അമ്മയിൽ നിന്നും കൈകൾ വേർപ്പെടുത്തി അഭയ പിന്തിരിഞ്ഞ് നടക്കാനൊരുങ്ങിയതും…

ശ്രീദേവി

രചന: Nima Suresh

കോടതി വരാന്തയിലൂടെ തലയുയർത്തി പിടിച്ച്‌ കൂസലന്യേ നടന്നകലുന്ന “ശ്രീദേവി” യെ “മഹേഷ്‌” ഉള്ളിലുറഞ്ഞ കോപത്തോടെ നോക്കി നിന്നു…..ദേവിയുടെ ഇടം കൈ വിരലുകൾ തന്റെ ഇരുപത് വയസ്സ് പ്രായമുള്ള മകൾ “അഭയ”യുടെ വലം കൈ വിരലുകൾക്കിടയിലൂടെ ദൃഢതയോടെ കോർത്ത് പിടിച്ചിരിക്കുന്നത് കണ്ടയാളിൽ അസ്വസ്ഥതയേറി……

“””മോൾക്ക് വിഷമമുണ്ടോ??? അമ്മയോട് ദേഷ്യണ്ടോ???”””

“”””നെവർ അമ്മാ…….. ദേഷ്യം ഉണ്ടെങ്കിൽ ഞാൻ അമ്മേടൊപ്പം വരുവോ ???””””

ആ വാക്കുകൾ ദേവിയിൽ ഒരുപോലെ ആശ്വാസവും , സംതൃപ്തിയും നിറച്ചു…..വിരലുകൾ ഒരിക്കൽ കൂടി മകളിൽ മുറുകി…..

“””അമ്മാ….ഞാൻ അച്ഛന്റടുത്തൊന്നു പോയി യാത്ര പറഞ്ഞോട്ടെ…..??”””

“””മ്മ്മ്….. പോയി വാ……”””

അമ്മയിൽ നിന്നും കൈകൾ വേർപ്പെടുത്തി അഭയ പിന്തിരിഞ്ഞ് നടക്കാനൊരുങ്ങിയതും അവർക്കരികിലേക്ക് ചുവടുകൾ വയ്ക്കുന്ന മഹേഷിനെ കണ്ടവൾ നറു ചിരിയോടെ അവിടെ തന്നെ നിന്നു….

മഹേഷ്‌ ഇരുവർക്കുമരികിലെത്തി വാത്സല്യത്തോടെ മകളുടെ മുടിയിഴകളിലൂടെ വിരലുകളോടിച്ചു….

“””മോൾക്ക് എന്ത് ബുദ്ധിമുട്ട് ഉണ്ടെങ്കിലും അച്ഛനെ വിളിക്കണം…..അധിക കാലമൊന്നും അമ്മയ്ക്ക് മോളെ നോക്കാൻ കഴിയില്ല…..വടികൊണ്ട് കൊട്ടി നാല് പിള്ളേരെ പഠിപ്പിച്ച് എത്ര കാലം മുന്നോട്ട് പോകും…..!!! “”””

വാക്കുകളിൽ പരിഹാസം കലർന്നതറിഞ്ഞെങ്കിലും ശ്രീദേവി മൗനം പാലിച്ചു….അവളിൽ ഭാവബേധമൊന്നുമില്ലെന്ന് കണ്ടപ്പോൾ മഹേഷിന് വാശിയും , ശൗര്യവും വീണ്ടും കൂടി……

“””മോള് സൂക്ഷിക്കണം……നല്ല കുട്ടിയായിരിക്കണം…..ഒരിക്കലും നിന്റെ അമ്മയെ പോലെയാകാൻ ശ്രമിക്കരുത്…….അഴിഞ്ഞാടി നടക്കാൻ അച്ഛന്റേത് പോട്ടെ നിന്റെ ജീവിതത്തെ പോലും മറന്നു കളഞ്ഞ ഇവളെ……………

അവജ്ഞയോടെ മഹേഷ്‌ പറഞ്ഞ് മുഴുമിപ്പിക്കും മുന്നേ ശ്രീദേവി അയാളിൽ നിന്നും മകളെ വലിച്ചെടുത്ത് നെഞ്ചോട് ചേർത്തു……

