ഒരു മകളെ കിട്ടിയത് മുതൽ അമ്മ എത്ര സന്തോഷവതിയാണ്. ഇങ്ങനെ വാ തോരാതെ സംസാരിക്കുന്ന അമ്മയെ കണ്ടിട്ട് ഒരുപാട് ആയി…. (ഭാഗം 03)

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

അവന്റെ മുഖത്തു കാണുന്ന ശാന്തമായ ഭാവം മാത്രമായിരുന്നു അവളെ മുന്നോട്ട് നടക്കാൻ പ്രേരിപ്പിച്ചതും. പതിയെ ഓരോ അടിവെച്ചു മുന്നോട്ട് നടന്ന് വാതിൽ പതിയെ തുറക്കുമ്പോൾ പുറത്തെ വാതിൽക്കൽ താഴെ വെച്ച ബിയർ കുപ്പിയിലെ അവസാനതുള്ളി ചുണ്ടോട് ചേർക്കുകയായിരുന്നു വിഷ്ണു. വോഡ്ക ശരീരത്തെ വീണ്ടും തളർത്തുമെന്ന ബോധത്തോടെ തന്നെ. ആ ലഹരിയെ അത്രമേൽ ആസ്വദിച്ചുകൊണ്ട്. അതേ സമയം അവൾ വാതിൽ തുറന്ന് ഉള്ളിലേക്ക് കയറി ഒന്നുകൂടി തിരിഞ്ഞു നോക്കുമ്പോൾ വാതിൽക്കൽ തന്നെ അവൻ ഉണ്ടായിരുന്നു.പുഞ്ചിരിച്ചുകൊണ്ട്.

സിരകളിൽ പടർന്നു കയറുന്ന ലഹരിയിൽ അടി പതറുന്ന നിമിഷങ്ങൾ മുന്നേ ഉളള സ്നേഹം നിറഞ്ഞ ഒരു പുഞ്ചിരി.!

” നീയെന്താടാ പകൽക്കിനാവ് കണ്ടിരിക്കുവാണോ ? ” പെട്ടന്നുള്ള ചോദ്യം കേട്ട് അത്ര നേരം മനസ്സിലൂടെ ഓടിനടന്ന ചിന്തയിൽ നിന്നും ഒരു നിമിഷം ഞെട്ടി ഉണരുമ്പോൾ മുന്നിൽ അമ്മയായിരുന്നു. അപ്പോൾ അവൾ. ! ഒരു പ്രതികാരത്തിനുള്ള കോപ്പ് കൂട്ടുംപോലെ മുന്നിൽ അത്ര നേരം ഉണ്ടായിരുന്ന രേഷ്മ എവിടെ എന്ന് നാലുപാടും നോക്കുമ്പോൾ അമ്മ അല്പം കടുപ്പിച്ചു തന്നെ പറയുന്നുണ്ടായിരുന്നു,

“നേരം ഇപ്പോൾ ഉച്ചയാകും. ഇനീം നിനക്ക് എണീക്കാറായില്ലേ ചെക്കാ.. ഒന്നുല്ലെങ്കിൽ ഒരു പെണ്ണ് കൂടി വന്ന് കയറിയ വീടല്ലേ? അവളോട് പോലും ഒന്നും മിണ്ടാതെ എന്തൊരു ഇരിപ്പാണ് ഇത്. ഇനീം ഇരിക്കാൻ ആണ് ഭാവമെങ്കിൽ തലവഴി വെള്ളം കോരി ഒഴിക്കും. അതിന് മുന്നേ എണീറ്റ് കുളിച്ചിട്ട് വാ നീ, വന്നിട്ട് വേണം എല്ലാവർക്കും വല്ലതും കഴിക്കാൻ..” അമ്മയുടെ നോട്ടവും അല്പം ഗൗരവം കലർന്ന സംസാരവുമെല്ലാം കണ്ടപ്പോൾ പിന്നെ മുഖത്തൊരു ചിരി വരുത്തി എഴുന്നേൽക്കവേ എളിയിൽ കൈ കുത്തികൊണ്ട് അവന്റെ ചേഷ്ടകൾ നോക്കി നിൽക്കുകയായിരുന്നു അമ്മ. ! അത്‌ കണ്ട് കൊണ്ട് തന്നെ അവൻ എഴുനേറ്റ് അരികിലെത്തി ആ കവിളിൽ പിടിച്ച് ഒന്ന് ആട്ടി,

