക്കുന്ന നിഷ്കളങ്കത അവളുടെ ഭയത്തിന്റെ അളവ് കുറച്ചു. അയാളുടെ വാക്കുകളിൽ ഒരു സത്യം ഉണ്ടെന്ന് തോന്നിയത് കൊണ്ട് മാത്രം അല്പം മടിച്ചാണെങ്കിലും മനസ്സിൽ ധൈര്യം സംഭരിച്ചുകൊണ്ട് വിഷ്ണു മാറികൊടുത്ത വഴിയിലൂടെ അവൾ അകത്തേക്ക് കടന്നു.
അപ്പോഴും അവന്റെ കണ്ണുകൾ അവളിലായിരുന്നു. തനി നാട്ടിൽപുറത്തുകാരിയായ ഒരു പെൺകുട്ടി. വാക്കുകളിൽ ജാഡ ഇല്ലാതെ, സംസാരിക്കുന്നത് കേൾക്കാൻ തന്നെ എന്തൊരു രസമാണ്. അവളുടെ പുഞ്ചിരിക്ക് എന്തൊരു ഭംഗിയാണ്. അതെല്ലാം മനസ്സിൽ ഓർക്കുമ്പോൾ അമ്മ പറയാറുള്ള കാര്യം ആദ്യമായി അവന്റ ഓർമ്മയിൽ വന്നു, “മോനെ ഇനിയെങ്കിലും ഒരു പെണ്ണ് കെട്ടുന്നതിനെ കുറിച്ച് ചിന്തിച്ചൂടെ നിനക്ക്. കഴിഞ്ഞ കാര്യങ്ങളെ കുറിച്ച് മാത്രം ഓർത്തുകൊണ്ട് ജീവിതം ഇങ്ങനെ കളയണോ. അമ്മക് ചെറുപ്പം അല്ല ഇങ്ങനെ കിടന്ന് ഓടാൻ. വയസ്സ് അറുപത്തിയെട്ട് ആയി. ശരീരം മനസ്സിനോട് വഴങ്ങാൻ മടിച്ചുതുടങ്ങി. അത് മറക്കണ്ട നീ. നിന്റെ കല്യാണം കഴിഞ്ഞു നിന്റെ കുട്ടിയെ കൂടി കണ്ടിട്ട് വേണം ഈ അമ്മക്ക് ഒന്ന് കണ്ണടക്കാൻ” അമ്മ നാഴികക്ക് നാല്പതു വട്ടം പറയാറുള്ള വാക്കാണത്. അത് കേൾക്കുമ്പോൾ മാത്രം ആയിരുന്നു അമ്മയോട് ദേഷ്യം തോന്നിയിട്ടുള്ളതും. എല്ലാം അറിയുന്ന അമ്മ ഇനിയും വിവാഹക്കാര്യത്തിനു വേണ്ടി നിർബന്ധിക്കണ്ട. ന്തിനാ നമ്മള് തമ്മിൽ അതിന്റ പേരിൽ മുഷിയുന്നത് എന്ന് മറുത്തു ചോദിക്കുമ്പോൾ ആ കണ്ണുകൾ നിറയും. അത് വല്ലാത്തൊരു വേദന ആണ്..
പക്ഷേ, ഒരു വിവാഹം….ആദ്യമായിട്ടാണ് മനസ്സിൽ അമ്മ പറയാറുള്ള ആ കാര്യം ഓർമ്മയിൽ വരുന്നത്. അതും ഇപ്പോൾ, ഈ പെൺകുട്ടിയെ കാണുമ്പോൾ. പക്ഷേ, ആ നിമിഷം തന്നെ മനസിന്റെ ചിന്തകളെ പിടിച്ചുകെട്ടി അവൻ. പിന്നെ ലഹരിയാൾ ചുവന്ന കണ്ണുകൾ ഒന്ന് തിരുമ്മി മുന്നിലെ കാഴ്ചയെ വ്യക്തമാക്കാൻ ശ്രമിച്ചു. “സർ, ഇത് എവിടെ വെക്കണം, ഈ ഡൈനിങ് ടേബിളിൽ വെക്കട്ടെ? ” അവളുടെ ചോദ്യമാണ്. ഒരു മറുപടിക്കായി അവൾ കാത്തു നിൽക്കുകയാണ്. അവളുടെ ചോദ്യം കേട്ട് അവൻ ആടിയ തലയെ ഒന്ന് ഉറച്ചു നിർത്താൻ ശ്രമിച്ചുകൊണ്ട് കുഴഞ്ഞ വാക്കുകൾ കൊണ്ട് മുന്നിലേക്ക് വിരൽ ചൂണ്ടി, “കുട്ടി അത് ആ റൂമിലേക്ക് വെച്ചേക്ക് അവിടേം ഇവിടേം വെച്ച് അത് എങ്ങാനും നഷ്ടപ്പെട്ടാൽ. സണ്ണിയുടെ വായിൽ ഉള്ളത് ഞാൻ കേൾക്കേണ്ടി വരും. അതുകൊണ്ട് ആ ടേബിളിൽ ഒന്നും വെക്കണ്ട. ആ റൂമിൽ വെച്ചാൽ അത് അവിടെ ഇരുന്നോളും. അവൻ വരുന്ന വരെ. “എന്നും പറഞ്ഞുകൊണ്ട് അവൻ വിരൽ ചൂണ്ടിയ ഭാഗത്തേക്ക് നോക്കുമ്പോൾ അവളുടെ മനസ്സിൽ ഒരു ഭയം ഉടലെടുത്തു.
മുന്നിൽ ഒരു റൂം ആണ്. അവൾ ആ റൂമിന്റെ അടഞ്ഞ വാതിൽക്കലേക്ക് ഒന്ന് നോക്കി, പിന്നെ തിരിഞ്ഞ് അവനെയും. അവന്റെ മുഖത്തു കാണുന്ന ശാന്തമായ ഭാവം മാത്രമായിരുന്നു അവളെ മുന്നോട്ട് നടക്കാൻ പ്രേരിപ്പിച്ചതും. പതിയെ ഓരോ അടിവെച്ചു മുന്നോട്ട് നടന്ന് വാതിൽ പതിയെ തുറക്കുമ്പോൾ പുറത്തെ വാതിൽക്കൽ താഴെ വെച്ച ബിയർ കുപ്പിയിലെ അവസാനതുള്ളി ചുണ്ടോട് ചേർക്കുകയായിരുന്നു വിഷ്ണു. വോഡ്ക ശരീരത്തെ വീണ്ടും തളർത്തുമെന്ന ബോധത്തോടെ തന്നെ. ആ ലഹരിയെ അത്രമേൽ ആസ്വദിച്ചുകൊണ്ട്. അതേ സമയം അവൾ വാതിൽ തുറന്ന് ഉള്ളിലേക്ക് കയറി ഒന്നുകൂടി തിരിഞ്ഞു നോക്കുമ്പോൾ വാതിൽക്കൽ തന്നെ അവൻ ഉണ്ടായിരുന്നു.
പുഞ്ചിരിച്ചുകൊണ്ട്. സിരകളിൽ പടർന്നു കയറുന്ന ലഹരിയിൽ അടി പതറുന്ന നിമിഷങ്ങൾ മുന്നേ ഉളള സ്നേഹം നിറഞ്ഞ ഒരു പുഞ്ചിരി…
ബാക്കി വായിക്കാൻ ക്ലിക്ക് ചെയ്യൂ…