“””ഈ കൈ നിവർത്തി ഒന്ന് നിങ്ങളുടെ കവിളിൽ തന്നതിന്റെ ബാക്കി പത്രമായാണ് നമ്മൾ രണ്ട് പേരും ഇന്നിവിടെ എത്തി നിൽക്കുന്നത്…..നിങ്ങൾ എന്ത് പറഞ്ഞാലും , ചെയ്താലും പഞ്ചപുച്ഛമടക്കി നിന്നൊരു ശ്രീദേവി ഉണ്ടായിരുന്നു……പണ്ട്……ഇനിയും എന്നെ അപമാനിച്ചാൽ….ഇവിടെ വച്ച് , ഈ നിമിഷം അന്ന് തന്നതിലും സ്ട്രോങ്ങായിട്ട് കൈ നീട്ടി ഒന്ന്കൂടെ ഞാനങ്ങ് തരും….””””

വീറോടെ പറഞ്ഞവൾ ചേർത്ത് പിടിച്ച തന്റെ മകളിലെ പിടി അയച്ചു….

“””അഭി… അമ്മ ബസ്റ്റോപ്പിൽ ഉണ്ടാകും… സംസാരിച്ച് കഴിഞ്ഞിട്ട് മോള് അങ്ങോട്ട് വന്നേക്ക്‌……””

അഭിയുടെ കവിളിൽ തലോടി പുഞ്ചിരിയോടെ നടന്നകലുന്ന ദേവിയെ നോക്കി മഹേഷ്‌ ക്രോധത്തോടെ പല്ല്‌ കടിച്ചു….

“””ബ്ല ഡി ബി ച്ച് …….. ഷി വിൽ ഡെഫെനിറ്റ്ലി പേ ഫോർ ദിസ്…..”””

അവനിലെ വാക്കുകൾ അഭിയിൽ നേർത്തൊരു മന്ദഹാസം വിടർത്തി…..ഒരു മാത്ര നിശബ്ദയായി നിന്നവൾ അച്ഛനുമായുള്ള സംഭാഷണത്തിന് തുടക്കം കുറിച്ചു….

“”””അച്ഛാ……..അച്ഛനോർക്കുന്നുണ്ടോ ഒരിക്കൽ കുടിക്കാൻ അമ്മ കൊണ്ട് വച്ച വെള്ളം ചൂടാണെന്ന് പറഞ്ഞ് അച്ഛൻ ദേഷ്യത്തിൽ അതെടുത്ത് അമ്മേടെ ദേഹത്തേക്ക് ഒഴിച്ചത്…..മെ ബി… അച്ഛൻ മറന്നു കാണും…കാരണം അത്തരം സംഭവങ്ങൾ ഒരുപാടുണ്ടായിരുന്നല്ലോ നിങ്ങൾക്കിടയിൽ…….ബട്ട്‌.. ഐ റിമെമ്പർ…അമ്മേടെ അന്നത്തെ അവസ്ഥ…സങ്കടം….വേദന…..ദേഹത്തെ നീറ്റൽ….എല്ലാം… എല്ലാം ഞാൻ ഓർക്കുന്നു…

അന്ന് ഞാൻ അച്ഛനെ പഴിച്ച് സംസാരിച്ചപ്പോ ,ആ അവസ്ഥയിലും അച്ഛനിപ്പൊ വിളിച്ച “ബ്ല ഡി ബി ച്ച് ”എന്നോട് പറഞ്ഞതെന്താന്നറിയുവോ

“അച്ഛന് പെട്ടന്ന് ദേഷ്യം വന്നപ്പോ പറ്റി പോയതാണെന്ന്…..

പിന്നെ ഒന്ന്കൂടെ പറഞ്ഞു…..

“അമ്മയും അച്ഛനും തമ്മിൽ എന്ത് പ്രശ്നമോ ഉണ്ടായിക്കോട്ടെ…..പക്ഷേ മോളൊരിക്കലും അച്ഛനെ വെറുക്കരുതെന്ന്….”