“എന്തിനാണ് കല്യാണിക്കുട്ടി രാവിലെ തന്നെ ഇത്ര ഗൗരവം. ഞാൻ ദേ, എത്തി. അമ്മ പോയി എല്ലാം എടുത്ത് വെക്കുമ്പോഴേക്കും ഞാൻ ഒന്ന് കുളിച്ച് ഉഷാർ ആയി വരാം. പോരെ. ഇനി അതിന്റ പേരിൽ കടന്നൽ കുത്തിയ പോലെ വീർക്കണ്ട ഈ സുന്ദരമായ മുഖം. കേട്ടല്ലോ ” എന്നും പറഞ്ഞ് ചിരിയോടെ ഒരു തോർത്തുമെടുത്തു ബാത്റൂമിലേക്ക് നടക്കുമ്പോൾ അമ്മയുടെ മുഖത്തെ ചിരിയിൽ അല്പം വിഷാദച്ചുവ നിറഞ്ഞിരുന്നു.

ഈശ്വരാ… എല്ലാം നല്ല രീതിയിൽ ഒന്ന് അവസാനിപ്പിച്ചു തരണേ. ” എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് അവർ ഒരു ദീർഘനിശ്വാസത്തോടെ പുറത്തേക്ക് നടക്കുമ്പോൾ അത്ര നേരം ഓർമ്മകളെ ചിക്കിചികഞ്ഞു ഒരു കനൽ കണക്കെ നീറിത്തുടങ്ങിയ ചിന്തകളെ തണുപ്പിക്കാൻ എന്നവണ്ണം ഷവറിന്റ ചുവട്ടിൽ തണുത്ത വെള്ളം ശിരസ്സിലൂടെ ഒഴുകി ഇറങ്ങുന്നതും ആസ്വദിച്ചുകൊണ്ട് നിൽക്കുകയായിരുന്നു വിഷ്ണു. !

കുളിയും കഴിഞ്ഞ് ഡ്രസ്സ്‌ മാറി ഡൈനിങ് ഹാളിലെത്തുമ്പോൾ ടേബിളിൽ എല്ലാം കൊണ്ടുവെക്കുന്ന തിരക്കിൽ ആയിരുന്നു അമ്മ. പക്ഷേ, അവന്റെ കണ്ണുകൾ തിരഞ്ഞത് രേഷ്മയെ ആയിരുന്നു. അവൾ എവിടെ പോയി എന്ന് ചിന്തിച്ചുകൊണ്ട് നാല് പാടും തിരയുമ്പോൾ അടുക്കള കടന്ന് മുന്നിലേക്ക് വന്ന അവളെ കണ്ടത് അവൻ അത്ഭുതത്തോടെ ആയിരുന്നു. റൂമിൽ കണ്ടതിൽ നിന്ന് വത്യസ്തമായി മുഖത്തു മനോഹരമായ പുഞ്ചിരിയുമായി മുന്നിലേക്ക് വരുന്നവളെ ഒരുമാത്ര നോക്കി നിന്നെങ്കിലും പെട്ടന്ന് തന്നെ ആ നോട്ടം പിൻവലിച്ചുകൊണ്ട് അവൻ കസേരയിലേക്ക് ഇരുന്നു. അതോടൊപ്പം തന്നെ രേഷ്മയും അമ്മയും കൂടെ ഇരുന്ന് കഴിക്കാൻ തുടങ്ങുമ്പോൾ വായ് തോരാതെ നിറഞ്ഞ ചിരിയോടെ സംസാരിക്കുന്ന അമ്മയെയും രേഷ്മയേയും അവൻ ശ്രദ്ധിക്കുകയായിരുന്നു.

ഒരു മകളെ കിട്ടിയത് മുതൽ അമ്മ എത്ര സന്തോഷവതിയാണ്. ഇങ്ങനെ വാ തോരാതെ സംസാരിക്കുന്ന അമ്മയെ കണ്ടിട്ട് ഒരുപാട് ആയി. ഇപ്പോൾ രേഷ്മയുടെ വരവ് ഈ വീടിനെ പഴയ സന്തോഷത്തിലേക്ക് കൊണ്ടെത്തിച്ചിരിക്കുന്നു. പക്ഷെ, ഇതിനു പിന്നിലുള്ള ഫ്ലാഷ്ബാക്ക് അമ്മ അറിഞ്ഞാൽ…. മകൻ ചെയ്ത കൊള്ളരുതായ്മയെ കുറിച്ചോർത്ത്‌ അവളോട് ചിലപ്പോൾ അമ്മ ക്ഷമിക്കുമായിരിക്കും. പക്ഷേ, എന്നും അമ്മയെ മാത്രം അനുസരിച്ച് ശീലമുള്ള മകനിൽ നിന്ന് ഇങ്ങനെ ഒരു ദുഷ്പ്രവർത്തി ഉണ്ടായെന്ന് അറിഞ്ഞാൽ..ചിലപ്പോൾ അമ്മക്കത് താങ്ങാൻ കഴിയില്ല. തന്നെ കുറിച്ചുള്ള പ്രതീക്ഷകൾ ആയിരിക്കും ആ നിമിഷം തകർന്നു വീഴുന്നത്. അതുകൊണ്ട് ഒരിക്കലും അത്‌ മാത്രം അമ്മ അറിയരുതേ എന്ന് പ്രാര്ത്ഥിക്കുമ്പോൾ അതോടൊപ്പം അതിയായി ആഗ്രഹിച്ചത് രേഷ്മയുടെ വായിൽ നിന്നും അറിയാതെ പോലും ഒന്നും പുറത്തേക്ക് വരല്ലേ എന്നായിരുന്നു.

അവരുടെ സംസാരങ്ങൾക്കിടയിൽ ഇടക്ക് തന്റെ മുഖത്തേക്ക് നോക്കുന്ന രേഷ്മയുടെ ചിരിയിൽ പുച്ഛമാണോ എന്ന് തോന്നിപോയി ആ നിമിഷം. “ആയിരിക്കാം…അവളുടെ ജീവിതം നശിപ്പിച്ചവൻ ആയിട്ടല്ലേ മുന്നിൽ ഇരിക്കുന്നത്. പക്ഷേ,…അന്ന് ശരിക്കും എന്താണ് നടന്നത്. !

മദ്യം തലക്ക് പിടിച്ച ആ നിമിഷത്തിൽ ഞാൻ ഒരു ക്രൂരനായി മാറിയെന്നു വിശ്വസിക്കാൻ കഴിയുന്നില്ല. അതുവരെ അങ്ങനെ ഒരു ചിന്തപോലും മനസ്സിൽ ഇല്ലാത്ത ഞാൻ…. ” വിഷ്ണുവിന്റെ മനസ്സിൽ പിന്നെയും ആ നിമിഷങ്ങളും ചിന്തകളും കൂട് പൊളിച്ചു പുറത്തേക്ക് വരാൻ തുടങ്ങിയപ്പോൾ കഴിക്കുന്നത് മതിയാക്കികൊണ്ട് എഴുനേറ്റു അവൻ. അപ്പോഴെല്ലാം മനസ്സിൽ നുരഞ്ഞുപൊന്തിയ ദേഷ്യം മുഴുവൻ സണ്ണിയോടും ഹരിയോടും ആയിരുന്നു.