ഇരുപത്തിയൊന്ന് വർഷം അമ്മ അച്ഛനെ സ്നേഹിച്ച് , അനുസരിച്ച് ഒരു ജോലിക്കാരിയെ പോലെ ജീവിച്ചു….അമ്മയെ സന്തോഷവതിയായി ഞാൻ കണ്ടിട്ടുള്ളത് നൃത്തം ചെയ്യുമ്പോഴും , ഉള്ളിലുള്ള കല കുട്ടികൾക്ക് പകർന്ന് നൽകുമ്പോഴും മാത്രമാണ്……ആ ചുരുങ്ങിയ സമയം പോലും അമ്മയെ പിടിച്ചു കെട്ടാനാണ് അച്ഛൻ ശ്രമിച്ചത് …..ആൻഡ് യൂ നോ വൺ തിങ്ങ് …?? അച്ഛനെ ഡിവോഴ്സ് ചെയ്യാൻ അമ്മയോടാവിശ്യപ്പെട്ടത് ഞാനാണ്……”””

മഹേഷ്‌ അമ്പരപ്പോടെ മകളെ നോക്കി…

അച്ഛനൊരിക്കലും അമ്മയെ സ്നേഹിച്ചിട്ടില്ല…..ലൈഫ് പാർട്ണറായിട്ട് കണ്ടിട്ടില്ല….അറ്റ്ലീസ്റ്റ് സങ്കല്പിച്ചിട്ടെങ്കിലും ഉണ്ടോ!!!! ഐ ഡോണ്ട് നോ….അച്ഛന് വേണ്ടിയിരുന്നത് അച്ഛൻ പറയുന്നതെല്ലാം കേട്ടും , ചെയ്തും , അച്ഛനെ പരിചരിച്ച് , അച്ഛന്റെ ഇഷ്ടങ്ങൾക്കനുസരിച്ച് ജീവിക്കുന്ന ഒരു അടിമയെ ആയിരുന്നു….ആൻഡ് , എന്റെ അമ്മ അതായിരുന്നു……അച്ഛന് വേണ്ടി രാപകലോളം എല്ലാമെല്ലാം ചെയ്ത് തന്നിട്ടും ഒരിക്കലെങ്കിലും അമ്മയുടെ ഇഷ്ടങ്ങളറിയാൻ അച്ഛൻ ശ്രമിച്ചിട്ടുണ്ടോ …..???

വിഷമിച്ചിരിക്കുമ്പോൾ ഈ കൈകൾ കൊണ്ടൊന്നമ്മയെ അച്ഛൻ ചേർത്ത് പിടിച്ചതായിട്ട് പോലും ഞാൻ കണ്ടിട്ടില്ല…അച്ഛന്റെ ഭാഗത്താണ് തെറ്റെങ്കിൽ പോലും അതിനെ ന്യായീകരിക്കാനെ അച്ഛൻ എല്ലായിപ്പോഴും ശ്രമിച്ചിട്ടുള്ളൂ……ഒരിക്കലും… ഒരിക്കലും എന്റമ്മ നിങ്ങൾക്കൊപ്പം ഹാപ്പി അല്ലായിരുന്നു…….ആൻഡ് യൂ ഡോണ്ട് ഡിസേർവ് ഹേർ….”””

“”സോറി അച്ഛാ…..ഒരുപാടായി തുറന്നൊന്ന് സംസാരിക്കണമെന്ന് കരുതുന്നു….വാക്കുകൾ കൊണ്ടോ പ്രവർത്തി കൊണ്ടോ അച്ഛനെ വേദനിപ്പിക്കണമെന്ന് ആഗ്രഹിച്ചതല്ല….പക്ഷേ ഇപ്പൊ പറയാതിരിക്കാൻ പറ്റിയില്ല….ഐ ആം സോറി….. ആൻഡ് ഐ ലവ് യൂ സോ മച്ച് ആസ് മൈ ഫാദർ………ഓൺലി ആസ് മൈ ഫാദർ……….”””

തരിത്ത് നിൽക്കുന്ന മഹേഷിനെ മുറുകെ പുണർന്ന ശേഷം അഭി അയാളുടെ കവിളിൽ അമർത്തി ചുംബിച്ചു…….