അവനൊക്കെ കാരണം ആണ് ഇങ്ങനെ ഒരു അവസ്ഥയിൽ ഒരു പെണ്ണിന്റ മുന്നിൽ തല താഴ്ത്തി നിൽക്കേണ്ടി വന്നത്. എന്തൊക്ക കൊള്ളരുതായ്മ അവരിൽ ഉണ്ടെങ്കിലും തന്നോട് ഒരു ചതി പ്രതീക്ഷിച്ചിരുന്നില്ല. അല്ലെങ്കിൽ അത്രമേൽ വിശ്വാസം ആയിരുന്നു അവരെ. പക്ഷേ, ആ വിശ്വസം ആണ് ഒറ്റ നിമിഷം കൊണ്ട് ഇല്ലാതാക്കിയത്. തനിക്ക് ഈ വിഷയത്തിൽ താല്പര്യം ഇല്ലന്ന് അറിഞ്ഞിട്ടും ഇങ്ങനെ ഒരു ചതി ചെയ്യുമ്പോൾ എന്തിനായിരുന്നു ഒരു പാവം പെണ്ണിന്റ ജീവിതം കൂടി..അങ്ങനെ ഒന്ന് മനസ്സിൽ ഉണ്ടായിരുന്നെങ്കിൽ എന്തിനായിരുന്നു ആ ക്രൂരതക്ക് പാത്രമാകാൻ തന്നെ അവർ തിരഞ്ഞെടുത്തത്.” ഓരോന്നും ആലോചിക്കുംതോറും മനസ്സ് ദേഷ്യത്താൽ വല്ലാതെ കൊടുമ്പിരികൊള്ളുകയായിരുന്നു.

“നീ ഇത് എങ്ങോട്ടാടാ ഈ നേരത്ത്. കല്യാണം കഴിഞ്ഞല്ലേ ഉളളൂ.. ഇന്നെങ്കിലും കുറച്ച് നേരം ഇവിടെ അടങ്ങി നിന്നൂടെ നിനക്ക്. ഈ കുട്ടിക്ക് ഇവിടെ ഒന്നും കാര്യമായി അറിയാത്തതല്ലേ? എല്ലാം ഒന്ന് പറഞ്ഞ് മനസ്സിലാക്കുന്നതിനു പകരം ഒന്നും പറയാതെ ഇറങ്ങിപോകുവാണോ? പിന്നെ കല്യാണം കഴിഞ്ഞതിന്റെ പിറ്റേ പെണ്ണിന്റ വീട്ടിൽ പോകുക എന്ന ചടങ്ങൊക്കെ ഉണ്ട്. അവിടെ ആരും നിങ്ങളെ കൂട്ടിക്കൊണ്ടുപോകാൻ വേണ്ടി ഇങ്ങോട്ട് വരാൻ ഇല്ലെന്ന് അറിയുന്നതല്ലേ. അത്‌ അറിഞ്ഞുകൊണ്ട് കാര്യം മനസിലാക്കി നമ്മൾ അങ്ങോട്ട്‌ ചെല്ലുന്നതല്ലേ മര്യാദ. അത്‌ അവർക്ക് ഒരുപാട് സന്തോഷവും ആകും. അതിനൊന്നും ഇപ്പോൾ സമയം ഇല്ലാതെ എടിപിടി എന്ന് വേഷം മാറി എങ്ങോട്ടാ?” വേഷം മാറി പുറത്തേക്ക് ഇറങ്ങാൻ തുടങ്ങുമ്പോൾ ആയിരുന്നു അമ്മയുടെ ചോദ്യം.

പക്ഷേ, അതിനൊന്നും കാര്യമായി മറുപടി പറയാതെ ആരോടെന്ന പോലെ ” ഇപ്പോൾ വരാം ” എന്ന് പറയുമ്പോൾ അവന്റെ നോട്ടം രേഷ്മയുടെ മുഖത്തായിരുന്നു. പിന്നെ കാറിന്റെ ചാവിയും എടുത്ത് പുറത്തേക്കിറങ്ങി കാറുമെടുത്തു മുന്നോട്ട് എടുക്കുമ്പോൾ വിഷ്ണു ഒന്നുകൂടി നോക്കി ഉമ്മറത്തേക്ക്. അവിടെ അവനെ തന്നെ നോക്കികൊണ്ട് പുഞ്ചിരിയോടെ രേഷ്മ ഉണ്ടായിരുന്നു. ശരിക്കും അപ്പഴും അവന് മനസിലാകുന്നില്ലായിരുന്നു ആ പുഞ്ചിരിയുടെ അർത്ഥം എന്താണെന്ന്. അതിൽ ഓളിഞ്ഞിരിക്കുന്ന ഭാവം കൊല്ലാനോ വളർത്താനോ എന്ന്.

അവൻ അവിടെ നിന്നും നേരെ പോയത് സണ്ണിയുടെ വീട് ലക്ഷ്യമാക്കിയായിരുന്നു. അറിയണം തന്നോട് എന്തിനായിരുന്നു ഇതെന്ന്. വിശ്വസിച്ചു കൂടെ നിന്നതിന്റ പേരിൽ ഇങ്ങോട്ട് ഇങ്ങനെ ഒരു വിശ്വാസവഞ്ചന എന്തിനായിരുന്നു എന്ന്. പഠിക്കുന്ന കാലം മുതൽക്ക് കൂടെ ഉള്ളവൻ ആണ്. എന്തിനും ഏതിനും കൂടെ നിൽക്കുന്നവൻ.. പക്ഷേ, ആ വിശ്വാസവും സ്നേഹവും ആണ് ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കിയത്. സ്നേഹവും വിശ്വാസവും ഉണ്ടാക്കി എടുക്കാൻ ആണ് പ്രയാസം.. അത്‌ ഇല്ലാതാക്കാൻ ഒരു നിമിഷം മതി. മനസ്സിൽ നിറഞ്ഞ് വന്ന ദേഷ്യവും സങ്കടവും കണ്ണുകളെ ഈറനയിച്ചപ്പോൾ അവൻ സ്വയം ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു. തോറ്റുപോകുമ്പോൾ പിടിച്ചുനിൽക്കാൻ എന്നവണ്ണം. സണ്ണിയുടെ വീടിന്റെ മുറ്റത്തേക്ക് കാർ കയറ്റി നിർത്തി ഇറങ്ങുമ്പോൾ മുന്നിൽ തന്നെ പത്രവും കയ്യിൽ പിടിച്ചുകൊണ്ട് ഇരിപ്പുണ്ടായിരുന്നു സണ്ണി.

മുറ്റത് വന്ന് നിന്ന കാറും അതിൽ നിന്ന് ഇറങ്ങുന്ന വിഷ്ണുവിനെയും കണ്ടപ്പോൾ തന്നെ അവന്റെ മുഖം ഒന്ന് മങ്ങിയെങ്കിലും അത്‌ പുറത്ത് കാണിക്കാതെ പത്രം മടക്കി പുഞ്ചിരിയോടെ എഴുനേറ്റ് അവനെ ഉള്ളിലേക്ക് ക്ഷണിച്ചു, “എന്താടാ. വന്ന പാടെ മുറ്റത്തു തന്നെ നിൽക്കുന്നത്. കേറി വാ…എനിക്ക് നിന്നോട് ഒരു പിണക്കവും ഇല്ല. നിനക്കൊക്കെ അല്ലെ പിണങ്ങാൻ പറ്റൂ..അലെങ്കിലും കൂട്ടുകാർ ആയാൽ ഇണക്കവും പിണക്കവും ഒക്കെ പതിവാ..അത്‌ മാറുമ്പോൾ നീ വരുമെന്ന് എനിക്ക് അറിയാമായിരുന്നു. വാടാ…ഇനിയും ചുമ്മാ ബലം പിടിച്ചു നിൽക്കാതെ ” അവന്റെ സന്തോഷം അഭിനയിക്കലും സ്‌നേഹപ്രകടനവും കണ്ടപ്പോൾ വിഷ്ണുവിന് പെരുവിരൽ മുതൽ ദേഷ്യം ഇരച്ചുകയറുന്നുണ്ടായിരുന്നു.