അടർന്നു വീഴാൻ ഒരുങ്ങി നിന്ന രണ്ട് തുള്ളി കണ്ണുനീരിനെ കൈ പത്തി കൊണ്ടമർത്തി തുടച്ച് മാറ്റിയവൾ പിന്തിരിഞ്ഞ് നടന്നു…..

പകുതിയെത്തിയപ്പോൾ വീണ്ടുമവൾ തല ചെരിച്ച് അച്ഛനെ നോക്കി…..

“”””അച്ഛൻ പറഞ്ഞില്ലേ അമ്മയെ പോലെ ആകരുതെന്ന്…….!!!

സോറി അച്ഛാ ….എനിക്കെന്റെ അമ്മയെ പോലെയാകാനേ പറ്റൂ…..ഇന്നച്ഛന് മുമ്പിൽ നിന്നും ബോൾഡായിട്ട് ഇറങ്ങി പോയ അമ്മയില്ലേ…അത് പോലെ…..ഇനി അച്ഛനരികിലേക്ക് വരുമ്പോ ഈ അഭി ആർക്കും കുറ്റം പറയാൻ പറ്റാത്ത രീതിയിൽ സ്ട്രോങ്ങ്‌ ആയിരിക്കും….അല്ലെങ്കിൽ അങ്ങനെ ആകുമ്പോഴേ അഭി അച്ഛനരികിലേക്ക് വരൂ…എന്തിനാന്നറിയുവോ?? അമ്മ വളർത്തണ അഭി ഒരിക്കലുമൊരു അഴിഞ്ഞാട്ടക്കാരിയാകില്ലെന്ന് തെളിയിക്കാൻ…..”””

ആത്മവിശ്വാസത്തോടെ ദൂരേക്ക് നടന്നകലുന്ന മകളെയയാൾ കണ്ണിമയ്ക്കാതെ നോക്കി നിന്നു….വിലപ്പെട്ടതെന്തൊക്കെയോ നഷ്ടമായി പോകുന്ന വേദനയറിഞ്ഞയാളുടെ ഹൃദയം നീറി പുകഞ്ഞു….

*****************

“”‘മഹി സാർ…സാർ……..””””

ഓർമകളിൽ നിന്നും ഞെട്ടിയുണർന്ന് മഹേഷ്‌ ശബ്ദം കേട്ടിടത്തേക്ക് മുഖം തിരിച്ചു ….

“””ഭക്ഷണം എടുത്ത് വച്ചിട്ടുണ്ട്…..സാർ കഴിച്ചിരുന്നേൽ എനിക്ക് പോകാമായിരുന്നു….കടേല് ചെല്ലുന്നത് വൈകിയാൽ മുതലാളി വഴക്ക് പറയും….”””

അവർ മടിയോടെ പറഞ്ഞ് ചൂണ്ട് വിരൽ കൊണ്ട് നെറ്റിക്കൊരു വശമുഴിഞ്ഞു….

“””പൊയ്ക്കോളൂ… ഞാൻ കഴിച്ചോളാം….”””

ഗൗരവത്തോടെ വാക്കുകൾ ഉച്ചരിച്ച് വീണ്ടും ദിനപത്രത്തിലെ ഹെഡ്ലൈനിലൂടെ മതിവരാതെ മിഴികളോടിച്ചു……

‘‘സിവിൽ സർവീസ് ഉന്നത വിജയം കേരളത്തിന്‌ ; കോഴിക്കോട് സ്വദേശിനി ‘അഭയ മഹേഷിന് ’പതിമൂന്നാം റാങ്ക്..’’

പത്രം നെഞ്ചോട് ചേർത്തയാൾ ചാരു കസേരയിലേക്ക് ചാഞ്ഞിരുന്ന് കണ്ണുകൾ ഇറുകെയടച്ചു……മിഴിക്കോണിൽ നഷ്ടബോധത്തിൻ ജല കണങ്ങൾ ഉരുണ്ട് കൂടി….ഏറെ നേരം അതേ ഇരിപ്പിരുന്നു…..

അരികിലൊരു കാലടി ശബ്ദമറിഞ്ഞപ്പോൾ മഹേഷ്‌ ആകാംഷയോടെ കണ്ണുകൾ വിടർത്തി…..

“””അച്ഛാ…….”””

നിറഞ്ഞ ചിരിയോടെ തനിക്ക് മുന്നിൽ നിൽക്കുന്ന മകളെ അയാൾ ആശ്ചര്യത്തോടെയും അതിലേറെ വേദനയോടെയും നോക്കി……

അഞ്ച് വർഷങ്ങൾക്ക് ശേഷവും അവളിൽ വലിയ മാറ്റമൊന്നും കണ്ട് പിടിക്കാൻ അയാൾക്ക് സാധിച്ചില്ല….

മോളെ….എന്ന് സ്നേഹത്തോടെ വിളിക്കാൻ ആശ തോന്നിയെങ്കിലും കഠിനമാർന്നൊരു വിങ്ങൽ അയാളിലെ നേർത്ത ശബ്ദത്തെ പോലും പിടിച്ചു കെട്ടി…

അഭി അച്ഛന്റെ കാൽക്കൽ പടിഞ്ഞിരുന്ന് അയാളുടെ മടിയിലേക്ക് തല ചായ്‌ച്ചു…….

വിറയാർന്ന കൈകൾ അഭിയുടെ മിനുസ്സമാർന്ന മുടിയിഴകളിലൂടെ ഒഴുകി നടന്നു…..

“””അച്ഛന് എന്നോട് ദേഷ്യമാണോ?? കാണാൻ ഒരുപാട് വട്ടം കൊതി തോന്നിയിട്ടുണ്ട്….എല്ലാം മറന്ന് ഇങ്ങോട്ടോടി വന്നാലോന്നും പലവുരു ചിന്തിച്ചു…..പക്ഷേ.. എന്തോ ഒന്ന്……………..എന്നെ…..

വിതുമ്പലോടെ അവൾ അച്ഛന്റെ മടിയിൽ മുഖം പൂഴ്ത്തി…..

നിമിഷങ്ങൾ നിശബ്ദതയിൽ ലയിച്ച് കടന്നു പോയി….

ചെയ്തത് തെറ്റാണോന്ന് എനിക്കറിയില്ല അച്ഛാ …….മറ്റുള്ളവരുടെ കണ്ണിൽ ചിലപ്പോ എന്റെ ഈ നിലപാട് തെറ്റായിരിക്കാം…..പക്ഷേ എന്റെ ശരി ഇതായിരുന്നു…..””””

“””അച്ഛന് ദേഷ്യമൊന്നുമില്ല…..തെറ്റായിരുന്നു ചെയ്തത്രയും…..മനസ്സിലാക്കി തരാൻ എന്റെ മോള് വളരേണ്ടി വന്നു…..നിന്റെ നേട്ടത്തിൽ പോലും സന്തോഷിക്കാൻ അച്ഛനർഹനല്ല…..ഇരുപത് വയസ്സുള്ളപ്പോ എന്റെ കൈ പിടിച്ചതായിരുന്നു ദേവി…..ഒരിക്കൽ പോലും അവളെയോ , അവളിലെ വ്യക്തിത്വത്തെയോ ഞാൻ അംഗീകരിച്ചിട്ടില്ല…ബഹുമാനിച്ചിട്ടില്ല…..അവള് നൃത്തം ചെയ്യുമ്പോ എനിക്ക് ദേഷ്യമായിരുന്നു. അല്ല…..അതിനുമപ്പുറം ഭയമായിരുന്നു… അവളെന്നേക്കാൾ ഉയരത്തിൽ എത്തി ചേരുമോ എന്ന ഭയം….””””

തന്നെ തലോടിയിരുന്ന അച്ഛന്റെ കൈയ്യിൽ പിടിച്ചവൾ അയാളുടെ കൈ വെള്ളയിൽ അമർത്തി ചുംബിച്ചു…..

“””അച്ഛൻ വാ…. നമുക്ക് പോകാം…”””

“”എങ്ങോട്ട്???”””