ആ ദേഷ്യം സണ്ണിയുടെ സ്നേഹപ്രകടനങ്ങൾക്കുള്ള മറുപടിയിൽ വ്യക്തവുമായിരുന്നു. ” നിന്റെ സൽക്കാരം സ്വീകരിക്കാനും മുഖത്തു ചിരി ഒട്ടിച്ചു വെച്ചുള്ള മുഖമൂടി ഭാവം കണ്ട് ആസ്വദിക്കാനും വന്നതല്ല ഞാൻ. നീയൊക്കെ കൂടി എനിക്ക് ഒപ്പിച്ചു തന്ന സംബന്ധം കൊണ്ട് അഭിമാനം കൊള്ളൂന്നത്തിന്റെ സന്തോഷം അറിയിയ്ക്കാൻ വന്നതാണ് ഞാൻ. കേട്ടോടാ… ” അവന്റെ ഓരോ വാക്കിലും ദേഷ്യം ഇരമ്പിക്കയറുമ്പോഴും സണ്ണിയുടെ മുഖത്തു പുഞ്ചിരി ആയിരുന്നു.

“നീ ചിരിക്ക്. നിന്റെ ഈ ചിരിക്ക് പിന്നിൽ ഒളിപ്പിച്ചു വെച്ച ചതി അറിയാൻ കഴിയാത്തതാണ് എനിക്ക് പറ്റിയ തെറ്റ്. അറിഞ്ഞിരുന്നെങ്കിൽ ഒരു പെണ്ണിന്റ ജീവിതം നശിപ്പിക്കാൻ ഞാൻ കൂട്ടുനിൽക്കില്ലായിരുന്നു. പക്ഷേ, നീയൊക്കെ കൂടെ….എന്നിട്ട് അവസാനം അത്‌ എന്റെ തലയിൽ കെട്ടിവെച്ചു നീ ഒക്കെ കൈയൊഴിഞ്ഞു. ഇപ്പോൾ നിന്റെ ഒക്കെ വിഴുപ്പ് കൂടി ചുമക്കേണ്ട അവസ്ഥയാണ് എനിക്ക്. അപ്പൊ നിനക്ക് ചിരിക്കാം…കൂട്ടുകാരന്റെ ജീവിതം തകർത്തിട്ട് ഇങ്ങനെ ചിരിക്കാൻ സാധിക്കുന്ന നിന്നെ ഒക്കെ.. “

അവൻ വർദ്ധിച്ച ആവേശത്തോടെ സണ്ണിക്ക് നേരെ കയർക്കുമ്പോൾ ഇടക്ക് വാക്കുകൾ ശ്വാസം മുട്ടി പിടഞ്ഞുവീഴുന്നുണ്ടായിരുന്നു. അത്‌ കണ്ട് കൊണ്ട് തന്നെ സണ്ണി മറുത്തൊന്നും പറയാതെ അകത്തേക്കു നടന്നു. ഉള്ളിലേക്ക് നടക്കുമ്പോൾ സണ്ണിക്ക് അറിയാമായിരുന്നു കൂടെ ദേഷ്യത്തോടെ വിഷ്ണു വരുമെന്ന്. ഉള്ളിലേക്ക് വന്ന് സംസാരിക്കാൻ പറഞ്ഞാൽ അവൻ കേൾക്കില്ലെന് അറിയാം. അപ്പൊ ഇതാണ് നല്ലത്. അവൻ താനേ ഉള്ളിലേക്ക് വരും.

കാരണം, ഇപ്പോൾ അവന്റെ ആവശ്യം ആണ് ദേഷ്യവും സങ്കടവും പറഞ്ഞ് തീർക്കുക എന്നത്. കരുതിയ പോലെ തന്നെ ഒന്നും പറയാതെ ഉള്ളിലേക്ക് നടക്കുന്ന സണ്ണിയെ കണ്ടപ്പോൾ വർദ്ധിച്ച ദേഷ്യത്തോടെ വിഷ്ണുവും ഉള്ളിലേക്ക് കയറി അവനെ തിരയുമ്പോൾ ആ നിമിഷം പിന്നിൽ തുറന്നു കിടക്കുന്ന വാതിൽ അടക്കുകയായിരുന്നു സണ്ണി…

ബാക്കി വായിക്കാൻ ക്ലിക്ക് ചെയ്യൂ…