“”ഞങ്ങൾക്കൊരു കൊച്ച് വീടുണ്ട്.. അങ്ങോട്ട്….”’

‘””അത് വേണ്ട മോളെ……നീയെടയ്ക്ക് ഇങ്ങോട്ട് വന്ന് അച്ഛനെ കണ്ടാൽ മതി……”””

“””പോരാ…. ഇനി ഇവിടെ ഒറ്റയ്ക്ക് കഴിയണ്ട….ഞാൻ കാറും കൊണ്ടാ വന്നത്….. അച്ഛനെ കൊണ്ട് പോകാൻ….വന്നേ……”””

“””ശ്രീദേവി….അവൾക്ക് ഇഷ്ടപ്പെടില്ല ????”””

“”അത് അവിടെ എത്തിയിട്ടല്ലേ…… നമുക്ക് നോക്കാം “””

തിടുക്കത്തിൽ അകത്ത് കയറി അയാൾക്കാവശ്യമായ സാധനങ്ങളെല്ലാം ഒരു ബാഗിൽ നിറച്ചവൾ വാതിൽ പൊളികളെല്ലാം അടച്ച് പൂട്ടി പുറത്തേക്ക് കടന്നു……അഭിക്കൊപ്പം കാറിൽ യാത്ര ചെയ്യുമ്പോഴും ശ്രീദേവിയുടെ പ്രതികരണമെന്താകുമെന്നോർത്തയാൾ വെപ്രാളം പൂണ്ടു…….

ഉമ്മറത്ത് കാർ നിർത്തി അഭി പുറത്തേക്കിറങ്ങിയിട്ടും മഹേഷ്‌ കാറിൽ നിന്നിറങ്ങാൻ കൂട്ടാക്കിയില്ല…..

“””അച്ഛൻ ഇറങ്ങ്……””

“”വേണ്ട മോളെ… എന്നെ തിരികെ വീട്ടിലാക്കിയേക്ക്……”””

“””ഒന്നിങ്ങോട്ട് ഇറങ്ങെന്റെ മഹേഷ്‌ സാറേ..””

നിരാശയോടെ തല താഴ്ത്തി ഇരിക്കുന്ന മഹേഷിനെ അഭി ബലമായി പിടിച്ച്‌ പുറത്തേക്കിറക്കി……

അകത്തളത്തിൽ നിന്നും ശബ്ദം കേട്ട് പുറത്തേക്ക് വന്ന ശ്രീദേവി മഹേഷിനെ കണ്ടൊന്ന് ഞെട്ടി ….

കൂടെ കൂട്ടുമെന്ന് അഭി പറഞ്ഞിരുന്നെങ്കിലും പെട്ടെന്നുള്ള കാഴ്ച്ചയിൽ അവർ പതറി പോയിരുന്നു ….പതിയെ സമചിത്ത വീണ്ടെടുത്ത് പുഞ്ചിരിയോടെ ഇരുവരെയും വരവേറ്റു…

വെള്ളയും നീലയും കലർന്ന യൂണിഫോം ചുരിദാറിട്ട് മുറ്റത്ത് ഒരുപാട് പെൺകുട്ടികൾ നിരന്നു നിൽക്കുന്നത് ശ്രദ്ധിച്ചയാൾ അവരിലൂടെയെല്ലാം കണ്ണുകളോടിച്ച് അഭിയെ നോക്കി……

“””അമ്മ ഡാൻസ് പഠിപ്പിക്കുന്ന പിള്ളേരാ….രാവിലത്തെ ബാച്ച്….”””

കുട്ടികൾക്ക് നേരെ പുഞ്ചിരിയോടെ കൈ വീശി കാണിച്ച് അഭി അച്ഛനൊപ്പം ഉമ്മറത്തേക്ക് നടന്നു….

“””അഭീടെ അച്ഛൻ എന്താ അവിടെ തന്നെ നിൽക്കുന്നത്…. കയറി വായോ….”””

പടികൾ കയറാതെ മുറ്റത്ത് തന്നെ നിൽക്കുന്ന മഹേഷിനോടായി ശ്രീദേവി പറഞ്ഞു….

“അഭീടെ അച്ഛൻ”….

ശ്രീദേവിയുടെ അഭിസംബോധന മഹേഷിന്റെ ഹൃദയത്തെ കീറി മുറിച്ചു… വാക്കുകൾ കൊണ്ടു പോലും അന്യനായി തീർന്ന വേദനയിൽ അയാളുടെ മിഴികൾ തുളുമ്പി….

ഉമ്മറ പടികൾ കയറി മഹേഷ്‌ ശ്രീദേവിക്ക്‌ മുന്നിൽ നിന്നു….

“”ചെയ്തതൊക്കെ തെറ്റാണെന്ന് മനസ്സിലാക്കാൻ ഒരുപാട് സമയം വേണ്ടി വന്നു….. ക്ഷമിക്കണം….”””

ആദ്യമായി , ചെയ്ത തെറ്റിന് ആത്മാർത്ഥമായി മാപ്പ് ചോദിച്ച അച്ഛനെ അഭി പുഞ്ചിരിയോടെ ചേർത്തു നിർത്തി…..ശ്രീദേവിയുടെ ചൊടികൾ വിരിഞ്ഞു….

“””ഈൗ വാക്കുകൾ കൊണ്ട് നഷ്ടപ്പെട്ട് പോയ എന്റെ നല്ല കാലങ്ങൾ തിരികെ തരാൻ നിങ്ങൾക്ക് പറ്റുമോ …..???

അവരുടെ ചോദ്യത്തിന് മുമ്പിൽ മൗനിയായി തല കുനിച്ച് നിൽക്കാനെ മഹേഷിനായുള്ളൂ…..

ശ്രീദേവി ചൊടികൾ പുച്ഛത്തോടെ ചുളിച്ചു……

ഇപ്പോഴുള്ള ഈ ഏറ്റു പറച്ചിൽ കൊണ്ട് എനിക്കൊരു പ്രയോജനവും ഇല്ല……..മാപ്പ് പറഞ്ഞത് കൊണ്ട് നിങ്ങൾ പറഞ്ഞതും , ചെയ്തതും മറക്കാനും എന്നേ കൊണ്ട് കഴിയില്ല……പിന്നെ ഭംഗി വാക്കായിട്ട് ഞാൻ നിങ്ങളോട് ക്ഷമിച്ചിരിക്കുന്നു എന്ന് വേണമെങ്കിൽ പറയാം…..പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം ഭംഗി വാക്കായിട്ട് പോലും നിങ്ങളോട് എനിക്കത് പറയാൻ കഴിയില്ല…..

നിങ്ങളെന്നെ സ്നേഹിച്ചിട്ടില്ല….എന്റെ ശരീരത്തിൽ തൊട്ടത് പോലും എന്റെ സമ്മതത്തോടെ ആയിരുന്നില്ല….എന്നിട്ടും ഞാനെങ്ങനെ നിങ്ങൾക്കൊപ്പം കഴിഞ്ഞു എന്നുള്ളതിന് ഒറ്റ ഉത്തരമെ ഉള്ളൂ….

ഗതിക്കേട് കൊണ്ട്…….

ഒറ്റയ്ക്ക് നിൽക്കാനുള്ള തന്റേടം ഉണ്ടാകാൻ എന്റെ മോള് ധൈര്യം പകരേണ്ടി വന്നു……”””””

ശ്രീദേവി ദീർഘമായൊന്ന് നിശ്വസിച്ച് വീണ്ടും തുടർന്നു…

“””കഴിഞ്ഞത് കഴിഞ്ഞു……അഭീടെ അച്ഛന് എത്ര കാലം വേണമെങ്കിലും ഇവിടെ മകൾക്കൊപ്പം കഴിയാം…….ഞാൻ തടയില്ല……..തടയാനെനിക്ക് അധികാരവുമില്ല…പക്ഷേ അത് അഭീടെ അച്ഛനായിട്ട് മാത്രമായിരിക്കണം…..അഭീടെ അച്ഛൻ മാത്രമായിട്ട്……””

അവസാനിച്ചു..